മോഡി സർക്കാർ നേരിടുന്ന ചൈനീസ് കടങ്കഥ
---------------------------------------
പി.കെ.ആനന്ദ്
റിസർച്ച് അസിസ്റ്റന്റ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസ്, ഡൽഹി
പുതിയ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറി ഒരു മാസം പിന്നിടുമ്പോൾ, ഗൃഹജമായ തലത്തിൽ അല്ലാതെ, വിദേശ കാര്യ മേഖലയിലും നടത്തിയ ചലനങ്ങൾ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഇത്തരം ചലനങ്ങൾ എത്രയേറെ ആഴത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നതിനെ കുറിച്ച് വാദ-പ്രതിവാദങ്ങൾ നിലനിൽക്കെ തന്നെ, ഇവ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിന്റെ പ്രാഥമിക ചുവടുകളെന്നതു കൊണ്ട് ചർച്ചകൾക്ക് വഴിതെളിച്ചിട്ടുമുണ്ട്. ആദ്യ ഒരു മാസത്തിൽ പ്രധാനമായും ദക്ഷിണേഷ്യയെയാണ് സർക്കാർ കേന്ദ്ര ബിന്ദുവാക്കിയതെങ്കിലും, തന്ത്ര പ്രധാനമായ പല രാജ്യങ്ങളും മോഡിയുടെ ശ്രദ്ധനേടാനുള്ള ശ്രമങ്ങളും തകൃതിയായി നടത്തുകയുണ്ടായി. ഇതിൽ ഒരു മുഖ്യ ആകർഷണം ചൈനയുടെ നീക്കങ്ങളാണ്.
മോഡിയോടും, പുതിയ സർക്കാറിനോടുമുള്ള ചൈനയുടെ വീക്ഷണം
ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പു വളരെയേറെ താൽപ്പര്യത്തോട് കൂടിയാണ് ചൈനയിൽ നോക്കി കാണപ്പെട്ടത്. തതുല്യമായ ജനസംഖ്യയുള്ള രാജ്യങ്ങളെന്ന കണക്കിലും, സമ്പദ്ഘടനാ തലത്തിൽ ഉയർന്നു കൊണ്ടിരിക്കുന്നു എന്ന തുലനത്തിലും ഇന്ത്യയും ചൈനയും വളരെ അധികം ശ്രദ്ധയാകർഷിക്കുന്നു. കഴിഞ്ഞ യു.പി.എ സർക്കാറിൻറെ പത്തു വർഷക്കാലത്തെ ഭരണത്തിൽ അഴിമതിയും, നായോപായങ്ങളിൽ മരവിപ്പും എന്ന അവബോധം ചൈനയിലും നോക്കികാണപ്പെട്ടിരുന്നു. ഇതിനോടൊപ്പം തന്നെ നരേന്ദ്ര മോഡിയുടെ ഉയർച്ചയെയും വളരെ സൂക്ഷമാതയോട് കൂടിയാണ് ചൈനീസ് നേതൃത്വവും, വിദേശ കാര്യ വിദഗ്‌ദ്ധരും, നിരീക്ഷകരും ശ്രദ്ധിച്ചത്. പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ നിർണ്ണായകമായ വിജയത്തിന് ചുക്കാൻ വഹിച്ച വ്യക്തി എന്ന നിലയിൽ മോഡിക്ക് പ്രത്യേക പരിഗണന നൽകപ്പെട്ടിരുന്നു. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഏക പാർട്ടി ഭരണത്തെ അപേക്ഷിച്ച്, ഇന്ത്യയുടെ വ്യവസ്ഥിതി ജനാധിപത്യമാണെന്നിരിക്കെ, തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ, മോഡി എന്ന വ്യക്തിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ്, ഒരു സൂക്ഷമ പ്രചാരണത്തിലൂടെ ചൈന ശ്രമിച്ചിരിക്കുന്നത്. ഇതിലൂടെ ജനസംഖ്യാതലത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യമായ ചൈനയിൽ ഒരു ഏക കക്ഷി ഇതര ഭരണ വ്യവസ്ഥിതി എന്ത് കൊണ്ടു വന്നു കൂടാ എന്ന് ഉയർന്നു വന്നേക്കാവുന്ന സ്വാഭാവിക ചോദ്യങ്ങളെയും വിലങ്ങിടാൻ ഒരു പരിധിവരെ നേതൃത്വത്തിനു കഴിഞ്ഞേക്കാം. ഇതിനു സഹായകമായി, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡി നാലു പ്രാവശ്യം ചൈന സന്ദർശിക്കുകയും, സംസ്ഥാനത്ത് നിക്ഷേപങ്ങൾക്കായി ആക്കം കൂട്ടിയെന്നും പല കുറി അടിവരയിട്ടു ആവർത്തിക്കപ്പെട്ടു. ശക്തനും, തീരുമാനങ്ങൾ തടസ്സങ്ങളും, വൈകലും കൂടാതെ കൈക്കൊള്ളാൻ പറ്റുന്ന ഒരു നേതാവിനെയാണ് രാജ്യത്തിനാവശ്യമെന്ന ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പു പല്ലവിയെ, ഒരു കണക്കിന്, ചൈനീസ് തന്ത്രഞ്ഞ്യരും, വിദഗ്ദ്ധരും പിന്താങ്ങുന്നതായാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്. ഇതിനു പൂരകമായി, ചില സമാനതകൾ ചൈനയിലും നില നിൽക്കുന്നുണ്ട്. ഹു ജിൻറാവോയുടെ ഭരണത്തിൽ നില നിന്നുയെന്നു കരുതപ്പെടുന്ന 'പാഴ് ദശകത്തെ' അപേക്ഷിച്ച്, പിന്നീട് ചുമതലയേറ്റു വന്ന ഷി ജിൻപിങ്ങ്, അഴിമതിക്കും, ധൂർത്തിനും എതിരെ വൻ പ്രചരണം അഴിച്ചു വിടുകയും, പുതിയ തലത്തിലെ സാമ്പത്തിക പരിഷ്ക്കരണങ്ങൾ ഊന്നൽ നൽകുകയും ചെയ്തു കൊണ്ട് ചൈനീസ് ജനതയുടെ അഭിലാഷങ്ങളെ തൊട്ടുണർത്തുകയാണുടായത്. ഒരു ശക്തനും, കെട്ടുറപ്പും ഉള്ള നേതാവായ ഷി ജിൻപിങ്ങിന്റെ ഗണത്തിലാണ് മോഡിയെ ഇത്തരത്തിൽ നിലകൊള്ളിച്ചിട്ടുള്ളത്. ചില ഇന്ത്യൻ നിരീക്ഷരും, സാമ്പത്തിക വിദഗ്ദ്ധരും മോഡിയെ 1978-നു ശേഷം ചൈനയിൽ വൻ സാമ്പത്തിക പരിഷ്ക്കരണങ്ങൾ അഴിച്ചുവിട്ട ദെങ്ങ് ഷിയാഒപിങ്ങുമായും, ഗുജറാത്തിനെ, ചൈനയുടെ സമൃദ്ധമായ പ്രവിശ്യകളിൽ ഒന്നായ ഗ്വാങ്ങ്ദുങ്ങുമായും ഉപമിച്ചിട്ടുണ്‍ടെങ്കിലും, അവയെ തഥൈവ അംഗീകരിക്കാൻ ചൈനീസ് നിരൂപകർ തയ്യാറായിട്ടില്ല. എങ്കിലും ശക്തനായ ഒരു നേതാവ് എന്ന കണക്കിൽ മോഡിയുടെ വിജയത്തിൽ ചൈന ഇത്തരം സാദൃശ്യങ്ങൾ കാണുന്നുണ്ട്. കീറാമുട്ടിയായി കിടക്കുന്ന അതിർത്തി തർക്കം നിലനിൽക്കുമ്പോഴും, ചൈനീസ് നേതൃത്വം മോഡി ഭരണത്തിനു മേൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നത്, സാമ്പത്തിക ശാസ്ത്രത്തിലാണ്. അതായത്, വിപുലാമായ ഇന്ത്യൻ വിപണിയിൽ, തങ്ങളുടെ ഉല്‍പാദന വ്യവസായ മേഖലയ്ക്കു കൂടുതൽ പരന്ന സ്വീകാര്യത. വളരെക്കാലമായി, ചൈന, അവരുടെ പ്രതീക്ഷകൾ, തന്ത്രപ്രധാനമായ ഇന്ത്യൻ ആന്തരഘടന, ടെലികോം മറ്റും ഊർജ്ജ മേഖലകളിൽ അർപ്പിച്ചു കാത്തിരിക്കുകയാണ്. സ്വദേശത്തു കുറച്ചു കാലമായി നില നിൽക്കുന്ന സാമ്പത്തിക ഞെരുക്കങ്ങളുടെയും, തൊഴിൽ മേഖലയിലെ വർദ്ധിച്ചു വരുന്ന തർക്കങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ത്യയെ പോലുള്ള ഒരു വലിയ വിപണി ചൈനയ്ക്ക് അത്യാവശ്യമാണ്. 'രാജ്യ സുരക്ഷ' കാരണങ്ങളാൽ പല കുറി ഈ ആവശ്യങ്ങൾ ഫലവത്തായില്ലെങ്കിലും, പുതിയ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ഇത്തവണ ഉദകുമെന്നാണ്, ബിജിങ്ങിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ വെപ്പിക്കുന്നത്. മറുവശത്ത്, സുരക്ഷ നിരൂപകരുടെയും, നിരീക്ഷകരുടെയും മറ്റൊരു ആകാംക്ഷ മോഡി ചൈനയുമായും അതിർത്തി പ്രശ്നങ്ങൾ നിലകിൽക്കുന്ന ജപ്പാൻ മറ്റും ചില തെക്കു-കിഴക്കൻ രാജ്യങ്ങളുമായി പങ്കാളിത്തങ്ങൾക്ക് വഴിവെച്ചു കൊണ്ട്, തന്ത്രപ്രധാന വെല്ലുവിളികളും സൃഷ്ടിച്ചേക്കാം എന്നതാണ്. കൂടാതെ, ചൈനയോടൊപ്പം തന്നെ സാമ്പത്തിക പങ്കാളിത്തത്തിലും ജപ്പാൻ ഒരു തുല്യ അഭിനേതാവാണെന്ന യാഥാർത്യവും വിസ്മരിക്കപ്പെട്ടുകൂട. ചൈന ഇന്ത്യയിലെ പുതിയ ഭരണതന്ത്രത്തെ വരവേൽക്കുമ്പോഴും, ജാഗ്രത കൈവെടിയാതെ നില കൊള്ളാനും മടിക്കില്ല. മോഡിയുടെ സത്യപ്രതിഞ്ഞ ചടങ്ങിനു, ടിബറ്റൻ സ്ഥാനപതിക്കുള്ള ക്ഷണം ഈ ജാഗ്രതക്കായുള്ള ഒരു വശമാണ്.
