ഹോങ് കൊങ്ങ് പ്രതിഷേധങ്ങൾ:
കണക്കുകൾ, വസ്തുതകൾ, യാഥാർത്യങ്ങൾ
പി.കെ.ആനന്ദ്
റിസർച്ച് അസിസ്റ്റന്റ്,
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസ്
കഴിഞ്ഞ ഒരാഴ്ച്ചയായി പടർന്നു പന്തലിച്ച പ്രതിഷേധ പ്രകടനങ്ങൾ, ഹോങ് കോങ്ങിനെ ലോക ശ്രദ്ധയിൽ പെടുത്തുകയും, വലിയ രീതിയിൽ സംഭവബഹുലമാക്കുകയും ചെയ്തു. നീണ്ട ഒരാഴ്ചക്ക് ശേഷം, പ്രകടനക്കാരുടെ എണ്ണത്തിൽ കുറവും, ശക്തിയിൽ ക്ഷീണവും വന്നിട്ടുണ്ടെങ്കിലും, ഈ ദ്വീപിലെ സംഭവവികാസങ്ങൾ, സമൃദ്ധമായ വിശകലനത്തിന് വക നൽകുന്നുണ്ട്. പ്രതിഷേധത്തിന്റെ കാരണങ്ങളിലേക്ക് കടക്കുന്നതിനു മുൻപ്, ഹോങ് കോങ്ങിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം ആവശ്യകമാണ്. പ്രത്യേകിച്ചു ഈ പ്രകടനങ്ങൾക്കുള്ള, ചില കാരണങ്ങൾ ചരിത്രത്തിന്റെ താളുകളിൽ ഇഴകിചേർന്നു കിടക്കുമ്പോൾ.
ചൈനയിൽ നിന്നും ബ്രിട്ടണിലേക്കും, തിരിച്ചു ചൈനയിലേക്കും: ഹോങ് കോങ്ങിന്റെ ഭാഗധേയം
കൊളോണിയൽ ബ്രിട്ടന്റെ, അധിനിവേശ ശക്തിയുടെ പ്രതിഫലനമായും, അതിന്റെ ഭാഗമായ പ്രത്യേക വാണിജ്യാധികാരങ്ങൾക്കായും, ചൈനയിലെ ചിങ്ങ് രാജവംശവുമായി, നടത്തപ്പെട്ട, ഓപ്പിയം യുദ്ധങ്ങളുടെ പശ്ചാത്തലമാണ് ഹോങ് കൊങ്ങിനുള്ളത്. അന്യായമായ യുദ്ധത്തിലൂടെ, വിജയം കൈ വരിച്ച ബ്രിട്ടീഷുകാർ, വാണിജ്യ ലക്ഷ്യത്തോടെ, ചിങ്ങ് രാജാവിനോട്, 1842-ൽ ഏർപ്പെട്ടുത്തിയ 'നാൻചിങ്ങ് ഉടമ്പടിയുടെ' ഭാഗമായി, ചൈനയുടെ അഞ്ചു തുറമുഖങ്ങൾ കൈവശപെടുത്തി. കൂടാതെ, ഹോങ് കോങ്ങിനെ തങ്ങളുടെ അധീനതയിലുമാക്കി. 1860-ൽ, ആ ദ്വീപിലെ മറ്റു ഭാഗങ്ങളെ കൂടി ചേർത്തുകൊണ്ട്, ബ്രിട്ടണ്‍, അവിടെ അവരുടെ സമ്പൂർണ്ണ ആധിപത്യം നേടി. വാണിജ്യ-സാമ്പത്തിക പശ്ചാത്തലത്തിലും, തുറമുഖമെന്ന രീതിയിൽ അന്താരാഷ്ട്ര ചരക്കു ഗതാഗതത്തിനു, ഭൂമിശാസ്‌ത്രപരമായി തന്ത്രപ്രധാന ആസ്ഥാനമെന്ന രീതിയിലും, ഹോങ് കോങ്ങിന്റെ അന്നത്തെ പ്രാധാന്യം, ഇന്നും തുടരുന്നു. കിഴക്ക്-തെക്ക് കിഴക്കൻ ഏഷ്യയെ, ലോകത്തിന്റെ മറ്റു കോണുകളിലേക്ക് ബന്ധിപ്പിക്കുന്ന, ഒരു പ്രധാന കണ്ണിയാണ്, ഹോങ് കൊങ്ങ്. വാണിജ്യത്തിന്റെയും, സംസ്കാരത്തിന്റെയും, സാധ്യതകളും, വശങ്ങളും മനസ്സിലാക്കി കൊണ്ട്, നല്ല രീതിയിൽ കുടിയേറ്റവും, ഈ പ്രദേശത്തേക്ക് ഒഴുകി. അങ്ങനെ, ചൈനീസ് വംശജരെ കൂടാതെ, മറ്റു രാജ്യാങ്ങളുടെ ജനതയും ഇവിടെ എത്തി ചേർന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ അൽപ്പം അധികാരങ്ങളും, മറ്റും നിവാസികൾക്ക് കൈവന്നു.
