സെപ്പ് ബ്ലാറ്റര്‍ ഫിഫയുടെ തലപ്പത്ത് ഒരിക്കല്‍ കൂടി തിരിച്ചെത്തി എന്നാ വാര്‍ത്തയുടെ സ്ഥിതീകരണം കേട്ടുകൊണ്ടാണീകുറിപ്പെഴുതുന്നത്. അഴിമതിയും, ഒത്തുകളിയുമെല്ലാം നിറഞ്ഞു നിന്ന ഒരധ്യായമായാണ് ബ്ലാറ്റരുടെ സ്ഥാനാരോഹണം. പണകൊഴുപ്പും, കച്ചവട താല്‍പ്പര്യങ്ങളും മുന്‍ നിര്‍ത്തി നടന്ന ഈ പോരില്‍, കാലങ്കപ്പെട്ടത്, ഫുട്ബോളിന്റെ അന്തസ്സാണ്. വഴിവിട്ടു വോട്ടുകള്‍ വിലക്ക് വാങ്ങുകയും, പ്രലോഭനങ്ങള്‍ ചൊരിയുകയും, കുതികാല്‍ വെട്ടുമെല്ലാം ആവോളം തകൃതിയായി നടന്ന ഒരു തെരഞ്ഞെടുപ്പു.......എന്തിനു 2022-ല്‍ ഖത്തറിനു ലഭിച്ച ലോക കപ്പ നറുക്ക് പോലും, അഴിമതിയുടെ നിഴലില്‍ ഇന്നും നില്‍ക്കുന്നു. അത്തരത്തിലൊരു, തീര്‍ത്തും ദിശാഹീനമായതും, അക കാഴ്ചയുമില്ലാത്ത ഈ തെരഞ്ഞെടുപ്പിന്റെ പടപുറപ്പാടിനിടയിലാണ് യുഏഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ മത്സരം ഇംഗ്ലണ്ടിന്റെ ചരിത്രമുറങ്ങുന്ന വെമ്ബ്ലിയുടെ പുല്‍ത്തകിടിയില്‍ അരങ്ങേറിയത്. കളിയില്‍ യൂറോപ്പിലെ എക്കാലത്തെയും, പ്രസിദ്ധരായ രണ്ടു വമ്പന്‍ ക്ലബ്ബുകള്‍ മാറ്റുരക്കുന്നു-ബാര്‍സലോണയും, മാഞ്ചസ്റ്റര്‍ യുണൈറ്റഡും. ആദ്യ പകുതിയ്ല്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ അടിച്ചു സമാസമമായിരിക്കുന്നു. അപ്പോള്‍ വരെയും കളിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു എന്ന പ്രതീതി. പക്ഷെ കളി ആകമാനം, അടിമുടി മാറിയത് രണ്ടാം പകുതിയിലായിരുന്നു. ഡീയുടെ പുറത്തു നിന്ന് ലഭിച്ച പന്തിനെ ശരവേഗത്തില്‍ മുന്നോട്ടു നീക്കി, ബോക്സിന്റെ പുറത്തു നിന്ന് കൊണ്ട് മനോഹരമായ ഒരു 'ലെഫ്റ്റ് ഫുട്ടര്‍'. മാഞ്ചസ്റ്റര്‍ ഗോളി, എഡ്വിന്‍ വാന്ടെസാര്‍ വലത്തോട്ടു മറിയുകയും, പന്ത് ഇടത്തോട്ടും പായുന്നു. അതോടെ കളിയുടെ മേല്‍ ബാര്‍സയുടെ ബലമായ പിടി. ഗോളടിച്ചത്, ലയണല്‍ മെസ്സി എന്ന മാന്ത്രികന്‍; സെമിയില്‍ ആദ്യ ലെഗ്ഗില്‍ പരമ്പരാഗഥ എതിരാളികളായ റിയാല്‍ മാദ്രിഡുനെതിരെ രണ്ടു തവണ മെസ്സി വല കുലിക്കിയിരുന്നു.