പുതിയ സർക്കാറിന്റെ കാഴ്ച്ചപ്പാട്
മറു വശത്ത് മോഡിയുടെയും, പുതിയ സർക്കാറിന്റെയും ഭാഗത്ത് നിന്ന് ചിന്തിച്ചാൽ വളരെ താൽപ്പര്യമുണർത്തുന്ന ഒരു ഘട്ടമാണ് ഇപ്പോൾ നില നിൽക്കുന്നത്. 1998-ൽ ആദ്യ എൻ.ഡി.എ സർക്കാറിന്റെ കീഴിൽ ആണവ പരീക്ഷണത്തിന്റെ കാരണം 'നില നിൽക്കുന്ന ചൈനീസ് ഭീഷണിയാണെന്ന' അന്നത്തെ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്‍ഡസിൻറെ പ്രഖ്യാപനത്തിൽ നിന്നും ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം വളരെയേറെ മുന്നോട്ടു പോയിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ പൊടിപടലത്തിലും, ചൂടിലും ചൈനയുടെ അതിർത്തി 'ലംഘനങ്ങളെയും' 'കടന്നുകയറ്റങ്ങളെയും' കടന്നാക്രമിച്ചെങ്കിലും, ഭരണ ചുമതല ഏറ്റു കഴിഞ്ഞാൽ പിന്നെ, നയതന്ത്രത്തിന്റെ വൈഷമ്യതനിറഞ്ഞ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടേ മതിയാവു. കഴിഞ്ഞ പത്തു വർഷക്കാല യു.പി.എ ഭരണക്കാലത്ത് അതിർത്തിയിലെ ചില 'അസ്വാരസ്യങ്ങളും', അരുണാചൽ പ്രദേശിൽ നിന്നും വിസക്ക് അപേക്ഷിക്കുന്നവർക്ക്, പാസ്പോർട്ടിൽ ഒട്ടിക്കാതെ, വിസ സ്ട്ടാപ്പിൾ ചെയ്യ്തു കൊടുക്കെപ്പെട്ടപ്പോൾ ഉണ്ടായ പൊട്ടലും, ചീറ്റലുമല്ലാതെ, ഇന്ത്യ-ചൈന ബന്ധം സ്വതവെ ശാന്തമായിരുന്നു. പ്രതിപക്ഷത്തിരുന്നു കൊണ്ട്, സർക്കാറിന് വിദേശനയത്തിൽ തളർച്ചയേർപ്പെട്ടു എന്ന വാദങ്ങളിൽ പിടിച്ചു തൂങ്ങാൻ ഇനി മോഡിക്കും, ബി.ജെ.പി.ക്കും ആകില്ല. മറിച്ചു, കഴിഞ്ഞ സർക്കാർ, ചലിപ്പിച്ചു കൊണ്ട് പോന്ന ഇരു പക്ഷ ബന്ധമിനി, അതിൻറെ അടുത്ത തലത്തിലേക്ക് കൊണ്ട് പോകേണ്ടിയിരിക്കുന്നു. പ്രചരണത്തിൽ മോഡി, രാജ്യത്തിൻറെ മുൻപന്തി വികസനത്തിന് പലപ്പോഴും എടുത്തു കാട്ടിയതും, 'ചൈനീസ് മോഡലായിരുന്നു'. കുതിച്ചു പൊങ്ങുന്ന സാമ്പത്തിക വളർച്ചാ നിരക്കുകളും, സർവ്വത്ര സമൃദ്ധിയും, മുന്തിയ ആന്തരഘടന വികസനവും എന്നിങ്ങനെ എടുത്തു കാട്ടപ്പെട്ടത് ചൈന മാതൃകയാണ്. ഇതിൽ, വിശാലയമായ റോഡ്-അതിവേഗ റെയിൽ ശൃംഖലകളും ഉള്പ്പെടുന്നു. കൂടാതെ, ഇന്ത്യക്കും, ചൈനക്കുമിടയിൽ നിലനിൽക്കുന്ന വൻ വാണിജ്യ കമ്മിയും ഒരു സുപ്രധാന വെല്ലുവിളിയാണ്. വിവരസാങ്കേതികം മറ്റും ഔഷധ കമ്പനികൾക്ക് ചൈനീസ് വിപണിയിലേക്കുള്ള പ്രവേശനം കാലങ്ങളായി നില നിൽക്കുന്ന ആവശ്യമാണ്. ചൈനീസ് ഉല്‍പാദന വ്യവസായങ്ങൾ ഇന്ത്യയിൽ നിലയുറപ്പിച്ചാൽ, പിന്നെ രാജ്യത്ത് തൊഴിലവസരങ്ങളും, വികസ്വര താൽപ്പര്യങ്ങൾക്കും പരിഹാരം കാണാൻ ഒരു പരിധി വരെ സാധിക്കുമെന്നും സർക്കാറിന്റെ കണക്കുകൂട്ടലിലുണ്ട്. എന്നാൽ മൊത്തത്തിൽ ചൈനയെ ആശ്രയിക്കാതെ, ജപ്പാനെയും സാമ്പത്തിക-വികസന പങ്കാളിത്ത മേഖലയിൽ കൊണ്ട് വരുന്നതിലൂടെ സർക്കാരിൻറെ ദ്വിവിധമായ തന്ത്രവൈദഗ്‌ദ്ധ്യമാണ് കാഴ്ച്ചവെക്കപ്പെടുന്നത്.
