Pages

Friday, November 1, 2013

ഹിമാലയത്തിന്റെ ഇരു വശങ്ങളുടെയും 'ഹസ്തദാനം' എവിടെ വരെ?: ഒരു മൂല്യ നിർണ്ണയം

ഹിമാലയത്തിന്റെ ഇരു വശങ്ങളുടെയും 'ഹസ്തദാനം' എവിടെ വരെ?: ഒരു മൂല്യ നിർണ്ണയം
-----------------------------------------------------------------------------------------------------------

പി.കെ. ആനന്ദ്‌
  
റിസർച്ച് അസിസ്റ്റന്റ്‌ , 
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ്‌ സ്റ്റഡീസ്, ഡൽഹി  


പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ത്രി ദിന ചൈന സന്ദർശനം, ഇരു അയൽ രാജ്യങ്ങളെയും സംബന്ധിച്ച്  പ്രാധാന്യമർഹിക്കുന്നതാണ്.  1954-ൽ ചൗ എനലായി, ഇന്ത്യയിൽ വന്നതും, അത് പോലെ നെഹ്രു ചൈനയിലേക്ക് പോയതിനും ശേഷം, ഇതാദ്യമായാണ്, ഒരു നടപ്പ് വർഷത്തിൽ തന്നെ, ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ പരസ്പര സന്ദർശനങ്ങൾ നടത്തുന്നത്.
ചൈനയിൽ പുതിയ ഭരണമാറ്റത്തിനു ശേഷം, കഴിഞ്ഞ മെയ്‌ മാസത്തിൽ, ചൈനീസ് പ്രധാനമന്ത്രി ലീ കാചിയാങ്ങ്   നടത്തിയ ആദ്യ വിദേശ പര്യടനം ഇന്ത്യയിലേക്കായിരുന്നു എന്നുള്ളത്, എടുത്തുകാട്ടപെട്ട ഒരു വസ്തുതയാണ്. മൻമോഹൻ സിങ്ങിന്റെ ഈ സന്ദർശന വേളയിൽ ലഭിച്ച ആതിഥ്യ മര്യാതയുടെയും, വിരുന്നുകളുടെയും, ചൈനീസ്  കമ്മ്യുണിസ്റ്റ് പാർട്ടി സ്കൂളിലെക്ക് ക്ഷണിക്കപെട്ടു,  പ്രഭാഷണം നൽകിയതിന്റെയും, വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ ഒരു നയതന്ത്ര സന്ദർശനത്തെ നോക്കി കാണേണ്ടതും, വിലയിരുത്തേണ്ടതും,  ഇത്തരം മേമ്പോടികളുടെയും, പ്രതീകാത്മകതകളുടെയും, അപ്പുറത്തെ, പൊരുളിനെയും, സത്തയെയുമാണ്. അങ്ങനെ വരുമ്പോൾ, ഈ സന്ദർശനത്തിന്റെ പരിണാമങ്ങളും, ഗുണ-ഗണങ്ങളും, വരും നാളുകളിൽ, തെളിയുന്ന ഇതിന്റെ പ്രഭാവത്തെയുമാണ്, സൂക്ഷ്മതയോടു കൂടി നിരീക്ഷിക്കേണ്ടത്.           

