Pages

Monday, October 6, 2014

ഹോങ് കൊങ്ങ് പ്രതിഷേധങ്ങൾ: കണക്കുകൾ, വസ്തുതകൾ, യാഥാർത്യങ്ങൾ

ഹോങ് കൊങ്ങ് പ്രതിഷേധങ്ങൾ:
 കണക്കുകൾ, വസ്തുതകൾ, യാഥാർത്യങ്ങൾ

പി.കെ.ആനന്ദ് 
റിസർച്ച് അസിസ്റ്റന്റ്‌,
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ്‌ സ്റ്റഡീസ് 

കഴിഞ്ഞ ഒരാഴ്ച്ചയായി പടർന്നു പന്തലിച്ച പ്രതിഷേധ പ്രകടനങ്ങൾ, ഹോങ് കോങ്ങിനെ ലോക ശ്രദ്ധയിൽ പെടുത്തുകയും, വലിയ രീതിയിൽ സംഭവബഹുലമാക്കുകയും ചെയ്തു. നീണ്ട ഒരാഴ്ചക്ക് ശേഷം, പ്രകടനക്കാരുടെ എണ്ണത്തിൽ കുറവും, ശക്തിയിൽ ക്ഷീണവും വന്നിട്ടുണ്ടെങ്കിലും, ഈ ദ്വീപിലെ സംഭവവികാസങ്ങൾ, സമൃദ്ധമായ വിശകലനത്തിന് വക നൽകുന്നുണ്ട്. പ്രതിഷേധത്തിന്റെ കാരണങ്ങളിലേക്ക് കടക്കുന്നതിനു മുൻപ്, ഹോങ് കോങ്ങിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം ആവശ്യകമാണ്. പ്രത്യേകിച്ചു ഈ പ്രകടനങ്ങൾക്കുള്ള, ചില കാരണങ്ങൾ ചരിത്രത്തിന്റെ താളുകളിൽ ഇഴകിചേർന്നു കിടക്കുമ്പോൾ. 

ചൈനയിൽ നിന്നും ബ്രിട്ടണിലേക്കും, തിരിച്ചു ചൈനയിലേക്കും: ഹോങ് കോങ്ങിന്റെ ഭാഗധേയം

കൊളോണിയൽ ബ്രിട്ടന്റെ, അധിനിവേശ ശക്തിയുടെ പ്രതിഫലനമായും, അതിന്റെ ഭാഗമായ പ്രത്യേക വാണിജ്യാധികാരങ്ങൾക്കായും, ചൈനയിലെ ചിങ്ങ് രാജവംശവുമായി, നടത്തപ്പെട്ട, ഓപ്പിയം യുദ്ധങ്ങളുടെ പശ്ചാത്തലമാണ് ഹോങ് കൊങ്ങിനുള്ളത്. അന്യായമായ യുദ്ധത്തിലൂടെ, വിജയം കൈ വരിച്ച ബ്രിട്ടീഷുകാർ, വാണിജ്യ ലക്ഷ്യത്തോടെ, ചിങ്ങ് രാജാവിനോട്, 1842-ൽ ഏർപ്പെട്ടുത്തിയ  'നാൻചിങ്ങ് ഉടമ്പടിയുടെ' ഭാഗമായി, ചൈനയുടെ അഞ്ചു തുറമുഖങ്ങൾ കൈവശപെടുത്തി. കൂടാതെ, ഹോങ് കോങ്ങിനെ തങ്ങളുടെ അധീനതയിലുമാക്കി. 1860-ൽ, ആ ദ്വീപിലെ മറ്റു ഭാഗങ്ങളെ കൂടി ചേർത്തുകൊണ്ട്, ബ്രിട്ടണ്‍, അവിടെ   അവരുടെ സമ്പൂർണ്ണ ആധിപത്യം നേടി. വാണിജ്യ-സാമ്പത്തിക പശ്ചാത്തലത്തിലും, തുറമുഖമെന്ന രീതിയിൽ അന്താരാഷ്ട്ര ചരക്കു ഗതാഗതത്തിനു, ഭൂമിശാസ്‌ത്രപരമായി തന്ത്രപ്രധാന ആസ്ഥാനമെന്ന രീതിയിലും, ഹോങ് കോങ്ങിന്റെ അന്നത്തെ പ്രാധാന്യം, ഇന്നും തുടരുന്നു. കിഴക്ക്-തെക്ക് കിഴക്കൻ ഏഷ്യയെ, ലോകത്തിന്റെ മറ്റു കോണുകളിലേക്ക് ബന്ധിപ്പിക്കുന്ന, ഒരു പ്രധാന കണ്ണിയാണ്, ഹോങ് കൊങ്ങ്. വാണിജ്യത്തിന്റെയും, സംസ്കാരത്തിന്റെയും, സാധ്യതകളും, വശങ്ങളും മനസ്സിലാക്കി കൊണ്ട്, നല്ല രീതിയിൽ കുടിയേറ്റവും, ഈ പ്രദേശത്തേക്ക് ഒഴുകി. അങ്ങനെ, ചൈനീസ്‌ വംശജരെ കൂടാതെ, മറ്റു രാജ്യാങ്ങളുടെ ജനതയും ഇവിടെ എത്തി ചേർന്നു.  ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ അൽപ്പം അധികാരങ്ങളും, മറ്റും നിവാസികൾക്ക് കൈവന്നു. 

1984-ൽ ഒരു സംയുക്ത വിളംബരത്തിലൂടെ, ഹോങ് കോങ്ങിനെ തിരിച്ചു, ചൈനയിലേക്ക് കൈമാറ്റം നടത്താൻ, ചൈനയും, ബ്രിട്ടണും തയ്യാറായി. അവിടെ നിന്നാണ് ഇന്നത്തെ ഗതിവിജ്ഞാനീയത്തിന്റെ തുടക്കം. ഈ കൈമാറ്റത്തിൽ, ഹോങ് കോങ്ങിലെ ജനങ്ങളുടെ ഇടയിൽ, പല ചോദ്യങ്ങളും, ആശങ്കകളും വരുത്തി. കേന്ദ്രീകൃത, ഒറ്റ കക്ഷി ഭരണത്തിൽ അധിഷ്ടിതമായ, ചൈനീസ്‌ വ്യവസ്ഥിതിയിലേക്ക് ഇഴകിചേരുമ്പോൾ, തങ്ങൾക്കു ലഭിച്ച സ്വതന്ത്ര അധികാരങ്ങളും, അടിയറവു വയ്ക്കേണ്ടി വരും, എന്നതായിരുന്നു, ഈ ആശങ്കകളുടെയും, ആകാംക്ഷകളുടെയും കാതൽ. ഈ ആശങ്കകളെ അകറ്റാനായി, അന്നത്തെ സമുന്നതനായ, ചൈനീസ്‌ നേതാവ്, ദെങ്ങ് ഷിയവൊപിങ്ങ് വിശേഷിപ്പിച്ചെടുത്ത നയോപായമാണ്, 'ഒരു രാജ്യവും, രണ്ടു വ്യവസ്ഥിതിയും' എന്ന തത്ത്വശാസ്ത്രം. ഇതിലൂടെ, ഹോങ് കൊങ്ങ് ആകമാനം ചൈനീസ്‌ മുഖ്യഭൂമിയുടെ അടിയിൽ വരുമെങ്കിലും, ഈ പ്രദേശത്തിൽ അവരുടെതായ തനതു നിയമങ്ങളും, ഭരണ സംവിധാനവും, അധികാരങ്ങളും, നാണയവും ഒക്കെ ഉണ്ടാവും. കൂടാതെ, അവർ വിലപ്പെട്ടതായി കരുതുന്ന, ചില അടിസ്ഥാന അധികാരങ്ങളും (രാഷ്ട്രീയ കക്ഷികൾ, സ്വതന്ത്ര മാധ്യമങ്ങൾ, സംഘടിക്കാനും, സംഭാഷണത്തിനു മുള്ള സ്വാതന്ത്ര്യം) അവർക്ക് നൽകപ്പെട്ടു. അങ്ങനെ 1997 മുതൽ 50 വർഷത്തേക്ക് ഈ ഒരു വ്യവസ്ഥിതി നിലനിൽക്കും, എന്നും ചൈനീസ്‌ ഭരണകൂടം വാഗ്ദാനം ചെയ്യുകയുണ്‍ടായി (ബ്രിട്ടണ്‍ ആ പ്രതിബദ്ധത ചൈനയിൽ നിന്നും നേടിയെടുക്കുകയുണ്ടായി). സ്ഥാനാന്തരം സുഗമമാക്കാൻ, 1990-ൽ ഹോങ് കോങിനെ ഒരു പ്രത്യേക കാര്യ നിർവ്വാഹക പ്രദേശമായി (Special Administrative Region) പ്രഖ്യാപിക്കുകയും, 'ബേസിക് ലോ' (Basic Law) എന്ന ലിഖിതം, ചൈനയുടെ നിയമനിർമ്മാണ സ്ഥാപനമായ, നാഷണൽ പീപ്പുൾസ് കോണ്ഗ്രസ് (എൻ.പി.സി)നിലവിൽ വരുത്തുകയും ചെയ്തു. ജൂലൈ 1, 1997-ൽ ഹോങ് കൊങ്ങ് ചൈനയ്ക്കു തിരിച്ചു കൈമാറപ്പെട്ടു. ഇതിനാൽ കൈമാറ്റത്തിന് ശേഷം  ഹോങ് കോങ്ങിന്റെ ഭരണ പരിപാലനവും, നിയമങ്ങളും, അധികാരങ്ങളുമെല്ലാം, പ്രദേശ ഭരണ സംവിധാനത്തിൻറെ കീഴിലാകുമെങ്കിലും, ചൈനീസ്‌ മുഖ്യഭൂമിയുടെ അല്ലെങ്കിൽ കേന്ദ്ര സർക്കാറിന്റെ, മേൽനോട്ടം അവയ്ക്ക് ഉണ്ടാകും. ഈ 'ബേസിക് ലോയെ',  ഒരു 'ചെറിയ ഭരണഘടനയായി' വിശേഷിപ്പിക്കപെടാവുന്നതും, ഇതിലൂടെ ഹോങ് കൊങ്ങിനു ഒരു പരിധി വരെ സ്വയം ഭരണാധികാരവും അനുഭവിക്കാനായി. 

പ്രതിഷേധങ്ങളുടെ ആണി - തെരഞ്ഞെടുപ്പു പ്രക്രിയ  


ഹോങ് കോങ്ങിന്റെ പ്രധാന ഭരണാധികാരി 'ചീഫ് എക്സ്യുകുട്ടീവ്' ആണ്. ഈ പദവി വഹിക്കുന്ന ആളാണ്‌ പ്രദേശത്തെ,  നയിക്കുന്നതും, ചൈനീസ്‌ കേന്ദ്ര സർകാറുമായി ഇടപഴകുന്നതും. ഈ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വാദ-പ്രതിവാദവും, തർക്കവുമാണ് ഈ പ്രതിഷേധങ്ങളുടെ മുഖ്യ ആണി. ബേസിക് ലോയുടെ 45-ആം വകുപ്പിന്റെ വ്യാഖ്യാനവും, നിര്‍വചനവുമാണ്  ഇതിന്റെ ചുക്കാൻ. അഞ്ചു വർഷമാണ്‌ ചീഫ് എക്സ്യുകുട്ടീവിൻറെ കാലാവധി. പക്ഷെ തെരഞ്ഞെടുപ്പിന്റെ പ്രക്രിയ നേരിട്ടുള്ള നിർണ്ണയമായിരുന്നില്ല. 1997-ലെ കൈമാറ്റത്തിന് ശേഷം നടന്ന നാലു തെരഞ്ഞെടുപ്പുകളിലും, പരോക്ഷമായ ഒരു പ്രക്രിയയാണ് ഉപയോഗിക്കപ്പെട്ടിരുന്നത്. ഹോങ് കോങ് സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ള പ്രമുഖരും, പ്രമാണിമാരും, കൂടാതെ ചൈനയിലെ എൻ.പീ.സിയിലേക്കുള്ള പ്രദേശത്തെ പ്രതിനിധികളും അടങ്ങുന്ന ഒരു 'ഇലക്ഷൻ കമ്മറ്റിയാണ്' രഹസ്യ വോട്ടിലൂടെ, തെരഞ്ഞെടുപ്പു നടത്തിപ്പോന്നത്. തുടക്കത്തിൽ ഈ കമ്മറ്റിയുടെ സംഖ്യ 400 ആയിരുന്നെകിൽ, കാലക്രമേണ ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ 1200-ൽ എത്തിനിൽക്കുന്നു. കാലങ്ങളായി 'ചീഫ് എക്സ്യുകുട്ടീവിന്റെ' തെരഞ്ഞെടുപ്പിനെ പൂര്‍ണ്ണമായ സമ്മതിദാനമായി മാറ്റണമെന്ന ആവശ്യം  നിലനില്ക്കുകയും, അത് ചൈനീസ്‌ ഭരണ നേതൃത്വം അംഗീകരിച്ചതുമാണ്. 2007 ഡിസംബർ മാസത്തിൽ സമാപിച്ച എൻ.പീ.സിയുടെ സ്റ്റാൻഡിംഗ് കമ്മറ്റി 2017 വർഷം മുതൽ പൂർണ്ണ സമ്മതിദാനത്തിനു പച്ചകൊടി നൽകുകയും ചെയ്തു.  എന്നാൽ ഈ, 'ഒരാൾ, ഒരു വോട്ട്' എണ്ണത്തിൽ ഊന്നിയ ഈ സമ്മതിദാനത്തെ, ചൈന 'ബേസിക് ലോയുടെ' നിബന്ധനയിൽ ഒതുക്കി. അതായതു, തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ ആദ്യം, ഒരു 'നോമിനേഷൻ കമ്മറ്റിയുടെ', പകുതിയിലേറെ സമ്മതത്തോടെയെ മൽസരിക്കാവു എന്ന് സാരം. 2007-ൽ ഇത് വ്യക്തമല്ലായിരുന്നെകിലും, ഊഹാപോഹങ്ങളും, സംസാരങ്ങളും, ചർച്ചകളും, തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഇക്കഴിഞ്ഞ, ആഗസ്റ്റ്‌ അവസനാമാണ്, എൻ.പീ.സിയുടെ  സ്റ്റാൻഡിംഗ് കമ്മറ്റി, പൂർണ്ണ രൂപം നൽകി, ഇതിനെ പ്രസിദ്ധീകരിച്ചത്. കൂടാതെ, 2-3 പേരിൽ കൂടുതൽ മത്സരിക്കരുതെന്നും അനുശാസിക്കപ്പെട്ടു; പിന്നെ, തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയെ, കേന്ദ്ര സർക്കാറിന് 'ബോധിചില്ലെങ്കിൽ', ആ തെരഞ്ഞെടുപ്പിനെ റദ്ദു ചെയ്തു, പുതിയ ഒരു തെരെഞ്ഞുടുപ്പ് നടത്തപ്പെടും. സ്വതന്ത്ര ജനാധിപത്യമുറക്ക് മേലുള്ള, ഈ കടിഞ്ഞാനാണ്, ഹോങ് കോങ് ജനതയെ, പ്രത്യേകിച്ച് യുവ-വിദ്യാർഥി വിഭാഗത്തെ ചൊടിപ്പിച്ചത്. 

