ചൈന എങ്ങോട്ട്?: മൂന്നാം പ്ലീനത്തിലൂടെ ഒരു എത്തി നോട്ടം
P.K.Anand
Research Assistant
Institute of Chinese Studies, Delhi
ഇക്കഴിഞ്ഞ നവംബർ 9-12 നടന്നു സമാപിച്ച ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മൂന്നാം പ്ലീനം വളരെയേറെ ശ്രദ്ധയാകർഷിക്കുകയും, ചർച്ച ചെയ്യപെടുകയും ചെയ്യ്തിരുന്നു. ചൈനയിൽ ഷീ ചിൻപിംഗ് -ലീ കചിയാങ്ങ് എന്നിവരുടെ സാരഥ്യത്തിൽ പുതിയ നേതൃത്വം അധികാരം ഏറ്റതിന് ശേഷം നടക്കുന്ന ഈ പ്ലീനത്തെ വളരെ സൂക്ഷ്മതയോടു കൂടിയാണ്, പുറം ലോകം നോക്കിക്കണ്ടത്. ഇന്ത്യയിൽ വേണ്ടത് പോലുള്ള, ശ്രദ്ധ ലഭിച്ചിലെങ്കിലും, പ്ലീനത്തിന്റെ ചില തീരുമാനങ്ങൾ ഇന്ന് ചർച്ചകൾക്ക് വഴിതെളിയിച്ചിട്ടുണ്ട്. മൂന്നാം പ്ലീനത്തിന്റെ തീരുമാനങ്ങളും, സാമ്പത്തിക പരിഷ്കരണങ്ങളും, അതിനെ സംബന്ധിച്ചു പുറത്തു വിടപ്പെട്ടിട്ടുള്ള രൂപ രേഖകളേയും, പറ്റി വിശകലനം നടത്തുന്നതിനു മുൻപ് ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സംഘടനാ ഘടനയെ പറ്റിയും, സംയോജന അടിസ്ഥാനത്തെ പറ്റിയും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, പാർട്ടിയുടെ പ്രവർത്തനത്തിൽ പ്ലീനത്തിന്റെ സ്ഥാനത്തെ പറ്റിയുള്ള അവബോധവും അനിവാര്യമാണ്.സമാന്തരമായി, ചൈനയുടെ കമ്മ്യുണിസ്റ്റ് പാർട്ടി-സ്റ്റേറ്റിന്റെ ചരിത്രത്തിൽ മൂന്നാം പ്ലീനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചില നിരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണ വ്യവസ്ഥിതിയും, മൂന്നാം പ്ലീനത്തിന്റെ സ്ഥാനവും:
എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളെയും പോലെ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും പ്രവർത്തിക്കുന്ന സംഘടനാ ചട്ടകൂട്, ലെനിനിസ്റ്റ് രീതിയിലും, ഓരോ അഞ്ചു വർഷത്തെ ഇടവേളയിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസ്സിലൂടെയുമാണ്. ഏക പാർട്ടി ഭരണ തന്ത്രത്തിൽ, പാർട്ടി കോണ്‍ഗ്രസ്സിലൂടെ, പാർട്ടി നേത്രുനിരയിലേക്കും, സെൻട്രൽ കമ്മിറ്റി-പോളിറ്റ് ബ്യുറോ-പോളിറ്റ് ബ്യുറോ സ്റ്റാൻഡിംഗ് കമ്മിറ്റി (P.B.S.C) എന്നിവയിലേക്കും തെരഞ്ഞെടുപ്പുലൂടെ പ്രതിനിധികളെ നിർണ്ണയിക്കപ്പെടുന്നു. അഞ്ചു വര്ഷം കഴിയുമ്പോൾ, പൊതുവെ ഈ നേതൃത്വത്തിൽ അൽപ്പം മാറ്റങ്ങൾ വരുത്തപ്പെടുമ്പോഴും, ഏറ്റവും പ്രധാനമായ പോളിറ്റ് ബ്യുറോ സ്റ്റാൻഡിംഗ് കമ്മിറ്റിയെ നിലനിർത്തുകയാണ് പതിവ്. അങ്ങനെ അടുത്ത അഞ്ചു വർഷത്തേക്ക് കൂടി, നേതൃ തുടർച്ചയുണ്ടാവുകയും, ഭരണവ്യവസ്ഥിതി സുഗമമായി മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കുകയും ചെയ്യുന്നു. മറു തലത്തിൽ, ഭരണം നടത്തുന്നത് സ്റ്റേറ്റ് കൗണ്‍സിൽ എന്നറിയപ്പെടുന്ന ക്യാബിനറ്റ് ആണ്. ഈ സ്റ്റേറ്റ് കൗണ്‍സിലിനെ തെരഞ്ഞെടുക്കുന്നത് നാഷണൽ പീപ്പിൾ കോണ്‍ഗ്രസ്സ് (N.P.C) ആണ്. എല്ലാ വർഷവും ഒരിക്കൽ സമ്മേളിക്കുന്ന ഈ സംഘടനയെ ചൈനയുടെ പാർലിമെന്റായി കരുതാം. പാർട്ടി കോണ്ഗ്രസ്സിനു ശേഷം തൊട്ടടുത്ത വർഷം മാർച്ച് മാസത്തിൽ എൻ.