ഒന്ന് കുലിക്കിയാല്‍ ആകുവോളം കാല്പന്തുകളിക്കാര്‍ നിറഞ്ഞു കവിയുന്ന അര്‍ജന്റീനിയന്‍ മണ്ണിന്റെ സ്വന്തം പുത്രന്‍. കളിയെ തറവാട്ട് മഹിമായായി പാടിനടക്കുന്ന, സ്വത്തായി അവകാശപെടുന്ന ലാറ്റിന്‍ അമേരിക്കന്‍ വംശത്ത്നിറെ പുതിയ സാരഥി. റോസാരിയോയില്‍ സ്റ്റീല്‍ ഫാക്ടറി തൊഴിലാളിയായ ജോര്‍ജെ ഹോറെശിയോക്കും, സെസീലിയ മാറിയ കുട്ടിച്ചീനിക്കും പിറന്ന മെസ്സി, അഞ്ചാം വയസ്സ് മുതല്‍ ഫുട്ബോള്‍ തട്ടി തുടങ്ങിയിരുന്നു. അന്നേ തെളിഞ്ഞ വാസന, ഒരു അനുഗ്രഹമായാണ് മെസ്സിയില്‍ പതിഞ്ഞത്. അര്‍ജന്റീനയുടെ പ്രഗല്‍ഭ ക്ലബ്ബായ റിവര്‍ പ്ലേറ്റ്, മെസ്സിയില്‍ തല്പ്പരരുമായിരുന്നു. എന്നാല്‍ പതിനൊന്നാം വയസ്സില്‍ സങ്കീര്‍ണമായ ഒരു ഹോര്‍മോണ്‍ വൈകല്യം പിടിപെട്ട മെസ്സിക്ക്, ഭാവി ദുര്‍ഘടമെന്നു തോന്നിപ്പിച്ചു. ചികിത്സക്ക് തന്നെ വഴിമുട്ടിയ സമയത്താണ് ബാര്‍സലോണയുടെ സ്പോര്‍ട്സ് ഡയറക്ടര്‍, കാര്‍ലെസ് റെക്സാച്, മെസ്സിയുടെ വൈഭവമറിഞ്ഞു കാണാനെത്തുന്നത്. മെസ്സിയുടെ മൊത്തം ചികിത്സാ ചെലവും, മറ്റും വഹിക്കാമെന്നേറ്റ റെക്സാച് ഒരു നിബന്ധനയെ മുന്നോട്ടു വച്ചുള്ളൂ-ക്ലബിന് വേണ്ടി കളിക്കണം. അങ്ങനെ മെസ്സിയും, കുടുംബവും യുറോപ്പിലേക്ക് പറിച്ചു നടപ്പെടുകയായിരുന്നു.
