P.K.Anand
Research Assistant, Institute of Chinese Studies, New Delhi
"ഒരു അടുത്ത അയൽവാസി, പലപ്പോഴും ഒരു അകന്ന ബന്ധുവിനെക്കാളേറെ ഉപയോഗപ്രധനാണ്", എന്ന ചൈനീസ് പഴഞ്ചൊല്ല് ഉദ്ധരിച്ചു കൊണ്ടാണ് ചൈനീസ് പ്രധാനമന്ത്രി ലീ ക ചിയാങ്ങ് തൻറെ ഇന്ത്യ സന്ദർശനം അവസാനിപ്പിച്ചത്. പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം നടത്തുന്ന 4 രാജ്യങ്ങളുടെ സന്ദർശന പരമ്പരയിൽ, ഇന്ത്യയെ മുൻപന്തിയിൽ നിർത്തിയത് തന്നെ ഒരു സകാരാത്മകമായ നടപടിയായാണ് വീക്ഷിക്കപ്പെടുന്നത്. ചൈനയിൽ യഥാർഥത്തിൽ സുപ്രധാന നേതൃത്വം കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിക്കാണെങ്കിലും (ഭരണത്തിൽ പ്രസിഡന്റ്റ്), ഭരണ യന്ത്രത്തിൽ മുഖ്യ നേതാവ് പ്രധാനമന്ത്രി തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ ലീ ക ചിയാങ്ങിന്റെ, നിലയും ചുമതലയും, അത്രത്തോളം പ്രാധാന്യമേറിയത് തന്നെ. പൊതുവെ ചൈനയിൽ ഭരണ ചക്രം തിരിക്കാറുള്ളതു, സാങ്കേതിക വൈതക്യം മുള്ളവരാണെന്നാണ് വെപ്പ്. എന്നാൽ ഇതിനു വിപരീതമായാണ്, നിയമവും, സാമ്പത്തിക ശാസ്ത്രവും വിദ്യാഭ്യാസ യോഗ്യതയായി കൈമുതല്ലുള്ള ലീ. അതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സങ്കീർണ്ണവും, ഊരാക്കുടുക്കുമായുള്ള വിഷയങ്ങളെ കൈകാര്യം ചെയ്യാൻ ലീ ക്ക് മുതൽകൂട്ടും, സംവേദനക്ഷമതയും ലഭിക്കും എന്നും നേതൃത്വത്തിൽ കയറുമ്പോൾ പറയപ്പെട്ടിരുന്നു. കൂടാതെ, പുതിയ ചൈനീസ് നേതൃത്വത്തിന്റെ വിദേശകാര്യ നയങ്ങളും, മറ്റു രാജ്യങ്ങളുമായുള്ള ഇടപഴകലും ലോകം ഉറ്റുനോക്കുകയും ചെയ്യുന്നുണ്ട്.
ലീയുടെ സന്ദർശനത്തിന്റെ പശ്ചാത്തലം വളരെ ഏറെ വെല്ലുവിളികൾ ഉയര്ത്തിയിരുന്നു. സന്ദർശനത്തിന്റെ കുറച്ചു ദിവസം മുൻപാണ് ചൈനീസ് സൈന്യത്തിന്റെ ഒരു അംശം, ലദാക്കിലെ, ദെപ്സാങ്ങ് താഴ്വരയിലെ ദൗലത് ബേഗ് ഓൾഡിയിൽ, ഇന്ത്യൻ പ്രദേശത്തേക്ക് അതിർത്തി ലംഘനം നടത്തി, ടെന്റുകൾ ഉറപ്പിച്ചത്.കാലങ്ങളായി നിലകൊള്ളുന്ന അതിർത്തി തർക്കത്തിന്റെ, തുടർ പരമ്പരയായാണ് ഈ സംഭവവും കാണപെട്ടത് രണ്ടു സേനകളും ഇരു വശത്തായി നിലയുറപ്പിച്ചു കൊണ്ട്, ദിവസങ്ങളോളം