പി,സി യുടെ സമ്മേളനത്തിലാണ് പ്രസിഡന്റ്റ് (പാർട്ടിയുടെ ജനറൽ സെക്രട്ടറി), പ്രധാനമന്ത്രി അഥവ പ്രെമിയർ, മറ്റു മന്ത്രിമാരെന്നിവരെ തെരഞ്ഞെടുക്കുന്നത്. പാർട്ടിയുടെ മുദ്രയോടു കൂടിയാണ് ഈ തെരെഞ്ഞെടുപ്പുകളെങ്കിലും, ഈ രണ്ടു മേഖലകളും തമ്മില്ലുള്ള തരാം തിരിവ് മനസ്സിലാക്കിയേ തീരു; എന്തെന്നാൽ, രണ്ടു വിഭാങ്ങളെയും, കൂട്ടി കലര്ത്തി കാണുന്നതും, അത് വഴി ചില മിഥ്യാബോധങ്ങൾ ഉണ്ടാകുന്നതും സ്വാഭാവികമാണ്. പക്ഷെ ഇത്തരത്തിലുള്ള മിഥ്യബോധം, തെറ്റായ വ്യാഖ്യാനങ്ങൾക്ക് വഴി തെളിയിക്കുകയും ചെയ്യുമ്പോൾ, അവയെ ഒഴിവാക്കുക അനിവാര്യമാണ്. വികേന്ദ്രീകരണം ചൈനയുടെ മുഖമുദ്രകളിൽ ഒന്നായതിനാൽ, പാർട്ടിയുടെയും, ഭരണതന്ത്രത്തിന്റെയും ഈ വേർതിരിവും, ചട്ടകൂടുകളും, താഴെ തട്ടിലുള്ള, പ്രവിശ്യ-പ്രാദേശിക, ഉപ-പ്രാദേശിക തലങ്ങളിലും ബാധകമാകുകയും, അദ്ധ്യക്ഷാധിപത്യപരമായ രീതിയിൽ നടപ്പാക്കപെടുകയും ചെയ്യുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രധാന ഘടകമായ സെൻട്രൽ കമ്മിറ്റിയുടെ വാർഷിക സമ്മേളനത്തെയാണ് പ്ലീനം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയെയും, മറ്റു രാജ്യങ്ങളിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളെ അപേക്ഷിച്ച് അംഗ സംഖ്യയുടെയും, ഘടനയുടെയും വലിപ്പത്തിൽ മുൻപന്തിയിലുള്ള, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി വർഷത്തിൽ ഒരിക്കൽ മാത്രമേ സമ്മേളിക്കാറുള്ളൂ. ഏഴംഗ പോളിറ്റ് ബ്യുറോ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ്, ദൈനദിന ഭരണം കൈയ്യാളുന്നത്. കഴിഞ്ഞ വർഷം നവംബറിൽ സമാപിച്ച 18-പാർട്ടി കോണ്‍ഗ്രസ്സിൽ 205 അംഗങ്ങളെയും, 171 വൈകല്‌പിക അംഗങ്ങളെയും, സെൻട്രൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുകയുണ്ടായി. അവരാണ് ഈ പ്ലീനത്തിൽ, ചൈനയുടെ വിശാലമായ രാജ്യത്തിൻറെ നാനാ ഭാഗങ്ങളെയും പ്രതിനിധീകരിച്ചത്. ആദ്യത്തെ പ്ലീനം പാർട്ടി കോണ്‍ഗ്രസ്സിന്റെ അവസാനത്തിൽ ചേർന്ന് പുതിയ പോളിറ്റ് ബ്യുറോയേയും, പോളിറ്റ് ബ്യുറോ സ്റ്റാൻഡിംഗ് കമ്മിറ്റിയെയും തെരഞ്ഞെടുക്കുമ്പോൾ, രണ്ടാം പ്ലീനം പുതിയ ഭരണ നേതൃത്വത്തെ തെരഞ്ഞെടുക്കുന്ന, എൻ.പി .സി സമ്മേളനത്തിന് തൊട്ടു മുൻപ് ചേർന്ന് സ്റ്റേറ്റ് കൗണ്‍സിലിനെയും, ഭരണ ചക്രത്തിൻറെ മറ്റു വിഭാഗങ്ങളെയും തെരഞ്ഞെടുക്കുന്നു. ഭരണത്തിൻറെ ഒരു വർഷം പിന്നിടുമ്പോൾ ചേരുന്ന, പാർട്ടിയുടെ മൂന്നാം പ്ലീനമാണ് യഥാർത്ഥത്തിൽ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയുടെയും, രാഷ്ട്രീയ-ഭരണ ക്രമത്തിന്റെയും, വഴികാട്ടിയായി, മാർഗ്ഗനിർദ്ദേശങ്ങളും, നടപടി ക്രമങ്ങളും മുന്പോട്ടുവയ്ക്കുന്നത്. മാവോയുടെ മരണത്തിനു ശേഷം, ചൈനയുടെ ചരിത്രത്തിൽ മൂന്നാം പ്ലീനത്തിനു വലിയ പ്രാധാന്യമുണ്ട്. 1949-ൽ 'പീപിൾസ് റിപ്പബ്ലിക്കായി' പരിണമിച്ച വിപ്ലവത്തിനു ശേഷം, മൂന്ന് ദശാബ്ദത്തിലേറെയായി, രണ്ടാം വിപ്ലവമായി വിശേഷിപ്പിക്കപെടുന്ന, ഇപ്പോഴും നടപ്പിലുള്ള "പരിഷ്കാരങ്ങളും, തുറന്നു കൊടുക്കലിനും" (Reform and Opening Up; Gaige Kaifang in Chinese), 11-ആം സെൻട്രൽ കമ്മറ്റിയുടെ മൂന്നാം പ്ലീനത്തിലാണ്, നാഴിക കല്ലിടപ്പെട്ടത്. ഈ പ്ലീനത്തിലാണ്, ദെങ്ങ് ഷിയാഒപിങ്ങ് അധികാരത്തിലേറി, പാർട്ടിയുടെ സാരഥ്യം ഏറ്റെടുക്കുന്നത്. കൂടാതെ ചൈന തങ്ങളെ ഒരു "സോഷ്യലിസ്റ്റ് മാർക്കറ്റ്ഇക്കോണമിയായി" ഭരണഘടനയിൽ ഉദ്‌ഗ്രഥനം ചെയ്തതു, 14-ആം സെൻട്രൽ കമ്മറ്റിയുടെ മൂന്നാം പ്ലീനത്തിലാണ്. അങ്ങനെ കൃത്യമായി, ഏതു, മന്ത്രാലായം, എന്തൊക്കെ ചെയ്യണമെന്നു സൂക്ഷമമായി രേഖപെടുത്തില്ലെങ്കിലും, വിസ്‌തൃതമായ ഒരു നയരേഖയായൊ, രൂപരേഖയായൊ മൂന്നാം പ്ലീനത്തെ സ്വതവേ കാണാവുന്നതാണ്.