മെസ്സിയും, ബാര്‍സലോണയും:
ഒരര്‍ത്ഥത്തില്‍ മെസ്സി ക്ലബ്ബിനെയും, ക്ലബ് മെസ്സിയെയും അന്യോന്യം ദത്തെടുക്കുകയായിരുന്നു. ബാര്‍സയുടെ യുവ അക്കാദമിയില്‍ ചേര്‍ന്ന് കളിയുടെ നൂതനവും, ശഷ്ട്രീയവും, തന്ത്രപരവുമായ വശങ്ങളെ ഒരു സ്പോണ്‍ജു ഒപ്പിയെടുക്കുകയായിരുന്നു മെസ്സി. യുറോപ്പിയന്‍ ക്ലബ്ബുകളുടെ വികസ്വരവും, അരക്കിട്ടുറപ്പിക്കപ്പെട്ട ശക്തമായ ഘടനയാണ്, ബാര്‍സക്കുമുണ്ടായിരുന്നത്. യുവ പ്രതിഭകളെ വാര്‍ത്തെടുത്തു, മികച്ച പന്ത് കളിക്കാരാക്കുന്ന മികവു. ആഴ്ന്നു കിടക്കുന്ന വേരുകളിലൂടെ സഞ്ചരിച്ചു, പയറ്റി തെളിഞ്ഞു മെസ്സി, ഫ്രാങ്ക് റയ്ക്കാര്‍ഡിന്റെ പരീക്ഷണത്തില്‍, 2003-ല്‍ പോര്‍ടോക്കെതിരായ ഒരു സന്നാഹ മത്സരത്തില്‍, ജേയ്സി അണിഞ്ഞു, പ്രൊഫഷണല്‍ കളിയരങ്ങില്‍ തന്റെ ഹരിശ്രീ കുറിച്ച്. പിന്നീട് എസ്പ്നയോളിനെതിരെ സ്പാനിഷ് ലാ ലീഗയില്‍ ശരിക്കുമുള്ള ഒരു അരങ്ങേറ്റവും. പിന്നീടങ്ങോട്ട് ഒരു നീണ്ട, ജൈത്രയാത്രയായിരുന്നു. ഇന്നത്തെ, ലോക മറിയുന്ന താരമായി മാറിയിരിക്കുന്ന മെസ്സിയുടെ ജീവിതത്തില്‍ ബാര്‍സയുടെ പങ്കു അദ്ഭുതകരമാണ്. യുറോപ്പിയന്‍ ഫുട്ബോളിന്റെ പണക്കൊഴുപ്പിനും, കണ്ണഞ്ചിപ്പിക്കുന്ന ഗ്ലാമറിനും, പരസ്യത്തിനുമെന്നു വേണ്ട, മറ്റൊന്നിനും, മെസ്സിയെ ബാര്സയില്‍ നിന്ന് പറിച്ചു നടാനായില്ല. റെക്കോര്‍ഡ നിലകളില്‍ കളിക്കാരെ സ്ഥലം മാറ്റുകയും, ക്ലബ്ബുകള്‍ തമ്മില്‍ വയ്പ്പ കൊടുക്കുകയും, മറ്റു കച്ചവടങ്ങള്‍ അരങ്ങു തകരക്കുകയും, മറ്റും ചെയ്യുമ്പോഴും, മെസ്സി ബാര്‍സ വിട്ടില്ല. അതിനു തക്കതായ കാരണങ്ങളൊന്നും, മുന്നില്‍ കാണുന്നിലെങ്കിലും, ഒരു പ്രത്യേകത ബാര്‍സയുടെ ഘടനതന്നെയാവാം മെന്നു ഈയുള്ളവന്‍ ഊഹിക്കുന്നു. മറ്റു ക്ലബ്ബുകളെ പോലെ പണക്കൊഴുപ്പിന്റെ, വാണിജ്യ സാമ്രട്ടുകളുടെ കുത്തകയല്ല ബാര്‍സ. മറിച്ച്, യഥാര്‍തത്തില്‍ ഒരു ലക്ഷത്തിലുമേറെ അങ്കങ്ങള്‍ (കറ്റലന്‍ ഭാഷയില്‍ 'സോഷിയോകള്‍') രജിസ്റ്റര്‍ ചെയ്യുകയും, ലാഭ കൊതിയൊട്ടുമില്ലാത്ത ഒരു സംരംഭം. സ്പൈയ്നിലെ തന്നെ കാറ്റലന്‍ പ്രവിശ്യ, അവരുടെ തന്നെ സ്വ്നത്മായ, ഒരു വേറിട്ട ദേശീയത തന്നെ സൂക്ഷിക്കുന്നവരാണ്. മാഡ്രിഡ്, സംസ്കാരത്തില്‍ ഇഴചെരാതെ, തങ്ങള്‍ക്കു