ജനാധിപത്യ പോരാട്ടങ്ങളുടെ, പാരമ്പര്യം ഹോങ് കോങ്ങിനുണ്ട്. 2003-ലും, 2012-ലും പ്രാദേശിക സർക്കാറിന്റെ അന്യായമായ പല നയങ്ങൾക്കെതിരെയും, സംഘടിക്കുകയും, അവയെ മറിച്ചിടാനും ജനങ്ങൾക്ക്‌ സാധിച്ചിട്ടുണ്ട്. കൂടാതെ തന്നെ, വർഷം തോറും 4-ജൂണിൽ, ചൈനയിലെ ടിയനാൻമൻ സംഭവത്തിൻറെ ഓർമ്മക്കും, 1-ജൂലായിൽ സമ്പൂർണ്ണ ജനാധിപത്യത്തിനായും, വമ്പൻ പ്രകടനങ്ങൾക്ക് ഹോങ് കോങ് സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. അങ്ങിനെ വരുമ്പോൾ, മുൻപേ പ്രചരിച്ചിരുന്ന ഈ കടിഞ്ഞാണ്‍ കഥകളുടെ,  പശ്ചാത്തലത്തിൽ പ്രദേശത്തിന്റെ സാമ്പത്തിക-കാര്യനിര്‍വ്വാഹക കണക്കിൽ, മർമ്മപ്രധാന മേഖലയായ 'സെൻട്രൽ ഡിസ്ട്രിക്റ്റിനെ' അംഗസംഖ്യകൊണ്ട് പിടിച്ചടക്കാൻ പ്രചരണം ആരംഭിക്കുകയായി. ചൈനയുടെ മുഖ്യഭൂമിയുടെ ഈ 'കടിഞ്ഞാണിനും'    പൊലീസിങ്ങിനുമെതിരായി, ദേശീയ ദിനമായ ഒക്ടോബർ 1-നാണ് പ്രതിഷേധ കുത്തിയിരിപ്പ്, തുടങ്ങാൻ തീരുമാനമായത്. 'ഒക്കുപൈ സെൻട്രൽ വിത്ത്‌ ലവ് ആൻഡ്‌ പീസ്‌' എന്ന സംഘടനയാണ് ഇതിനു ആഹ്വാനം നടത്തിയത്. എന്നാൽ ആഗസ്തിലെ എൻ.പീ.സി  സ്റ്റാൻഡിംഗ് കമ്മറ്റിയുടെ പ്രഖ്യാപനത്തിന് ശേഷം, മുൻപേ തന്നെ പുകഞ്ഞു കൊണ്ടിരുന്ന സ്ഥിതി വിശേഷം, നുരഞ്ഞു പൊങ്ങാൻ തുടങ്ങിയത്. അതിനു ഉത്തകിയത്, വിദ്യാർഥി പ്രക്ഷോഭവും. ഹോങ് കോങ്ങിലെ പല സർവ്വകലാശാലകളിലെയും, സ്കൂളുകളിലെയും വിദ്യാർഥികൾ പഠിപ്പുമുടക്കുകൾ ആരംഭിക്കുകയും, അധ്യാപകർ അവർക്കൊപ്പം നിൽക്കുകയും ചെയ്തു. ഹോങ് കോങ് സ്റ്റൂഡനട്സ് ഫെഡറേഷൻ, സ്കോളറിസം എന്നീ സംഘടനകളാണ് ഇതിനു നേതൃത്വം നൽകിയത്. അങ്ങനെ, പ്രഖ്യാപിത തീയതിക്കു ഒരാഴ്ച മുൻപ് തന്നെ പ്രതിഷേധ കുത്തിയിരുപ്പ് തുടങ്ങി. തുടക്കത്തിൽ തന്നെ പോലീസ് കണ്ണീർവാതകവും മറ്റും പ്രയോഗിച്ചത്, പ്രതിഷേധത്തിന് ആക്കം കൂട്ടുകയും, വിദ്യാർഥി-യുവ വിഭാങ്ങൾക്ക് പുറമേ, പൊതു ജനത്തിന്റെ ഒരു അംശവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ വാസ്തവികമായി, ഈ പ്രസ്ഥനാത്തിനു ഒരു വേര്‍തിരിക്കപ്പെട്ട നേത്രുത്വമില്ല. അധികൃതരുടെ മുരുക്കു മുഷ്ടി പ്രയോഗത്തിനെ അപലപിച്ച്, ഇപ്പോഴത്തെ 'ചീഫ് എക്സ്യുകുട്ടീവായ' സീ.വൈ.ല്യുങ്ങിൻറെ രാജിയും, 'നിയന്ത്രീകരിപ്പെടാത്തതും', കടിഞ്ഞാണുകളില്ലാത്തതുമായ, പരിപൂർണ്ണ സമ്മതിദാന ആവശ്യത്തിനൊപ്പം ചേർക്കപ്പെട്ടു (കണ്ണീർ വാതകത്തിൽ നിന്നും രക്ഷനേടാൻ വലിയ രീതിയിൽ ഉപയോഗിക്കപ്പെട്ട കുടകളെ ആസ്പദമാക്കി ഈ പ്രതിഷേധത്തെ 'കുട വിപ്ലവമെന്നും' നാമകരണം ചെയ്യപ്പെട്ടു; പക്ഷേ, പ്രതിഷേധകർ ഈ പ്രകടനങ്ങളെ വിപ്ലവമായോ, ഭരണമാറ്റമായോ, മുഖ്യഭൂമിയിൽ നിന്നും വേര്‍പാടായോ വ്യാഖ്യാനിക്കരുതെന്നു പല കൂറി ആവർത്തിച്ചെന്നതും ശ്രദ്ധേയമാണ്).


വളരുന്ന അസമത്വവും മറ്റും പ്രത്യേക സ്വത്വത്തിനായുള്ള  സംഘർഷവും: തെരെഞ്ഞെടുപ്പിനുപരി ഉയരുന്ന ചോദ്യങ്ങൾ

സാമ്പത്തിക തലത്തിൽ വൻ കുതിച്ചു ചാട്ടം നടത്തിയിട്ടുള്ള പ്രദേശമാണ് ഹോങ് കോങ്. വാണിജ്യ-ധനകാര്യ മേഖലയിലും, വമ്പൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കായി വളക്കൂറുള്ള മണ്ണായും ഈ പ്രദേശം പേരെടുത്തിട്ടുള്ളതാണ്. ചൈനയിലേക്കുള്ള കൈമാറ്റത്തിന് ശേഷം പക്ഷേ, ഇന്ന് അസമത്വങ്ങൾ നല്ല ശതമാനത്തിൽ കൂടിയിട്ടുണ്ട്. ചൈനീസ്‌ നിക്ഷേപങ്ങളുടെ കുത്തൊഴുക്കും, ആസ്‌തികളുടെ വൻ ക്രയ-വിക്രയവും റിയൽ എസ്റ്റേറ്റ്‌-പാർപ്പിട മേഖലയെ തകിടം മരിക്കുകയും, വിലയെ കുത്തനെ ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഇതിനാൽ ഇടത്തരം കുടുംബങ്ങൾക്ക് ഒരു വീട്-ഫ്ലാറ്റ് വാങ്ങുക എന്നത് ഒരു അസാധ്യവും, ആഡംബരവുമായി മാറി കഴിഞ്ഞിരിക്കുന്നു. ഇതിനൊപ്പം തന്നെ വളർന്നു പരമാര്‍ത്ഥതമായ, മൈത്രീ മുതലാളിത്തം കൂടുതൽ അസമത്വങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൂടാതെ, മുഖ്യഭൂമിയിൽ നിന്നുള്ള കുത്തൊഴുക്കും, വിദ്യാർഥി-യുവജന വിഭാഗങ്ങളുടെ ഭാവിയെകുറിച്ചും, തൊഴിൽ സാധ്യതകളും, മറ്റും വിഭവങ്ങൾക്കായി ഉരുത്തിരിയാവുന്ന ഞെരുക്കങ്ങളും ആശങ്കകൾ ഇളവാക്കുന്നു. ഇതിനെല്ലാം ഉപരി 'ചൈനീസ്‌ മുഖ്യഭൂമിയുടെ സ്വത്വത്തിൽ നിന്നും, തങ്ങൾ പരിപോഷിപ്പിക്കുകയും, ആഹ്ലാദിച്ചും പോന്ന തനതു സ്വത്വത്തെ കാത്തു സൂക്ഷിക്കണമെന്നതും ഒരു പ്രധാന ഘടകമാണ്. കാലങ്ങളായി ചൈനീസ്‌ മുഖ്യഭൂമിയും, ഹോങ് കോങ്ങും തമ്മിൽ നില നിൽക്കുന്ന പാരമ്പര്യ സംക്ഷോഭത്തിൻറെയും, പിരിമുറുക്കത്തിൻറെയും കാരണങ്ങളിൽ പ്രധാനമായ ഒന്ന് ഇതുകൂടിയാണ്. മുഖ്യഭൂമിയിൽ നിന്നും, ഈ പ്രദേശത്തേക്ക്-പ്രത്യേകിച്ചു അവധിക്കാലത്ത്-ഒഴുകുന്ന വിനോദസഞ്ചാരികൾക്കെതിരെയുള്ള രോഷം ഇതിനുദാഹരണമാണ്. മറിച്ചു, തങ്ങളുടെ രാജ്യത്തിൻറെ ഭാഗം എന്നാ കണക്കിൽ ഈ പ്രദേശം അന്യമല്ലയെന്നും, അന്യായമായി ഒന്നും തന്നെ തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടയിട്ടില്ലയെന്നതുമാണ് ചൈനീസ്‌ വിനോദസഞ്ചാരികളുടെ പ്രതിവാദം. ചുരുക്കി പറഞ്ഞാൽ, ഇത്രയും നാൾ ഹോങ് കോങിൽ നില നിന്ന് പോന്ന സാര്‍വ്വലൗകികത്വവും, വിവിധമായ സംസ്ക്കാരവും എന്ത് വിലകൊടുത്തും കാക്കേണ്ടതുണ്ട് എന്ന വസ്തുതയാണ് ഹോങ് കോങ്ങുകാർ മുന്നോട്ടു വെക്കുന്നത്. ഈ പ്രതിഷേധത്തിലൂടെ വെളിവായ, ഒരു വശത്തെ ചിത്രമിതാണ്.

ഹോങ് കോങ് അധികൃതരുടെയും, ചൈനീസ്‌ നേതൃത്വത്തിന്റെയും പ്രതികരണം

തുടക്കം മുതൽക്കു തന്നെ കർക്കശവും, അടിയുറച്ച നിലപാടാണ്, 'ചീഫ് എക്സ്യുകുട്ടീവ്' സി.വൈ.ല്യുങ്ങും, ബീജിങ്ങും സ്വീകരിച്ചത്. താൻ ഒരിക്കലും രാജിവെക്കില്ല എന്ന് ആണയിട്ട ല്യുങ്ങ്, തെരഞ്ഞെടുപ്പു പരിഷ്കരണങ്ങൾ, 'ബേസിക് ലോയുടെ' അതിർവരമ്പുകൾക്കുള്ളിൽ നിന്ന് കൊണ്ട് മാത്രമേ സാധ്യമാകു എന്നും ആവർത്തിച്ചുവ്യക്തമാക്കി. ചൈനീസ്‌ കേന്ദ്ര നേതൃത്വവും ഇത് തന്നെയാണ് അടിവരയിട്ടത്. ഇതിൻറെ ചുവടുപിടുച്ചു, മുഖഭൂമിയിലെ മിക്ക മാധ്യമങ്ങളും (കമ്മ്യൂണിസ്റ്റ്‌ പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെയിലി ഉൾപ്പടെ) ഹോങ് കോങ്  കോങ്ങിന്റെ തെരുവുകളിൽ അരാജകത്വം വിളയാടുകയാണെന്നും, പ്രതിഷേധകരുടെ സ്തംബിപ്പിക്കൽ നടപടികൾ, നിയമവിരുദ്ധമാണെന്നുമുള്ള തരത്തിൽ തലക്കെട്ടുകളും, വാർത്തകളും, നിരൂപണങ്ങളും പ്രസിദ്ധീകരിക്കുമ്പോൾ, അവിടെ പ്രതിഫലിക്കുന്നത് കൃത്യമായതും, നിശ്ചിതമായതുമായ തീരുമാനമാണ്. മറ്റൊരു തരത്തിൽ, കൈമാറ്റ ഉടമ്പടികളും, നിയമങ്ങളും പരിശോധിച്ചു നോക്കിയാൽ വ്യവസ്ഥ തലത്തിൽ, ചൈന ലേഖ്യത്തിൽ തെറ്റ് വരുത്തിയിട്ടില്ല എന്ന വസ്തുതയും നിലനിൽക്കുന്നു.  തങ്ങളുടെ അധീനതയിലുള്ള ഒരു പ്രത്യേക മേഖലയെ സംബന്ധിച്ചിടത്തോളം അവസാന വാക്ക് തങ്ങൾക്കാണെന്ന പരമാര്‍ത്ഥവും, നിയമവശത്തിലൂടെ നോക്കിയാൽ അവർക്കനുകൂലമാണ്; എന്നാൽ, ലേഖ്യത്തിൽ അല്ലാതെ സത്തയിൽ നോക്കിയാൽ, ചൈനയുടെ വാദത്തിൽ അതിരുകവിയലിന്റെ അംശങ്ങൾ ദ്രിശ്യമാണ്. കൂടാതെ, ചീഫ് എക്സ്യുകുട്ടീവിനെ 5 ദശലക്ഷം വരുന്ന ഹോങ് കോങ്ങിലെ, സ്ഥിരമായ നിവാസികൾ തെരഞ്ഞെടുക്കാൻ പോകുന്നു എന്നത് തന്നെ ഒരു പ്രബലമായ കാര്യമാണ്. അങ്ങനെ, തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് പ്രദേശത്തെ നിവാസികളുടെ വിശ്വാസ്യത കൂടാതെ കേന്ദ്ര സർക്കാറിന്റെ വിശ്വാസവും വേണമെന്നത്, ഉത്തരവാദിത്തം ഇരട്ടിയാക്കും. തങ്ങളുടെ ഉറച്ച നിലപാടിൽ അയവു വരുത്തി, കിഴിവുകൾ പ്രതിഷേധക്കാർക്ക് നൽകിയാൽ, അതിന്റെ ഭവിഷ്യത്ത് സാരമാകുമെന്നും, മർമ്മ പ്രധാനവും, അസ്വസ്ഥവുമായ ഇടങ്ങളായ ടിബറ്റിലും, ഷിൻജിയാങ്ങിലും സമാനമായ സംഭവങ്ങൾ അരങ്ങേറി രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും എന്ന ഭയവുമാണ് ചൈനീസ്‌ സർക്കാറിനുള്ളത്.  കൂടാതെ, മുഖ്യഭൂമിയിലെ മറ്റു ഭാഗങ്ങളും ഇത് കൊണ്ട് ബാധിക്കപെടരുതെന്നും മനം മാറാത്ത മനം മാറാത്ത ഈ ചൈനീസ്‌ ചിന്താഗതിക്ക് പിന്നിലുണ്ട്. പല കോണുകളിലും ആശങ്കകൾ ചെലുത്തപ്പെട്ട 'ടിയനാന്മൻ' തരത്തില്ലുള്ള ബലിഷ്ടമായ പ്രതികരണമെന്നത് അസ്ഥാനത്തുള്ളതാണ്. ഇന്ന് ചൈന ആക്കാലത്ത് നിന്ന് ഏറെ മുന്നോട്ടു വരികയും, കൂടുതൽ ലൗകികജ്ഞാനമുള്ള പോംവഴികളാണ് തിരയുന്നത്. കൂടാതെ, പ്രസിഡന്റ്റ് ഷീ ജിൻപിങ്ങ്, ഉപ-രാഷ്ട്രപതിയായിരിക്കവെ ഹോങ് കോങ്-മകാവു പ്രദേശങ്ങളുടെ ചുമതലയും നിരവ്വഹിച്ചിട്ടുണ്ട്. അത് കൊണ്ട്, ഇപ്പോൾ പ്രദേശത്തു നില കൊള്ളുന്ന പ്രശ്നങ്ങളുടെ സൂക്ഷ്‌മഭേദവും അദ്ദേഹത്തിനു അറിയുമെന്ന് മാത്രമല്ല, അതിലൂടെ വേണ്ട തക്കതായ സമീപനം സ്വീകരിക്കാനും കഴിയും. അങ്ങനെയാകുമ്പോൾ, കടുപ്പമേറിയ ഒരു വശവും, മൃദുവായ മറ്റൊരു വശവും തമ്മിൽ കലർന്ന ഒരു മിശ്രിത രീതിയായിരിക്കും, ചൈനീസ്‌ നേതൃത്വം അനുവര്‍ത്തിക്കുക.