ചൈനയുടെ സാമ്പത്തിക കുതിപ്പും, കിതപ്പും-മൂന്നു ദശാബ്ദത്തിനു മേൽ ഒരു എത്തി നോട്ടം:
സാംസ്കാരിക വിപ്ലവം എൽപ്പിച്ച അസ്ഥിരതയുടെയും, അസന്തുലിതാവസ്ഥയുടെയും, നിഴലിലാണ്, ദെങ്ങ് ഷിയാഒപിങ്ങ് 1978-നു ശേഷം, പരിഷ്കാരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഭരണ രംഗത്തിൻറെ നിര്‍ണ്ണായകമായ എല്ലാ ഭാഗങ്ങളെയും വലയം ചെയ്തെങ്കിലും, സാമ്പത്തിക മേഖലക്കാണ് മുഖ്യമായും ഊന്നൽ നൽകപ്പെട്ടത്. "നദി കടക്കുമ്പോൾ, കല്ലുകളെ തൊട്ടറിയുക" (Crossing the River by Feeling the Stones) എന്ന സ്വദേശ പഴമൊഴിയെ ആധാരമാക്കി കരുതലും, സൂക്ഷമതയും കോർത്തിണക്കിയ ഒരു ക്രമാഗതമായ, വികസന പ്രക്ഷ്യേപ്യപഥമാണ്, പരിക്ഷ്കരണങ്ങളുടെ ഭാഗമായി ചൈനീസ് പാർട്ടി-സ്റ്റേറ്റ് നടപ്പാക്കിയത്. നിക്ഷേപങ്ങൾക്കായി "വാതിൽ തുറന്നു" കൊണ്ടും (Open Door), ആസൂത്രണ മാതൃകയ്ക്ക് പുറമേ വേറൊരു മേഖലക്ക് കൂടി സ്ഥാനം നൽകിയും, വളര്ച്ച മുരടിപ്പിനെ തരണം ചെയ്തു പോകാനുള്ള നടപടികൾ സ്വീകരിച്ചും, ചൈന മുന്നോട്ടോടിയത്. വിപണിയെ ഒരു വിരോധാഭാസമായി കാണാതെ, അതിനെ ഭരണകൂടത്തിന്റെ മറ്റൊരു ബിന്ദുവായി കണക്കാക്കി, ഒരു തരം ദ്വിവിധ ചരണപഥമാണ് രാജ്യം കൈകൊണ്ടത്. ദെങ്ങ് ഷിയാഒപിങ്ങിനൊപ്പം, സാമ്പത്തിക കാര്യങ്ങളുടെ സാരഥിയായ ചെൻ യുൻ ഈ ഒരു ബന്ധത്തെ ഉപമിച്ചത് "കൂട്ടിലെ കിളിയുമായാണ്" (Bird in the Cage). അതായത് വലിയൊരു കൂടായി സ്റ്റേറ്റും, കിളിയായി വിപണിയും. അങ്ങനെ വരുമ്പോൾ, വിപണിക്ക് വഴക്കവും, അയവും നൽകുമെങ്കിലും, അതിനെ ഭരണകൂടത്തിൻറെ അതിർവരമ്പുകൾക്കുള്ളിൽ നിർത്തണമെന്നാണ് കാതലായ വസ്തുത. വ്യവസായവൽക്കരണവും, നഗരവത്‌കരണവും ഇരു പ്രധാന ലക്ഷ്യങ്ങളാക്കി കൊണ്ടാണ് ചൈനയുടെ വികസനം മുന്നോട്ടു നീങ്ങിയത്.
1980-കളിലും, 1990-കളിലും, 'ഒരടി മുന്നോട്ടും, രണ്ടടി പിറകോട്ടും വച്ചു' ചൈന പരിഷകരണങ്ങൾ നിതാന്തം തുടർന്ന് കൊണ്ടേയിരുന്നു. നിക്ഷേപങ്ങളെ സ്വീകരിക്കാൻ അഞ്ചു പ്രത്യേക സാമ്പത്തിക മേഖലകൾ (SEZs) തുറന്നും, തൊഴിൽ മേഖലയില പ്രമുഖമായ പൊതു മേഖലാ സ്ഥാപനങ്ങളിൽ പരിഷ്കരണങ്ങളും, കരാർ വ്യവസ്ഥയും കൊണ്ട് വന്നു, നികുതി സമാഹരണത്തിൽ മാറ്റങ്ങൾ കൊണ്ട് വന്നും പരിഷ്കാരങ്ങളുടെ പുതിയ തലങ്ങളിലേക്ക് ചൈന കുതിപ്പുകൾ നടത്തിപോന്നെങ്കിലും, കിതപ്പുകളും ദൃശ്യമായി തുടങ്ങി. സമ്പദ് വ്യവസ്ഥയുടെ അതിതാപനം അവസ്ഥാന്തരപെട്ടപ്പോൾ, ഉള്ളിൽ പതിയിരുന്ന പല മറു വശങ്ങളും സജീവമായി. 1989-ലെ ടിയനാന്മൻ സംഭവവും, കുറച്ചു കാലത്തെ ശമനവും നില നിന്നപ്പോഴും, ജി.ഡി.പി വളർച്ചയും, വികസനവും തടസപ്പെടരുതെന്ന അന്തര്‍ഭവിച്ചിരിക്കുന്ന ധാരണ ശക്തമായി ഭരണാധികാരികൾ പിന്തുടരുകയാണുടായത്. എന്നാൽ കാലക്രമേണ വളർച്ചയുടെ ഈ തിളക്കത്തിന് മീതെ അരിമ്പാറകളും അനുദിനം വർദ്ധിക്കുകയും, നേതൃത്വത്തെ ഒരു പുനര് ചിന്തനക്ക് പ്രേരിപ്പിക്കുകയും ചെയ്തു. ഇവ പലതും, ഇന്നും രാജ്യത്തിന്റെ വെല്ലുവിളികളായി തുടരുന്നു. വരുമാന-സ്ഥലസംബന്ധിയായ അസമത്വം, തൊഴിൽ തർക്കങ്ങളും, കൃഷി ഭൂമി വാണിജ്യാവശ്യങ്ങൾക്കായി ഏറ്റെടുക്കുന്നത് സംബന്ധിച്ചു ജനങ്ങളുടെ എതിർപ്പുകളും, പരിസ്ഥിതി മലിനീകരണം, അഴിമതി എന്നിവ വളരെയേറെ വെള്ളിവിളികൾ ഉയർത്തുന്നവയാണ്.