ഒരു പൊട്ടിത്തെറിയുടെ അന്തരീക്ഷം സൃഷ്ടിച്ച വിഷയം, നയതന്ത്ര ഇടപെടലിലൂടെയാണ് പരിഹരിക്കപെട്ടത്.. ഒരു ഒറ്റപ്പെട്ട വിഷയമായിട്ടാണ് ഇരു രാജ്യങ്ങളും ഇതിനെ കണ്ടതെങ്കിലും, ഇന്ത്യ-ചൈന ബന്ധത്തിന്റെ ഇടയിൽ സംശയത്തിന്റെയും, സന്ദേഹത്തിൻറെയും നിഴൽ എന്നും പതിയിരിപ്പുണ്ട് എന്ന സൂചനയാണ് ഇതാൽ നൽകപെടുകയും ചെയ്തത്. ഇതോടൊപ്പം തന്നെ ടിബറ്റിൽ കൂടി ഒഴുകി ഇന്ത്യയിൽ എത്തുന്ന യർലുങ്ങ് സാങ്ങ്പൊ നദിക്ക് (ഇന്ത്യയിൽ ബ്രഹ്മപുത്ര) കുറുകെ, ചൈന നിർമ്മിക്കുന്ന മൂന്നു അണകെട്ടുകളും ഇന്ത്യയിൽ ആശങ്ക ജനിപ്പിച്ചിരുന്നു. ഈ സംശയ ഭീതിയുടെയും, ആശങ്കകളുടെയും മൂടല്മഞ്ഞ് അകറ്റാൻ ലീക്കാകുമോ എന്നതായിരുന്നു ഉയർന്നു വന്ന ചോദ്യങ്ങൾ. ഈ സന്ദർശനത്തിനു മുന്നോടിയായി, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി, സൽമാൻ ഖുർഷീദിൻറെ ബീജിങ്ങ് സന്ദർശനത്തിലൂടെ, ഒരു പരിധി വരെയങ്കിലും, ഇരു കൂട്ടരുടെയും മാനസിക സംഘർഷങ്ങൾക്ക് അയവു വരുത്താൻ സാധിച്ചിരുന്നു.
മുപ്പതോളം ഇനങ്ങളടങ്ങുന്ന സംയുക്ത പ്രസ്താവനയിൽ, പരസ്പര സൗഹാർദവും, സഹകരണവും, സംവേദനക്ഷമതയും മാനിക്കുന്ന തരത്തിൽ ഉള്ള ഒട്ടേറെ വിഷയങ്ങൾ ഉൾപ്പെടുത്തപെട്ടിടുണ്ട്. ഇന്ത്യ-ചൈന ബന്ധത്തിന്റെ ആണിവേരായ അഞ്ചിന രൂപരേഖയായ "പഞ്ച്ശീലിന്റെ" അറുപതാം വാർഷികം 2014-ലാണ്. ഇതിന്റെ അടിസ്ഥാനത്തിൽ "സൗഹൃദ വിനിമയത്തിന്റെ" വർഷമായി അതിനെ മാനിക്കാനും തീരുമാനിക്കപ്പെട്ടു. ഉഭയകക്ഷി ബന്ധത്തിൽ ഇന്ന് സാമ്പത്തിക വിഷയത്തിന് തന്നെയാണ് ബഹുപ്രാമുഖ്യം. അതിവേഗം വളർന്നു വരുന്ന രണ്ടു വൻ സമ്പദ്‌വ്യവസ്ഥകൾ എന്നത് കൊണ്ട് തന്നെ, പല മേഖലകളിലും ഇരുവര് തമ്മിൽ മത്സരവും വാശിയും ശക്തമാണ്. എന്നാൽ, തങ്ങളുടെ ഈ സാമ്പത്തിക വളർച്ചയെ എങ്ങനെ പരസ്പര ധാരണയിലൂടെയും, സഹകരണത്തിലൂടെയും, രണ്ടു പേർക്കും തുല്യ പ്രയോജനങ്ങൾ ഉരുവാക്കാം എന്നതും രണ്ടു രാജ്യങ്ങളുടെയും മുൻപിൽ ഉള്ള ചോദ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ "തന്ത്രപ്രധാനമായ സാമ്പത്തിക സംഭാഷണത്തിനു" ഇരു ഭാഗങ്ങളും വലിയ പ്രാധാന്യം കൽപ്പിക്കുകയും, അതിന്റെ പുരോഗതിയിൽ സംത്രിപ്ത്തി രേഖപ്പെടുത്തുകയും ചെയ്തു. ഊർജ്ജം, പരിസ്ഥിതി, റെയിൽവേ, ബാങ്കിങ്ങ് മേഖലകളിൽ പരസ്പര സഹകരണത്തിന്റെ ആശയങ്ങള ആരായാനും സംയുക്ത പ്രസ്താവന നോട്ടമിടുന്നു. ഇന്ത്യ-ചൈന സി.ഇ.ഒ ഫോറത്തിൻറെ ആദ്യ യോഗവും ഈ സന്ദർശനവേളയിൽ നടന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്. കൂടാതെ, തങ്ങൾ ഇരുവരുടെയും വ്യവസായ സംരംഭങ്ങൾക്ക് ഉതകാൻ, വ്യവസായ മേഖലകൾ സ്ഥാപിക്കുന്നതിനും, ഇരുവരുടെയും, ധനകാര്യ സ്ഥാപനങ്ങൾ തമ്മിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഒരു പൊതു ധാരണയായി. ഇരുവർക്കിടയിൽ, ഇപ്പോൾ നിലനിൽക്കുന്ന വാണിജ്യ അസന്തുലിതാവസ്ഥ, ഇന്ത്യക്ക് ഉത്‌കണ്‌ഠ ഉളവാക്കുന്നതാണ്. ഇത് പരിഹരിക്കാൻ, ലീ ക ചിയാങ്ങ്, ഇന്ത്യൻ ഉല്‍പ്പന്നങ്ങള്‍ക്കായി, ചൈനീസ് വിപണികളെ, കൂടുതൽ തുറക്കാമെന്നും, അത് പോലെ ചൈനീസ് സംരംഭങ്ങൾക്ക് ഇന്ത്യയിൽ നിക്ഷേപത്തിന് സാധ്യതകൾ തെളിയിക്കാനും, അവസരങ്ങൾ ഒരുക്കാനും ശ്രമങ്ങൾ നടത്താമെന്നും വാഗ്ദാനവും നല്കുകയുണ്ടായി. തന്റെ മുംബൈ സന്ദർശനത്തിൽ, ടാറ്റാ കണ്‍സൽട്ടൻസി സെർവിസസിന്റെ ഓഫ്--ഷോർ സ്ഥാപനത്തിൽ പോയത്, ഇന്ത്യൻ ഐ.ടി കമ്പനികളുടെ പ്രാധാന്യവും, ചൈനയിൽ അവരുടെ വളർച്ചയുടെയും അംഗീകാരമാണ്. ഉഭയകക്ഷി വാണിജ്യവും നിക്ഷേപങ്ങളും ഉയര്ത്തുന്നതിനുള്ള സാധ്യതകൾ ആരായുന്നതിനോടൊപ്പം തന്നെ, സിക്കിമൈൽ നാതുലാ വഴിയുള്ള അതിർത്തി വാണിജ്യത്തെയും സുദൃഢമാക്കും.ഇത് കൂടാതെ സൈനിക മേഖലയിലും, ഉയർന്ന സമ്പർക്കം പുലർത്തുന്നതിനും, സംയുക്ത പരിശീലന അഭ്യാസങ്ങൾ ഈ വർഷത്തിൽ നടത്തപ്പെടുമെന്നും, സമുദ്ര സുരക്ഷ, സൈനികേതര ആണവോർജ്ജം എന്നീ തുറകളിൽ കൂടുതൽ ഫലപ്രദമായ സഹകരണത്തിനും ധാരണയായിട്ടുണ്ട്. 