അത്യന്തം ശാന്തവും, സഭ്യവും, കലഹങ്ങളിൽ നിന്നും, ശാരീരിക ഏറ്റുമുട്ടലുകളിൽ നിന്നും, ആവതും മാറി നിന്നും, ഈ പ്രതിഷേധം നല്ല ആഭിപ്രായവും, മാതൃകയുമാണ് മുന്നോട്ടു വെക്കുന്നത്.   എന്നാൽ ആന്തരിക വൈരുദ്ധ്യങ്ങളും, വിദ്യാർഥികൾക്കുപരി, ഭൂരിപക്ഷ ജനവിഭാഗങ്ങളെ കോർത്തിണക്കാൻ പറ്റാത്തതും, അധികൃതരുടെയും, ചൈനീസ്‌ നേതൃത്വത്തിന്റെ കടുംപിടിത്തവും, നാനാ ഭാഗത്ത് നിന്നും സ്ഥായിയായി വന്നുകൊണ്ടുരിക്കുന്ന പിന്മാറാനുള്ള അഭ്യർത്ഥനകളും, ഈ പ്രതിഷേധങ്ങളെ ഒരാഴ്ച്ചക്കപ്പുറം തളർത്തിയിട്ടുമുണ്ട്. അത് കൊണ്ട്, സംഖ്യയിൽ ഗണ്യമായ കുറവുകൾ അനുഭവപ്പെടുകയും, സ്തംബിക്കപ്പെട്ട കാര്യനിർവ്വാഹക കാര്യാലയങ്ങൾ വീണ്ടും തുറന്നതും, ജീവനക്കാർ പണിയെടുക്കാൻ എത്തിയത്. ഇവരെ എതിർക്കാതെ, വഴിയുണ്ടാക്കിയും, ജനങ്ങളെ ആവതും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതിരിക്കുകയും, അഭിപ്രായങ്ങൾക്കും, അഭ്യർത്ഥനകൾക്കും കാതോർത്ത് കൊണ്ട്, ആവശ്യങ്ങളിൽ നേരിയ മാറ്റങ്ങൾ വരുത്തി, ചർച്ചകൾക്കും, സംഭാഷണത്തിനും പ്രതിഷേധകർ തയ്യാറായത്, പ്രതിഫലിപ്പിക്കുന്നത് അവരുടെ പ്രായോഗികജ്ഞാനവും, പക്വതയുമാണ്. ഒരു ഭാഗത്ത്‌ നിന്നും, ഇത്രയും വിശാലത കാണിക്കപ്പെടുമ്പോൾ, മറു ഭാഗത്ത്‌ നിന്നും ഒരു സമാന ചലനം ഉണ്ടാവേണ്ടതാണ്. എന്നാൽ ഈ സന്ദർഭത്തിൽ അത് പ്രതീക്ഷിക്കുന്നത്, ന്യായമായും, യഥാര്‍ത്ഥമായും ചിന്തിക്കുമ്പോൾ, ബാലിശവും, അർത്ഥശൂന്യവുമാണ്. ഈ പ്രതിഷേധങ്ങൾക്കൊണ്ട്, ഒരു ഹ്രസ്വകാലത്തിൽ ഒരു പ്രതിപാദകവും, വാസ്തവികവുമായ മാറ്റത്തിനു സാധ്യത അത്യന്തം കുറവാണെങ്കിലും, ദീര്‍ഘകാല അടിസ്ഥാനത്തിൽ തീർത്തും ഒരു സൂചകമായി ഇവയറിയപ്പെടും. നിലനിൽക്കുന്ന പോരായ്മകളും, തെറ്റുകളും മനസ്സിലാക്കി കൊണ്ട് തന്നെ, തങ്ങളുടെ വൈവിധ്യമാർന്ന, രാഷ്ട്രീയ-സാംസ്കാരിക ശൈലിയെ കാത്തുരക്ഷിക്കുമെന്നും, അധികൃതർക്കും, ചൈനീസ്‌ കേന്ദ്ര സർക്കാറിനും, ആഴമേറി ചിന്തിക്കാനായി കടുത്ത സൂചനകൂടി നൽകുകയാണ് ഹോങ് കോങ് നിവാസികൾ. അത് കണ്ടില്ല എന്ന് നടിക്കുന്നത് ചൈനയ്കാവില്ല.

വാൽക്കഷ്ണം: ഇന്ത്യയിൽ നിന്നുള്ള പ്രതികരണം 


ഔദ്യോഗികമായി, ഇന്ത്യൻ സർക്കാർ ഈ പ്രതിഷേധങ്ങളെ പറ്റി ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇന്ത്യൻ വംശജരുടെ, നല്ലൊരു സംഖ്യ ഹോങ് കോങിൽ താമസിക്കുന്നുണ്ട്. തങ്ങളുടെ രാജ്യക്കാരുടെ ജീവനും സ്വത്തിനും നഷ്ടംവന്നില്ല എന്ന കാരണത്താലാകും, ഇന്ത്യൻ വിദേശ മന്ത്രാലയം ഒരു പ്രതികരണ കുറിപ്പ് പുറത്തിറക്കാത്തതു എന്ന് നമ്മുക്ക് ഊഹിക്കാം. എന്നാൽ അതിനെക്കാളേറെഅലട്ടുന്ന, ഒരു വിഷയം, എല്ലാപ്പോഴും ഇത്തരം ജനാധിപത്യസമരങ്ങളിൽ പ്രതികരിക്കാറുള്ള, നമ്മുടെ രാഷ്ട്രീയ  വർഗ്ഗത്തിൻറെ, പ്രത്യേക്കിച്ചു ഇടതു പക്ഷ ജനാധിപത്യ വിഭാഗങ്ങൾ, നിശബ്ധതയാണ്. ഇടതുപക്ഷ-ജനാധിപത്യ വിദ്യാർഥി-യുവജന വിഭാഗങ്ങളുടെ വിരക്തിയുടെ കാരണങ്ങളും ആരായേണ്ടതുണ്ട്. ഇതിൻറെ ഒരു വശം, ചൈനയെ കുറിച്ചും, കിഴക്കൻ ഏഷ്യയെ കുറിച്ചും, നിലനിൽക്കുന്ന സ്‌പഷ്‌ടമായ അജ്ഞതയാണ്. അവിടത്തെ സംഭവവികാസങ്ങളെ  ഗഹനമായി പഠിക്കാനും, ഗവേഷണം നടത്താനും കഴിയാതെ വരുന്ന പോരായ്മയെ ത്രിണവത്കരിക്കാതെ, അതിനെ മറികടക്കാനുള്ള  ശ്രമങ്ങൾ തകൃതിയായി ഫാലവത്താക്കേണ്ടതുണ്ട്.  
     

Wednesday, September 17, 2014

സാമ്പത്തിക ചിറകിലേറി ഷീ ജിൻപിങ്ങിന്റെ സന്ദർശനം

സാമ്പത്തിക ചിറകിലേറി ഷീ ജിൻപിങ്ങിന്റെ സന്ദർശനം 

പി.കെ. ആനന്ദ്
റിസർച്ച് അസിസ്റ്റന്റ്‌
ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് ചൈനീസ്‌ സ്റ്റഡീസ്, ദില്ലി 

വളരെ ഏറെ പ്രതീക്ഷകളോടും, ആകാംക്ഷകളോടുമാണ്, ചൈനീസ്‌ പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ മൂന്നു ദിവസത്തെ ഇന്ത്യ സന്ദർശനത്തെ നോക്കി കാണപ്പെടുന്നത്. അത്രയേറെ മാധ്യമ-വിദഗ്ദ്ധ ശ്രദ്ധ ഇതിനോടകം തന്നെ ഇതിനു വന്നു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ  ഇന്ത്യയിൽ ഭരണമാറ്റത്തിന് ശേഷം ബ്രസീലിൽ സമാപിച്ച, ബ്രിക്സ്  ഉച്ചകോടിയിൽ, ഷീയും-മോഡിയും കൂടിക്കാഴ്ച്ച നടത്തിയെങ്കിലും, ഇന്ത്യയിൽ ഭരണമാറ്റത്തിനു ശേഷം, ലോകത്തിലെ ഏറ്റവും വലിയ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി കൂടിയായ ഷീയുടെ, ഈ യാത്രയ്ക്ക് വലിയ പ്രാധാന്യമാണ് നൽകപ്പെടുന്നത്.  ഇന്ത്യയിലെ പുതിയ സർക്കാറിന്റെ കീഴിൽ, അടുത്ത അഞ്ചു വർഷക്കാലത്തേക്ക്‌, ചൈനയുമായുള്ള  ഉഭയകക്ഷി ബന്ധത്തിന് നാന്നി കുറിക്കൽ  എന്നത് കൂടി ഈ സന്ദർശനത്തിനു കല്ലച്ച്‌ ചാർത്തുന്നുണ്ട്. 

പ്രാദേശിക തലത്തിൽ, ഭരണം പയറ്റി തെളിഞ്ഞ നേതാക്കൾ എന്ന രീതിയിലും, മോഡിക്കും, ഷീക്കും, ശക്തമായ നേതൃത്വമെന്ന പ്രതിച്ഛായയും കൈമുതലായുണ്ട്‌. മോഡി ഗുജറാത്തിലെ മുഖ്യമന്ത്രിയായി പ്രവർത്തിച്ച ശേഷമാണ് ദേശീയ നേതൃത്വത്തിലേക്ക് വന്നതെങ്കിൽ, ചൈനയിലെ ഫുജിയാൻ പ്രവിശ്യയുടെ ഗവർണ്ണറായും, ചചിയാങ്ങ് പ്രവിശ്യയുടെയും, ഷാങ്ങ്ഹായുടെയും പാർട്ടി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടാണ്, ഷീ ജിൻപിങ്ങ് ചൈനയുടെ സമ്മുന്നതനായ നേതാവാകുന്നത്. അങ്ങനെ വരുമ്പോൾ, ഗുജറാത്തിൽ നിന്നാണ് ചൈനീസ്‌ പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ തുടക്കമെന്നതും, മുകളിൽ പരാമർശിക്കപ്പെട്ട പ്രാദേശിക വശത്തോടൊപ്പം ചേർത്തുവായിക്കപ്പെടെണ്ടതുണ്ട്. ഉഭയകക്ഷി ബന്ധങ്ങളും, വിദേശ നീതിയും, ദേശീയ തലത്തിൽ നിന്നും പ്രാദേശിക, അർദ്ധ-പ്രാദേശിക തലത്തിലേക്ക് വരുന്നതിന്റെ സൂചനയാണ് ഇത് കൊണ്ട് തെളിയപ്പെടുന്നത്. ഗുജറാത്ത്‌ ഇന്ന് വലിയ രീതിയിൽ ജാപ്പനീസ്-ചൈനീസ്‌ നിക്ഷേപങ്ങളുടെ ഉദ്ധിഷ്‌ടസ്ഥാനമാണ്. കുറച്ചു കാലമായി ചൈന ഇന്ത്യൻ സംസ്ഥാനങ്ങളുമായി നേരിട്ട് സാമ്പത്തിക ചർച്ചകൾ നടത്തി, നിക്ഷേപങ്ങൾക്ക്  ആക്കം കൂട്ടുന്നതായി കാണപ്പെടുന്നുണ്ട്. അതിന്റെ തുടർച്ചയെന്നോണമാണ് ഷീയെ, മോഡി, പ്രാട്ടോക്കോള്‍ക്ക് വിപരീതമായി അഹ്മ്മദാബാദിൽ സ്വീകരിച്ചത്. ഇരു പക്ഷ കരാറുകളിലൂടെ, ഇന്ത്യയിൽ ചൈന സ്ഥാപിക്കാനുദേഷിക്കുന്ന രണ്ടു വ്യവസായ പാർക്കുകളിൽ ഒന്ന്, ഗുജറാത്തിലാണെന്നതു ഈ വസ്തുതയെ അടിവരയിടുന്നു. ഗുജറാത്തിനെ ചൈനയുടെ സമൃദ്ധവും, വികസിതവുമായ ഗ്വാങ്ങ്ദുങ്ങ് പ്രവിശ്യയോടാണ് താരതമ്യം ചെയ്യപെടുന്നത്. അഹമദാബാദും, ഗ്വാങ്ങ്ദുങ്ങിന്റെ പ്രവിശ്യ തലസ്ഥാനമായ ഗ്വാങ്ങ്ജോയും തമ്മിൽ സഹോദര്യ നഗര കരാറിലൂടെ ഇരു രാജ്യങ്ങളും പ്രാദേശിക തലത്തിലുള്ള സഹകരണത്തിനും, പങ്കാളിത്തത്തിനും, വേരുറപ്പിക്കുന്നതായി കാണാൻ സാധിക്കും. 


ഉഭയകക്ഷി ബന്ധത്തിന്റെ സാമ്പത്തിക ശാസ്ത്രം

കാലങ്ങളോളമായി കീറാമുട്ടിയായി കിടക്കുന്ന അതിർത്തി തർക്കത്തിന് ശാശ്വതമായ പരിഹാരമൊന്നും ഈ മൂന്നു ദിവസത്തെ കൂടികാഴ്ചയിൽ, ഉരുത്തിരിയാൻ പോകുന്നിലെങ്കിലും, ആ വിഷയത്തെ ബന്ധങ്ങൾക്ക് വിലങ്ങുതടിയാകാൻ ഇരു പക്ഷവും കൂട്ടാക്കുന്നില്ല എന്നത് തന്നെ ഒരു സുപ്രധാന കാര്യമാണ്. നിർണ്ണയിക്കപ്പെടാത്ത അതിർത്തിയും, അതിന്റെ പരിണിതഫലമായി ഇടയ്ക്കിടെ സംജാതമാകുന്ന ലംഖനങ്ങളും ബന്ധങ്ങളെ കുടുക്കാതിരിക്കാൻ ഭരണ നേതൃത്വം ശ്രമിക്കുന്നതിനു, 'സാമ്പത്തികമായ' ഒരു അടിവേരുണ്ട്. അങ്ങനെ വരുമ്പോൾ, ഉഭയകക്ഷി ബന്ധത്തിന്റെ ഉപരിതലം രാഷ്ട്രീയമാണെങ്കിലും, അടിത്തറ ഇന്ന് സാമ്പത്തികമാണ്. ഷീ ജിൻപിങ്ങിന്റെ ഈ സന്ദർശനം, കുറച്ചു ദിവസം മുൻപ്, മോഡിയുടെ ജപ്പാൻ സന്ദർശനത്തിനു ശേഷമാണ് നടക്കുന്നതെന്ന കാര്യവും വിസ്മരിച്ചുകൂടാ. അടുത്ത അഞ്ചു വർഷക്കാലത്തെക്കു, 35 ലക്ഷം കോടി അമേരിക്കൻ ഡോളറുടെ ജാപ്പനീസ് സാമ്പത്തിക പ്രതിജ്ഞാബദ്ധതയുമാണ്‌ മോഡി, ഇന്ത്യയിലേക്ക്‌ മടങ്ങിയത്. ഇതിന്റെ പശ്ചാത്തലത്തിലും, പാരമ്പര്യമായ ചൈന-ജപ്പാൻ സ്‌പര്‍ദ്ധയുടെ നിഴലിലും, വലിയ രീതിയിൽ ഇന്ത്യയെ തഴുകണമെന്നതും, ചൈനീസ്‌ ഭരണകൂടത്തിനു അത്യന്താവേഷികമാണ്. അത് കൊണ്ട് തന്നെ, നൂറു ലക്ഷം കോടിയിലതികം നിക്ഷേപങ്ങളും, സംരംഭങ്ങളുമാണ്, മോഡി സർക്കാർ ചൈനയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് അൽപ്പം ചുരുങ്ങി ഇരുപതുലക്ഷം  കോടി ഡോളറായി, എന്നാണു ഒപ്പിടപ്പെട്ട കരാറുകൾ തെളിയിക്കുന്നത്. എന്നിരുന്നാലും, മുപ്പതു വർഷത്തിലുമേറെയായി നിലനിൽക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങളുടെ ഫലമായി, ഒരു വ്യാവസായിക ഭീമനായി വളർന്നു, പന്തലിച്ച ചൈന ഇന്ന് സ്വദേശത്തു, തൊഴിൽ തർക്കങ്ങളും, ഞെരുക്കങ്ങളും നേരിടുമ്പോൾ, ഇന്ത്യയെ പോലുള്ള ഒരു കൂറ്റൻ വിപണി അവർക്ക് ഒരു മുതൽ കൂട്ടാണ്. തങ്ങളുടെ വസ്തുക്കളും, സംസ്‌കൃത സാമഗ്രികളും, സമ്പത്ത് വിഭവങ്ങളും, ഇന്ത്യയിലേക്ക്‌ ഒഴുകേണ്ടതും, ചൈനീസ്‌ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം, ഒരു വലിയ ആവശ്യകത തന്നെയാണ്. കൂടാതെ, അത്തരത്തിലുള്ള മുതൽ മുടക്കിന്റെയും, നിക്ഷേപങ്ങളുടെയും പരിണിത ഫലമായി, സൃഷ്ടിക്കപെടുന്ന തൊഴിലവസരങ്ങളും, നൈപുണ്യ-കൌശല പുരോഗതിയും, സമ്പത്തും ഇന്ത്യക്കും ലാഭകരമായാണ് സർക്കാർ വീക്ഷിക്കുന്നത്.  അത് കൊണ്ട് തന്നെ, സന്ദർശനത്തിന്റെ രണ്ടാം ദിവസം ഉഭയകക്ഷി ചർച്ചക്ക് ശേഷം ഒപ്പിടപ്പെട്ട പന്ത്രണ്ടോളം കരാറുകളിൽ, ഭൂരിപക്ഷവും സാമ്പത്തിക സ്വഭാവമുള്ളതാണ്. റയിൽവെ നവീകരണം, തുറമുഖ-ആന്തരഘടന വികസനം, ബഹീരാകാശ മേഖലയിൽ സഹകരണം, മുംബൈ-ഷാങ്ങ്ഹായ് തമ്മിൽ സഹോദര്യ നഗര പദവി എന്നിങ്ങനെ പോകുന്നു ഈ ഉടമ്പടികൾ. സർക്കാർ തലത്തിൽ അല്ലാതെ, ചൈനീസ്‌-ഇന്ത്യൻ കോർപ്പറേറ്റ് തലത്തിലും 3.43 ലക്ഷം കോടി ഡോളർ ഉടമ്പടികളും സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട്. ഉയർന്നു വരുന്ന ചൈനീസ്‌-ജാപ്പനീസ് നിക്ഷേപങ്ങളോട് ഇന്ത്യയുടെ സമീപനം, വളരെ സൂക്ഷമതയോടും, രാജ്യത്തിന്റെ താൽപ്പര്യങ്ങൾ മുന് നിർത്തിയുമാകണം. അത് കൊണ്ട് സാമ്പത്തികമായി, അവയുടെ ഗുണഫലങ്ങൾ അനുഭവിക്കണമെങ്കിൽ, ചൈന-ജപ്പാൻ തമ്മിൽ നിലനിൽക്കുന്ന പരമ്പരാഗത സ്പർദ്ധയിൽ, ഒരു ഭാഗത്തും അണി ചേരാതെ, സ്വന്തം രീതിയിൽ ഇരു രാജ്യങ്ങളുമായും അതതു തരത്തിൽ ഇടപെടേണ്ടതുണ്ട്. അങ്ങനെ മാത്രമേ, ഇന്ത്യക്ക് തന്റെ തന്റെ ശക്തിയും, ഉത്തരവാദിത്തവും നിറവേറ്റാൻ സാധിക്കു.    