വ്യത്യസ്തമായ ഒരു നാഗരികത പനിതവരാന് കാറ്റലൂനിയക്കാര്‍. അവരുടെ മുഖമുദ്രയാണ് ബാര്‍സലോണ ഫുട്ബോള്‍ ക്ലബ്. ഇത്തരത്തില്‍, കായിക-ഫുട്ബോള്‍ പ്രേമികളെ കോര്‍ത്തിണക്കികൊണ്ട്, മുന്നോട്ടുപോകുകയും, വാണിജ്യോദേശ്യങ്ങള്‍ക്കുപരിയായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മ (ബാര്‍സയുടെ ജേഴ്സിയിലും അവരുടെ സ്പോണ്സര്‍മാര്‍ യൂനിസെഫ്ഫാണ്). ഇത്തരത്തിലൊരു പ്രവര്‍ത്തന മേഖലയാവാം മെസ്സിയും ഇഷ്ടപ്പെടുന്നത് (ഇത് പറയുമ്പോള്‍ മെസ്സി ഒരു സോഷ്യലിസ്റ്റ് ആയി എന്നുള്ള വാദമുഖങ്ങള്‍ ഒന്നും തന്നെയും ഈയുള്ളവന്‍ നിരത്തുനില്ല).
മെസ്സിയും, ബാര്‍സയും ഇഴകി ചേര്‍ന്നപ്പോള്‍, വിടര്‍ന്നത് ഒരു പുതിയ വസന്തമാണ്. അത് ഒരു പക്ഷെ, കളി ശൈലി പരിശോധിച്ചാല്‍ തന്നെ കാണാനാകും. ഒട്ടനവധി പ്രതിഭകളുടെ നിരയായാണ് ബാര്‍സ അറിയപ്പെടുന്നത്; ഇതില്‍ പലരും, സ്പൈനിന്റെ ഒന്നാം നിര അങ്കങ്ങള്‍. ഇക്കഴിഞ്ഞ ലോക കപ്പില്‍ കിരീടം ചൂടിയ ടീമില്‍, അധികവും, ബാര്‍സക്കാരും. കര്ലെസ് പുയോളും, ആന്ദ്രെ ഇനിയെസ്ടയും, സാവിയും, ബുസ്കെറ്സും, പിക്കെയുമെല്ലാം, അടങ്ങിയ നിര ഒത്തിണങ്ങിയ ഒന്ന് തന്നെയനെന്നതില്‍ സംശയമില്ല. പാസ്സിംഗ് ഗെയ്മില്‍, ഒരു തനതു കലയാക്കി മാറ്റിയ സ്പൈനിന്റെ കൃത്യതയാര്‍ന്ന അടവുകള്‍ ലക്ഷ്യവും തെറ്റാറില്ല. 'ടിക്കി-ടാക്ക' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേളിശൈലിയില്‍ കളിക്കുന്ന സ്പെയിന്‍ ലോക ഫുട്ബോളില്‍ ഒരു മാതൃകയുമാണ്. ഈ ശൈലിയില്‍ പ്രധാന പങ്കും ബാര്‍സയുടെതും. ഇതില്‍ മെസ്സി കൊണ്ട് വരുന്നത്, ലാറ്റിന്‍ അമേരിക്കയുടെ ഒരേ സമയം മനോഹരവും, മൂര്‍ച്ചയേറിയതുമായ ആക്രമണ ശൈലി. അങ്ങനെ രണ്ടു വ്യത്യസ്ത സംഗീതങ്ങളുടെ സിംഫണിയാണ്, ബാര്‍സയുടെ കളി. ബാര്‍സയുടെ കളി നിയന്ത്രിക്കുന്നതില്‍ ഇനിയെസ്ടക്ക് പ്രധാന പങ്കുണ്ടെങ്കിലും, കളിയുടെ മറ്റു പ്രധാന ഭാഗത്തിന്റെ കടിഞ്ഞാന്‍ മെസ്സിയുടെ കാലുകളിലാണ്. മുന്‍ നിരയില്‍, അറ്റാക്കറായും, ചിലപ്പോള്‍ വിങ്ങറായും, നിറഞ്ഞു കളിച്ചു, മികച്ച പാസുകളും, ദ്രിബ്ബുളുകളും മേനഞെടുത്തു, മെസ്സിയുടെ ഒറ്റയാള്‍ റേയ്ഡുകളും എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ സ്തംബ്ദരാക്കുന്നു. ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ വിശേഷിപ്പിക്കുന്ന "ചിത്രശലഭത്തെ പോലെ പൊങ്ങി പറന്നു, വണ്ടിനെ പോലെ കുത്തുന്ന" പ്രവണത മെസ്സിയുടെ കാര്യത്തിലും തീര്‍ത്തും ശരിയാണ്. ലാറ്റിന്‍ അമേരിക്കന്‍ കാല്‍പ്പന്തുകളിയുടെ ആ ദ്രിശ്യ ചാരുതയാണ് മെസ്സിയുടെ കാലുകളുടെ വിസ്മയത്തില്‍ തെളിയുന്നത്. ആ കേളിഭാവവും, കായിക സൗന്ദര്യവും ഒത്തിണങ്ങി പരിണമിക്കുമ്പോള്‍, ലക്ഷകണക്കിന് ആരാധകര്‍ക്ക് അതൊരു അവിസ്മരണീയ അനുഭവമായി മാറുന്നു. മെസ്സി ബാര്‍സയുടെ കാതലായി മാറിയതിനു ശേഷം അവര്‍ അഞ്ചു തവണ ലാ ലീഗയും, ഒരു വട്ടം കോപ ഡെല്‍ റെയും, മൂന്നു തവണ ചാമ്പ്യന്‍സ് ലീഗും, ഒരു തവണ യുഏഫ സൂപ്പര്‍ കപ്പും, ഫിഫ ലോക ക്ലബ്ബ് കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ ഇന്നത്തെ പോലെ തന്നെ, 2008-09 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈട്ടടിനെതിരെ രണ്ടു ഗോള്‍ ജയത്തിലും, മെസ്സി സ്കോര്‍ ചെയ്തിരുന്നു.
അര്‍ജന്റീനിയന്‍ ജേഴ്സിയില്‍:
മൊത്തത്തിലൊരു മാറ്റമല്ലെങ്കിലും, കാര്യമായ ഉത്തരവാദിത്തമാണ് മെസ്സിക്ക് ഇളം നീലയും, വെള്ളയും കലര്‍ന്ന വരകളുള്ള കുപ്പായമണിയുമ്പോള്‍. ടീഅമിന്റെ കുന്തമുനയായി മാറി, പലപ്പോഴും ഇരട്ട വേഷം കൈകാര്യം ചെയുന്ന മെസ്സിയെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഒരു സ്ട്രൈക്കറും-പ്ലേമേക്കറും കൂടികലര്‍ന്ന വ്യത്യസ്ത വേഷം. സ്വന്തമായി ഗോളുകള്‍ വാരിക്കൂട്ടുന്നതിനേക്കാള്‍, ജാഗരൂകനായി മിന്നല്‍ നീക്കങ്ങള്‍ നടത്തി, പ്രതിരോധത്തെ കബളിപ്പിച്ചു, ഡ്രിബിള്‍ ചെയ്തു ഇരു കാലുകളിലും വട്ടം കറക്കി, ഹിഗ്വൈനും, ടെവെസിനും അവസരങ്ങളുണ്ടാക്കി കൊടുത്ത്, നിറഞ്ഞു കളിക്കുന്ന ശൈലി. അപാരമായ മെയ് വഴക്കത്തോടും, സൂക്ഷമതയോടും കൂടി കളി നിയന്ത്രിക്കാനുള്ള മികവു. തന്റെ പൂര്‍വികര്‍ ഇറ്റലിയില്‍ നിന്നായത് കൊണ്ട് മെസ്സിക്ക് പലപ്പോഴും, അവിടെ കളിക്കാനും, 'അസൂരിക്ക്' വേണ്ടി ജേഴ്സിയണിയാനുമുള്ള ക്ഷണം ആവോളമുണ്ടായിട്ടും, മെസ്സി അര്‍ജന്റീനക്ക് വേണ്ടി കളത്തിലറങ്ങാനാണ് യത്നിച്ചത്. അങ്ങനെ 2005-ലെ അണ്ടര്‍-20 ലോക