'ബ്രിക്സ്', ഷാങ്ങ്ഹായ് കുഒപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ), സാർക്ക്, ജീ-20 മറ്റും കിഴക്കേഷ്യൻ ഉച്ചകോടി പോലുള്ള ബഹുമുഖവും, പ്രാദേശികവുമായ സംരംഭങ്ങളിലും, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യ സുരക്ഷ, ലോക വ്യാപാര സംഘടനയുടെ ദോഹ റൗണ്ട് ചർച്ചകൾ, അന്താരാഷ്‌ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ പരിഷ്കരണങ്ങൾ എന്നീ വിഷയങ്ങളിലും, ഇപ്പോൾ ഇരു രാജ്യങ്ങളും കാണിച്ചു പോരുന്ന സഹകരണവും, ഏകോപനവും, കൂടുതൽ മെച്ചപ്പെടുത്താനും തീരുമാനമുണ്ടായി. ഇത് കൂടാതെ, വിസ നിയമങ്ങളെ സുഗമമാക്കിയും, ഇന്ത്യ-ചൈന സാംസ്കാരിക അടുപ്പത്തിന്റെ ഒരു വിജ്ഞാനകോശം 2014-ൽ പൂർത്തീകരിച്ചും, അവരവരുടെ ഭാഗത്തെ 25 വീതം പ്രധാന പുരാതന വിശിഷ്‌ടസാഹിത്യകൃതികളും, സമകാലിക കൃതികളും, അഞ്ചു വർഷം കൊണ്ട് തർജ്ജമപ്പെടുത്തിയും, രണ്ടു വശത്തെയും നഗരങ്ങളും/പ്രദേശങ്ങളും തമ്മിൽ അടുപ്പിച്ചു കൊണ്ടും രണ്ടു ഭാഗത്തെയും, ജനങ്ങൾ തമ്മിലുള്ള പാരസ്‌പര്യം കൂടുതൽ വളർത്താനുതകുന്ന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനും, ഇരു രാജ്യങ്ങളും തീരുമാനം കൈക്കൊണ്ടു. രണ്ടു ഭാഗങ്ങളും ഒപ്പുവച്ച എട്ടു ഉടമ്പടികളിൽ, മേൽപ്പറഞ്ഞ ചിലതും ഉൾപ്പെടും. ബ്രഹ്മപുത്ര നദിയിൽ കെട്ടുന്ന അണക്കെട്ടുകളെ കുറിച്ച് ലീ ക ചിയാങ്ങ് ഒന്നും പറഞ്ഞില്ലെങ്കിലും, അതിലെ വെള്ളത്തിൻറെ അളവും,ഒഴുക്കും മറ്റും മഴയുടെ കണക്കുകളും ചൈന ഇന്ത്യയുമായി, അഞ്ചു മാസത്തോളം ദിവസത്തിൽ രണ്ടു തവണ പങ്കു വെക്കാനും തയ്യാറായിട്ടുണ്ട്. ബംഗ്ലാദേശ്, ചൈന, ഇന്ത്യ, മ്യാൻമാർ (ബി.സി.ഐ.എം) പ്രാദേശിക ഫോറത്തെ, സർക്കാരേതര തലത്തിൽ നിന്നും, ഈ മേഖലയിൽ കൂടുതൽ സാമ്പത്തിക-വാണിജ്യ-ജന ബന്ധനം വളർത്താനായി, നയതന്ത്ര തലത്തിലെത്തിക്കാൻ ഒരു സംയുക്ത പഠന ഗ്രൂപ്പിന് വഴിതെളിക്കാനും തീരുമാനമുണ്ടായി. ഈ ബി.സി.ഐ.എം സംരംഭത്തിലൂടെ ഇന്ത്യയുടെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലൂടെ, ദക്ഷിണ-കിഴക്കൻ ഏഷ്യയിലേക്ക് പുതിയ കവാടങ്ങൾ തുറക്കപെടും.