സാമ്പത്തിക മേഖലയാണ്, പ്രധാന അച്ചു തണ്ടെങ്കിലും, ഇതര മാനവ വിഭവശേഷി, ടൂറിസം, സാംസ്കാരിക, പൈതൃക തലങ്ങളിലും ഇന്ത്യയും-ചൈനയും ഈ സന്ദർശനത്തിലൂടെ കൂടുതൽ കെട്ടുപ്പാടുകൾക്ക് ആക്കം കൂടിയിട്ടുണ്ട്. 1500-ഓളം ഇന്ത്യൻ ഭാഷാദ്യാപകരെ പരിശീലിപ്പിക്കാനും ചൈന തയ്യാറായിട്ടുണ്ട്. ലോക ജനസംഖ്യയിൽ ആദ്യ പന്തിയിൽ നിൽക്കുന്ന രാജ്യങ്ങളെന്ന കണക്കിലും, ഉയർന്നു വരുന്ന രണ്ടു സമ്പദ് ശക്തികളെന്ന രീതിയിലും, പരസ്പരമറിയാനും, ഉള്ളു തുറന്നു അന്യോന്യം മനസ്സിലാക്കാനും ഇന്ത്യയും, ചൈനയും, സർക്കാർ-കച്ചവട തലത്തിൽ നിന്നും ഉയരാനുള്ള ഒരവസരവും പാഴാക്കരുത്. അയൽവാസികലെന്ന രീതിയിലും, ഈ മനസ്സിലാക്കൽ ഒഴിച്ചുകൂടാത്തതാണ്. 

'സിൽക്ക് റൂട്ടിന്' ബദലായ 'സ്പൈസ് റൂട്ട്': ഒരു കേരളാധിഠിത ആശയം 
  ഷീജിൻപിങ്ങ് അധികാരത്തിലേറിയ ശേഷം, വമ്പിച്ച രീതിയിൽ പ്രചരിപ്പിക്കുന്ന ഒരു വിഷയമാണ്‌, 'പുതിയ അയൽപ്പക്ക' നയം. തങ്ങളുടെ വലിയ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ ഫലമായി, അയൽ രാജ്യങ്ങളുമായി, താൽപ്പര്യങ്ങൾ പങ്കിട്ടു കൊണ്ട് മുന്നോട്ടു പോകേണ്ട ആവശ്യം ശക്താമായി നിലനിൽക്കുന്നുണ്ട്. കൂടാതെ, തങ്ങളുടെ സാമ്പത്തിക പ്രയോജനത്തിനും, ചരക്കു-വാണിഭ ഗതാഗതത്തിനും, ഊർജ്ജ വിഭവങ്ങളുടെ ഒഴുക്കിനും ഉതകുന്നതാണ് ചൈനയുടെ ഈ പുതിയ ശ്രമം. ഇതിനായി, പുരാതന 'സിൽക്ക് റൂട്ട്' (പട്ടു പാത) എന്ന ആശയത്തെ പുനർജീവിപ്പിചു കൊണ്ട്  പുതിയ കാലത്ത്, യോജിപ്പിക്കലെന്ന അർത്ഥവത്തായ നയമാണ് ഷീ ഭരണകൂടം മുന്നോട്ടു വെക്കുന്നത്. പുരാതന കാലത്ത് വാണിജ്യ--വ്യവഹാരത്തിനായി ഉപയോഗത്തിൽ വന്ന ഈ 'സിൽക്ക് റൂട്ടിനെ', ഇന്ന് ഏവർക്കും ഉപകാരപ്രദമായി എന്ന് പൊലിപ്പിച്ചു കാട്ടി, കടൽ-കര വഴി ചൈന നയിക്കുന്ന ഈ സംരംഭത്തിൽ മിക്ക ദക്ഷിണേഷ്യൻ-മധ്യേഷ്യൻ-തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെയും കോർത്തിണക്കാനാണ് പ്രധാനമായുള്ള ശ്രമം. ഇന്ത്യ സന്ദർശനത്തിനോടൊപ്പം, തന്നെ ഷീ മാലിദ്വീപും, ശ്രീലങ്കയും പര്യടനത്തിൽ ഉൾപ്പെടുത്തിയെന്നതും, ഈ 'സിൽക്ക് റൂട്ട്' നയത്തിനെ ഒന്ന് കൂടെ പുഷ്‌ടിപ്പെടുത്തുന്നതാണ്. ഇതിൽ ഇന്ത്യ പങ്കുകൊള്ളേണ്ട ആവശ്യകത നിലനിൽക്കുമ്പോൾ തന്നെയും, ചൈനയുടെ നീക്കങ്ങൾക്ക്‌ ഒരു ക്രിയാത്മക ബദൽ നൽകേണ്ടതുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാറിന്റെ ടൂറിസം വകുപ്പ് അടുത്തിടെ ആരംഭിച്ച 'സ്പൈസ് റൂട്ട്' എന്ന ആശയത്തെ, കുറേക്കൂടി വിസ്തൃതമായും, ഫലവത്തായും, പരിപാലിക്കേണ്ടതുണ്ട്. ചരിത്ര-പുരാതനമായി, നിലകൊള്ളുന്ന ഒരു വസ്തുത എന്ന നിലയ്ക്ക്, ഒരു തീരദേശ സാമ്പത്തിക ഇടനാഴികയായി ഈ 'സ്പൈസ് റൂട്ടിനെ' വിശേഷിപ്പിച്ചു, വളർത്താവുന്നതാണ്. അങ്ങനെ വരുമ്പോൾ, അതിന്റെ വ്യാപ്തി ആഫ്രിക്കൻ, മറ്റും തെക്ക്-കിഴക്കൻ ഏഷ്യൻ തീരത്തേക്കും, പന്തലിക്കുമ്പോൾ തന്നെ, മെഡിക്കൽ ടൂറിസം, ബാങ്കിംഗ്-ധനകാര്യ മേഖല, പരമ്പരാഗത വ്യവസായങ്ങൾക്കും-ചെറു കിട സംരംഭങ്ങൾക്കും ഉതകുന്നതായിത്തീരാം. മാത്രമല്ല, സംസ്ഥാന-പ്രവിശ്യ തലത്തിൽ ഉരുത്തിരിഞ്ഞ ആശയമെന്ന രീതിയിൽ, മുൻപ് സൂചിപ്പിച്ച ദേശീയ തലത്തിൽ നിന്നകന്ന നയ നിർമ്മാണവും, ഇത് വഴി ഒന്ന് കൂടി ഊട്ടിഉറപ്പിക്കപ്പെടും. 

ഇന്ത്യയുടെ-ചൈനയുടെയും ഭരണകേന്ദ്രങ്ങൾ തമ്മിൽ നടത്തുന്ന ആശയ വിനിമയങ്ങളും, ചർച്ചകളും, അത് വഴി ഉരുത്തിരിയുന്ന നയങ്ങൾക്കും അതിന്റേതായ പ്രാമുഖ്യവും, പ്രാധാന്യവുമുണ്ട്. സ്വന്തം ജനങ്ങളും, ശേഷം ലോകവും ഇരു രാജ്യങ്ങളും അത്രെയേറെ പ്രതീക്ഷകളോടും, ആകാക്ഷകളോടും, ആശങ്കകളോടുമാണ് വീക്ഷിക്കുന്നത്. ഷീ ജിൻപിങ്ങിന്റെ ഈ സന്ദർശനം ആ രീതിയിൽ, ഇനി അടുത്ത അഞ്ചു വർഷത്തേക്ക്, ഒരു രൂപരേഖയായി ഭവിക്കും.                   


(ചില ആശയങ്ങളിൽ, ഐ.സി.എസ് ഡയറക്ടർ പ്രൊഫ്‌. അൽക്ക ആചാര്യയോടും, അസിസ്റ്റന്റ്‌ ഡയറക്ടർ, ഡോ. ജബിൻ ജേക്കബ്ബിനോടും കടപ്പെട്ടിരിക്കുന്നു)

   

Sunday, July 6, 2014

മോഡി സർക്കാർ നേരിടുന്ന ചൈനീസ്‌ കടങ്കഥ

 മോഡി സർക്കാർ നേരിടുന്ന ചൈനീസ്‌ കടങ്കഥ 
---------------------------------------

പി.കെ.ആനന്ദ്‌ 
റിസർച്ച് അസിസ്റ്റന്റ്‌ 
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ്‌ സ്റ്റഡീസ്, ഡൽഹി


പുതിയ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറി ഒരു മാസം പിന്നിടുമ്പോൾ, ഗൃഹജമായ തലത്തിൽ അല്ലാതെ, വിദേശ കാര്യ മേഖലയിലും നടത്തിയ ചലനങ്ങൾ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്‌. ഇത്തരം ചലനങ്ങൾ എത്രയേറെ ആഴത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നതിനെ കുറിച്ച് വാദ-പ്രതിവാദങ്ങൾ നിലനിൽക്കെ തന്നെ, ഇവ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിന്റെ പ്രാഥമിക ചുവടുകളെന്നതു കൊണ്ട് ചർച്ചകൾക്ക് വഴിതെളിച്ചിട്ടുമുണ്ട്. ആദ്യ ഒരു മാസത്തിൽ പ്രധാനമായും ദക്ഷിണേഷ്യയെയാണ് സർക്കാർ കേന്ദ്ര ബിന്ദുവാക്കിയതെങ്കിലും, തന്ത്ര പ്രധാനമായ പല രാജ്യങ്ങളും മോഡിയുടെ ശ്രദ്ധനേടാനുള്ള ശ്രമങ്ങളും തകൃതിയായി നടത്തുകയുണ്ടായി. ഇതിൽ ഒരു മുഖ്യ ആകർഷണം ചൈനയുടെ നീക്കങ്ങളാണ്.  

മോഡിയോടും, പുതിയ സർക്കാറിനോടുമുള്ള ചൈനയുടെ വീക്ഷണം

ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പു വളരെയേറെ താൽപ്പര്യത്തോട് കൂടിയാണ് ചൈനയിൽ നോക്കി കാണപ്പെട്ടത്. തതുല്യമായ ജനസംഖ്യയുള്ള രാജ്യങ്ങളെന്ന കണക്കിലും, സമ്പദ്ഘടനാ തലത്തിൽ  ഉയർന്നു കൊണ്ടിരിക്കുന്നു എന്ന തുലനത്തിലും ഇന്ത്യയും ചൈനയും വളരെ അധികം ശ്രദ്ധയാകർഷിക്കുന്നു. കഴിഞ്ഞ യു.പി.എ സർക്കാറിൻറെ പത്തു വർഷക്കാലത്തെ ഭരണത്തിൽ  അഴിമതിയും, നായോപായങ്ങളിൽ മരവിപ്പും എന്ന അവബോധം ചൈനയിലും നോക്കികാണപ്പെട്ടിരുന്നു. ഇതിനോടൊപ്പം തന്നെ നരേന്ദ്ര മോഡിയുടെ ഉയർച്ചയെയും വളരെ സൂക്ഷമാതയോട് കൂടിയാണ് ചൈനീസ്‌ നേതൃത്വവും, വിദേശ കാര്യ വിദഗ്‌ദ്ധരും, നിരീക്ഷകരും ശ്രദ്ധിച്ചത്. പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ നിർണ്ണായകമായ വിജയത്തിന് ചുക്കാൻ വഹിച്ച വ്യക്തി എന്ന നിലയിൽ മോഡിക്ക് പ്രത്യേക പരിഗണന നൽകപ്പെട്ടിരുന്നു. ചൈനയിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഏക പാർട്ടി ഭരണത്തെ അപേക്ഷിച്ച്,  ഇന്ത്യയുടെ വ്യവസ്ഥിതി ജനാധിപത്യമാണെന്നിരിക്കെ, തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ, മോഡി എന്ന വ്യക്തിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ്, ഒരു സൂക്ഷമ പ്രചാരണത്തിലൂടെ ചൈന ശ്രമിച്ചിരിക്കുന്നത്. ഇതിലൂടെ ജനസംഖ്യാതലത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യമായ ചൈനയിൽ ഒരു ഏക കക്ഷി ഇതര ഭരണ വ്യവസ്ഥിതി എന്ത് കൊണ്ടു വന്നു കൂടാ എന്ന് ഉയർന്നു വന്നേക്കാവുന്ന സ്വാഭാവിക ചോദ്യങ്ങളെയും വിലങ്ങിടാൻ ഒരു പരിധിവരെ നേതൃത്വത്തിനു കഴിഞ്ഞേക്കാം. ഇതിനു സഹായകമായി, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡി നാലു പ്രാവശ്യം ചൈന സന്ദർശിക്കുകയും, സംസ്ഥാനത്ത് നിക്ഷേപങ്ങൾക്കായി ആക്കം കൂട്ടിയെന്നും പല കുറി അടിവരയിട്ടു ആവർത്തിക്കപ്പെട്ടു. ശക്തനും, തീരുമാനങ്ങൾ തടസ്സങ്ങളും, വൈകലും കൂടാതെ കൈക്കൊള്ളാൻ പറ്റുന്ന ഒരു നേതാവിനെയാണ് രാജ്യത്തിനാവശ്യമെന്ന ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പു പല്ലവിയെ, ഒരു കണക്കിന്, ചൈനീസ്‌ തന്ത്രഞ്ഞ്യരും, വിദഗ്ദ്ധരും പിന്താങ്ങുന്നതായാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്. ഇതിനു പൂരകമായി, ചില സമാനതകൾ ചൈനയിലും നില നിൽക്കുന്നുണ്ട്. ഹു ജിൻറാവോയുടെ ഭരണത്തിൽ നില നിന്നുയെന്നു കരുതപ്പെടുന്ന 'പാഴ് ദശകത്തെ' അപേക്ഷിച്ച്, പിന്നീട് ചുമതലയേറ്റു വന്ന ഷി ജിൻപിങ്ങ്, അഴിമതിക്കും, ധൂർത്തിനും എതിരെ വൻ  പ്രചരണം അഴിച്ചു വിടുകയും, പുതിയ തലത്തിലെ സാമ്പത്തിക പരിഷ്ക്കരണങ്ങൾ ഊന്നൽ നൽകുകയും ചെയ്തു കൊണ്ട് ചൈനീസ്‌ ജനതയുടെ അഭിലാഷങ്ങളെ തൊട്ടുണർത്തുകയാണുടായത്. ഒരു ശക്തനും, കെട്ടുറപ്പും ഉള്ള നേതാവായ ഷി ജിൻപിങ്ങിന്റെ ഗണത്തിലാണ് മോഡിയെ ഇത്തരത്തിൽ നിലകൊള്ളിച്ചിട്ടുള്ളത്. ചില ഇന്ത്യൻ നിരീക്ഷരും, സാമ്പത്തിക വിദഗ്ദ്ധരും മോഡിയെ 1978-നു ശേഷം ചൈനയിൽ വൻ സാമ്പത്തിക പരിഷ്ക്കരണങ്ങൾ അഴിച്ചുവിട്ട ദെങ്ങ് ഷിയാഒപിങ്ങുമായും, ഗുജറാത്തിനെ, ചൈനയുടെ സമൃദ്ധമായ പ്രവിശ്യകളിൽ ഒന്നായ ഗ്വാങ്ങ്ദുങ്ങുമായും ഉപമിച്ചിട്ടുണ്‍ടെങ്കിലും, അവയെ തഥൈവ അംഗീകരിക്കാൻ ചൈനീസ്‌ നിരൂപകർ തയ്യാറായിട്ടില്ല.  എങ്കിലും ശക്തനായ ഒരു നേതാവ് എന്ന കണക്കിൽ മോഡിയുടെ വിജയത്തിൽ ചൈന ഇത്തരം സാദൃശ്യങ്ങൾ കാണുന്നുണ്ട്. കീറാമുട്ടിയായി കിടക്കുന്ന അതിർത്തി തർക്കം നിലനിൽക്കുമ്പോഴും, ചൈനീസ്‌ നേതൃത്വം മോഡി ഭരണത്തിനു മേൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നത്, സാമ്പത്തിക ശാസ്ത്രത്തിലാണ്. അതായത്, വിപുലാമായ ഇന്ത്യൻ വിപണിയിൽ, തങ്ങളുടെ ഉല്‍പാദന വ്യവസായ മേഖലയ്ക്കു കൂടുതൽ പരന്ന സ്വീകാര്യത. വളരെക്കാലമായി, ചൈന, അവരുടെ പ്രതീക്ഷകൾ, തന്ത്രപ്രധാനമായ ഇന്ത്യൻ ആന്തരഘടന, ടെലികോം മറ്റും ഊർജ്ജ മേഖലകളിൽ അർപ്പിച്ചു കാത്തിരിക്കുകയാണ്. സ്വദേശത്തു കുറച്ചു കാലമായി നില നിൽക്കുന്ന സാമ്പത്തിക ഞെരുക്കങ്ങളുടെയും, തൊഴിൽ മേഖലയിലെ വർദ്ധിച്ചു വരുന്ന തർക്കങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ത്യയെ പോലുള്ള ഒരു വലിയ വിപണി ചൈനയ്ക്ക് അത്യാവശ്യമാണ്. 'രാജ്യ സുരക്ഷ' കാരണങ്ങളാൽ പല കുറി ഈ ആവശ്യങ്ങൾ ഫലവത്തായില്ലെങ്കിലും, പുതിയ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ഇത്തവണ ഉദകുമെന്നാണ്, ബിജിങ്ങിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ വെപ്പിക്കുന്നത്. മറുവശത്ത്‌, സുരക്ഷ നിരൂപകരുടെയും, നിരീക്ഷകരുടെയും മറ്റൊരു ആകാംക്ഷ മോഡി ചൈനയുമായും അതിർത്തി പ്രശ്നങ്ങൾ നിലകിൽക്കുന്ന ജപ്പാൻ മറ്റും ചില തെക്കു-കിഴക്കൻ രാജ്യങ്ങളുമായി പങ്കാളിത്തങ്ങൾക്ക് വഴിവെച്ചു കൊണ്ട്, തന്ത്രപ്രധാന വെല്ലുവിളികളും സൃഷ്ടിച്ചേക്കാം എന്നതാണ്. കൂടാതെ, ചൈനയോടൊപ്പം തന്നെ സാമ്പത്തിക പങ്കാളിത്തത്തിലും ജപ്പാൻ ഒരു തുല്യ അഭിനേതാവാണെന്ന യാഥാർത്യവും വിസ്മരിക്കപ്പെട്ടുകൂട. ചൈന ഇന്ത്യയിലെ പുതിയ ഭരണതന്ത്രത്തെ വരവേൽക്കുമ്പോഴും, ജാഗ്രത കൈവെടിയാതെ നില കൊള്ളാനും മടിക്കില്ല. മോഡിയുടെ സത്യപ്രതിഞ്ഞ ചടങ്ങിനു, ടിബറ്റൻ സ്ഥാനപതിക്കുള്ള ക്ഷണം ഈ ജാഗ്രതക്കായുള്ള ഒരു വശമാണ്.    