വർഷങ്ങളായി നിലനിൽക്കുന്ന അതിർത്തി തർക്കത്തെയാണ്, ബഹുഭൂരിപക്ഷ  വേളകളിൽ, ഇന്ത്യ-ചൈന ബന്ധത്തിൻറെ ഉലച്ചിനായി കാരണം കാണിക്കപ്പെടുന്നത്. അതിർത്തിയുടെ പല സ്ഥലങ്ങളിലും,  ഇരു ഭാഗത്തും ഭിന്ന പരിപ്രേക്ഷ്യം  ഉള്ളതിനാൽ,  ഇതുവരെയുംരേഖ നിർണ്ണയം സാധ്യമായിട്ടില്ല. ഇത് കാരണം, പലപ്പോഴും, ഇരു സേനകളും, 'അതിക്രമണങ്ങൾ' നടത്താറുണ്ടെന്ന്, പരസ്പര വാർത്തകൾ വരാറുമുണ്ട്.കഴിഞ്ഞ മെയ്‌ മാസം, ലീ കാചിയങ്ങിന്റെ സന്ദർശന വേളയിൽ, ലഡാക്കിലെ ദെപ്സാങ്ങിൽ അരങ്ങേറിയ സംഭവം, ഒരു തരത്തിൽ, ബന്ധത്തിൽ ഉലച്ചിൽ വരുത്തുകയും, ചെയ്തിരുന്നു. ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ഒഴിവാക്കാനും, കൂടുതൽ പരസ്പര ധാരണയും, സംയോജനവും പ്രാവർത്തികമാക്കാനും ലക്ഷ്യം, വച്ച് അതിർത്തി പ്രതിരോധ സഹകരണ ഉടമ്പടി, ഇരു രാജ്യങ്ങളും ഒപ്പിട്ടു, ഔപചാരികമാക്കി. കുറച്ചു സമയമായി, ചൈനയുടെ ഭാഗത്ത് നിന്നും, ഇത്തരത്തിലൊരു ഉടമ്പടിക്കായി വാചാലത ഉണ്ടായിരുന്നെകിലും, ഇന്ത്യൻ ഭരണ ഭാഗത്ത് നിന്നും ആശങ്കകൾ നിറഞ്ഞു നിന്നിരുന്നു. കാരണം, അതിർത്തി മേഖലയിൽ, ചൈനയുടെ ഭാഗത്ത് ആന്തരഘടന കാലങ്ങളായി സുദൃഡവും, ബലിഷ്ഠവുമാണ്. എന്നാൽ, ഇന്ത്യയുടെ പ്രദേശത്തു, ഇത്തരത്തിലുള്ള ഘടന അതിന്റെ പ്രാരംഭഘട്ടത്തിലും. ആകയാൽ, ഒരു ഉടമ്പടിയിൽ ഒപ്പിട്ടു അടിവരയിട്ടാൽ, പിന്നെ എല്ലാം നിർത്തലാക്കേണ്ടി വരും എന്നത് ഒരു പ്രധാന ആശങ്കയായിരുന്നു. എന്നാൽ, ഇപ്പോൾ ഒപ്പിട്ട ഉടമ്പടിയിൽ, ഈ ഒരു പ്രശ്നത്തെ ഉൾപ്പെടുത്തിയിട്ടെയില്ല. 1993, 1996 മറ്റും, 2003 എന്നീ വർഷങ്ങളിൽ ഒപ്പിട്ട ഇത്തരം ഉടമ്പടികളുടെ ഒരു വിപുലീകരണമായി, ഈ ഉടമ്പടിയെ വ്യാഖ്യാനിക്കാം. ഈ ഉടമ്പടിയുടെ ഉള്ളടക്കത്തിൽ, അത്യാസന്നഘട്ടങ്ങളും, സംവേദിയായ പ്രശ്നങ്ങളെ , പരിഹരിക്കാനും, തരണം ചെയ്യാനും, നിർദ്ദേശങ്ങളും, പരിഹാരങ്ങളും, ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്‌. ഇതിന്റെ  ഭാഗമായി, ഇരു സൈന്യങ്ങളും തമ്മിൽ നിയുക്ത സ്ഥലങ്ങളിൽ കൂടുതൽ ഫ്ളാഗ് മീറ്റിങ്ങുകളും, ഇരു സൈനിക ആസ്ഥാനങ്ങളും തമ്മിൽ സാമയികമായ യോഗങ്ങൾ മറ്റും ടെലിഫോണ്‍ ഹോട്ട് ലൈൻ , ഇരുവരുടെയും സൈനിക  റോന്തുസംഘങ്ങളെ മറുഭാഗത്ത് നിന്നും തൊങ്ങാതെ ഇരിക്കുക, കൂടാതെ കഴിവതും, രണ്ടു ഭാഗത്ത്‌ നിന്നും അധികം ഇടപഴകൽ എന്നിങ്ങനെ പല കാര്യങ്ങളും മുന്നോട്ടു