മൊത്തത്തിൽ, ലീയുടെ ഈ സന്ദർശനത്തിനെ വിലയിരുത്തുമ്പോൾ, ഇന്ത്യ-ചൈന ബന്ധത്തിൽ ഒരു സൂക്ഷ്മ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഉലച്ചിലുകളും, അസ്ഥിരതകളും നിലനില്ക്കെയും, ഒരു സ്ഥായിയായ നകൂരമില്ലെങ്കിലും, ഈ ബന്ധത്തിന്റെ ദീര്‍ഘകാല കെട്ടുറപ്പിനെ പറ്റി, വരവേൽക്കപ്പെടേണ്ട പല ചിന്തകളും, ഈ സന്ദർശനത്തിലൂടെ ഇരു രാജ്യങ്ങളും തിരിച്ചറിയിന്നുണ്ട്. ചൈനയുടെ പുതിയ ഭരണ സാരഥിയുടെ പുതുമോടിയിൽ മതിമയങ്ങാതെ ഇന്ത്യ ഒരു കരം കൊണ്ട് ദൃഡമായ നിലപാടെടുത്തും, മറു കരം കൊണ്ട് പല വിഷയങ്ങളിലും സഹകരണത്തെയും, സംഭാഷണത്തെയും വരവെല്ക്കുകയും ചെയ്തു. അത് പോലെ, ചൈനയുടെ ഭാഗത്ത് നിന്നും അതിർത്തി ഉൾപ്പടെയുള്ള പ്രശ്നങ്ങളെ അതീവ ഗൗരവത്തോടെ കാണണമെന്നുള്ള യാഥാർത്യത്തിൻറെ അംഗീകാരവുമാണ്.അത് കൂടാതെ, കഴിഞ്ഞ പല അവസരങ്ങളെ അപേക്ഷിച്ച്, ഇന്ത്യയിലെ ഭരണ വ്യവസ്ഥിതിയിൽ വേറിട്ട ശബ്ദങ്ങളുണ്ടെന്നും, അതിനെ തിരിച്ചറിഞ്ഞുകൊണ്ട് വേണം കാര്യങ്ങളെ സമീപിക്കണം എന്ന നിജസ്ഥിതിയും ലീയും സംഘവും സമ്മതിച്ചു എന്ന് വേണം കരുതാൻ. സന്ദർശന വേളയിൽ ഉടനീളം ചൈനയുടെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വാർത്തകളും, നിരൂപണങ്ങളും, ഉദ്വേഗജനകതയ്ക്ക് വിപരീതമായി, ഉഭയകക്ഷി ബന്ധത്തിന്റെ ആഴത്തെയും, ആവശ്യകതയെയും പറ്റി വാചാലമാകുകയും ചെയ്തു. കൂടാതെ, ലീയുടെ സൌമ്യതയും, കാര്യങ്ങളെ കൂടുതൽ സംവേദനശീലതയോട് കൂടി നോക്കികാണാനുള്ള മനോഭാവവും, നല്ല പ്രയോജനമേ ചെയ്തിട്ടുള്ളൂ. കരാകോരം ചുരം തുറന്നു കൊണ്ടും, കൂടുതൽ സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയും, ഈ ബന്ധത്തെ ഇനിയും ഉയർത്തവുന്നതെയുള്ളൂ. ലോക ജനസംഖ്യയുടെ മൂന്നിലൊന്നു (നാല്പ്പത് ശതമാനത്തോളം) ഇരു രാജ്യങ്ങളിലും വസിക്കുമ്പോൾ, സുദ്രുഡവും, പരസ്പര വിശ്വാസവും, സൗഹൃദപരമായുമുള്ള, ഒരു ബന്ധമാണ് ഇരുവരുടെയും, താല്പ്പര്യത്തില്ലുള്ളത്. തങ്ങൾ ഇരുവരുടെയും, വികസനത്തിനും, സാമ്പത്തിക ഉയർചയ്ക്കും, ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും, ഹിമാലയത്തിന്റെ ഇരുവശത്തു നിന്നും ഒരു നീണ്ട ഹസ്തദാനം അനിവാര്യമാണ്. ആ ലക്ഷ്യത്തോട് കൂടിയായിരിക്കണം, ഇനി വരും ദിവസംങ്ങളിൽ ഇന്ത്യ-ചൈനയും, ലീ ക ചിയാങ്ങിന്റെ ഈ സന്ദർശനത്തിനു മേൽ, കാര്യക്ഷമമായ അർത്ഥതലങ്ങൾ തീർക്കേണ്ടത്.