പുതിയ സർക്കാറിന്റെ കാഴ്ച്ചപ്പാട് 



മറു വശത്ത്‌ മോഡിയുടെയും, പുതിയ സർക്കാറിന്റെയും ഭാഗത്ത് നിന്ന് ചിന്തിച്ചാൽ വളരെ താൽപ്പര്യമുണർത്തുന്ന ഒരു ഘട്ടമാണ് ഇപ്പോൾ നില നിൽക്കുന്നത്. 1998-ൽ ആദ്യ എൻ.ഡി.എ സർക്കാറിന്റെ കീഴിൽ ആണവ പരീക്ഷണത്തിന്റെ കാരണം 'നില നിൽക്കുന്ന ചൈനീസ്‌ ഭീഷണിയാണെന്ന' അന്നത്തെ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്‍ഡസിൻറെ പ്രഖ്യാപനത്തിൽ നിന്നും ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം വളരെയേറെ മുന്നോട്ടു പോയിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ പൊടിപടലത്തിലും, ചൂടിലും ചൈനയുടെ അതിർത്തി 'ലംഘനങ്ങളെയും' 'കടന്നുകയറ്റങ്ങളെയും' കടന്നാക്രമിച്ചെങ്കിലും, ഭരണ ചുമതല ഏറ്റു കഴിഞ്ഞാൽ പിന്നെ, നയതന്ത്രത്തിന്റെ വൈഷമ്യതനിറഞ്ഞ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടേ മതിയാവു. കഴിഞ്ഞ പത്തു വർഷക്കാല യു.പി.എ ഭരണക്കാലത്ത് അതിർത്തിയിലെ ചില 'അസ്വാരസ്യങ്ങളും', അരുണാചൽ പ്രദേശിൽ നിന്നും വിസക്ക് അപേക്ഷിക്കുന്നവർക്ക്, പാസ്പോർട്ടിൽ ഒട്ടിക്കാതെ, വിസ സ്ട്ടാപ്പിൾ ചെയ്യ്തു കൊടുക്കെപ്പെട്ടപ്പോൾ ഉണ്ടായ പൊട്ടലും, ചീറ്റലുമല്ലാതെ, ഇന്ത്യ-ചൈന ബന്ധം സ്വതവെ ശാന്തമായിരുന്നു. പ്രതിപക്ഷത്തിരുന്നു കൊണ്ട്, സർക്കാറിന് വിദേശനയത്തിൽ തളർച്ചയേർപ്പെട്ടു എന്ന വാദങ്ങളിൽ പിടിച്ചു തൂങ്ങാൻ ഇനി മോഡിക്കും, ബി.ജെ.പി.ക്കും ആകില്ല. മറിച്ചു, കഴിഞ്ഞ സർക്കാർ, ചലിപ്പിച്ചു കൊണ്ട് പോന്ന ഇരു പക്ഷ ബന്ധമിനി, അതിൻറെ അടുത്ത തലത്തിലേക്ക് കൊണ്ട് പോകേണ്ടിയിരിക്കുന്നു. പ്രചരണത്തിൽ മോഡി, രാജ്യത്തിൻറെ മുൻപന്തി വികസനത്തിന് പലപ്പോഴും എടുത്തു കാട്ടിയതും, 'ചൈനീസ്‌ മോഡലായിരുന്നു'. കുതിച്ചു പൊങ്ങുന്ന സാമ്പത്തിക വളർച്ചാ നിരക്കുകളും, സർവ്വത്ര സമൃദ്ധിയും, മുന്തിയ ആന്തരഘടന വികസനവും എന്നിങ്ങനെ എടുത്തു കാട്ടപ്പെട്ടത്‌ ചൈന മാതൃകയാണ്. ഇതിൽ, വിശാലയമായ റോഡ്‌-അതിവേഗ റെയിൽ ശൃംഖലകളും ഉള്പ്പെടുന്നു. കൂടാതെ, ഇന്ത്യക്കും, ചൈനക്കുമിടയിൽ നിലനിൽക്കുന്ന വൻ വാണിജ്യ കമ്മിയും ഒരു സുപ്രധാന വെല്ലുവിളിയാണ്. വിവരസാങ്കേതികം മറ്റും ഔഷധ കമ്പനികൾക്ക് ചൈനീസ്‌ വിപണിയിലേക്കുള്ള പ്രവേശനം കാലങ്ങളായി നില നിൽക്കുന്ന ആവശ്യമാണ്‌. ചൈനീസ്‌ ഉല്‍പാദന വ്യവസായങ്ങൾ ഇന്ത്യയിൽ നിലയുറപ്പിച്ചാൽ, പിന്നെ രാജ്യത്ത് തൊഴിലവസരങ്ങളും, വികസ്വര താൽപ്പര്യങ്ങൾക്കും പരിഹാരം കാണാൻ ഒരു പരിധി വരെ സാധിക്കുമെന്നും സർക്കാറിന്റെ കണക്കുകൂട്ടലിലുണ്ട്. എന്നാൽ മൊത്തത്തിൽ ചൈനയെ ആശ്രയിക്കാതെ, ജപ്പാനെയും സാമ്പത്തിക-വികസന പങ്കാളിത്ത മേഖലയിൽ കൊണ്ട് വരുന്നതിലൂടെ സർക്കാരിൻറെ ദ്വിവിധമായ തന്ത്രവൈദഗ്‌ദ്ധ്യമാണ് കാഴ്ച്ചവെക്കപ്പെടുന്നത്. 


ഈ സന്ദർഭത്തിലാണ് പുതിയ സർക്കാർ ചുമതലയേറ്റ മുതൽ തന്നെ ഇരു രാജ്യങ്ങളും തമ്മിൽ സമ്പർക്കം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുകയുണ്ടായത്. തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം മോഡിക്ക് അഭിനന്ദനങ്ങൾ നേർന്നതിനു പിന്നാലെ വിദേശകാര്യ മന്ത്രി വാങ്ങ് യിയുടെ ഡൽഹി സന്ദർശനവും, അതിനു ശേഷം ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ ചൈന യാത്രയും, ഇരു ഭാഗത്തു നിന്നും നടക്കുന്ന സക്രിയ പരസ്പര ഇടപെടലുകളെയാണ് അടിവരയിടുന്നത്. സെപ്റ്റംബർ മാസം രാഷ്ട്രപതി ഷീ ജിൻപിങ്ങിന്റെ ഇന്ത്യ സന്ദർശനത്തോടെ, ഉഭയകക്ഷി ബന്ധങ്ങളിൽ ഒരേടുകൂടി ചാര്ത്തപ്പെടുംമെന്നു പ്രത്യാശിക്കപ്പെടുന്നു. 

ഒന്ന്-രണ്ടു കാര്യങ്ങൾ കൂടി രേഖപെടുത്തിയാലെ ഈ തലത്തിൽ അല്പം കൂടി സ്പഷ്ടത തെളിഞ്ഞു വരു. അതിൽ ഒന്ന് പുതിയ സർക്കാർ നോക്കി കാണുന്ന 'ചൈനീസ്‌ മോഡലാണ്'. അംബരചുംബികളായ ഗോപുരങ്ങളും, അതിവേഗ റെയിൽ-മെട്രോ ലൈനുകളും, വിസ്തീർണ്ണമായ റോഡുകളുടെയും കണക്കു നോക്കിയാണ്, അവ ഇന്ത്യയിൽ പകർത്താൻ നോക്കുന്നതെങ്കിൽ അത് അത്യന്തം ഹ്രസ്വദൃഷ്ടിയുള്ള വീക്ഷനമായെ കണക്കാക്കാൻ സാധിക്കു. ചൈന മുപ്പതു വരഷത്തിലുമേറെയായി കൈവരിച്ച വളർച്ചയിലൂടെയും, വികസന സമൃദ്ധിയിലൂടെയും ലക്ഷകണക്കിന് ആളുകളെയാണ് ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയത്. വികസനത്തിൻറെ ഫലങ്ങളെയും, സമ്പത്തിനെയും, വിപുലമായി  ജനത്തിനു പുനർവിതരണം ചെയ്തതിൻറെ ബാക്കിപത്രമാണ് ചൈനയുടെ ഇന്നത്തെ പ്രൗഡിയുടെ ഒരു പ്രധാന കാരണം. എന്നാൽ ഇന്ത്യയിൽ മറിച്ചു സാമ്പത്തിക അസമത്വവും, മറ്റു അധികാരശ്രണികളും ഇന്നും നല്ലൊരു ഭൂരിപക്ഷ ജനതെയെയും മാറ്റി നിർത്തുന്നു. കൂടാതെ, ഇന്ത്യൻ സന്ദർഭങ്ങൾക്ക്‌ അനുസൃതമായും, സാഹചര്യങ്ങൾക്കനുസരിച്ചും, എല്ലാ ആറ്റങ്ങളും ഉൾക്കൊള്ളുന്ന ഒരു 'വികസന മോഡലാണ്' ആവശ്യം. അല്ലാതെ, അന്ധമായ പകർപ്പുകളെ പറിച്ചു നട്ടാൽ, അവ വേരുറക്കാതെ, തളർന്നു ക്ഷയിച്ചു പോകും. ഇത് പറയുമ്പോൾ തന്നെയും, ചൈനയുടെ വികസനത്തിൻറെ ഒപ്പം തന്നെ ആ രാജ്യം ഇന്ന് നേരിടുന്ന വരുമാന അസമത്വവും, അഴിമതിയും, പല വിഷയങ്ങളിൽ വർദ്ധിച്ചു വരുന്ന പൊതു പ്രതിഷേധങ്ങളും എല്ലാം തന്നെ ഇന്ന് യാഥാര്‍ത്ഥ്യങ്ങളാണ്. കണ്ണഞ്ചിപിക്കുന്ന മിനുമിനുപ്പിനെ നോക്കി മന്ത്രമുഗ്ദ്ധരാകുമ്പോൾ തന്നെയും, കൂടെ ഒട്ടി നിക്കുന്ന അരിമ്പാറകളെയും കണ്ടില്ല എന്ന് നടിക്കരുത്. ഇതിന്റെയൊപ്പം, ഭരണാധികാരികൾ ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം ഉഭയകക്ഷി ബന്ധങ്ങളെ വെറും സാമ്പത്തിക നുകത്തിൽ കെട്ടാതെ, മറ്റു വശങ്ങളിലേക്കും നീട്ടേണ്ടതും അത്യാവശ്യമാണ്. പ്രത്യേകിച്ചു മാനവ വിഭവശേഷിയിനത്തിൽ. ഇന്ത്യയിലും, ചൈനയിലും ഇരു രാജ്യങ്ങളെയും സംബന്ധിച്ച പഠനവും, ഗവേഷണവും നന്നേ കുറവാണ്. അയൽക്കാരായതു കൊണ്ട്, സഹകരണം അത്യാവശ്യമാണെന്ന കണക്കിൽ, കൂടുതൽ സ്കോളർഷിപ്പുകളും, ധനസഞ്ചയങ്ങളും സ്ഥാപിക്കേണ്ടതുണ്ട്. പടർന്നു പന്തലിച്ചു കിടക്കുന്ന ചൈനയെ എല്ലാ കോണുകളിൽ നിന്നും, വശംങ്ങളിൽ നിന്നും പഠികേണ്ടത്, ഇന്ന് ഇന്ത്യക്ക് നിഷേധിക്കാനും, തള്ളിക്കളയാനും പറ്റാത്ത ഒരു വസ്തുതയാണ്. ഈ വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ, സർക്കാറും, മറ്റു ഇതര സ്ഥാപനങ്ങളും മുൻകൈയെടുത്തു കാര്യങ്ങളെ വേണ്ട ഗൗരവത്തോട് കൂടി സമീപിക്കണമെന്നും ഇവിടെ ആവർത്തിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിൽ ഒരു വിവിധ ത്രിമാനമായ സമീപനം സ്വീകരിച്ചാലേ ഇന്ത്യ-ചൈന ബന്ധം എല്ലാ വിധത്തിലും ഫലവത്താകൂ.            

(ഈ ലേഖനം എഴുതുന്ന വേളയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ്‌ സ്റ്റഡീസിലെ അസിസ്റ്റന്റ്‌ ഡയറക്ടർ, ഡോ.ജബിൻ ടി.ജേക്കബുമായി നടത്തിയ  സംഭാഷണം നന്നേ ഉപകാരപ്രദമായിരുന്നു. അദ്ദേഹത്തിന്റെ ചില  ആശയങ്ങൾ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആ കടപ്പാട് നന്ദിപൂർവ്വം സ്മരിക്കുന്നു)       


Sunday, November 24, 2013

ചൈന എങ്ങോട്ട്?: മൂന്നാം പ്ലീനത്തിലൂടെ ഒരു എത്തി നോട്ടം

ചൈന എങ്ങോട്ട്?: മൂന്നാം പ്ലീനത്തിലൂടെ ഒരു എത്തി നോട്ടം 

P.K.Anand
Research Assistant 
Institute of Chinese Studies, Delhi


ഇക്കഴിഞ്ഞ നവംബർ 9-12 നടന്നു സമാപിച്ച ചൈനീസ്‌ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മൂന്നാം പ്ലീനം വളരെയേറെ ശ്രദ്ധയാകർഷിക്കുകയും, ചർച്ച ചെയ്യപെടുകയും ചെയ്യ്തിരുന്നു. ചൈനയിൽ ഷീ ചിൻപിംഗ് -ലീ കചിയാങ്ങ് എന്നിവരുടെ സാരഥ്യത്തിൽ പുതിയ നേതൃത്വം അധികാരം ഏറ്റതിന് ശേഷം നടക്കുന്ന ഈ പ്ലീനത്തെ വളരെ സൂക്ഷ്മതയോടു കൂടിയാണ്, പുറം ലോകം നോക്കിക്കണ്ടത്. ഇന്ത്യയിൽ വേണ്ടത് പോലുള്ള, ശ്രദ്ധ ലഭിച്ചിലെങ്കിലും, പ്ലീനത്തിന്റെ ചില തീരുമാനങ്ങൾ ഇന്ന് ചർച്ചകൾക്ക് വഴിതെളിയിച്ചിട്ടുണ്ട്. മൂന്നാം പ്ലീനത്തിന്റെ  തീരുമാനങ്ങളും, സാമ്പത്തിക പരിഷ്കരണങ്ങളും, അതിനെ സംബന്ധിച്ചു പുറത്തു വിടപ്പെട്ടിട്ടുള്ള രൂപ രേഖകളേയും, പറ്റി വിശകലനം നടത്തുന്നതിനു മുൻപ് ചൈനീസ്‌ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സംഘടനാ ഘടനയെ പറ്റിയും, സംയോജന അടിസ്ഥാനത്തെ പറ്റിയും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, പാർട്ടിയുടെ പ്രവർത്തനത്തിൽ പ്ലീനത്തിന്റെ സ്ഥാനത്തെ പറ്റിയുള്ള അവബോധവും അനിവാര്യമാണ്.സമാന്തരമായി, ചൈനയുടെ കമ്മ്യുണിസ്റ്റ് പാർട്ടി-സ്റ്റേറ്റിന്റെ ചരിത്രത്തിൽ മൂന്നാം പ്ലീനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചില നിരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്. 

ചൈനീസ്‌ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണ വ്യവസ്ഥിതിയും, മൂന്നാം പ്ലീനത്തിന്റെ സ്ഥാനവും:    

എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളെയും പോലെ, ചൈനീസ്‌ കമ്മ്യൂണിസ്റ്റ് പാർട്ടിയും പ്രവർത്തിക്കുന്ന സംഘടനാ ചട്ടകൂട്, ലെനിനിസ്റ്റ് രീതിയിലും, ഓരോ അഞ്ചു വർഷത്തെ ഇടവേളയിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസ്സിലൂടെയുമാണ്. ഏക പാർട്ടി ഭരണ തന്ത്രത്തിൽ, പാർട്ടി കോണ്‍ഗ്രസ്സിലൂടെ, പാർട്ടി നേത്രുനിരയിലേക്കും, സെൻട്രൽ കമ്മിറ്റി-പോളിറ്റ് ബ്യുറോ-പോളിറ്റ് ബ്യുറോ സ്റ്റാൻഡിംഗ് കമ്മിറ്റി (P.B.S.C) എന്നിവയിലേക്കും തെരഞ്ഞെടുപ്പുലൂടെ പ്രതിനിധികളെ നിർണ്ണയിക്കപ്പെടുന്നു. അഞ്ചു വര്ഷം കഴിയുമ്പോൾ, പൊതുവെ ഈ നേതൃത്വത്തിൽ അൽപ്പം മാറ്റങ്ങൾ വരുത്തപ്പെടുമ്പോഴും, ഏറ്റവും പ്രധാനമായ പോളിറ്റ് ബ്യുറോ സ്റ്റാൻഡിംഗ് കമ്മിറ്റിയെ നിലനിർത്തുകയാണ് പതിവ്. അങ്ങനെ അടുത്ത അഞ്ചു വർഷത്തേക്ക് കൂടി, നേതൃ തുടർച്ചയുണ്ടാവുകയും, ഭരണവ്യവസ്ഥിതി സുഗമമായി മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കുകയും ചെയ്യുന്നു. മറു തലത്തിൽ, ഭരണം നടത്തുന്നത് സ്റ്റേറ്റ് കൗണ്‍സിൽ എന്നറിയപ്പെടുന്ന ക്യാബിനറ്റ് ആണ്. ഈ സ്റ്റേറ്റ് കൗണ്‍സിലിനെ തെരഞ്ഞെടുക്കുന്നത് നാഷണൽ പീപ്പിൾ കോണ്‍ഗ്രസ്സ് (N.P.C) ആണ്. എല്ലാ വർഷവും ഒരിക്കൽ സമ്മേളിക്കുന്ന ഈ സംഘടനയെ ചൈനയുടെ പാർലിമെന്റായി കരുതാം. പാർട്ടി കോണ്‍ഗ്രസ്സിനു ശേഷം തൊട്ടടുത്ത വർഷം  മാർച്ച് മാസത്തിൽ  എൻ.പി,സി യുടെ സമ്മേളനത്തിലാണ് പ്രസിഡന്റ്റ് (പാർട്ടിയുടെ ജനറൽ സെക്രട്ടറി), പ്രധാനമന്ത്രി അഥവ പ്രെമിയർ, മറ്റു മന്ത്രിമാരെന്നിവരെ തെരഞ്ഞെടുക്കുന്നത്. പാർട്ടിയുടെ മുദ്രയോടു കൂടിയാണ് ഈ തെരെഞ്ഞെടുപ്പുകളെങ്കിലും, ഈ രണ്ടു മേഖലകളും തമ്മില്ലുള്ള തരാം തിരിവ് മനസ്സിലാക്കിയേ തീരു; എന്തെന്നാൽ, രണ്ടു വിഭാങ്ങളെയും, കൂട്ടി കലര്ത്തി കാണുന്നതും, അത് വഴി ചില മിഥ്യാബോധങ്ങൾ ഉണ്ടാകുന്നതും സ്വാഭാവികമാണ്. പക്ഷെ ഇത്തരത്തിലുള്ള മിഥ്യബോധം, തെറ്റായ വ്യാഖ്യാനങ്ങൾക്ക് വഴി തെളിയിക്കുകയും ചെയ്യുമ്പോൾ, അവയെ ഒഴിവാക്കുക അനിവാര്യമാണ്. വികേന്ദ്രീകരണം ചൈനയുടെ മുഖമുദ്രകളിൽ ഒന്നായതിനാൽ, പാർട്ടിയുടെയും, ഭരണതന്ത്രത്തിന്റെയും ഈ വേർതിരിവും, ചട്ടകൂടുകളും, താഴെ തട്ടിലുള്ള, പ്രവിശ്യ-പ്രാദേശിക, ഉപ-പ്രാദേശിക തലങ്ങളിലും ബാധകമാകുകയും, അദ്ധ്യക്ഷാധിപത്യപരമായ രീതിയിൽ നടപ്പാക്കപെടുകയും ചെയ്യുന്നു. 

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രധാന ഘടകമായ സെൻട്രൽ കമ്മിറ്റിയുടെ വാർഷിക സമ്മേളനത്തെയാണ് പ്ലീനം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയെയും, മറ്റു രാജ്യങ്ങളിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളെ അപേക്ഷിച്ച് അംഗ സംഖ്യയുടെയും, ഘടനയുടെയും വലിപ്പത്തിൽ മുൻപന്തിയിലുള്ള, ചൈനീസ്‌ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി വർഷത്തിൽ ഒരിക്കൽ മാത്രമേ സമ്മേളിക്കാറുള്ളൂ. ഏഴംഗ പോളിറ്റ് ബ്യുറോ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ്, ദൈനദിന ഭരണം കൈയ്യാളുന്നത്. കഴിഞ്ഞ വർഷം നവംബറിൽ സമാപിച്ച 18-പാർട്ടി കോണ്‍ഗ്രസ്സിൽ 205 അംഗങ്ങളെയും, 171 വൈകല്‌പിക അംഗങ്ങളെയും, സെൻട്രൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുകയുണ്ടായി. അവരാണ് ഈ പ്ലീനത്തിൽ, ചൈനയുടെ വിശാലമായ രാജ്യത്തിൻറെ നാനാ ഭാഗങ്ങളെയും പ്രതിനിധീകരിച്ചത്. ആദ്യത്തെ പ്ലീനം പാർട്ടി കോണ്‍ഗ്രസ്സിന്റെ അവസാനത്തിൽ ചേർന്ന് പുതിയ പോളിറ്റ് ബ്യുറോയേയും, പോളിറ്റ് ബ്യുറോ  സ്റ്റാൻഡിംഗ് കമ്മിറ്റിയെയും തെരഞ്ഞെടുക്കുമ്പോൾ, രണ്ടാം പ്ലീനം പുതിയ ഭരണ നേതൃത്വത്തെ തെരഞ്ഞെടുക്കുന്ന, എൻ.പി .സി സമ്മേളനത്തിന് തൊട്ടു മുൻപ് ചേർന്ന് സ്റ്റേറ്റ് കൗണ്‍സിലിനെയും, ഭരണ ചക്രത്തിൻറെ മറ്റു വിഭാഗങ്ങളെയും തെരഞ്ഞെടുക്കുന്നു. ഭരണത്തിൻറെ ഒരു വർഷം പിന്നിടുമ്പോൾ ചേരുന്ന, പാർട്ടിയുടെ മൂന്നാം പ്ലീനമാണ് യഥാർത്ഥത്തിൽ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയുടെയും, രാഷ്ട്രീയ-ഭരണ ക്രമത്തിന്റെയും, വഴികാട്ടിയായി, മാർഗ്ഗനിർദ്ദേശങ്ങളും, നടപടി ക്രമങ്ങളും മുന്പോട്ടുവയ്ക്കുന്നത്. മാവോയുടെ മരണത്തിനു ശേഷം, ചൈനയുടെ ചരിത്രത്തിൽ മൂന്നാം പ്ലീനത്തിനു വലിയ പ്രാധാന്യമുണ്ട്. 1949-ൽ 'പീപിൾസ് റിപ്പബ്ലിക്കായി' പരിണമിച്ച വിപ്ലവത്തിനു ശേഷം, മൂന്ന് ദശാബ്ദത്തിലേറെയായി, രണ്ടാം വിപ്ലവമായി വിശേഷിപ്പിക്കപെടുന്ന, ഇപ്പോഴും നടപ്പിലുള്ള "പരിഷ്കാരങ്ങളും, തുറന്നു കൊടുക്കലിനും" (Reform and Opening Up; Gaige Kaifang in Chinese), 11-ആം സെൻട്രൽ കമ്മറ്റിയുടെ മൂന്നാം പ്ലീനത്തിലാണ്, നാഴിക കല്ലിടപ്പെട്ടത്. ഈ പ്ലീനത്തിലാണ്, ദെങ്ങ് ഷിയാഒപിങ്ങ് അധികാരത്തിലേറി, പാർട്ടിയുടെ സാരഥ്യം ഏറ്റെടുക്കുന്നത്. കൂടാതെ ചൈന തങ്ങളെ ഒരു "സോഷ്യലിസ്റ്റ്‌ മാർക്കറ്റ്ഇക്കോണമിയായി" ഭരണഘടനയിൽ ഉദ്‌ഗ്രഥനം ചെയ്തതു, 14-ആം സെൻട്രൽ കമ്മറ്റിയുടെ മൂന്നാം പ്ലീനത്തിലാണ്. അങ്ങനെ കൃത്യമായി, ഏതു, മന്ത്രാലായം, എന്തൊക്കെ ചെയ്യണമെന്നു സൂക്ഷമമായി രേഖപെടുത്തില്ലെങ്കിലും, വിസ്‌തൃതമായ ഒരു നയരേഖയായൊ, രൂപരേഖയായൊ മൂന്നാം പ്ലീനത്തെ സ്വതവേ കാണാവുന്നതാണ്. 


ചൈനയുടെ സാമ്പത്തിക കുതിപ്പും, കിതപ്പും-മൂന്നു ദശാബ്ദത്തിനു മേൽ ഒരു എത്തി നോട്ടം:                                        

സാംസ്കാരിക വിപ്ലവം എൽപ്പിച്ച അസ്ഥിരതയുടെയും, അസന്തുലിതാവസ്ഥയുടെയും, നിഴലിലാണ്, ദെങ്ങ് ഷിയാഒപിങ്ങ് 1978-നു ശേഷം, പരിഷ്കാരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഭരണ രംഗത്തിൻറെ നിര്‍ണ്ണായകമായ എല്ലാ ഭാഗങ്ങളെയും വലയം ചെയ്തെങ്കിലും, സാമ്പത്തിക മേഖലക്കാണ് മുഖ്യമായും ഊന്നൽ നൽകപ്പെട്ടത്‌. "നദി കടക്കുമ്പോൾ, കല്ലുകളെ തൊട്ടറിയുക" (Crossing the River by Feeling the Stones) എന്ന സ്വദേശ പഴമൊഴിയെ ആധാരമാക്കി കരുതലും, സൂക്ഷമതയും കോർത്തിണക്കിയ ഒരു ക്രമാഗതമായ, വികസന പ്രക്ഷ്യേപ്യപഥമാണ്, പരിക്ഷ്കരണങ്ങളുടെ ഭാഗമായി ചൈനീസ്‌ പാർട്ടി-സ്റ്റേറ്റ് നടപ്പാക്കിയത്. നിക്ഷേപങ്ങൾക്കായി "വാതിൽ തുറന്നു" കൊണ്ടും (Open Door), ആസൂത്രണ മാതൃകയ്ക്ക് പുറമേ വേറൊരു മേഖലക്ക് കൂടി സ്ഥാനം നൽകിയും, വളര്ച്ച മുരടിപ്പിനെ തരണം ചെയ്തു പോകാനുള്ള നടപടികൾ സ്വീകരിച്ചും, ചൈന മുന്നോട്ടോടിയത്. വിപണിയെ ഒരു വിരോധാഭാസമായി കാണാതെ, അതിനെ ഭരണകൂടത്തിന്റെ മറ്റൊരു ബിന്ദുവായി കണക്കാക്കി, ഒരു തരം ദ്വിവിധ ചരണപഥമാണ് രാജ്യം കൈകൊണ്ടത്. ദെങ്ങ് ഷിയാഒപിങ്ങിനൊപ്പം, സാമ്പത്തിക കാര്യങ്ങളുടെ സാരഥിയായ ചെൻ യുൻ ഈ ഒരു ബന്ധത്തെ ഉപമിച്ചത് "കൂട്ടിലെ കിളിയുമായാണ്" (Bird in the Cage). അതായത് വലിയൊരു കൂടായി സ്റ്റേറ്റും, കിളിയായി വിപണിയും. അങ്ങനെ വരുമ്പോൾ, വിപണിക്ക് വഴക്കവും, അയവും നൽകുമെങ്കിലും, അതിനെ ഭരണകൂടത്തിൻറെ അതിർവരമ്പുകൾക്കുള്ളിൽ നിർത്തണമെന്നാണ് കാതലായ വസ്തുത. വ്യവസായവൽക്കരണവും, നഗരവത്‌കരണവും ഇരു പ്രധാന ലക്ഷ്യങ്ങളാക്കി കൊണ്ടാണ് ചൈനയുടെ വികസനം മുന്നോട്ടു നീങ്ങിയത്. 


1980-കളിലും, 1990-കളിലും, 'ഒരടി മുന്നോട്ടും, രണ്ടടി പിറകോട്ടും വച്ചു' ചൈന പരിഷകരണങ്ങൾ നിതാന്തം തുടർന്ന് കൊണ്ടേയിരുന്നു. നിക്ഷേപങ്ങളെ സ്വീകരിക്കാൻ അഞ്ചു പ്രത്യേക സാമ്പത്തിക മേഖലകൾ (SEZs) തുറന്നും, തൊഴിൽ മേഖലയില പ്രമുഖമായ പൊതു മേഖലാ സ്ഥാപനങ്ങളിൽ പരിഷ്കരണങ്ങളും, കരാർ വ്യവസ്ഥയും കൊണ്ട് വന്നു, നികുതി സമാഹരണത്തിൽ മാറ്റങ്ങൾ കൊണ്ട് വന്നും പരിഷ്കാരങ്ങളുടെ പുതിയ തലങ്ങളിലേക്ക് ചൈന കുതിപ്പുകൾ നടത്തിപോന്നെങ്കിലും, കിതപ്പുകളും ദൃശ്യമായി തുടങ്ങി. സമ്പദ് വ്യവസ്ഥയുടെ അതിതാപനം അവസ്ഥാന്തരപെട്ടപ്പോൾ, ഉള്ളിൽ പതിയിരുന്ന പല മറു വശങ്ങളും സജീവമായി. 1989-ലെ ടിയനാന്മൻ സംഭവവും, കുറച്ചു കാലത്തെ ശമനവും നില നിന്നപ്പോഴും, ജി.ഡി.പി വളർച്ചയും, വികസനവും തടസപ്പെടരുതെന്ന അന്തര്‍ഭവിച്ചിരിക്കുന്ന ധാരണ ശക്തമായി ഭരണാധികാരികൾ പിന്തുടരുകയാണുടായത്. എന്നാൽ കാലക്രമേണ വളർച്ചയുടെ ഈ തിളക്കത്തിന് മീതെ  അരിമ്പാറകളും  അനുദിനം വർദ്ധിക്കുകയും, നേതൃത്വത്തെ ഒരു പുനര് ചിന്തനക്ക് പ്രേരിപ്പിക്കുകയും ചെയ്തു. ഇവ പലതും, ഇന്നും രാജ്യത്തിന്റെ വെല്ലുവിളികളായി തുടരുന്നു. വരുമാന-സ്ഥലസംബന്ധിയായ അസമത്വം, തൊഴിൽ തർക്കങ്ങളും, കൃഷി ഭൂമി വാണിജ്യാവശ്യങ്ങൾക്കായി ഏറ്റെടുക്കുന്നത് സംബന്ധിച്ചു ജനങ്ങളുടെ എതിർപ്പുകളും, പരിസ്ഥിതി മലിനീകരണം, അഴിമതി എന്നിവ വളരെയേറെ വെള്ളിവിളികൾ ഉയർത്തുന്നവയാണ്. 