വെക്കപ്പെട്ടിട്ടുണ്ട്. പ്രത്യക്ഷത്തിൽ, ഇവയെല്ലാം പഴയ കുപ്പിയിൽ പുതിയ വീഞ്ഞെന്നു പറഞ്ഞു തള്ളിക്കളയാൻ, ദോഷദര്‍ശികൾക്കാവുമെങ്കിലും, ആത്തരത്തിലുള്ള കാഴ്ചപ്പാട് ഉദകുന്ന ഒന്നല്ല. പരസ്പര സഹകരണത്താലും, പക്വതയാലും അനിഷ്ട സംഭവങ്ങളും, ആശങ്കകളും, സന്ദേഹങ്ങളും ധൂരികരിക്കാൻ സാധിക്കും. ഈ ഉടമ്പടിയാൽ, കീറാമുട്ടിയായി കിടക്കുന്ന അതിർത്തി തർക്കത്തിനു ശാശ്വത പരിഹാരം കാണാൻ സാധിക്കില്ലെങ്കിലും, ഉഭയ കക്ഷി പ്രത്യേക പ്രതിനിധി ചർച്ചകളുടെ പാതയിൽ വരാവുന്ന വിഘ്നങ്ങളെ ഒരു പരിധി വരെയെങ്കിലും, പ്രതിരോധിക്കാൻ, ഇതാൽ സാധിക്കും.                                                                                                                                                
ഈ സന്ദർശനത്തിൽ ഒപ്പിടപെട്ട മറ്റു കരാറുകളിൽ, ഒന്ന് കഴിഞ്ഞ മെയ്‌ മാസത്തിൽ അംഗീകരിക്കപ്പെട്ട ഇതരദേശ അതിർത്തികൾക്കു കുറുകെ ഒഴുകുന്ന നദികളുടെ (ബ്രഹ്മപുത്ര ഉൾപ്പടെ) മേൽ സഹകരണവും, പരസ്പരം വെള്ളത്തിന്റെ ഒഴുക്ക്, വെള്ളപൊക്കം പോലുള്ള അവസരങ്ങളിൽ അത്യാഹിത വിഭാങ്ങളെ ഏകോപിക്കുക, എന്നിവയിലും ധാരണയായി. ഇന്ത്യക്ക് ആശങ്കകൾ നല്കുന്ന, ബ്രഹ്മപുത്ര നദിക്കു മേൽ (ചൈനയി,ൽ യർലുങ്ങ് സാങ്ങ്പോ), ചൈനയുടെ പ്രദേശത്തു നടക്കുന്ന പദ്ധതികളെ കുറിച്ച് വലിയ പരാമർശമൊന്നും ഇതിനകത്തില്ല. ഇന്ത്യയിലെ ഊർജ മേഖലയിൽ, ചൈനീസ്‌ നിർമ്മിത ഉപകരണങ്ങളുടെ ഉപയോഗത്തിനും, അവയുടെ കേടുപ്പോക്കുകൾ പരിഹരിക്കാനുള്ള സങ്കേതങ്ങൾ നിർമ്മിക്കാനുമായി, തന്ത്രപ്രധാന സാമ്പത്തിക സംഭാഷണത്തിന്റെ കീഴിൽ കരാർ ഒപ്പിടപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ, ഇരു രാജ്യങ്ങളും തമ്മിൽ ഉപരിതല ഗതാഗത മേഖലയിൽ സഹകരിക്കാനും, പ്രാചീന കലാത്തു പ്രസിദ്ധമായിരുന്ന, നളന്ദ സർവ്വകലാശാലയെ,  പുനരുദ്ധാരണം  ചെയ്യുന്നതിന്റെ ഭാഗമായി കൂട്ടായ്മകൾ സാർത്ഥകമാക്കാനും മറ്റും ഇരു രാജ്യങ്ങളുടെയും ദില്ലി-ബിജിംഗ്, കൊൽക്കത്ത-കുന്മിങ്ങ്, ബാംഗ്ലൂർ-ചെങ്ങ്ദു, എന്നിവയെ  സഹോദരി നഗരങ്ങളായി പ്രഖ്യാപിച്ചു, അഞ്ചു വർഷ കാലയളവിൽ, അവ തമ്മിൽ വിദ്യഭ്യാസം, സാംസ്കാരികം, യുവജന കാര്യം, സ്പോർട്സ്, പരിസ്ഥിതി, ഉൾപ്പടെയുള്ള മേഖലകളിൽ സഹകരണ ബന്ധങ്ങൾ സ്ഥാപിക്കാനും, ജന സമ്പർക്കം ഊട്ടി ഉറപ്പിക്കാനും തീരുമാനമായിട്ടുണ്ട്.