1984-ൽ ഒരു സംയുക്ത വിളംബരത്തിലൂടെ, ഹോങ് കോങ്ങിനെ തിരിച്ചു, ചൈനയിലേക്ക് കൈമാറ്റം നടത്താൻ, ചൈനയും, ബ്രിട്ടണും തയ്യാറായി. അവിടെ നിന്നാണ് ഇന്നത്തെ ഗതിവിജ്ഞാനീയത്തിന്റെ തുടക്കം. ഈ കൈമാറ്റത്തിൽ, ഹോങ് കോങ്ങിലെ ജനങ്ങളുടെ ഇടയിൽ, പല ചോദ്യങ്ങളും, ആശങ്കകളും വരുത്തി. കേന്ദ്രീകൃത, ഒറ്റ കക്ഷി ഭരണത്തിൽ അധിഷ്ടിതമായ, ചൈനീസ് വ്യവസ്ഥിതിയിലേക്ക് ഇഴകിചേരുമ്പോൾ, തങ്ങൾക്കു ലഭിച്ച സ്വതന്ത്ര അധികാരങ്ങളും, അടിയറവു വയ്ക്കേണ്ടി വരും, എന്നതായിരുന്നു, ഈ ആശങ്കകളുടെയും, ആകാംക്ഷകളുടെയും കാതൽ. ഈ ആശങ്കകളെ അകറ്റാനായി, അന്നത്തെ സമുന്നതനായ, ചൈനീസ് നേതാവ്, ദെങ്ങ് ഷിയവൊപിങ്ങ് വിശേഷിപ്പിച്ചെടുത്ത നയോപായമാണ്, 'ഒരു രാജ്യവും, രണ്ടു വ്യവസ്ഥിതിയും' എന്ന തത്ത്വശാസ്ത്രം. ഇതിലൂടെ, ഹോങ് കൊങ്ങ് ആകമാനം ചൈനീസ് മുഖ്യഭൂമിയുടെ അടിയിൽ വരുമെങ്കിലും, ഈ പ്രദേശത്തിൽ അവരുടെതായ തനതു നിയമങ്ങളും, ഭരണ സംവിധാനവും, അധികാരങ്ങളും, നാണയവും ഒക്കെ ഉണ്ടാവും. കൂടാതെ, അവർ വിലപ്പെട്ടതായി കരുതുന്ന, ചില അടിസ്ഥാന അധികാരങ്ങളും (രാഷ്ട്രീയ കക്ഷികൾ, സ്വതന്ത്ര മാധ്യമങ്ങൾ, സംഘടിക്കാനും, സംഭാഷണത്തിനു മുള്ള സ്വാതന്ത്ര്യം) അവർക്ക് നൽകപ്പെട്ടു. അങ്ങനെ 1997 മുതൽ 50 വർഷത്തേക്ക് ഈ ഒരു വ്യവസ്ഥിതി നിലനിൽക്കും, എന്നും ചൈനീസ് ഭരണകൂടം വാഗ്ദാനം ചെയ്യുകയുണ്‍ടായി (ബ്രിട്ടണ്‍ ആ പ്രതിബദ്ധത ചൈനയിൽ നിന്നും നേടിയെടുക്കുകയുണ്ടായി). സ്ഥാനാന്തരം സുഗമമാക്കാൻ, 1990-ൽ ഹോങ് കോങിനെ ഒരു പ്രത്യേക കാര്യ നിർവ്വാഹക പ്രദേശമായി (Special Administrative Region) പ്രഖ്യാപിക്കുകയും, 'ബേസിക് ലോ' (Basic Law) എന്ന ലിഖിതം, ചൈനയുടെ നിയമനിർമ്മാണ സ്ഥാപനമായ, നാഷണൽ പീപ്പുൾസ് കോണ്ഗ്രസ് (എൻ.പി.സി)നിലവിൽ വരുത്തുകയും ചെയ്തു. ജൂലൈ 1, 1997-ൽ ഹോങ് കൊങ്ങ് ചൈനയ്ക്കു തിരിച്ചു കൈമാറപ്പെട്ടു. ഇതിനാൽ കൈമാറ്റത്തിന് ശേഷം ഹോങ് കോങ്ങിന്റെ ഭരണ പരിപാലനവും, നിയമങ്ങളും, അധികാരങ്ങളുമെല്ലാം, പ്രദേശ ഭരണ സംവിധാനത്തിൻറെ കീഴിലാകുമെങ്കിലും, ചൈനീസ് മുഖ്യഭൂമിയുടെ അല്ലെങ്കിൽ കേന്ദ്ര സർക്കാറിന്റെ, മേൽനോട്ടം അവയ്ക്ക് ഉണ്ടാകും. ഈ 'ബേസിക് ലോയെ', ഒരു 'ചെറിയ ഭരണഘടനയായി' വിശേഷിപ്പിക്കപെടാവുന്നതും, ഇതിലൂടെ ഹോങ് കൊങ്ങിനു ഒരു പരിധി വരെ സ്വയം ഭരണാധികാരവും അനുഭവിക്കാനായി.