വിലകുറഞ്ഞ തൊഴിലിൽ അധിഷ്ടിതമായ, കയറ്റുമതികളിലൂടെയും, കുറഞ്ഞ വിലയുള്ള ബാങ്ക് മുതൽമുടക്കിലൂടെയും, ഭരണകൂടത്തിന്റെ ആന്തരഘടന സ്ഥാപിച്ചു കൊണ്ടുമാണ് ചൈനയുടെ വളർച്ചാ യന്ത്രം ചലിച്ചു കൊണ്ടിരുന്നത്. കൂടാതെ, റിയൽ എസ്റ്റേറ്റ് മേഖലയുടെ കുതിച്ചു ചാട്ടവും, അതിലൂടെ നിർമ്മിതമാകുന്ന ഊഹക്കച്ചവടവും, അതിന്റെ ഒപ്പമുള്ള കുമിളകളും, ഗുരുതരമായി ചൈനയെ ബാധിക്കുകയാണുണ്ടായത്. അങ്ങനെയുള്ള സാഹചര്യത്തിലാണ്, തങ്ങളുടെ രണ്ടാം കാലാവധിയിൽ ഹു ജിൻറാവോ-വെൻ ജിയബാവോ നേതൃത്വം "പൊരുത്തമുളള/മൈത്രിനിറഞ്ഞ വികസനം" (Harmonious Development) എന്ന കാഴ്ച്ചപ്പാട് മുന്നോട്ടു വെക്കുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ അന്ധമായ ജി.ഡി.പി നിഹിതമായ വളർച്ചയിൽ നിന്ന് വ്യതിയാനിച്ചു, പുന:സമീകരണത്തിൽ ഊന്നി, പുനര്‍വിതരണത്തിൽ ശ്രദ്ധ ചെലുത്താൻ തീരുമാനമുണ്ടായി. അങ്ങനെ സാമ്പത്തിക ക്രമപ്പെടുത്തലിൽ നിന്നും, ജനങ്ങളുടെ സേവനത്തിനായി ക്രമപ്പെടുത്തലിലേക്ക് പാർട്ടി-സ്റ്റേറ്റ് മാറുകയും, ഒരു സമതുലിത വികസന കാഴ്ച്ചപ്പാടിലേക്കു, വന്നിറങ്ങുകയും ചെയ്തു. ഈ ഒരു ബൃഹത്തായ രൂപീകരണത്തെ ഉൾക്കൊണ്ടാണ്, കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ചൈന കയറ്റുമതി-ആധാരമാക്കിയ വളർച്ച മാതൃകയിൽ നിന്നും ഗാര്‍ഹിക ആവശ്യകതയിലേക്കും, ഉപഭോഗത്തിലേക്കും, ചുവടുമാറ്റത്തിനു പ്രാധാന്യം നല്കുന്നത്. ഈ പശ്ചാത്തലത്തിലാണ് 18-ആം സെൻട്രൽ കമ്മറ്റിയുടെ മൂന്നാം പ്ലീനം നടക്കുന്നത്. ഇതോടൊപ്പം തന്നെ പ്രതിഫലിക്കുന്നത്, ചൈനയുടെ ഭരണ വ്യവസ്ഥിതിക്കുള്ളിൽ നടക്കുന്ന ആശയ സംവാദങ്ങളും, ഭിന്നാഭിപ്രായങ്ങളുമാണ്. ഇത് പറയുന്നത്, ചൈനയെ ഒരു ഏകശിലാസ്‌തംഭമായി കാണുന്നവരുടെ മിധ്യബോധത്തെ, ഒന്ന് ഉലയിപ്പിക്കാനാണ്. മുതലാളിത്തത്തിന്റെ അംശങ്ങൾ ചൈനയുടെ പരിഷ്കാരങ്ങളിൽ സ്വൽപ്പം നല്ല രീതിയിൽ തന്നെ പ്രമാണമായി ഉണ്ടെങ്കിലും, മൊത്തത്തിൽ മലവെള്ളപാച്ചിലിൽ ഒലിച്ചു പോയി എന്ന മട്ടിലുള്ള നെഞ്ചത്തടിപ്പുകളെ, ഒന്ന് അല്പ്പവിരാമം ഇടേണ്ടതായിയുണ്ട്. ചൈനയുടെ ഭരണ വ്യവസ്ഥയിലെ അഭിപ്രായങ്ങളുടെയും, ചിന്തകളുടെയും, വൈവിധ്യത്തെ വിസ്മരിച്ചു കൂടാ.
18-ആം സെൻട്രൽ കമ്മറ്റിയുടെ മൂന്നാം പ്ലീനം:
കാതലായ സാമ്പത്തിക വിഷയങ്ങൾ:
നാല് ദിവസത്തെ പ്ലീനത്തിനിടയിൽ ചർച്ചകൾ എങ്ങോട്ട് പോകുന്നു എന്ന സൂചനകൾ ഒന്നും തന്നെ ദൃശ്യമായില്ലെങ്കിലും, മാറ്റത്തിൻറെ അലയൊലികൾ പുരാവൃത്തത്തിൽ വ്യക്തമായിരുന്നു. മുകളിൽ സൂചിപ്പിച്ചതു പോലെ, ഏതൊക്കെ വിഭാഗങ്ങൾ ഏതു രീതിയിലും, ഏതു ഗണത്തിലും പരിഷക്കരണങ്ങൾക്ക് ചുക്കാൻ പിടിക്കുമെന്ന് അക്കമിട്ടു നിരത്തിയിട്ടിട്ടിലെങ്കിലും, പൊതുവായുള്ള, വിസ്തൃതമായ ഒരു രൂപരേഖ പാർട്ടി -സ്റ്റേറ്റ് വെളിയിട്ടു. "പരിഷ്കാരങ്ങളെ കൂടുതൽ വ്യാപകമായി ആഴത്തിലാക്കുക" എന്ന തലക്കെട്ടോട് കൂടി വന്ന രൂപരേഖയുടെ വിശകലനം, നടത്തി, കാതലായ വിഷയങ്ങളെ നിരത്താമെങ്കിലും, യഥാർത്തത്തിൽ ഇവയുടെ വ്യവഹാരവും, പ്രയോഗവും, വരും നാളുകളിലെ കൂടുതൽ ഫലവത്തായി കാണാൻ സാധിക്കു. ഇതിനായി, പ്ലീനം ഒരു "ലീഡിംഗ് ഗ്രൂപ്പിനെ" തെരഞ്ഞെടിത്തിട്ടുമുണ്ട്.
രൂപരേഖയുടെ കാമ്പായ വിഷയം, കൂടുതൽ വിപണി-അടിസ്ഥിതവും, സ്‌പര്‍ദ്ധയുള്ളതുമായ സമ്പദ് വ്യവസ്ഥയുടെ നിര്മ്മിതിയാണ്. അതിനായി, സർക്കാരും, വിപണിയും തമ്മിൽ ഒരു യുക്തമായ ബന്ധത്തിന്റെ സ്ഥാപിക്കലാണ്. ഇതിൻറെ തുടർച്ചയെന്നോണം, ആവശ്യമുള്ളത് അടുത്ത നിലയിലുള്ള സാമ്പത്തിക വളർച്ചക്ക് സർക്കാരിതര മേഖലയെ, തിരിച്ചറിഞ്ഞും, അതിനു വേണ്ട പ്രോത്സാഹനം നൽകുകയും എന്നതാണ്. പ്രധാന മന്ത്രി ലീ കചിയാങ്ങ്, ഭരണം ഏറ്റെടുത്തത് മുതൽ, ഈ വിഷയത്തിൽ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഉദ്യോഗസ്ഥ ചുവപ്പ് നാടയെ മുറിച്ചുകൊണ്ട്, സർക്കാരിന്റെ ദൃഷ്‌ടികേന്ദ്രം, പൊതു വസ്തുക്കളുടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ്, ഇപ്പോൾ ചൈനീസ് പാർട്ടി -സ്റ്റേറ്റ് മുന്നോട്ടു വെക്കുന്നത്. അങ്ങനെ ആകുമ്പോൾ, അംഗീകാര പ്രക്രിയകളിൽ സർക്കാരിന്റെ പങ്കിനെ മിതമാക്കുകയും, വ്യവസായസ്ഥാപനങ്ങൾക്ക്, നിക്ഷേപ തീരുമാനങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം നൽകിയും, കേന്ദ്ര സർക്കാരിനെ അതിസൂക്ഷ്മ വിഷയങ്ങിൽ നിന്ന് ആവതും ഒഴിവാക്കി, ബൃഹത് സാമ്പത്തിക ഏകോപനത്തിനായി മാറ്റി നിർത്തുക എന്ന മൂല മന്ത്രമാണ്, ചൈന ഇന്ന് വ്യക്തമാക്കുന്നത്. നിക്ഷേപങ്ങൾക്ക് എതിരെയുള്ള ബാധകളെ വകഞ്ഞു മാറ്റിയും, പൊതുമേഖല സ്ഥാപനങ്ങളിൽ കൂടുതൽ പരിഷ്ക്കരണങ്ങൾ നടപ്പാക്കിയും, വില നിർണ്ണയത്തിൽ നിന്നും സർക്കാരിന്റെ ആവശ്യമില്ലാത്ത ഇടപെടലുകളെ കുറച്ചും മുൻപോട്ടു പോകാനാണ് ഇന്ന് ചൈനയുടെ ഭരണ നേതൃത്വത്തിന്റെ ഉറച്ച തീരുമാനം. വിഭവങ്ങളുടെ വിന്യാസത്തിന്, വിപണിക്ക് ഒരു നിര്‍ണ്ണായകമായ ഭൂമിക നൽകുന്നത് ഇതിന്റെ സുപ്രധാന ഘടകമാണ്. സ്വകാര്യ മേഖലക്കും, മിശ്രിത ഉടമസ്ഥാവകാശമുള്ള സ്ഥാപനങ്ങൾക്കും, സർക്കാരിതര കമ്പനികൾക്കും, നിർണ്ണായകമായ പങ്ക്, പ്ലീനം രേഖപെടുത്തുന്നുണ്ട്.