ഇന്ത്യ-ചൈന ബന്ധം: ആഴവും, വീതിയും അളക്കുമ്പോൾ 



തെരഞ്ഞെടുപ്പു ആസന്നമായിരിക്കെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ഈ കാലാവധിയിലെ, അവസാനത്തെ പ്രമുഖമായ സന്ദർശനമാണ്, സമാപിച്ചത്. മൊത്തത്തിൽ വീക്ഷിക്കുമ്പോൾ, മെയ്‌ മാസത്തിലെ ലീ കാചിയാങ്ങിന്റെ സന്ദർശനത്തിന്റെ തുടർച്ചയെന്നോളമായി വേണം ഇതിനെ കാണാൻ. അന്ന് നടന്ന ചർച്ചകളുടെയും, സംഭാഷണത്തിന്റെയും പല അംശങ്ങളും ഈ വേളയിൽ, തെളിഞ്ഞു കണ്ടിരുന്നു. എന്നാൽ ചില വിടവുകളും ദ്രശ്യമായി. അതിൽ പ്രധാനമായും നിറഞ്ഞു നിന്നത് സാമ്പത്തിക-വാണിജ്യ രംഗമാണ്. ഉഭയകക്ഷി ബന്ധത്തിൽ, ഇന്ത്യക്ക് പ്രതികൂലമായി നില കൊള്ളുന്ന വാണിജ്യ അസന്തുലിതാവസ്ഥയെ കുറിച്ച് ലീയുടെ സന്ദർശനത്തിൽ പരാമർശിക്കപെടുകയും, അതിനെ പരിഹരിക്കാൻ നടപടികൾ ഉണ്ടാകുമെന്നും, ഇന്ത്യൻ ഐ.ടി, ഔഷധ നിർമ്മാണ കമ്പനികൾക്ക്, ചൈനീസ്‌ വിപണയിൽ പ്രവേശിക്കുന്നതിന്, സുതാര്യതയും, സരളതയും കൊണ്ട് വരപ്പെടുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ഇത് ഈ സന്ദർശനത്തിൽ പ്രതിഫലിച്ചിട്ടില്ല. 66 ലക്ഷം കോടി വരുന്ന രണ്ടു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യം, 2015-ൽ 100 ലക്ഷം കോടി ആകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നും ചൈനയിലേക്ക് കയറ്റുമതി അധികവും അസംസ്കൃത വസ്തുക്കളും, ഇരുമ്പയിരുമാണെങ്കിൽ, അവിടിന്നിങ്ങോട്ടു ഇലക്‌ട്രാണിക്‌ വസ്തുക്കൾ മറ്റുമാണ്. സാമ്പത്തിക മേഖലയിൽ, ചൈനീസ്‌ നിക്ഷേപം പരിശോധിച്ചാൽ, സ്വകാര്യ കമ്പനികളുമായി (പ്രത്യേകിച്ച് ഊർജ്ജ മേഖലയിൽ; അതിലും റിലയൻസുമായി) പദ്ധതികൾക്ക് ആക്കം കൂടിയിട്ടുണ്ട്. എന്നാൽ പൊതു മേഖലയിലും, പ്രത്യേകിച്ച് ടെലികോം, ആന്തരഘടന എന്നീ മേഖലകളിലും, ചൈനീസ്‌ നിക്ഷേപത്തോട് ഇന്നും എതിര്പ്പ് നില നില്ക്കുന്നുണ്ട് (ഇതിൽ, കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും കാര്യമായ ഉദാഹരണം, വിഴിഞ്ഞം തുറമുഖ പദ്ധതിയാണ്. ഇരു ഭാഗത്ത് നിന്നും നീക്ക്പോക്കുകളും, അയവുകളും വരുത്താതെ, സമതുലനാവസ്ഥ സ്ഥാപിക്കാൻ ബുദ്ധിമുട്ടാണ്. ഇതിനുതകുന്നതും, കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള അകൽച്ച  കുറയ്ക്കുന്നതിനുമുള്ള, ഒരു പ്രധാന ഘടകമാണ്, ഉദാരചിത്തമായ വിസ ശാസനം. ഇത് സംബന്ധിച്ച് ഒരു ഉടമ്പടി ഈ സന്ദർശനത്തിൽ വളരെയേറെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ, അരുണാച്ചൽ പ്രദേശിൽ നിന്നുള്ള കായിക താരങ്ങൾക്ക് പാസ്പോർട്ടിൽ വിസ ഒട്ടിക്കാതെ സ്റ്റാപ്പിൾ ചെയ്തു കൊടുത്ത, സംഭവം, ഈ ഉടമ്പടിക്ക് മേൽ കരിനിഴൽ വീഴ്ത്തി. അരുണാച്ചൽ, ഇന്ന് ഇരു രാജ്യങ്ങളുടെയും ഇടയിൽ ഒരു തർക്ക വിഷയമാണ്. ചൈനയുടെ ഭാഗത്ത് നിന്നും കുറച്ചു വ്യതസ്തമായ രീതിയിലും, അൽപ്പം കൂടി സൂക്ഷ്മതയോടും ഈ വിഷയത്തെ കൈകാര്യം ചെയ്യണമായിരുന്നു. എന്നിരുന്നാലും, ഇന്ന് വസ്തുതകൾ പരിശോധിച്ചാൽ, അവ ചില  അനിഷേധ്യമായ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. വ്യാപാരം മറ്റും വിനോദസഞ്ചാര മേഖലകളിൽ, ചൈനീസ്‌ അതിപ്രസരമാണ് ഇന്ന് ലോകം കാണുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ, ആ പ്രയോജനങ്ങൾ ഇന്ത്യയിലേക്കും എത്തണമെന്നുള്ളത് ഒരു ന്യായമായ ആവശ്യമാണ്‌. കൂടാതെ ചൈനീസ്‌ നിക്ഷേപങ്ങളെ സ്വീകരിക്കാനും ഇന്ന് സർക്കാർ തലങ്ങളിൽ. പൊതുവെ ഒരു ധാരണയും ഉരുത്തിരിഞ്ഞിട്ടുണ്ട്. അത് കൊണ്ട്, ബിസിനസ്സ് വിസയുടെ കാലാവധി ആര് മാസം മുതൽ, ഒരു വർഷമാക്കാനും, മൾട്ടി-എൻട്രി സുതാര്യമാക്കാനും, 'പ്രോജക്റ്റ് വിസകളിൽ'  ആഭ്യന്തര മന്ത്രാലയത്തിൻറെ സുരക്ഷ പരിശോധനകൾ 30 ദിവസമായി ചുരുക്കാനുമുള്ള പദ്ധതികൾ അണിയറയിൽ നിന്നും അരങ്ങിലേക്ക് വരേണ്ടിയിരിക്കുന്നു. ഇന്ന് ലോകത്തിലെ പല ഭാഗങ്ങളിലും, ഉയർന്നു വരുന്ന വിനോദസഞ്ചാരികളിൽ, മുൻപന്തിയിൽ നിൽക്കുന്നത് ചീനക്കാരാണ്.  ആകയാൽ, ഈ മേഖലയിൽ, ആളുകളെയും, ഒപ്പം വരുമാനവും, ആകർഷിക്കാൻ പറ്റിയ അവസരങ്ങൾക്ക് സുതാര്യമായ വിസ നിയമങ്ങൾ ഒരു മുതൽകൂട്ടാണ്. സമാന്തരമായി, ഇന്ത്യൻ ഐ.ടി. മേഖലകളിലെ പ്രൊഫെഷനലുകൾക്ക്, വിസകളുടെ കാര്യങ്ങൾ നല്ല രീതിയിൽ, ലളിതമാക്കേണ്ടതുമുണ്ട്. 