പ്രതിഷേധങ്ങളുടെ ആണി - തെരഞ്ഞെടുപ്പു പ്രക്രിയ
ഹോങ് കോങ്ങിന്റെ പ്രധാന ഭരണാധികാരി 'ചീഫ് എക്സ്യുകുട്ടീവ്' ആണ്. ഈ പദവി വഹിക്കുന്ന ആളാണ് പ്രദേശത്തെ, നയിക്കുന്നതും, ചൈനീസ് കേന്ദ്ര സർകാറുമായി ഇടപഴകുന്നതും. ഈ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വാദ-പ്രതിവാദവും, തർക്കവുമാണ് ഈ പ്രതിഷേധങ്ങളുടെ മുഖ്യ ആണി. ബേസിക് ലോയുടെ 45-ആം വകുപ്പിന്റെ വ്യാഖ്യാനവും, നിര്‍വചനവുമാണ് ഇതിന്റെ ചുക്കാൻ. അഞ്ചു വർഷമാണ് ചീഫ് എക്സ്യുകുട്ടീവിൻറെ കാലാവധി. പക്ഷെ തെരഞ്ഞെടുപ്പിന്റെ പ്രക്രിയ നേരിട്ടുള്ള നിർണ്ണയമായിരുന്നില്ല. 1997-ലെ കൈമാറ്റത്തിന് ശേഷം നടന്ന നാലു തെരഞ്ഞെടുപ്പുകളിലും, പരോക്ഷമായ ഒരു പ്രക്രിയയാണ് ഉപയോഗിക്കപ്പെട്ടിരുന്നത്. ഹോങ് കോങ് സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ള പ്രമുഖരും, പ്രമാണിമാരും, കൂടാതെ ചൈനയിലെ എൻ.പീ.സിയിലേക്കുള്ള പ്രദേശത്തെ പ്രതിനിധികളും അടങ്ങുന്ന ഒരു 'ഇലക്ഷൻ കമ്മറ്റിയാണ്' രഹസ്യ വോട്ടിലൂടെ, തെരഞ്ഞെടുപ്പു നടത്തിപ്പോന്നത്. തുടക്കത്തിൽ ഈ കമ്മറ്റിയുടെ സംഖ്യ 400 ആയിരുന്നെകിൽ, കാലക്രമേണ ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ 1200-ൽ എത്തിനിൽക്കുന്നു. കാലങ്ങളായി 'ചീഫ് എക്സ്യുകുട്ടീവിന്റെ' തെരഞ്ഞെടുപ്പിനെ പൂര്‍ണ്ണമായ സമ്മതിദാനമായി മാറ്റണമെന്ന ആവശ്യം നിലനില്ക്കുകയും, അത് ചൈനീസ് ഭരണ നേതൃത്വം അംഗീകരിച്ചതുമാണ്. 2007 ഡിസംബർ മാസത്തിൽ സമാപിച്ച എൻ.പീ.സിയുടെ സ്റ്റാൻഡിംഗ് കമ്മറ്റി 2017 വർഷം മുതൽ പൂർണ്ണ സമ്മതിദാനത്തിനു പച്ചകൊടി നൽകുകയും ചെയ്തു. എന്നാൽ ഈ, 'ഒരാൾ, ഒരു വോട്ട്' എണ്ണത്തിൽ ഊന്നിയ ഈ സമ്മതിദാനത്തെ, ചൈന 'ബേസിക് ലോയുടെ' നിബന്ധനയിൽ ഒതുക്കി. അതായതു, തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ ആദ്യം, ഒരു 'നോമിനേഷൻ കമ്മറ്റിയുടെ', പകുതിയിലേറെ സമ്മതത്തോടെയെ മൽസരിക്കാവു എന്ന് സാരം. 2007-ൽ ഇത് വ്യക്തമല്ലായിരുന്നെകിലും, ഊഹാപോഹങ്ങളും, സംസാരങ്ങളും, ചർച്ചകളും, തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഇക്കഴിഞ്ഞ, ആഗസ്റ്റ് അവസനാമാണ്, എൻ.പീ.