ചൈനയുടെ, വളർച്ചക്കും, കുതിപ്പിനും, ചുക്കാൻ പിടിക്കുന്നത്, പൊതു മേഖല സ്ഥാപനങ്ങളാണ് (State Owned Enterprises-SOEs). ഗതാഗതം, ഊർജ്ജം, ബാങ്കിംഗ്, ടെലികോം എന്നിങ്ങനെ സുപ്രധാന മേഖകളിലെല്ലാം വൻ കമ്പനികൾ സർക്കാർ സ്ഥാപനങ്ങളാണ്. ലോണുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിലും, ലാഭങ്ങൾ കൊയ്യുന്നതിലും, മുൻപന്തിയിൽ നിൽക്കുന്നത് ഈ പൊതുമേഖല സ്ഥാപങ്ങലാണ്. ഇവയിലെ ജീവനക്കാർക്കും, തൊഴിലാളികൾക്കും ഏറ്റവും മുന്തിയ ശമ്പളവും, അവകാശങ്ങളുമാണ് നിലവിലുള്ളത്. ഇതിനെ ചൊല്ലിയും, ഇവയുടെ കുത്തകാവകാശവത്തെ കുറിച്ചും, മാനേജർമാരുടെ ആഡംബരവും, പ്രൌഡിയും, പലപ്പോഴായി ചർച്ചകൾക്കും, സംവാധങ്ങല്ക്കും, വഴി തെളിയിച്ചിട്ടുണ്ട്. എന്ന് വേണ്ട, പലപ്പോഴും, 'ഭീമമായ വെള്ളാനകൾ' എന്നുപോലും നാമധേയം ചെയ്യപ്പെട്ട ഈ സ്ഥാപങ്ങൾ, പക്ഷേ ലാഭങ്ങളുടെ സിംഹ ഭാഗവും, സമൂഹത്തിനു നൽകുന്നത് വളരെ വിരളമാണ്. പിൻ വർഷങ്ങളിൽ പലപ്പോഴും പരിഷ്കരണങ്ങൾക്ക് വിധേയമായിട്ടുണ്ടെങ്കിലും, ഇവയെ തൊടാൻ മിക്കപ്പോഴും സർക്കാർ പ്രയാസങ്ങൾ നടത്തിയിട്ടെയില്ല. ഈ പശ്ചാത്തലത്തിലാണ്, ദേശീയ ബജറ്റിലേക്ക്, ഈ സ്ഥാപനങ്ങളുടെ ലാഭത്തിൻറെ 30 ശതമാനം 2030-നുള്ളിൽ നിക്ഷേപിക്കാൻ പ്ലീനം തീരുമാനിക്കുന്നത് (ഇപ്പോൾ ഇത് വെറും 0.4 ശതമാനമാണ്). ഇതിലൂടെ കേന്ദ്ര സർക്കാരിനു, വലിയ രീതിയിൽ ആവശ്യമുള്ള സമ്പത്തും ലഭ്യമാകുകയും, സമൂഹസുരക്ഷാ പദ്ധതികളുടെ വിസ്തീരണം സാധ്യമാകുകയും ചെയ്യും.
ചൈനയിൽ ഇന്ന് നിലനിൽക്കുന്ന പ്രധാന സാമ്പത്തിക പ്രശ്നങ്ങളിൽ ഒന്ന്, കേന്ദ്ര-തദ്ദേശ സർക്കാരുകൾ തമ്മിലുള്ള നികുതിപരമായ അസന്തുലിതാവസ്ഥയാണ്. പ്ലീനത്തിന്റെ റിപ്പോർട്ടിൽ, ഇതിനെ തിരിച്ചറിയുകയും, കേന്ദ്ര-തദ്ദേശ സർക്കാരുകളുടെ നികുതികളിൽ യുക്തിപരമായി പുനര്‍ഘടിക്കാനും നടത്താൻ ഊന്നൽ നല്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാരിൽ നിന്നും വൻ രീതിയിൽ വായ്‌പകൾ വാങ്ങി സാമൂഹ്യക്ഷേമം ഉൾപ്പടെയുള്ള പദ്ധതികൾ നടത്തിപോകുന്ന തദ്ദേശ ഭരണകേന്ദ്രങ്ങൾ, ഇന്ന് വലിയ രീതിയിൽ കടക്കെണിയിലാണ്. തദ്ദേശ സർക്കാരുകളുടെ നികുതിയും, ചെലവും തമ്മിലുള്ള പൊരുത്തകേടുകളാണ് ഈ വിഷയത്തിന്റെ കാതൽ. കേന്ദ്ര സർക്കാരിൽ നിന്നുമുള്ള ധനസഞ്ചയത്തിൻറെ ക്രമീകരണവും, തദ്ദേശ-കേന്ദ്ര സർക്കാരുകൾ തമ്മിലുള്ള ഉത്തരവാദിത്തങ്ങളുടെ പങ്കിടൽ മെച്ചപെടുത്തലും, ബജറ്റ് കൂടുതൽ സുതാര്യമാക്കലും എന്നിങ്ങനെയുള്ള പരാമർശങ്ങൾ റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നു. റിയൽ എസ്റ്റേറ്റ് സംരംബങ്ങളിലൂടെ, ഭൂമി ഇടപാടുകൾ വഴിയാണ് ഇന്ന് തദ്ദേശ സർക്കാരുകളുടെ ട്രഷറിയിൽ പ്രധാനമായും നികുതി നിറയുന്നത്. ഊഹാപോഹ അച്ചുതണ്ടിൽ കറങ്ങുന്ന ഈ ഇടപാടുകൾ പലപ്പോഴും, കൃഷിഭൂമിയും, പാര്‍പ്പിടങ്ങളും ഏറ്റെടുക്കുന്നതുമായി സംബന്ധിച്ച് തർക്കങ്ങൾക്കും. പ്രക്ഷോഭങ്ങൾക്കും തിരിതെളിയിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കാനായി, വസ്തു-ആസ്‌തികളുടെ മേലുള്ള നികുതികളെ വിപുലീകരിക്കാൻ പ്ലീനം നിർദേശിക്കുന്നുണ്ട്. വസ്തു-ആസ്തി നികുതികൾ നിലവിലുണ്ടെങ്കിലും, അവ ഇന്നും വലിയ രീതിയിൽ പ്രച്ചരിച്ചിട്ടില്ല. അവയുടെ വിസ്തീരണം വർദ്ധിപ്പിക്കുന്നതിലൂടെ സ്ഥായിയായ ഒരു വരുമാനം തദ്ദേശ സർക്കാരുകൾക്ക് ലഭ്യമാകും.