വിലകുറഞ്ഞ തൊഴിലിൽ അധിഷ്ടിതമായ, കയറ്റുമതികളിലൂടെയും, കുറഞ്ഞ വിലയുള്ള ബാങ്ക് മുതൽമുടക്കിലൂടെയും, ഭരണകൂടത്തിന്റെ ആന്തരഘടന സ്ഥാപിച്ചു കൊണ്ടുമാണ് ചൈനയുടെ വളർച്ചാ യന്ത്രം ചലിച്ചു കൊണ്ടിരുന്നത്. കൂടാതെ, റിയൽ എസ്റ്റേറ്റ്‌ മേഖലയുടെ കുതിച്ചു ചാട്ടവും, അതിലൂടെ നിർമ്മിതമാകുന്ന ഊഹക്കച്ചവടവും, അതിന്റെ ഒപ്പമുള്ള കുമിളകളും, ഗുരുതരമായി ചൈനയെ ബാധിക്കുകയാണുണ്ടായത്. അങ്ങനെയുള്ള സാഹചര്യത്തിലാണ്, തങ്ങളുടെ രണ്ടാം കാലാവധിയിൽ ഹു ജിൻറാവോ-വെൻ ജിയബാവോ നേതൃത്വം "പൊരുത്തമുളള/മൈത്രിനിറഞ്ഞ വികസനം" (Harmonious Development) എന്ന കാഴ്ച്ചപ്പാട് മുന്നോട്ടു വെക്കുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ അന്ധമായ ജി.ഡി.പി നിഹിതമായ വളർച്ചയിൽ നിന്ന് വ്യതിയാനിച്ചു, പുന:സമീകരണത്തിൽ ഊന്നി, പുനര്‍വിതരണത്തിൽ ശ്രദ്ധ ചെലുത്താൻ തീരുമാനമുണ്ടായി. അങ്ങനെ സാമ്പത്തിക ക്രമപ്പെടുത്തലിൽ നിന്നും, ജനങ്ങളുടെ സേവനത്തിനായി ക്രമപ്പെടുത്തലിലേക്ക് പാർട്ടി-സ്റ്റേറ്റ് മാറുകയും, ഒരു സമതുലിത വികസന കാഴ്ച്ചപ്പാടിലേക്കു, വന്നിറങ്ങുകയും ചെയ്തു. ഈ ഒരു ബൃഹത്തായ രൂപീകരണത്തെ ഉൾക്കൊണ്ടാണ്, കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ചൈന കയറ്റുമതി-ആധാരമാക്കിയ വളർച്ച മാതൃകയിൽ നിന്നും ഗാര്‍ഹിക ആവശ്യകതയിലേക്കും, ഉപഭോഗത്തിലേക്കും, ചുവടുമാറ്റത്തിനു പ്രാധാന്യം നല്കുന്നത്. ഈ പശ്ചാത്തലത്തിലാണ് 18-ആം സെൻട്രൽ കമ്മറ്റിയുടെ മൂന്നാം പ്ലീനം നടക്കുന്നത്. ഇതോടൊപ്പം തന്നെ പ്രതിഫലിക്കുന്നത്, ചൈനയുടെ ഭരണ വ്യവസ്ഥിതിക്കുള്ളിൽ നടക്കുന്ന ആശയ സംവാദങ്ങളും, ഭിന്നാഭിപ്രായങ്ങളുമാണ്. ഇത് പറയുന്നത്, ചൈനയെ ഒരു ഏകശിലാസ്‌തംഭമായി കാണുന്നവരുടെ മിധ്യബോധത്തെ, ഒന്ന് ഉലയിപ്പിക്കാനാണ്. മുതലാളിത്തത്തിന്റെ അംശങ്ങൾ ചൈനയുടെ പരിഷ്കാരങ്ങളിൽ സ്വൽപ്പം നല്ല രീതിയിൽ തന്നെ പ്രമാണമായി ഉണ്ടെങ്കിലും, മൊത്തത്തിൽ മലവെള്ളപാച്ചിലിൽ ഒലിച്ചു  പോയി എന്ന മട്ടിലുള്ള നെഞ്ചത്തടിപ്പുകളെ, ഒന്ന് അല്പ്പവിരാമം ഇടേണ്ടതായിയുണ്ട്. ചൈനയുടെ ഭരണ വ്യവസ്ഥയിലെ അഭിപ്രായങ്ങളുടെയും, ചിന്തകളുടെയും, വൈവിധ്യത്തെ വിസ്മരിച്ചു കൂടാ.



18-ആം സെൻട്രൽ കമ്മറ്റിയുടെ മൂന്നാം പ്ലീനം:                   



കാതലായ സാമ്പത്തിക വിഷയങ്ങൾ:




നാല് ദിവസത്തെ പ്ലീനത്തിനിടയിൽ ചർച്ചകൾ എങ്ങോട്ട് പോകുന്നു എന്ന സൂചനകൾ ഒന്നും തന്നെ ദൃശ്യമായില്ലെങ്കിലും,  മാറ്റത്തിൻറെ അലയൊലികൾ പുരാവൃത്തത്തിൽ വ്യക്തമായിരുന്നു. മുകളിൽ സൂചിപ്പിച്ചതു പോലെ, ഏതൊക്കെ വിഭാഗങ്ങൾ ഏതു രീതിയിലും, ഏതു ഗണത്തിലും പരിഷക്കരണങ്ങൾക്ക് ചുക്കാൻ പിടിക്കുമെന്ന് അക്കമിട്ടു നിരത്തിയിട്ടിട്ടിലെങ്കിലും, പൊതുവായുള്ള, വിസ്തൃതമായ ഒരു രൂപരേഖ പാർട്ടി -സ്റ്റേറ്റ് വെളിയിട്ടു. "പരിഷ്കാരങ്ങളെ കൂടുതൽ വ്യാപകമായി ആഴത്തിലാക്കുക" എന്ന തലക്കെട്ടോട്‌ കൂടി വന്ന രൂപരേഖയുടെ വിശകലനം, നടത്തി, കാതലായ വിഷയങ്ങളെ നിരത്താമെങ്കിലും, യഥാർത്തത്തിൽ ഇവയുടെ വ്യവഹാരവും, പ്രയോഗവും, വരും നാളുകളിലെ കൂടുതൽ ഫലവത്തായി കാണാൻ സാധിക്കു. ഇതിനായി, പ്ലീനം ഒരു "ലീഡിംഗ് ഗ്രൂപ്പിനെ" തെരഞ്ഞെടിത്തിട്ടുമുണ്ട്. 


രൂപരേഖയുടെ കാമ്പായ വിഷയം, കൂടുതൽ വിപണി-അടിസ്ഥിതവും, സ്‌പര്‍ദ്ധയുള്ളതുമായ സമ്പദ് വ്യവസ്ഥയുടെ നിര്മ്മിതിയാണ്. അതിനായി, സർക്കാരും, വിപണിയും തമ്മിൽ ഒരു യുക്തമായ ബന്ധത്തിന്റെ സ്ഥാപിക്കലാണ്. ഇതിൻറെ തുടർച്ചയെന്നോണം, ആവശ്യമുള്ളത് അടുത്ത നിലയിലുള്ള സാമ്പത്തിക വളർച്ചക്ക് സർക്കാരിതര മേഖലയെ, തിരിച്ചറിഞ്ഞും, അതിനു വേണ്ട പ്രോത്സാഹനം നൽകുകയും എന്നതാണ്. പ്രധാന മന്ത്രി ലീ കചിയാങ്ങ്, ഭരണം ഏറ്റെടുത്തത് മുതൽ, ഈ വിഷയത്തിൽ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഉദ്യോഗസ്ഥ ചുവപ്പ് നാടയെ മുറിച്ചുകൊണ്ട്, സർക്കാരിന്റെ ദൃഷ്‌ടികേന്ദ്രം, പൊതു വസ്തുക്കളുടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ്‌, ഇപ്പോൾ ചൈനീസ്‌ പാർട്ടി -സ്റ്റേറ്റ് മുന്നോട്ടു വെക്കുന്നത്. അങ്ങനെ ആകുമ്പോൾ, അംഗീകാര പ്രക്രിയകളിൽ സർക്കാരിന്റെ പങ്കിനെ മിതമാക്കുകയും, വ്യവസായസ്ഥാപനങ്ങൾക്ക്, നിക്ഷേപ തീരുമാനങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം നൽകിയും, കേന്ദ്ര സർക്കാരിനെ അതിസൂക്ഷ്മ വിഷയങ്ങിൽ നിന്ന് ആവതും ഒഴിവാക്കി, ബൃഹത് സാമ്പത്തിക ഏകോപനത്തിനായി മാറ്റി നിർത്തുക എന്ന മൂല മന്ത്രമാണ്, ചൈന ഇന്ന് വ്യക്തമാക്കുന്നത്. നിക്ഷേപങ്ങൾക്ക് എതിരെയുള്ള ബാധകളെ വകഞ്ഞു മാറ്റിയും, പൊതുമേഖല സ്ഥാപനങ്ങളിൽ കൂടുതൽ പരിഷ്ക്കരണങ്ങൾ നടപ്പാക്കിയും, വില നിർണ്ണയത്തിൽ നിന്നും സർക്കാരിന്റെ ആവശ്യമില്ലാത്ത ഇടപെടലുകളെ കുറച്ചും മുൻപോട്ടു പോകാനാണ് ഇന്ന് ചൈനയുടെ ഭരണ നേതൃത്വത്തിന്റെ ഉറച്ച തീരുമാനം. വിഭവങ്ങളുടെ വിന്യാസത്തിന്, വിപണിക്ക് ഒരു നിര്‍ണ്ണായകമായ ഭൂമിക നൽകുന്നത് ഇതിന്റെ സുപ്രധാന ഘടകമാണ്. സ്വകാര്യ മേഖലക്കും, മിശ്രിത ഉടമസ്ഥാവകാശമുള്ള സ്ഥാപനങ്ങൾക്കും, സർക്കാരിതര കമ്പനികൾക്കും, നിർണ്ണായകമായ പങ്ക്, പ്ലീനം രേഖപെടുത്തുന്നുണ്ട്. 



ചൈനയുടെ, വളർച്ചക്കും, കുതിപ്പിനും, ചുക്കാൻ പിടിക്കുന്നത്‌, പൊതു മേഖല സ്ഥാപനങ്ങളാണ് (State Owned Enterprises-SOEs). ഗതാഗതം, ഊർജ്ജം, ബാങ്കിംഗ്, ടെലികോം എന്നിങ്ങനെ സുപ്രധാന മേഖകളിലെല്ലാം വൻ കമ്പനികൾ സർക്കാർ  സ്ഥാപനങ്ങളാണ്. ലോണുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിലും, ലാഭങ്ങൾ കൊയ്യുന്നതിലും, മുൻപന്തിയിൽ നിൽക്കുന്നത് ഈ പൊതുമേഖല സ്ഥാപങ്ങലാണ്. ഇവയിലെ ജീവനക്കാർക്കും, തൊഴിലാളികൾക്കും ഏറ്റവും മുന്തിയ ശമ്പളവും, അവകാശങ്ങളുമാണ് നിലവിലുള്ളത്. ഇതിനെ ചൊല്ലിയും, ഇവയുടെ കുത്തകാവകാശവത്തെ കുറിച്ചും, മാനേജർമാരുടെ ആഡംബരവും, പ്രൌഡിയും, പലപ്പോഴായി ചർച്ചകൾക്കും, സംവാധങ്ങല്ക്കും, വഴി തെളിയിച്ചിട്ടുണ്ട്. എന്ന് വേണ്ട, പലപ്പോഴും, 'ഭീമമായ വെള്ളാനകൾ' എന്നുപോലും നാമധേയം ചെയ്യപ്പെട്ട ഈ സ്ഥാപങ്ങൾ, പക്ഷേ ലാഭങ്ങളുടെ സിംഹ ഭാഗവും, സമൂഹത്തിനു നൽകുന്നത് വളരെ വിരളമാണ്. പിൻ വർഷങ്ങളിൽ പലപ്പോഴും പരിഷ്കരണങ്ങൾക്ക് വിധേയമായിട്ടുണ്ടെങ്കിലും, ഇവയെ തൊടാൻ മിക്കപ്പോഴും സർക്കാർ പ്രയാസങ്ങൾ നടത്തിയിട്ടെയില്ല. ഈ പശ്ചാത്തലത്തിലാണ്, ദേശീയ ബജറ്റിലേക്ക്, ഈ സ്ഥാപനങ്ങളുടെ ലാഭത്തിൻറെ 30 ശതമാനം 2030-നുള്ളിൽ നിക്ഷേപിക്കാൻ പ്ലീനം തീരുമാനിക്കുന്നത് (ഇപ്പോൾ ഇത് വെറും 0.4 ശതമാനമാണ്). ഇതിലൂടെ കേന്ദ്ര സർക്കാരിനു, വലിയ രീതിയിൽ ആവശ്യമുള്ള സമ്പത്തും ലഭ്യമാകുകയും, സമൂഹസുരക്ഷാ പദ്ധതികളുടെ വിസ്തീരണം സാധ്യമാകുകയും ചെയ്യും. 



ചൈനയിൽ ഇന്ന് നിലനിൽക്കുന്ന പ്രധാന സാമ്പത്തിക പ്രശ്നങ്ങളിൽ ഒന്ന്, കേന്ദ്ര-തദ്ദേശ സർക്കാരുകൾ തമ്മിലുള്ള നികുതിപരമായ അസന്തുലിതാവസ്ഥയാണ്. പ്ലീനത്തിന്റെ റിപ്പോർട്ടിൽ, ഇതിനെ തിരിച്ചറിയുകയും, കേന്ദ്ര-തദ്ദേശ സർക്കാരുകളുടെ നികുതികളിൽ  യുക്തിപരമായി പുനര്‍ഘടിക്കാനും നടത്താൻ ഊന്നൽ നല്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാരിൽ നിന്നും വൻ രീതിയിൽ വായ്‌പകൾ വാങ്ങി സാമൂഹ്യക്ഷേമം ഉൾപ്പടെയുള്ള പദ്ധതികൾ നടത്തിപോകുന്ന തദ്ദേശ ഭരണകേന്ദ്രങ്ങൾ, ഇന്ന് വലിയ രീതിയിൽ കടക്കെണിയിലാണ്. തദ്ദേശ സർക്കാരുകളുടെ നികുതിയും, ചെലവും തമ്മിലുള്ള പൊരുത്തകേടുകളാണ് ഈ വിഷയത്തിന്റെ കാതൽ. കേന്ദ്ര സർക്കാരിൽ നിന്നുമുള്ള ധനസഞ്ചയത്തിൻറെ ക്രമീകരണവും, തദ്ദേശ-കേന്ദ്ര സർക്കാരുകൾ തമ്മിലുള്ള ഉത്തരവാദിത്തങ്ങളുടെ പങ്കിടൽ മെച്ചപെടുത്തലും, ബജറ്റ് കൂടുതൽ സുതാര്യമാക്കലും എന്നിങ്ങനെയുള്ള പരാമർശങ്ങൾ റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നു. റിയൽ എസ്റ്റേറ്റ്‌ സംരംബങ്ങളിലൂടെ, ഭൂമി ഇടപാടുകൾ വഴിയാണ് ഇന്ന് തദ്ദേശ സർക്കാരുകളുടെ ട്രഷറിയിൽ പ്രധാനമായും നികുതി നിറയുന്നത്. ഊഹാപോഹ അച്ചുതണ്ടിൽ കറങ്ങുന്ന ഈ ഇടപാടുകൾ പലപ്പോഴും, കൃഷിഭൂമിയും, പാര്‍പ്പിടങ്ങളും ഏറ്റെടുക്കുന്നതുമായി സംബന്ധിച്ച് തർക്കങ്ങൾക്കും. പ്രക്ഷോഭങ്ങൾക്കും തിരിതെളിയിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കാനായി, വസ്തു-ആസ്‌തികളുടെ മേലുള്ള നികുതികളെ വിപുലീകരിക്കാൻ പ്ലീനം നിർദേശിക്കുന്നുണ്ട്. വസ്തു-ആസ്തി നികുതികൾ നിലവിലുണ്ടെങ്കിലും, അവ ഇന്നും വലിയ രീതിയിൽ പ്രച്ചരിച്ചിട്ടില്ല. അവയുടെ വിസ്തീരണം വർദ്ധിപ്പിക്കുന്നതിലൂടെ സ്ഥായിയായ ഒരു വരുമാനം തദ്ദേശ സർക്കാരുകൾക്ക് ലഭ്യമാകും. 