സിയുടെ സ്റ്റാൻഡിംഗ് കമ്മറ്റി, പൂർണ്ണ രൂപം നൽകി, ഇതിനെ പ്രസിദ്ധീകരിച്ചത്. കൂടാതെ, 2-3 പേരിൽ കൂടുതൽ മത്സരിക്കരുതെന്നും അനുശാസിക്കപ്പെട്ടു; പിന്നെ, തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയെ, കേന്ദ്ര സർക്കാറിന് 'ബോധിചില്ലെങ്കിൽ', ആ തെരഞ്ഞെടുപ്പിനെ റദ്ദു ചെയ്തു, പുതിയ ഒരു തെരെഞ്ഞുടുപ്പ് നടത്തപ്പെടും. സ്വതന്ത്ര ജനാധിപത്യമുറക്ക് മേലുള്ള, ഈ കടിഞ്ഞാനാണ്, ഹോങ് കോങ് ജനതയെ, പ്രത്യേകിച്ച് യുവ-വിദ്യാർഥി വിഭാഗത്തെ ചൊടിപ്പിച്ചത്.
ജനാധിപത്യ പോരാട്ടങ്ങളുടെ, പാരമ്പര്യം ഹോങ് കോങ്ങിനുണ്ട്. 2003-ലും, 2012-ലും പ്രാദേശിക സർക്കാറിന്റെ അന്യായമായ പല നയങ്ങൾക്കെതിരെയും, സംഘടിക്കുകയും, അവയെ മറിച്ചിടാനും ജനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ തന്നെ, വർഷം തോറും 4-ജൂണിൽ, ചൈനയിലെ ടിയനാൻമൻ സംഭവത്തിൻറെ ഓർമ്മക്കും, 1-ജൂലായിൽ സമ്പൂർണ്ണ ജനാധിപത്യത്തിനായും, വമ്പൻ പ്രകടനങ്ങൾക്ക് ഹോങ് കോങ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അങ്ങിനെ വരുമ്പോൾ, മുൻപേ പ്രചരിച്ചിരുന്ന ഈ കടിഞ്ഞാണ്‍ കഥകളുടെ, പശ്ചാത്തലത്തിൽ പ്രദേശത്തിന്റെ സാമ്പത്തിക-കാര്യനിര്‍വ്വാഹക കണക്കിൽ, മർമ്മപ്രധാന മേഖലയായ 'സെൻട്രൽ ഡിസ്ട്രിക്റ്റിനെ' അംഗസംഖ്യകൊണ്ട് പിടിച്ചടക്കാൻ പ്രചരണം ആരംഭിക്കുകയായി. ചൈനയുടെ മുഖ്യഭൂമിയുടെ ഈ 'കടിഞ്ഞാണിനും' പൊലീസിങ്ങിനുമെതിരായി, ദേശീയ ദിനമായ ഒക്ടോബർ 1-നാണ് പ്രതിഷേധ കുത്തിയിരിപ്പ്, തുടങ്ങാൻ തീരുമാനമായത്. 'ഒക്കുപൈ സെൻട്രൽ വിത്ത് ലവ് ആൻഡ് പീസ്' എന്ന സംഘടനയാണ് ഇതിനു ആഹ്വാനം നടത്തിയത്. എന്നാൽ ആഗസ്തിലെ എൻ.പീ.സി സ്റ്റാൻഡിംഗ് കമ്മറ്റിയുടെ പ്രഖ്യാപനത്തിന് ശേഷം, മുൻപേ തന്നെ പുകഞ്ഞു കൊണ്ടിരുന്ന സ്ഥിതി വിശേഷം, നുരഞ്ഞു പൊങ്ങാൻ തുടങ്ങിയത്. അതിനു ഉത്തകിയത്, വിദ്യാർഥി പ്രക്ഷോഭവും. ഹോങ് കോങ്ങിലെ പല സർവ്വകലാശാലകളിലെയും, സ്കൂളുകളിലെയും വിദ്യാർഥികൾ പഠിപ്പുമുടക്കുകൾ ആരംഭിക്കുകയും, അധ്യാപകർ അവർക്കൊപ്പം നിൽക്കുകയും ചെയ്തു. ഹോങ് കോങ് സ്റ്റൂഡനട്സ് ഫെഡറേഷൻ, സ്കോളറിസം എന്നീ സംഘടനകളാണ് ഇതിനു നേതൃത്വം നൽകിയത്. അങ്ങനെ, പ്രഖ്യാപിത തീയതിക്കു ഒരാഴ്ച മുൻപ് തന്നെ പ്രതിഷേധ കുത്തിയിരുപ്പ് തുടങ്ങി. തുടക്കത്തിൽ തന്നെ പോലീസ് കണ്ണീർവാതകവും