1962-അതിർത്തി യുദ്ധമേൽപ്പിച്ച മരവിപ്പിൽ നിന്നും, ഇന്ത്യ-ചൈന ബന്ധങ്ങൾ കാതങ്ങൾ താണ്ടിയിട്ടുണ്ടെങ്കിലും,പരസ്പരം സംശയത്തിൻറെയും, അവിശ്വാസത്തിന്റെയും നിഴലുകൾ, ഇന്നും പല ദിക്കിലും നില കൊള്ളുന്നുണ്ട്. ഇന്ത്യയും, ചൈനയും തമ്മിലുള്ള സമ്പർക്കങ്ങളും, ഇടപാടുകളും ഇന്ന്, ഉഭയകക്ഷി, പ്രാദേശികം മറ്റും ബഹുമുഖം എന്ന മൂന്നു തലങ്ങളിലാണ്. ഈ മൂന്നു തലങ്ങളിലും സംശയത്താലും, സ്പർധയാലും, വിടവുകളും, പോരായ്മകളും നിലനിൽക്കുന്നുണ്ട്. രണ്ടു വളർന്നു വരുന്ന, വികസ്വര രാജ്യങ്ങൾ എന്ന കണക്കിൽ ഇരുവരും തമ്മിൽ, വിഭവങ്ങൾക്കായും, വിപണികൾക്കായും, ഉയർന്ന രീതിയിൽ മത്സരവും സ്വാഭാവികമാണ്. എന്നാൽ ഇതിനിടയിലും, സഹകരണത്തിന്റെയും, സഹവർത്തിത്വത്തിന്റെയും മേഖലാ തലങ്ങൾ അന്വേഷിക്കുകയും, അവ കണ്ടു പിടിച്ചു, അവയെ നല്ലവണ്ണം പ്രയോജനപ്പെടുത്താനും ഇരു ഭാഗത്ത് നിന്നും ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ജനസമ്പർക്കം കൂടുതൽ, കൂടുതലായി, അരക്കിട്ടുറപ്പിച്ചു, ഫലവത്താക്കുക എന്ന ദൗത്യമാണ് ഇതിൽ പ്രധാനം. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം ബംഗ്ലാദേശ്-ചൈന-ഇന്ത്യ-മ്യാന്മാർ സാമ്പത്തിക ഇടനാഴി എന്നതാണ്.ഒരാശയമായി തെളിഞ്ഞു വന്ന സങ്കൽപ്പം, പിന്നീട് വർഷങ്ങളായി അനൗപചാരിക നയതന്ത്രത്തിൽ നിലനിന്നിരുന്നതു, ഇക്കഴിഞ്ഞ മെയ്‌ മാസത്തിലെ  ലീ കാചിയാങ്ങ് സന്ദർശനത്തിൽ, ഔപചാരിക തലത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഈ ഇടനാഴി വഴി ഇന്ത്യയുടെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്ക്, തെക്കു -കിഴക്കൻ ഏഷ്യയിലേക്കും, കിഴക്കൻ  ഏഷ്യയിലേക്കും, വാതായനങ്ങൾ തുറക്കപെടുകയും,ജനങ്ങളെയും, സംസ്കാരങ്ങളെയും കൂട്ടിയിണക്കുകയുമാകാം. വിപണികളുടെയും,അതിലൂടെ കച്ചവടക്കാരുടെ പോക്കുവരവിനുമൊപ്പം, കൂടുതൽ ജന സമ്പർക്കം അധികവും ഗുണമേ ചെയ്യു. ഇതേ രീതിയിൽ, സൈനിക-ഉദ്യോഗസ്ഥ-ബൗദ്ധിക തലങ്ങളിലും കൂടുതൽ സഹകരണത്തിന്റെ തലങ്ങളും, കൈമാറ്റങ്ങളും അത്യാവശ്യമാണ്. ഈ വിഷയത്തെ ഒന്ന് ദീർഘിപിച്ചാൽ, ഇരു വശത്തുമുള്ള മഞ്ഞുരുക്കാൻ പറ്റിയ ഏറ്റവും നല്ല രീതിയാണ്, പണ്ഡിത-വിദ്യാർഥി-ഗവേഷകരുടെ  പരസ്പരവിനിമയം. ഇതിനായി, ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്കോളർഷിപ്പുകളുടെ എണ്ണം ഗണ്യമായി ഉയർത്തുകയും, മറ്റു സൗകര്യങ്ങൾ മെച്ചപെടുത്തുകയും.