കപ്പില്‍ അര്‍ജന്റീനക്ക് കിരീടം നേടി കൊടുത്ത്, ഒരു യുവ പ്രതിഭയായി മെസ്സിയുയര്‍ന്നു. ആ ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ബോളും, ബൂട്ടും മെസ്സിക്കായിരുന്നു. അതിന്റെ ചുവടു പിടിച്ചു, തന്റെ പതിനെട്ടാം വയസ്സില്‍ അതെ വര്‍ഷം ഹംഗറിക്കെതിരെ അര്‍ജന്റീനയുടെ സീനിയര്‍ ടീമില്‍ ഇടം നേടി, തന്റെ അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിച്ചു. 2006-ല്‍ ജര്‍മനിയില്‍ അരങ്ങേറിയ ലോക കപ്പ് ടീമില്‍ ഇടവും നേടി. ഐവറി കോസ്ടിനെതിരെയുള്ള ആദ്യ കളിയില്‍ ബെഞ്ചിലിരുന്ന മെസ്സിയെ, പക്ഷീലകാന്‍ ജോസേ പെകെര്‍മാന്‍ അടുത്ത കളിയില്‍ സെര്‍ബിയ-മോണ്ടിനീഗ്രോക്കെതിരെ പകരക്കാരനായി ഇറക്കി. മാക്സി റോഡ്രിഗസിനു പകരമായി ഇറങ്ങിയ മെസ്സി, അങ്ങനെ, ലോക കപ്പ് ചരിത്രത്തില്‍ അര്‍ജന്റീനയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. ആ കളിയില്‍, വളരെ കുറച്ചു നേരത്തേക്ക് മാത്രമാണ് മെസ്സി കളിചെന്തെങ്കിലും, ഹെര്‍നാന്‍ ക്രെസ്പോക്ക് ഒരു ഗോള്‍ സഹായിക്കുകയും ചെയ്തു. കൂടാതെ, അതിലെ അവസാനത്തെ ഗോള്‍ മെസ്സി അടിച്ചു, അര്‍ജന്റീനയുടെ സമ്പൂര്‍ണാധിപത്യം സ്ഥാപിക്കുകയും ചെയ്തു. മറുപടിയില്ലാത്ത എട്ടു ഗോളുകള്‍ക്കാണ് സെര്‍ബിയ അര്‍ജന്റീന അന്ന തകര്‍ത്തത്. അന്ന് മുതല്‍ തന്നെ, മെസ്സി അര്‍ജന്റീനിയന്‍ ഇതിഹാസം, മറഡോണയുടെ പിന്‍ഗാമിയായി മാധ്യമങ്ങളും, കളി നിരൂപകരും വാഴ്ത്താന്‍ തുടങ്ങിയിരുന്നു. ഇതിനു ശേഷം 2007-ലെ കോപ അമേരിക്കയിലും, 2008-ലെ ബീജിംഗ് ഒളിമ്പിക്സിലും, മെസ്സിയുടെ വിസ്മയങ്ങള്‍ കളിയാടി. കോപ അമേരിക്കയില്‍ ബ്രസീലിനോട് പരാജയപ്പെട്ടെങ്കിലും, ഒളിമ്പിക് സ്വര്‍ണം നേടാന്‍ അര്‍ജന്റീനക്ക് കഴിഞ്ഞു. പലപ്പോഴും വമ്പന്‍ ടീമുകള്‍ ഒളിമ്ബിക്സിനോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചിട്ടുള്ളത്. അത്കൊണ്ട് ബാര്‍സലോണ ആദ്യം വിലക്കിയെങ്കിലും, മെസ്സിയുടെ ശാട്യത്തിന് വഴങ്ങി, അനുവാദം നല്‍കേണ്ടി വന്നു. രാജ്യത്തിന് വേണ്ടിയുള്ള കര്‍ത്തവ്യം, ക്ലബ്ബിനു മുകളില്‍ വെക്കുന്ന ഈയൊരു വിശേഷണവും, മെസ്സിയെ സമകാലിക താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.