ഈ സന്ദർഭത്തിലാണ് പുതിയ സർക്കാർ ചുമതലയേറ്റ മുതൽ തന്നെ ഇരു രാജ്യങ്ങളും തമ്മിൽ സമ്പർക്കം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുകയുണ്ടായത്. തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം മോഡിക്ക് അഭിനന്ദനങ്ങൾ നേർന്നതിനു പിന്നാലെ വിദേശകാര്യ മന്ത്രി വാങ്ങ് യിയുടെ ഡൽഹി സന്ദർശനവും, അതിനു ശേഷം ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ ചൈന യാത്രയും, ഇരു ഭാഗത്തു നിന്നും നടക്കുന്ന സക്രിയ പരസ്പര ഇടപെടലുകളെയാണ് അടിവരയിടുന്നത്. സെപ്റ്റംബർ മാസം രാഷ്ട്രപതി ഷീ ജിൻപിങ്ങിന്റെ ഇന്ത്യ സന്ദർശനത്തോടെ, ഉഭയകക്ഷി ബന്ധങ്ങളിൽ ഒരേടുകൂടി ചാര്ത്തപ്പെടുംമെന്നു പ്രത്യാശിക്കപ്പെടുന്നു.
ഒന്ന്-രണ്ടു കാര്യങ്ങൾ കൂടി രേഖപെടുത്തിയാലെ ഈ തലത്തിൽ അല്പം കൂടി സ്പഷ്ടത തെളിഞ്ഞു വരു. അതിൽ ഒന്ന് പുതിയ സർക്കാർ നോക്കി കാണുന്ന 'ചൈനീസ് മോഡലാണ്'. അംബരചുംബികളായ ഗോപുരങ്ങളും, അതിവേഗ റെയിൽ-മെട്രോ ലൈനുകളും, വിസ്തീർണ്ണമായ റോഡുകളുടെയും കണക്കു നോക്കിയാണ്, അവ ഇന്ത്യയിൽ പകർത്താൻ നോക്കുന്നതെങ്കിൽ അത് അത്യന്തം ഹ്രസ്വദൃഷ്ടിയുള്ള വീക്ഷനമായെ കണക്കാക്കാൻ സാധിക്കു. ചൈന മുപ്പതു വരഷത്തിലുമേറെയായി കൈവരിച്ച വളർച്ചയിലൂടെയും, വികസന സമൃദ്ധിയിലൂടെയും ലക്ഷകണക്കിന് ആളുകളെയാണ് ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയത്. വികസനത്തിൻറെ ഫലങ്ങളെയും, സമ്പത്തിനെയും, വിപുലമായി ജനത്തിനു പുനർവിതരണം ചെയ്തതിൻറെ ബാക്കിപത്രമാണ് ചൈനയുടെ ഇന്നത്തെ പ്രൗഡിയുടെ ഒരു പ്രധാന കാരണം. എന്നാൽ ഇന്ത്യയിൽ മറിച്ചു സാമ്പത്തിക അസമത്വവും, മറ്റു അധികാരശ്രണികളും ഇന്നും നല്ലൊരു ഭൂരിപക്ഷ ജനതെയെയും മാറ്റി നിർത്തുന്നു. കൂടാതെ, ഇന്ത്യൻ സന്ദർഭങ്ങൾക്ക് അനുസൃതമായും, സാഹചര്യങ്ങൾക്കനുസരിച്ചും, എല്ലാ ആറ്റങ്ങളും ഉൾക്കൊള്ളുന്ന ഒരു 'വികസന മോഡലാണ്' ആവശ്യം. അല്ലാതെ, അന്ധമായ പകർപ്പുകളെ പറിച്ചു നട്ടാൽ, അവ വേരുറക്കാതെ, തളർന്നു ക്ഷയിച്ചു പോകും. ഇത് പറയുമ്പോൾ തന്നെയും, ചൈനയുടെ വികസനത്തിൻറെ ഒപ്പം തന്നെ ആ രാജ്യം ഇന്ന് നേരിടുന്ന വരുമാന അസമത്വവും, അഴിമതിയും, പല വിഷയങ്ങളിൽ വർദ്ധിച്ചു വരുന്ന പൊതു പ്രതിഷേധങ്ങളും എല്ലാം തന്നെ ഇന്ന് യാഥാര്‍ത്ഥ്യങ്ങളാണ്. കണ്ണഞ്ചിപിക്കുന്ന മിനുമിനുപ്പിനെ നോക്കി മന്ത്രമുഗ്ദ്ധരാകുമ്പോൾ തന്നെയും, കൂടെ ഒട്ടി നിക്കുന്ന അരിമ്പാറകളെയും കണ്ടില്ല എന്ന് നടിക്കരുത്. ഇതിന്റെയൊപ്പം, ഭരണാധികാരികൾ ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം ഉഭയകക്ഷി ബന്ധങ്ങളെ വെറും സാമ്പത്തിക നുകത്തിൽ കെട്ടാതെ, മറ്റു വശങ്ങളിലേക്കും നീട്ടേണ്ടതും അത്യാവശ്യമാണ്. പ്രത്യേകിച്ചു മാനവ വിഭവശേഷിയിനത്തിൽ. ഇന്ത്യയിലും, ചൈനയിലും ഇരു രാജ്യങ്ങളെയും സംബന്ധിച്ച പഠനവും, ഗവേഷണവും നന്നേ കുറവാണ്. അയൽക്കാരായതു കൊണ്ട്, സഹകരണം അത്യാവശ്യമാണെന്ന കണക്കിൽ, കൂടുതൽ സ്കോളർഷിപ്പുകളും, ധനസഞ്ചയങ്ങളും സ്ഥാപിക്കേണ്ടതുണ്ട്. പടർന്നു പന്തലിച്ചു കിടക്കുന്ന ചൈനയെ എല്ലാ കോണുകളിൽ നിന്നും, വശംങ്ങളിൽ നിന്നും പഠികേണ്ടത്, ഇന്ന് ഇന്ത്യക്ക് നിഷേധിക്കാനും, തള്ളിക്കളയാനും പറ്റാത്ത ഒരു വസ്തുതയാണ്. ഈ വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ, സർക്കാറും, മറ്റു ഇതര സ്ഥാപനങ്ങളും മുൻകൈയെടുത്തു കാര്യങ്ങളെ വേണ്ട ഗൗരവത്തോട് കൂടി സമീപിക്കണമെന്നും ഇവിടെ ആവർത്തിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിൽ ഒരു വിവിധ ത്രിമാനമായ സമീപനം സ്വീകരിച്ചാലേ ഇന്ത്യ-ചൈന ബന്ധം എല്ലാ വിധത്തിലും ഫലവത്താകൂ.
(ഈ ലേഖനം എഴുതുന്ന വേളയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസിലെ അസിസ്റ്റന്റ് ഡയറക്ടർ, ഡോ.ജബിൻ ടി.ജേക്കബുമായി നടത്തിയ സംഭാഷണം നന്നേ ഉപകാരപ്രദമായിരുന്നു. അദ്ദേഹത്തിന്റെ ചില ആശയങ്ങൾ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആ കടപ്പാട് നന്ദിപൂർവ്വം സ്മരിക്കുന്നു)