പഴയ തലമുറ മാറി, പുതിയ തലമുറ വിവിധ സാരഥ്യങ്ങൾ ഏറ്റെടുക്കാൻ, ഇന്ന് സജ്ജരാകുമ്പോൾ, വേണ്ടത് ചിന്താഗതികളിലുമുള്ള മാറ്റമാണ്. ഇന്ത്യ-ചൈന ബന്ധങ്ങളെ ശാശ്വത രീതിയിൽ, ഊഷ്മളവും, ഊർജ്ജസ്വലവുമാക്കാൻ, ഇരുഭാഗത്തുമുള്ള നേതൃത്വങ്ങൾക്കും നയനിർമ്മാതാക്കൾക്കും, ഇന്ന് വേണ്ടത്, പുതിയതും,ക്രിയാത്മകവുമായുള്ള പ്രതിവിധികളും, പരിഹാരങ്ങളുമാണ്. മുൻവിധികളെ അകറ്റി, ഒരു ഉടച്ചുവാർക്കലിനെ കുറിച്ച് ആലോചിക്കാവുന്നതാണ്. ഭാവിയിൽ, ഇരു ഭാഗങ്ങളും തമ്മിൽ നിലനിൽക്കുന്ന വിഷയങ്ങളുടെ പരിഹാരത്തിനു വിവേകപൂർണ്ണവും, ദൂരധ്രിഷ്ടിയുള്ളതുമായ തീരുമാനങ്ങൾ ആവശ്യമാണ്‌. ഇതിനൊപ്പം, തന്നെ വേണ്ടത് അൽപ്പം പ്രായോഗികതയും, വഴക്കവും, നൈപുണ്യവുമാണ്. ഇതെല്ലാം ഇരു ഭാഗത്ത് നിന്നും വേണ്ടതും, വരേണ്ടതുമാണ്. തങ്ങൾ ഇരു കൂട്ടരും, ഈ പ്രദേശത്തും, കൂടാതെ ലോകത്തിൻറെ മറ്റു കോണുകളിലും നടത്തുന്ന നീക്കുപോക്കുകളും, സമ്പർക്കങ്ങളും, മറ്റു കക്ഷിയെ ഒതുക്കാനും, അകറ്റാനുമുള്ള മന്ത്രവും തന്ത്രവുമല്ല എന്ന പരമാർത്ഥം, ഇരു രാജ്യങ്ങളും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇതിന്റെ പേരിൽ മുഷ്ടി ചുരുട്ടലും, പുക ചീറ്റലും മറ്റും ഫലത്തെക്കാൾ, കൂടുതൽ ദോഷമേ വരുത്തു. അങ്ങനെ, മൊത്തത്തിൽ, നല്ല അയൽക്കാരായും, ലോക വ്യവസ്ഥിതിയിൽ വളർന്നു വരുന്ന രണ്ടു പ്രധാന ചാലക ശക്തികളായും, നില കൊള്ളേണ്ട ഈ വേളയിൽ, ഇന്ത്യ-ചൈന ബന്ധം ഇന്നത്തെ തലത്തിൽ നിന്നും കുറച്ചു കൂടി സുദ്രഡമായ കാൽവെപ്പുകൾ വെക്കേണ്ടതുണ്ട്.  

      

No comments:

Post a Comment