2009-ല്‍, വെനിസ്വേലക്കെതിരെയുള്ള ഒരു ലോക കപ്പ് ക്വളിഫൈയറിലാണ് മെസ്സിക്ക് ആദ്യമായി, സീനിയര്‍ വിഭാഗത്തില്‍ പത്താം നമ്പര്‍ ജേഴ്സി ലഭ്ക്കുന്നത്. മറഡോണ സ്വന്തമാക്കിയ, ഒരു കാലയളവില്‍ അര്‍ജന്റീനയുടെ ഫുട്ബോള്‍ ഫെഡറേഷന്‍ മരവിപ്പിച്ച പത്താം നമ്പര്‍ ജേഴ്സി. ഫുട്ബോള്‍ ഇതിഹാസം അര്‍ജന്റീനയുടെ പരിശീലകനായി ചുമതല ഏറ്റെടുത്തതോടെ മെസ്സിയും, മറഡോണയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴമേറിയതായി. ആ ഗുരു ശിഷ്യ ബന്ധം അര്‍ജന്റീനയുടെ ഫുട്ബോള്‍ ചരിത്രത്തില്‍ പുതുമയുമായിരുന്നു. മറഡോണ തന്നെ സ്വയം മെസ്സിയെ തന്റെ പിന്‍ഗാമിയായി അവരോധിക്കുകയും ചെയ്തു. 2010 ലോക കപ്പ് സ്വപ്നങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചെങ്കിലും, മെസ്സിക്ക് ടീമിനെ ക്വാര്‍ട്ടറിന് അപ്പുറം കടത്താനായില്ല. ജര്‍മനിയോട് അടി പതറി വിട വാങ്ങി അര്‍ജന്റീന മടങ്ങിയപ്പോള്‍, മറഡോണയുടെ പരിശീലക ജോലിയും അവസാനിച്ചു. ഒരു പക്ഷെ, ആ പരാജയത്തിനു കാരണം ഒരു തന്ത്ര പാളിച്ചയാണെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. പറന്നു കളിക്കുന്ന, മെസ്സിയെ തളച്ചാല്‍, പിന്നെ മുന്നോട്ടുള്ള അര്‍ജന്റീനയുടെ ആക്രമണങ്ങളെ ചെറുക്കാനാകുമെന്നു, ജര്‍മന്‍ കോച് ജോകിം ലോയുടെ വിലയിരുത്തല്‍ തീര്‍ത്തും ശരിയായി. മെസ്സിയുടെ മേലുള്ള അധികാശ്രയം വിനയാകുകായായിരുന്നു. തന്ത്രങ്ങള്‍ ഒരു കളിക്കാരനെ ചുറ്റി-പറ്റി മെനയുമ്പോള്‍, അത് വിഫലമാക്കാനുള്ള സാധ്യതകള്‍ അതിനൊപ്പം ഒളിഞ്ഞു കിടക്കുന്നതും സ്വാഭാവികം. ഇത്തരത്തില്‍ ഒരു തന്ത്രം, മെസ്സിയുടെ മേലുള്ള സമ്മര്‍ദ്ദത്തെയും അധികരിച്ചു. മെസ്സിയുടെ പാത തടഞ്ഞതോടു കൂടി, മറ്റു മുന്‍ നിരക്കാര്‍ക്കു 'സപ്പ്ളയ്' മുറിക്കാനുമായി. അത് കൊണ്ട് ബാര്‍സലോണക്ക് വേണ്ടി കളിക്കുമ്പോഴുള്ള ഫോം, നാടിനു വേണ്ടിയിരങ്ങുബോള്‍, കളിക്കുമ്പോള്‍ അതെ രീതിയില്‍ വരുന്നില്ല എന്ന വാദത്തില്‍ ഒരു ചെറിയ വസ്തുതയുണ്ടെകിലും, അത് മൊത്തത്തില്‍ ശരിയല്ല. മേല്‍പ്പറഞ്ഞ തന്ത്രപാളിച്ചയാണ്, ഈ വാദത്തിനു ഒരു പരിധി വരെ ഉത്തരം നല്‍കുന്നത്.