നിക്ഷേപങ്ങൾക്ക് മുന്നിലുള്ള മാർഗ്ഗ തടസ്സങ്ങൾ മാറ്റി, സ്പർദ്ധയ്ക്കും, അന്താരാഷ്‌ട്ര നിക്ഷേപങ്ങളെ ആനയിക്കാനും, ഈ പ്ലീനത്തിൽ തീരുമാനമായി. കൂടുതൽ മേഖലകളെ നിക്ഷേപങ്ങൾക്ക് തുറന്നിടാനും, സർക്കാർ അനുമതികൾ, ആവതും, ലഘൂകരിക്കാനും, ഒഴിവാക്കാനും, പ്ലീന നിർദ്ദേശങ്ങൾ ആവശ്യപ്പെടുന്നുണ്ട്. 1980-കളിൽ ആരംഭിച്ചു, അധികം വിശാലമാക്കതെ, നടപ്പാക്കിയ പ്രത്യേക സാമ്പത്തിക മേഖലകളുടെ തിരിച്ചുവരവിനും നാന്നി കുറിച്ചിട്ടുണ്ട്. ഷാങ്ങ്ഹായിൽ രണ്ടു മാസം മുൻപ്, ആരംഭിച്ച സ്വതന്ത്രവ്യാപാര മേഖല (Pilot Free Trade Zone) ഈ ആവശ്യം മുൻ നിർത്തിയാണ്. ചൈനയുടെ വികസന അനുഭവം ഓടിച്ചുനോക്കിയാൽ കാണാവുന്നത്‌, വഴികാട്ടി സംരഭങ്ങളുടെ (Pilot Projects) പ്രാധാന്യതയാണ്. രാജ്യത്തിൻറെ ചില പ്രദേശങ്ങളിലോ, നഗരങ്ങളിലോ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷം, അതിൻറെ വിജയ-പരാജയങ്ങളുടെ കണക്കു നോക്കിയാണ്, മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിക്കാറുള്ളതു. അതെ രീതിയിലാണ്, ഷാങ്ങ്ഹായിലെ സ്വതന്ത്രവ്യാപാര മേഖല മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നത്. 

ഇതെല്ലാം കൂടാതെ പലിശ നിരക്കുകൾ ഉദാരമാക്കാനും, പുതിയ ഒരു ഡെപ്പോസിറ്റ് ഇൻഷുറൻസ് പദ്ധതി സ്ഥാപിക്കാനും, ബാങ്കിംഗ് മേഖലയിൽ, സ്വകാര്യ സംരംഭങ്ങൾക്ക് ചെറുതും ഇടത്തരം വലിപ്പവുമുള്ള സാമ്പത്തിക സ്ഥപാനങ്ങൾ കൊണ്ട് വരാനും, അനുമതികൾ ലഭ്യമായിട്ടുണ്ട്.

സാമൂഹിക പരിഷ്കരണങ്ങൾ:

ഈ ഇനത്തിൽ പ്രകടമായ പ്രധാന വിഷയം വർഷങ്ങളായി രാജ്യത്ത് നിലകൊള്ളുന്ന 'വണ്‍ ചൈൽഡ്' പോളിസിയിലെ മാറ്റമാണ്. ഇത് ബാധകമാകുന്നത് നഗരങ്ങളിൽ താമസിക്കുന്ന, ബഹു ഭൂരിപക്ഷം വരുന്ന ഹാൻ വംശജർക്കാണ്. ഇവരിൽ, മാതാപിതാക്കളിൽ, ഒരാൾ അവരുടെ കുടുംബത്തിലെ ഏക സന്താനമാണെങ്കിൽ, അവർക്ക് ഇപ്പോൾ രണ്ടു കുഞ്ഞുങ്ങളാവാം (നേരത്തെ, രണ്ടാമത്തെ കുഞ്ഞിനു, അർഹത നേടണമെങ്കിൽ, മാതാപിതാക്കൾ രണ്ടു പേരും അവരവരുടെ കുടുംബങ്ങളിൽ ഏക സന്താനമാവേണ്ടിയിരുന്നു. ഗ്രാമീണ മേഖലയിലും, ഹാനിതര ന്യൂനപക്ഷ സമുദായങ്ങൾക്കും, നേരത്തെ തന്നെ രണ്ടു കുഞ്ഞുങ്ങൾക്ക്‌ അനുമതിയുണ്ടായിരുന്നു. ചൈന ഇന്ന് വലിയ രീതിയിൽ ഒരു ജനസംഖ്യ വെല്ലുവിളി നേരിടുകയാണ്. ജനസംഖ്യയിൽ ഏറ്റവും മുന്പിലുള്ള രാജ്യമായത് കൊണ്ട് അതിനെ നേരിടാൻ എടുത്ത നടപടിയാണ്, 3 0 വർഷത്തോളമായി നടപ്പിലുള്ള ഈ സാമൂഹ്യ പരീക്ഷണം.          


രാഷ്ട്രീയ പരിഷ്കരണങ്ങൾ - ഇന്നും കീറാമുട്ടി:             

സാമ്പത്തിക മേഖലയിൽ വലിയ തോതിലും, സാമൂഹ്യ മേഖലയിൽ കുറഞ്ഞ രീതിയിലും, പരിഷ്കരണങ്ങൾ നടപ്പിലാക്കുമ്പോഴും, രാഷ്ട്രീയമായ പരിഷ്കരണങ്ങൾക്ക് ഇന്നും ചൈനയിൽ പച്ച കൊടി ലഭിച്ചിട്ടില്ല. നിയമ വാഴ്ച്ചയും, ഉയർന്നു വരുന്ന സാമ്പത്തിക വളർച്ചയുടെയും സാഹചര്യത്തിൽ, സ്വതന്ത്ര ജുഡിഷ്യറിക്കും, നിയമങ്ങൾക്കും വേണ്ടിയുള്ള സ്വരങ്ങൾ, ഒരൽപം കൂടി ഉച്ചത്തിലായിട്ടുണ്ട്. എന്നാൽ അങ്ങനെ ഒരു സ്ഥിതി സംജാതമായാൽ, ഏക പാർട്ടി ഭരണത്തെ നയിക്കുന്ന, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലയും, നിയമസാധുതയും, മറ്റും സംവാദത്തിനു വേദിയൊരുക്കും. ഈ സാഹചര്യത്തിൽ, പാർട്ടി കോണ്ഗ്രസ്സിനു ശേഷം ജനറൽ സെക്രടറി (പ്രസിഡന്റ്) ഷീ ചിൻപിങ്ങ് സാമാന്യം നല്ല രീതിയിൽ തന്നെ രാഷ്ട്രീയ പരിഷ്കരണങ്ങളെ കുറിച്ച് വാചാലനാണെങ്കിലും, അവയുടെ കൃത്യമായ രൂപത്തെ കുറിച്ച് ഇന്നും ആശങ്കകളും, അസ്വാരസ്യങ്ങളും നില കൊള്ളുന്നു. 

ചൈന ഇന്ന് നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്നായ അഴിമതിക്കെതിരെ സന്ധിയില്ലാ സമരത്തിനു ഷീ ആഹ്വാനം നൽകുകയും, അത് നടപ്പിലാക്കുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം സമാപിച്ച 18-ആം പാർട്ടി കോണ്‍ഗ്രസ്സിൽ, ചൈനീസ്‌ രാഷ്ട്രത്തിൻറെ നവവീര്യപ്രാപ്തി ഒരു സ്വപ്നമാക്കി കണ്ടു എല്ലാ പൗരന്മാരും ഒന്നിക്കാൻ ഷീ ആഹ്വാനം ചെയ്യുകയുണ്ടായി. അഴിമതിയും, ധൂർത്തും, അമിതത്വവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിച്ഛായക്കും, അതിലൂടെ നിയമസാധുതയ്ക്കും കോട്ടം വരുത്തുമെന്നും, ജനങ്ങളിൽ നിന്നും അകൽച്ച നേരിടുകയും ചെയ്യും എന്ന ആശങ്ക വലിയ അളവിൽ നിലനില്ക്കുന്ന ഒന്നാണ്. ഇതിനെ നേരിടാൻ, കഴിഞ്ഞ വർഷം അവസാന പോളിറ്റ്ബ്യുറോ, ആഡംബരത്തിനും, അമിതത്വത്തിനും എതിരായി നായ പരിപാടി തയ്യാറാക്കുകയും, താഴെ തട്ടിൽ വരെയുള്ള എല്ലാ പാർട്ടി ഉദ്യോഗസ്ഥർക്കും, നേതാക്കൾക്കും നിർദേശങ്ങൾ നൽകി, ഒരു വൻ പ്രചരണ പരിപാടി തന്നെ അഴിച്ചുവിട്ടിരുന്നു. ഇത് വഴി ആഡംബരമായ വിരുന്നുകൾക്കും, മുന്തിയ മദ്യത്തിനും, മീറ്റിങ്ങുകൾക്കുള്ള അലങ്കാരങ്ങൾക്കും, വിലയേറിയ വിമാന യാത്രകൾക്കും മറ്റും വിലക്കുകൾ വീണു. ഇതിൻറെ തുടർച്ചയായി ഈ കഴിഞ്ഞ മെയ്‌ മാസം മുതൽ,  പാർട്ടിക്കുള്ളിൽ ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന  "മാസ്സ് ലൈൻ" (Mass Line) പ്രചാരണത്തിനു നേതൃത്വം തുടക്കം കുറിക്കുകയുണ്ടായി. മാവോയുടെ രാഷ്ട്രീയ സമരതന്ത്രമായ ഈ പ്രചരണം, ജനങ്ങളിലേക്ക് പാർട്ടി കൂടുതൽ വ്യപിക്കണമെന്നും, അവരുമായി ഒരു ജൈവമായ ബന്ധം സ്ഥാപിക്കണമെന്നുമാണ്, അടിവരയിടുന്നത്. ജനങ്ങളിൽ നിന്നുള്ള അകൽച്ചയും, അത് വഴി പാർട്ടിയുടെ മുഖം നഷ്ട്ടപെടുന്ന സ്ഥിതിവിശേഷവും, ദോഷമായെ, നേതൃത്വത്തെയും, പാർട്ടിയെയും  ബാധിക്കു. ഈ ഷീ ചിൻപിങ്ങ് ഇന്ന് മാവോയുടെ പ്രചരണ തന്ത്രം പോഷിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്, പാർട്ടിയുടെ മുഖം മിനുക്കലും, മാവോയുടെ പാരമ്പര്യത്തിന്റെ യഥാർത്ഥ അവകാശി എന്നുള്ള നിയോഗവുമാണ്. 

ചൈനയുടെ കുതിപ്പ് ഇന്ന് ലോകത്തെ അമ്പരിപ്പിക്കുമ്പോഴും, കുതിപ്പുകൾ വർദ്ധിക്കുമ്പോഴും, കണ്ണഞ്ചിപ്പിക്കുന്ന തിളക്കത്തോടൊപ്പം തന്നെ കാണേണ്ടത് മറു വശത്തെ അരിമ്പാറകളെയുമാണ്. നഗരവൽക്കരണം ഒരു പ്രധാന ഘടകമായി നടപ്പിലാക്കി, പുതിയ പുതിയ ഗ്രാമീണ പ്രദേശങ്ങളെ നഗരങ്ങളായി രൂപാന്തരം ചെയ്യുമ്പോഴും, കുടിയേറ്റം ഇന്നും ഒരു തീരാ പ്രശ്നമായി നിലയുറപ്പിച്ചിരിക്കുന്നു. 'മെഗാ സിറ്റി' നിർമ്മാണത്തിൽ നിന്നും, ടയർ-1, ടയർ-2, ടയർ-3 എന്നിങ്ങനെ ശാസ്ത്രീമായ നഗരവൽക്കരണത്തിലേക്ക് നീങ്ങുമ്പോഴും,  ഉൾനാടുകളിൽ നിന്നും വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഇന്നും, ഹുക്കോ (Hukou) എന്നറിയപ്പെടുന്ന റെജിസ്ട്രെഷൻ കുരുക്കുകളിൽ, കെട്ടിപിണഞ്ഞു ഇപ്പോഴും 'ഒഴുകുന്ന ജന വിഭാഗമായി' നിലകൊള്ളുന്നു. ചുരുക്കത്തിൽ, ചൈനയുടെ നഗരവൽക്കരണം, ഇന്നും ഉൾപ്പെടുന്ന ഒന്നല്ല. അത് പോലെ, മലിനീകരണവും, അനിയന്ത്രിത ഭൂമി ഏറ്റെടുക്കലും, തൊഴിലാളി വിഷയങ്ങളും, പ്രക്ഷോഭങ്ങൾ അഴിച്ചുവിടുന്നുണ്ട്. സ്ഥിരതയും, സംസക്തിയും, മൈത്രിയും അടിവരയിടുന്ന പാർട്ടി-സ്റ്റേറ്റിനു, ഇത്തരം പ്രക്ഷോഭങ്ങൾ, ആശങ്ക നൽകുന്നവ തന്നെയാണ്. ഭരണ മാറ്റമൊന്നും, ഈ പ്രക്ഷോഭങ്ങളുടെ ലക്ഷ്യമല്ലെങ്കിലും, പൊതുവെ തദ്ദേശീയമാണെങ്കിലും, ഇവയെല്ലാം ഭരണകൂടത്തെ കാലറ്റത്തിലാണ് നിർത്തുന്നത്. സർക്കാരും, വിപണിയും തമ്മിൽ ഒരു പരസ്‌പര സ്‌തുത്യമായ ബന്ധമുണ്ടെന്നും, ഇരു വശങ്ങളും ഒന്നിനെ ഒന്ന് പ്രഭാവിക്കുന്നുണ്ടെന്നു, മൊത്തത്തിൽ ചൈനീസ്‌ നേതൃത്വം,രണ്ടു പതിറ്റാണ്ടിലേറെ യായി ഭരണ-സമ്പദ് വ്യവസ്ഥയെ വിശേഷിപ്പിക്കുന്നത്. മുതലാളിത്തത്തിൽ നിന്നും അകന്നു, 'ചൈനീസ്‌ മോഡൽ' സോഷ്യലിസം എന്നാണു ഇത് സ്വതവേ അറിയപ്പെടുന്നത്. കാലക്രമേണ സോഷ്യലിസം എന്നുള്ള ക്ലാസിക്കൽ ധാരണയിൽ ചൈന ഇന്ന് പെടില്ലെങ്കിലും, മുതലാളിത്തമാണെന്ന് പറഞ്ഞു കണ്ണടച്ച് തള്ളിക്കളയാനും, സാധ്യമല്ല. ഈ ഒരു വൈഷമ്യവും, സങ്കീര്‍ണ്ണതയുമാണ്‌ ചൈനയെ സൂക്ഷമായി നിരീക്ഷിക്കുന്നവരുടെയും, വിശകലനം ചെയ്യുന്ന ഗവേഷകരുടെയും മുൻപിൽ ഉള്ള പ്രധാന പ്രതലം. 
      
ഈ മൂന്നാം പ്ലീനത്തിന്റെ യഥാർത്ത ബലതന്ത്രം വരും നാളുകളിൽ, വിവിധ തീരുമാനങ്ങളിലും, സംരംഭങ്ങളിലും അനാവരണം ചെയ്യപ്പെടുമ്പോഴും, അവ എത്രത്തോളം സഫലമാകുമെന്നതു കാത്തിരുന്നു കാണേണ്ട ഒരു വസ്തുതയാണ്.  

References:

Borst, Nicholas (2013), "Economic Reform in the Third Plenum: Balancing State and Market", China Brief, Volume 13, Issue 23, 22 November, URL: http://www.jamestown.org/single/?no_cache=1&tx_ttnews%5Btt_news%5D=41667&tx_ttnews%5BbackPid%5D=7&cHash=b27271870f6b674ed71a17d675a4a731#.Uo-6LLIayK1

CCP Central Committee Resolution concerning Some Major Issues in Comprehensively Deepening Reform-(Passed at the 3rd Plenum of the 18th Central Committee of the Chinese Communist Party on 12 November 2013), China Copy Right and Media, 15 November, URL: http://chinacopyrightandmedia.wordpress.com/2013/11/15/ccp-central-committee-resolution-concerning-some-major-issues-in-comprehensively-deepening-reform/



Pasick, Adam (2013), "Six things that will change with the loosening of China’s one-child policy", Quartz 15 November, URL: http://qz.com/147938/six-things-that-will-change-with-the-loosening-of-chinas-one-child-policy/

Statement of National Health and Family Planning Commission of China on fertility policy improvement (2013), China Daily, 19 November, URL: http://usa.chinadaily.com.cn/china/2013-11/19/content_17115463.htm