മറ്റും പ്രയോഗിച്ചത്, പ്രതിഷേധത്തിന് ആക്കം കൂട്ടുകയും, വിദ്യാർഥി-യുവ വിഭാങ്ങൾക്ക് പുറമേ, പൊതു ജനത്തിന്റെ ഒരു അംശവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ വാസ്തവികമായി, ഈ പ്രസ്ഥനാത്തിനു ഒരു വേര്‍തിരിക്കപ്പെട്ട നേത്രുത്വമില്ല. അധികൃതരുടെ മുരുക്കു മുഷ്ടി പ്രയോഗത്തിനെ അപലപിച്ച്, ഇപ്പോഴത്തെ 'ചീഫ് എക്സ്യുകുട്ടീവായ' സീ.വൈ.ല്യുങ്ങിൻറെ രാജിയും, 'നിയന്ത്രീകരിപ്പെടാത്തതും', കടിഞ്ഞാണുകളില്ലാത്തതുമായ, പരിപൂർണ്ണ സമ്മതിദാന ആവശ്യത്തിനൊപ്പം ചേർക്കപ്പെട്ടു (കണ്ണീർ വാതകത്തിൽ നിന്നും രക്ഷനേടാൻ വലിയ രീതിയിൽ ഉപയോഗിക്കപ്പെട്ട കുടകളെ ആസ്പദമാക്കി ഈ പ്രതിഷേധത്തെ 'കുട വിപ്ലവമെന്നും' നാമകരണം ചെയ്യപ്പെട്ടു; പക്ഷേ, പ്രതിഷേധകർ ഈ പ്രകടനങ്ങളെ വിപ്ലവമായോ, ഭരണമാറ്റമായോ, മുഖ്യഭൂമിയിൽ നിന്നും വേര്‍പാടായോ വ്യാഖ്യാനിക്കരുതെന്നു പല കൂറി ആവർത്തിച്ചെന്നതും ശ്രദ്ധേയമാണ്).
വളരുന്ന അസമത്വവും മറ്റും പ്രത്യേക സ്വത്വത്തിനായുള്ള സംഘർഷവും: തെരെഞ്ഞെടുപ്പിനുപരി ഉയരുന്ന ചോദ്യങ്ങൾ
സാമ്പത്തിക തലത്തിൽ വൻ കുതിച്ചു ചാട്ടം നടത്തിയിട്ടുള്ള പ്രദേശമാണ് ഹോങ് കോങ്. വാണിജ്യ-ധനകാര്യ മേഖലയിലും, വമ്പൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കായി വളക്കൂറുള്ള മണ്ണായും ഈ പ്രദേശം പേരെടുത്തിട്ടുള്ളതാണ്. ചൈനയിലേക്കുള്ള കൈമാറ്റത്തിന് ശേഷം പക്ഷേ, ഇന്ന് അസമത്വങ്ങൾ നല്ല ശതമാനത്തിൽ കൂടിയിട്ടുണ്ട്. ചൈനീസ് നിക്ഷേപങ്ങളുടെ കുത്തൊഴുക്കും, ആസ്‌തികളുടെ വൻ ക്രയ-വിക്രയവും റിയൽ എസ്റ്റേറ്റ്-പാർപ്പിട മേഖലയെ തകിടം മരിക്കുകയും, വിലയെ കുത്തനെ ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഇതിനാൽ ഇടത്തരം കുടുംബങ്ങൾക്ക് ഒരു വീട്-ഫ്ലാറ്റ് വാങ്ങുക എന്നത് ഒരു അസാധ്യവും, ആഡംബരവുമായി മാറി കഴിഞ്ഞിരിക്കുന്നു. ഇതിനൊപ്പം തന്നെ വളർന്നു പരമാര്‍ത്ഥതമായ, മൈത്രീ മുതലാളിത്തം കൂടുതൽ അസമത്വങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൂടാതെ, മുഖ്യഭൂമിയിൽ നിന്നുള്ള കുത്തൊഴുക്കും, വിദ്യാർഥി-യുവജന വിഭാഗങ്ങളുടെ ഭാവിയെകുറിച്ചും, തൊഴിൽ സാധ്യതകളും, മറ്റും വിഭവങ്ങൾക്കായി ഉരുത്തിരിയാവുന്ന ഞെരുക്കങ്ങളും ആശങ്കകൾ ഇളവാക്കുന്നു. ഇതിനെല്ലാം ഉപരി 'ചൈനീസ് മുഖ്യഭൂമിയുടെ സ്വത്വത്തിൽ നിന്നും, തങ്ങൾ പരിപോഷിപ്പിക്കുകയും, ആഹ്ലാദിച്ചും പോന്ന തനതു സ്വത്വത്തെ കാത്തു സൂക്ഷിക്കണമെന്നതും ഒരു പ്രധാന ഘടകമാണ്. കാലങ്ങളായി ചൈനീസ് മുഖ്യഭൂമിയും, ഹോങ് കോങ്ങും തമ്മിൽ നില നിൽക്കുന്ന പാരമ്പര്യ സംക്ഷോഭത്തിൻറെയും, പിരിമുറുക്കത്തിൻറെയും കാരണങ്ങളിൽ പ്രധാനമായ ഒന്ന് ഇതുകൂടിയാണ്. മുഖ്യഭൂമിയിൽ നിന്നും, ഈ പ്രദേശത്തേക്ക്-പ്രത്യേകിച്ചു അവധിക്കാലത്ത്-ഒഴുകുന്ന വിനോദസഞ്ചാരികൾക്കെതിരെയുള്ള രോഷം ഇതിനുദാഹരണമാണ്. മറിച്ചു, തങ്ങളുടെ രാജ്യത്തിൻറെ ഭാഗം എന്നാ കണക്കിൽ ഈ പ്രദേശം അന്യമല്ലയെന്നും, അന്യായമായി ഒന്നും തന്നെ തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടയിട്ടില്ലയെന്നതുമാണ് ചൈനീസ് വിനോദസഞ്ചാരികളുടെ പ്രതിവാദം. ചുരുക്കി പറഞ്ഞാൽ, ഇത്രയും നാൾ ഹോങ് കോങിൽ നില നിന്ന് പോന്ന സാര്‍വ്വലൗകികത്വവും, വിവിധമായ സംസ്ക്കാരവും എന്ത് വിലകൊടുത്തും കാക്കേണ്ടതുണ്ട് എന്ന വസ്തുതയാണ് ഹോങ് കോങ്ങുകാർ മുന്നോട്ടു വെക്കുന്നത്. ഈ പ്രതിഷേധത്തിലൂടെ വെളിവായ, ഒരു വശത്തെ ചിത്രമിതാണ്.
ഹോങ് കോങ് അധികൃതരുടെയും, ചൈനീസ് നേതൃത്വത്തിന്റെയും പ്രതികരണം
തുടക്കം മുതൽക്കു തന്നെ കർക്കശവും, അടിയുറച്ച നിലപാടാണ്, 'ചീഫ് എക്സ്യുകുട്ടീവ്' സി.വൈ.ല്യുങ്ങും, ബീജിങ്ങും സ്വീകരിച്ചത്. താൻ ഒരിക്കലും രാജിവെക്കില്ല എന്ന് ആണയിട്ട ല്യുങ്ങ്, തെരഞ്ഞെടുപ്പു പരിഷ്കരണങ്ങൾ, 'ബേസിക് ലോയുടെ' അതിർവരമ്പുകൾക്കുള്ളിൽ നിന്ന് കൊണ്ട് മാത്രമേ സാധ്യമാകു എന്നും ആവർത്തിച്ചുവ്യക്തമാക്കി. ചൈനീസ് കേന്ദ്ര നേതൃത്വവും ഇത് തന്നെയാണ് അടിവരയിട്ടത്. ഇതിൻറെ ചുവടുപിടുച്ചു, മുഖഭൂമിയിലെ മിക്ക മാധ്യമങ്ങളും (കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെയിലി ഉൾപ്പടെ) ഹോങ് കോങ് കോങ്ങിന്റെ തെരുവുകളിൽ അരാജകത്വം വിളയാടുകയാണെന്നും, പ്രതിഷേധകരുടെ സ്തംബിപ്പിക്കൽ നടപടികൾ, നിയമവിരുദ്ധമാണെന്നുമുള്ള തരത്തിൽ തലക്കെട്ടുകളും, വാർത്തകളും, നിരൂപണങ്ങളും പ്രസിദ്ധീകരിക്കുമ്പോൾ, അവിടെ പ്രതിഫലിക്കുന്നത് കൃത്യമായതും, നിശ്ചിതമായതുമായ തീരുമാനമാണ്. മറ്റൊരു തരത്തിൽ, കൈമാറ്റ ഉടമ്പടികളും, നിയമങ്ങളും പരിശോധിച്ചു നോക്കിയാൽ വ്യവസ്ഥ തലത്തിൽ, ചൈന ലേഖ്യത്തിൽ തെറ്റ് വരുത്തിയിട്ടില്ല എന്ന വസ്തുതയും നിലനിൽക്കുന്നു. തങ്ങളുടെ അധീനതയിലുള്ള ഒരു പ്രത്യേക മേഖലയെ സംബന്ധിച്ചിടത്തോളം അവസാന വാക്ക് തങ്ങൾക്കാണെന്ന പരമാര്‍ത്ഥവും, നിയമവശത്തിലൂടെ നോക്കിയാൽ അവർക്കനുകൂലമാണ്; എന്നാൽ, ലേഖ്യത്തിൽ അല്ലാതെ സത്തയിൽ നോക്കിയാൽ, ചൈനയുടെ വാദത്തിൽ അതിരുകവിയലിന്റെ അംശങ്ങൾ ദ്രിശ്യമാണ്. കൂടാതെ, ചീഫ് എക്സ്യുകുട്ടീവിനെ 5 ദശലക്ഷം വരുന്ന ഹോങ് കോങ്ങിലെ, സ്ഥിരമായ നിവാസികൾ തെരഞ്ഞെടുക്കാൻ പോകുന്നു എന്നത് തന്നെ ഒരു പ്രബലമായ കാര്യമാണ്. അങ്ങനെ, തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് പ്രദേശത്തെ നിവാസികളുടെ വിശ്വാസ്യത കൂടാതെ കേന്ദ്ര സർക്കാറിന്റെ വിശ്വാസവും വേണമെന്നത്, ഉത്തരവാദിത്തം ഇരട്ടിയാക്കും. തങ്ങളുടെ ഉറച്ച നിലപാടിൽ അയവു വരുത്തി, കിഴിവുകൾ പ്രതിഷേധക്കാർക്ക് നൽകിയാൽ, അതിന്റെ ഭവിഷ്യത്ത് സാരമാകുമെന്നും, മർമ്മ പ്രധാനവും, അസ്വസ്ഥവുമായ ഇടങ്ങളായ ടിബറ്റിലും, ഷിൻജിയാങ്ങിലും സമാനമായ സംഭവങ്ങൾ അരങ്ങേറി രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും എന്ന ഭയവുമാണ് ചൈനീസ് സർക്കാറിനുള്ളത്. കൂടാതെ, മുഖ്യഭൂമിയിലെ മറ്റു ഭാഗങ്ങളും ഇത് കൊണ്ട് ബാധിക്കപെടരുതെന്നും മനം മാറാത്ത മനം മാറാത്ത ഈ ചൈനീസ് ചിന്താഗതിക്ക് പിന്നിലുണ്ട്. പല കോണുകളിലും ആശങ്കകൾ ചെലുത്തപ്പെട്ട 'ടിയനാന്മൻ' തരത്തില്ലുള്ള ബലിഷ്ടമായ പ്രതികരണമെന്നത് അസ്ഥാനത്തുള്ളതാണ്. ഇന്ന് ചൈന ആക്കാലത്ത് നിന്ന് ഏറെ മുന്നോട്ടു വരികയും, കൂടുതൽ ലൗകികജ്ഞാനമുള്ള പോംവഴികളാണ് തിരയുന്നത്. കൂടാതെ, പ്രസിഡന്റ്റ് ഷീ ജിൻപിങ്ങ്, ഉപ-രാഷ്ട്രപതിയായിരിക്കവെ ഹോങ് കോങ്-മകാവു പ്രദേശങ്ങളുടെ ചുമതലയും നിരവ്വഹിച്ചിട്ടുണ്ട്. അത് കൊണ്ട്, ഇപ്പോൾ പ്രദേശത്തു നില കൊള്ളുന്ന പ്രശ്നങ്ങളുടെ സൂക്ഷ്‌മഭേദവും അദ്ദേഹത്തിനു അറിയുമെന്ന് മാത്രമല്ല, അതിലൂടെ വേണ്ട തക്കതായ സമീപനം സ്വീകരിക്കാനും കഴിയും. അങ്ങനെയാകുമ്പോൾ, കടുപ്പമേറിയ ഒരു വശവും, മൃദുവായ മറ്റൊരു വശവും തമ്മിൽ കലർന്ന ഒരു മിശ്രിത രീതിയായിരിക്കും, ചൈനീസ് നേതൃത്വം അനുവര്‍ത്തിക്കുക.