എങ്കിലും ഇത്തരത്തിലുള്ള താല്‍കാലിക തിരിച്ചടികളൊന്നും, മെസ്സി എന്നാ പ്രതിഭയുടെ വീര്യം കുറക്കുകയില്ല. 2007-ലെ കോപ പരാജയത്തിനു പകരം വീട്ടാന്‍ ഈ വരുന്ന ജൂലായില്‍, സ്വന്തം മണ്ണില്‍ ആതിതേയത്വം വഹിക്കുന്ന അര്‍ജന്റീന ഇറങ്ങും. സെര്‍ജിയോ ബാറ്റിസ്റ്റ എന്ന പരിശീലകന്‍ ചാലിപികുന്ന ടീം കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുമില്ല. മെസ്സി ഒരിക്കല്‍ കൂടി തന്‍റെ മാന്ത്രികത്വം പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയിറങ്ങും. അത് കൂടാതെ രണ്ടു വട്ടം തുടര്‍ച്ചയായി, ഫിഫയുടെ ലോക ഫുട്ബോളറായ ഈ താരത്തിന്റെ ദൂര കാഴ്ച അയല്‍ രാജ്യവും, ചിരവൈരാളികള്‍, ബ്രസീല്‍ ആതിതേയത്വം വഹിക്കുന്ന 2014-ലെ ലോക കപ്പ് തന്നെ. തന്‍റെ ഫുട്ബോള്‍ ജീവിതം കഴിയും വരെ പ്രൊഫഷണല്‍ ലീഗില്‍ ബാര്‍സലോണക്ക് വേണ്ടി മാത്രമേ കളിക്ക് എന്ന് കൂടി മെസ്സി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി വരാനിരിക്കുന്ന നാളുകള്‍ മെസ്സി എന്ന പ്രതിഭയുടെ, ഫുട്ബോള്‍ ചരിത്രത്തിലെ 'പാന്‍തിയോണിലേക്കുള്ള' പ്രയാണത്തിന്റെതാണ്. കൊടുമുടികള്‍ ഇനിയും കീഴടക്കാന്‍, മെസ്സിയുടെ യാത്ര വിശ്രമമില്ലാതെ തുടരുന്നു. ഈ കുറിപ്പ് അവസാനിപിക്കുമ്പോള്‍, ഓര്‍മ്മ വരുന്നത് കഴിഞ്ഞ ലോക കപ്പ് കാലത്ത് പ്രചരിച്ച ഒരു ഫലിതമാണ്:
ക്രിസ്ടിയാണോ റൊണാള്‍ഡോ: "ഫുട്ബോള്‍ കളിക്കാനാണ്, ദൈവം എന്നെ ഭൂമിയിലേക്ക് അയച്ചത്"....
മെസ്സി: " ഞാന്‍ ആരെയും അയച്ചിട്ടില്ല" !!