നിക്ഷേപങ്ങൾക്ക് മുന്നിലുള്ള മാർഗ്ഗ തടസ്സങ്ങൾ മാറ്റി, സ്പർദ്ധയ്ക്കും, അന്താരാഷ്‌ട്ര നിക്ഷേപങ്ങളെ ആനയിക്കാനും, ഈ പ്ലീനത്തിൽ തീരുമാനമായി. കൂടുതൽ മേഖലകളെ നിക്ഷേപങ്ങൾക്ക് തുറന്നിടാനും, സർക്കാർ അനുമതികൾ, ആവതും, ലഘൂകരിക്കാനും, ഒഴിവാക്കാനും, പ്ലീന നിർദ്ദേശങ്ങൾ ആവശ്യപ്പെടുന്നുണ്ട്. 1980-കളിൽ ആരംഭിച്ചു, അധികം വിശാലമാക്കതെ, നടപ്പാക്കിയ പ്രത്യേക സാമ്പത്തിക മേഖലകളുടെ തിരിച്ചുവരവിനും നാന്നി കുറിച്ചിട്ടുണ്ട്. ഷാങ്ങ്ഹായിൽ രണ്ടു മാസം മുൻപ്, ആരംഭിച്ച സ്വതന്ത്രവ്യാപാര മേഖല (Pilot Free Trade Zone) ഈ ആവശ്യം മുൻ നിർത്തിയാണ്. ചൈനയുടെ വികസന അനുഭവം ഓടിച്ചുനോക്കിയാൽ കാണാവുന്നത്, വഴികാട്ടി സംരഭങ്ങളുടെ (Pilot Projects) പ്രാധാന്യതയാണ്. രാജ്യത്തിൻറെ ചില പ്രദേശങ്ങളിലോ, നഗരങ്ങളിലോ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷം, അതിൻറെ വിജയ-പരാജയങ്ങളുടെ കണക്കു നോക്കിയാണ്, മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിക്കാറുള്ളതു. അതെ രീതിയിലാണ്, ഷാങ്ങ്ഹായിലെ സ്വതന്ത്രവ്യാപാര മേഖല മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നത്.
ഇതെല്ലാം കൂടാതെ പലിശ നിരക്കുകൾ ഉദാരമാക്കാനും, പുതിയ ഒരു ഡെപ്പോസിറ്റ് ഇൻഷുറൻസ് പദ്ധതി സ്ഥാപിക്കാനും, ബാങ്കിംഗ് മേഖലയിൽ, സ്വകാര്യ സംരംഭങ്ങൾക്ക് ചെറുതും ഇടത്തരം വലിപ്പവുമുള്ള സാമ്പത്തിക സ്ഥപാനങ്ങൾ കൊണ്ട് വരാനും, അനുമതികൾ ലഭ്യമായിട്ടുണ്ട്.
സാമൂഹിക പരിഷ്കരണങ്ങൾ:
ഈ ഇനത്തിൽ പ്രകടമായ പ്രധാന വിഷയം വർഷങ്ങളായി രാജ്യത്ത് നിലകൊള്ളുന്ന 'വണ്‍ ചൈൽഡ്' പോളിസിയിലെ മാറ്റമാണ്. ഇത് ബാധകമാകുന്നത് നഗരങ്ങളിൽ താമസിക്കുന്ന, ബഹു ഭൂരിപക്ഷം വരുന്ന ഹാൻ വംശജർക്കാണ്. ഇവരിൽ, മാതാപിതാക്കളിൽ, ഒരാൾ അവരുടെ കുടുംബത്തിലെ ഏക സന്താനമാണെങ്കിൽ, അവർക്ക് ഇപ്പോൾ രണ്ടു കുഞ്ഞുങ്ങളാവാം (നേരത്തെ, രണ്ടാമത്തെ കുഞ്ഞിനു, അർഹത നേടണമെങ്കിൽ, മാതാപിതാക്കൾ രണ്ടു പേരും അവരവരുടെ കുടുംബങ്ങളിൽ ഏക സന്താനമാവേണ്ടിയിരുന്നു. ഗ്രാമീണ മേഖലയിലും, ഹാനിതര ന്യൂനപക്ഷ സമുദായങ്ങൾക്കും, നേരത്തെ തന്നെ രണ്ടു കുഞ്ഞുങ്ങൾക്ക് അനുമതിയുണ്ടായിരുന്നു. ചൈന ഇന്ന് വലിയ രീതിയിൽ ഒരു ജനസംഖ്യ വെല്ലുവിളി നേരിടുകയാണ്. ജനസംഖ്യയിൽ ഏറ്റവും മുന്പിലുള്ള രാജ്യമായത് കൊണ്ട് അതിനെ നേരിടാൻ എടുത്ത നടപടിയാണ്, 3 0 വർഷത്തോളമായി നടപ്പിലുള്ള ഈ സാമൂഹ്യ പരീക്ഷണം.
സാമൂഹിക പരിഷ്കരണങ്ങൾ:
ഈ ഇനത്തിൽ പ്രകടമായ പ്രധാന വിഷയം വർഷങ്ങളായി രാജ്യത്ത് നിലകൊള്ളുന്ന 'വണ്‍ ചൈൽഡ്' പോളിസിയിലെ മാറ്റമാണ്. ഇത് ബാധകമാകുന്നത് നഗരങ്ങളിൽ താമസിക്കുന്ന, ബഹു ഭൂരിപക്ഷം വരുന്ന ഹാൻ വംശജർക്കാണ്. ഇവരിൽ, മാതാപിതാക്കളിൽ, ഒരാൾ അവരുടെ കുടുംബത്തിലെ ഏക സന്താനമാണെങ്കിൽ, അവർക്ക് ഇപ്പോൾ രണ്ടു കുഞ്ഞുങ്ങളാവാം (നേരത്തെ, രണ്ടാമത്തെ കുഞ്ഞിനു, അർഹത നേടണമെങ്കിൽ, മാതാപിതാക്കൾ രണ്ടു പേരും അവരവരുടെ കുടുംബങ്ങളിൽ ഏക സന്താനമാവേണ്ടിയിരുന്നു. ഗ്രാമീണ മേഖലയിലും, ഹാനിതര ന്യൂനപക്ഷ സമുദായങ്ങൾക്കും, നേരത്തെ തന്നെ രണ്ടു കുഞ്ഞുങ്ങൾക്ക് അനുമതിയുണ്ടായിരുന്നു. ചൈന ഇന്ന് വലിയ രീതിയിൽ ഒരു ജനസംഖ്യ വെല്ലുവിളി നേരിടുകയാണ്. ജനസംഖ്യയിൽ ഏറ്റവും മുന്പിലുള്ള രാജ്യമായത് കൊണ്ട് അതിനെ നേരിടാൻ എടുത്ത നടപടിയാണ്, 3 0 വർഷത്തോളമായി നടപ്പിലുള്ള ഈ സാമൂഹ്യ പരീക്ഷണം.
രാഷ്ട്രീയ പരിഷ്കരണങ്ങൾ - ഇന്നും കീറാമുട്ടി:
സാമ്പത്തിക മേഖലയിൽ വലിയ തോതിലും, സാമൂഹ്യ മേഖലയിൽ കുറഞ്ഞ രീതിയിലും, പരിഷ്കരണങ്ങൾ നടപ്പിലാക്കുമ്പോഴും, രാഷ്ട്രീയമായ പരിഷ്കരണങ്ങൾക്ക് ഇന്നും ചൈനയിൽ പച്ച കൊടി ലഭിച്ചിട്ടില്ല. നിയമ വാഴ്ച്ചയും, ഉയർന്നു വരുന്ന സാമ്പത്തിക വളർച്ചയുടെയും സാഹചര്യത്തിൽ, സ്വതന്ത്ര ജുഡിഷ്യറിക്കും, നിയമങ്ങൾക്കും വേണ്ടിയുള്ള സ്വരങ്ങൾ, ഒരൽപം കൂടി ഉച്ചത്തിലായിട്ടുണ്ട്. എന്നാൽ അങ്ങനെ ഒരു സ്ഥിതി സംജാതമായാൽ, ഏക പാർട്ടി ഭരണത്തെ നയിക്കുന്ന, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലയും, നിയമസാധുതയും, മറ്റും സംവാദത്തിനു വേദിയൊരുക്കും. ഈ സാഹചര്യത്തിൽ, പാർട്ടി കോണ്ഗ്രസ്സിനു ശേഷം ജനറൽ സെക്രടറി (പ്രസിഡന്റ്) ഷീ ചിൻപിങ്ങ് സാമാന്യം നല്ല രീതിയിൽ തന്നെ രാഷ്ട്രീയ പരിഷ്കരണങ്ങളെ കുറിച്ച് വാചാലനാണെങ്കിലും, അവയുടെ കൃത്യമായ രൂപത്തെ കുറിച്ച് ഇന്നും ആശങ്കകളും, അസ്വാരസ്യങ്ങളും നില കൊള്ളുന്നു.
ചൈന ഇന്ന് നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്നായ അഴിമതിക്കെതിരെ സന്ധിയില്ലാ സമരത്തിനു ഷീ ആഹ്വാനം നൽകുകയും, അത് നടപ്പിലാക്കുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം സമാപിച്ച 18-ആം പാർട്ടി കോണ്‍ഗ്രസ്സിൽ, ചൈനീസ് രാഷ്ട്രത്തിൻറെ നവവീര്യപ്രാപ്തി ഒരു സ്വപ്നമാക്കി കണ്ടു എല്ലാ പൗരന്മാരും ഒന്നിക്കാൻ ഷീ ആഹ്വാനം ചെയ്യുകയുണ്ടായി. അഴിമതിയും, ധൂർത്തും, അമിതത്വവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിച്ഛായക്കും, അതിലൂടെ നിയമസാധുതയ്ക്കും കോട്ടം വരുത്തുമെന്നും, ജനങ്ങളിൽ നിന്നും അകൽച്ച നേരിടുകയും ചെയ്യും എന്ന ആശങ്ക വലിയ അളവിൽ നിലനില്ക്കുന്ന ഒന്നാണ്. ഇതിനെ നേരിടാൻ, കഴിഞ്ഞ വർഷം അവസാന പോളിറ്റ്ബ്യുറോ, ആഡംബരത്തിനും, അമിതത്വത്തിനും എതിരായി നായ പരിപാടി തയ്യാറാക്കുകയും, താഴെ തട്ടിൽ വരെയുള്ള എല്ലാ പാർട്ടി ഉദ്യോഗസ്ഥർക്കും, നേതാക്കൾക്കും നിർദേശങ്ങൾ നൽകി, ഒരു വൻ പ്രചരണ പരിപാടി തന്നെ അഴിച്ചുവിട്ടിരുന്നു. ഇത് വഴി ആഡംബരമായ വിരുന്നുകൾക്കും, മുന്തിയ മദ്യത്തിനും, മീറ്റിങ്ങുകൾക്കുള്ള അലങ്കാരങ്ങൾക്കും, വിലയേറിയ വിമാന യാത്രകൾക്കും മറ്റും വിലക്കുകൾ വീണു. ഇതിൻറെ തുടർച്ചയായി ഈ കഴിഞ്ഞ മെയ് മാസം മുതൽ, പാർട്ടിക്കുള്ളിൽ ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന "മാസ്സ് ലൈൻ" (Mass Line) പ്രചാരണത്തിനു നേതൃത്വം തുടക്കം കുറിക്കുകയുണ്ടായി. മാവോയുടെ രാഷ്ട്രീയ സമരതന്ത്രമായ ഈ പ്രചരണം, ജനങ്ങളിലേക്ക് പാർട്ടി കൂടുതൽ വ്യപിക്കണമെന്നും, അവരുമായി ഒരു ജൈവമായ ബന്ധം സ്ഥാപിക്കണമെന്നുമാണ്, അടിവരയിടുന്നത്. ജനങ്ങളിൽ നിന്നുള്ള അകൽച്ചയും, അത് വഴി പാർട്ടിയുടെ മുഖം നഷ്ട്ടപെടുന്ന സ്ഥിതിവിശേഷവും, ദോഷമായെ, നേതൃത്വത്തെയും, പാർട്ടിയെയും ബാധിക്കു. ഈ ഷീ ചിൻപിങ്ങ് ഇന്ന് മാവോയുടെ പ്രചരണ തന്ത്രം പോഷിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്, പാർട്ടിയുടെ മുഖം മിനുക്കലും, മാവോയുടെ പാരമ്പര്യത്തിന്റെ യഥാർത്ഥ അവകാശി എന്നുള്ള നിയോഗവുമാണ്.
ചൈനയുടെ കുതിപ്പ് ഇന്ന് ലോകത്തെ അമ്പരിപ്പിക്കുമ്പോഴും, കുതിപ്പുകൾ വർദ്ധിക്കുമ്പോഴും, കണ്ണഞ്ചിപ്പിക്കുന്ന തിളക്കത്തോടൊപ്പം തന്നെ കാണേണ്ടത് മറു വശത്തെ അരിമ്പാറകളെയുമാണ്. നഗരവൽക്കരണം ഒരു പ്രധാന ഘടകമായി നടപ്പിലാക്കി, പുതിയ പുതിയ ഗ്രാമീണ പ്രദേശങ്ങളെ നഗരങ്ങളായി രൂപാന്തരം ചെയ്യുമ്പോഴും, കുടിയേറ്റം ഇന്നും ഒരു തീരാ പ്രശ്നമായി നിലയുറപ്പിച്ചിരിക്കുന്നു. 'മെഗാ സിറ്റി' നിർമ്മാണത്തിൽ നിന്നും, ടയർ-1, ടയർ-2, ടയർ-3 എന്നിങ്ങനെ ശാസ്ത്രീമായ നഗരവൽക്കരണത്തിലേക്ക് നീങ്ങുമ്പോഴും, ഉൾനാടുകളിൽ നിന്നും വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഇന്നും, ഹുക്കോ (Hukou) എന്നറിയപ്പെടുന്ന റെജിസ്ട്രെഷൻ കുരുക്കുകളിൽ, കെട്ടിപിണഞ്ഞു ഇപ്പോഴും 'ഒഴുകുന്ന ജന വിഭാഗമായി' നിലകൊള്ളുന്നു. ചുരുക്കത്തിൽ, ചൈനയുടെ നഗരവൽക്കരണം, ഇന്നും ഉൾപ്പെടുന്ന ഒന്നല്ല. അത് പോലെ, മലിനീകരണവും, അനിയന്ത്രിത ഭൂമി ഏറ്റെടുക്കലും, തൊഴിലാളി വിഷയങ്ങളും, പ്രക്ഷോഭങ്ങൾ അഴിച്ചുവിടുന്നുണ്ട്. സ്ഥിരതയും, സംസക്തിയും, മൈത്രിയും അടിവരയിടുന്ന പാർട്ടി-സ്റ്റേറ്റിനു, ഇത്തരം പ്രക്ഷോഭങ്ങൾ, ആശങ്ക നൽകുന്നവ തന്നെയാണ്. ഭരണ മാറ്റമൊന്നും, ഈ പ്രക്ഷോഭങ്ങളുടെ ലക്ഷ്യമല്ലെങ്കിലും, പൊതുവെ തദ്ദേശീയമാണെങ്കിലും, ഇവയെല്ലാം ഭരണകൂടത്തെ കാലറ്റത്തിലാണ് നിർത്തുന്നത്. സർക്കാരും, വിപണിയും തമ്മിൽ ഒരു പരസ്‌പര സ്‌തുത്യമായ ബന്ധമുണ്ടെന്നും, ഇരു വശങ്ങളും ഒന്നിനെ ഒന്ന് പ്രഭാവിക്കുന്നുണ്ടെന്നു, മൊത്തത്തിൽ ചൈനീസ് നേതൃത്വം,രണ്ടു പതിറ്റാണ്ടിലേറെ യായി ഭരണ-സമ്പദ് വ്യവസ്ഥയെ വിശേഷിപ്പിക്കുന്നത്. മുതലാളിത്തത്തിൽ നിന്നും അകന്നു, 'ചൈനീസ് മോഡൽ' സോഷ്യലിസം എന്നാണു ഇത് സ്വതവേ അറിയപ്പെടുന്നത്. കാലക്രമേണ സോഷ്യലിസം എന്നുള്ള ക്ലാസിക്കൽ ധാരണയിൽ ചൈന ഇന്ന് പെടില്ലെങ്കിലും, മുതലാളിത്തമാണെന്ന് പറഞ്ഞു കണ്ണടച്ച് തള്ളിക്കളയാനും, സാധ്യമല്ല. ഈ ഒരു വൈഷമ്യവും, സങ്കീര്‍ണ്ണതയുമാണ് ചൈനയെ സൂക്ഷമായി നിരീക്ഷിക്കുന്നവരുടെയും, വിശകലനം ചെയ്യുന്ന ഗവേഷകരുടെയും മുൻപിൽ ഉള്ള പ്രധാന പ്രതലം.
ഈ മൂന്നാം പ്ലീനത്തിന്റെ യഥാർത്ത ബലതന്ത്രം വരും നാളുകളിൽ, വിവിധ തീരുമാനങ്ങളിലും, സംരംഭങ്ങളിലും അനാവരണം ചെയ്യപ്പെടുമ്പോഴും, അവ എത്രത്തോളം സഫലമാകുമെന്നതു കാത്തിരുന്നു കാണേണ്ട ഒരു വസ്തുതയാണ്.
ഈ മൂന്നാം പ്ലീനത്തിന്റെ യഥാർത്ത ബലതന്ത്രം വരും നാളുകളിൽ, വിവിധ തീരുമാനങ്ങളിലും, സംരംഭങ്ങളിലും അനാവരണം ചെയ്യപ്പെടുമ്പോഴും, അവ എത്രത്തോളം സഫലമാകുമെന്നതു കാത്തിരുന്നു കാണേണ്ട ഒരു വസ്തുതയാണ്.
References:
Borst, Nicholas (2013), "Economic Reform in the Third Plenum: Balancing State and Market", China Brief, Volume 13, Issue 23, 22 November, URL: http://www.jamestown.org/single/?no_cache=1&tx_ttnews%5Btt_news%5D=41667&tx_ttnews%5BbackPid%5D=7&cHash=b27271870f6b674ed71a17d675a4a731#.Uo-6LLIayK1
CCP Central Committee Resolution concerning Some Major Issues in Comprehensively Deepening Reform-(Passed at the 3rd Plenum of the 18th Central Committee of the Chinese Communist Party on 12 November 2013), China Copy Right and Media, 15 November, URL: http://chinacopyrightandmedia.wordpress.com/2013/11/15/ccp-central-committee-resolution-concerning-some-major-issues-in-comprehensively-deepening-reform/
Overholt, William. H (2013), "China's Reforms in Theory and Practice", Project Syndicate, 15 November, URL: http://www.project-syndicate.org/commentary/william-h--overholt-examines-the-economic-and-political-implications-of-the-chinese-authorities--latest-market-oriented-changes