അത്യന്തം ശാന്തവും, സഭ്യവും, കലഹങ്ങളിൽ നിന്നും, ശാരീരിക ഏറ്റുമുട്ടലുകളിൽ നിന്നും, ആവതും മാറി നിന്നും, ഈ പ്രതിഷേധം നല്ല ആഭിപ്രായവും, മാതൃകയുമാണ് മുന്നോട്ടു വെക്കുന്നത്. എന്നാൽ ആന്തരിക വൈരുദ്ധ്യങ്ങളും, വിദ്യാർഥികൾക്കുപരി, ഭൂരിപക്ഷ ജനവിഭാഗങ്ങളെ കോർത്തിണക്കാൻ പറ്റാത്തതും, അധികൃതരുടെയും, ചൈനീസ് നേതൃത്വത്തിന്റെ കടുംപിടിത്തവും, നാനാ ഭാഗത്ത് നിന്നും സ്ഥായിയായി വന്നുകൊണ്ടുരിക്കുന്ന പിന്മാറാനുള്ള അഭ്യർത്ഥനകളും, ഈ പ്രതിഷേധങ്ങളെ ഒരാഴ്ച്ചക്കപ്പുറം തളർത്തിയിട്ടുമുണ്ട്. അത് കൊണ്ട്, സംഖ്യയിൽ ഗണ്യമായ കുറവുകൾ അനുഭവപ്പെടുകയും, സ്തംബിക്കപ്പെട്ട കാര്യനിർവ്വാഹക കാര്യാലയങ്ങൾ വീണ്ടും തുറന്നതും, ജീവനക്കാർ പണിയെടുക്കാൻ എത്തിയത്. ഇവരെ എതിർക്കാതെ, വഴിയുണ്ടാക്കിയും, ജനങ്ങളെ ആവതും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതിരിക്കുകയും, അഭിപ്രായങ്ങൾക്കും, അഭ്യർത്ഥനകൾക്കും കാതോർത്ത് കൊണ്ട്, ആവശ്യങ്ങളിൽ നേരിയ മാറ്റങ്ങൾ വരുത്തി, ചർച്ചകൾക്കും, സംഭാഷണത്തിനും പ്രതിഷേധകർ തയ്യാറായത്, പ്രതിഫലിപ്പിക്കുന്നത് അവരുടെ പ്രായോഗികജ്ഞാനവും, പക്വതയുമാണ്. ഒരു ഭാഗത്ത് നിന്നും, ഇത്രയും വിശാലത കാണിക്കപ്പെടുമ്പോൾ, മറു ഭാഗത്ത് നിന്നും ഒരു സമാന ചലനം ഉണ്ടാവേണ്ടതാണ്. എന്നാൽ ഈ സന്ദർഭത്തിൽ അത് പ്രതീക്ഷിക്കുന്നത്, ന്യായമായും, യഥാര്‍ത്ഥമായും ചിന്തിക്കുമ്പോൾ, ബാലിശവും, അർത്ഥശൂന്യവുമാണ്. ഈ പ്രതിഷേധങ്ങൾക്കൊണ്ട്, ഒരു ഹ്രസ്വകാലത്തിൽ ഒരു പ്രതിപാദകവും, വാസ്തവികവുമായ മാറ്റത്തിനു സാധ്യത അത്യന്തം കുറവാണെങ്കിലും, ദീര്‍ഘകാല അടിസ്ഥാനത്തിൽ തീർത്തും ഒരു സൂചകമായി ഇവയറിയപ്പെടും. നിലനിൽക്കുന്ന പോരായ്മകളും, തെറ്റുകളും മനസ്സിലാക്കി കൊണ്ട് തന്നെ, തങ്ങളുടെ വൈവിധ്യമാർന്ന, രാഷ്ട്രീയ-സാംസ്കാരിക ശൈലിയെ കാത്തുരക്ഷിക്കുമെന്നും, അധികൃതർക്കും, ചൈനീസ് കേന്ദ്ര സർക്കാറിനും, ആഴമേറി ചിന്തിക്കാനായി കടുത്ത സൂചനകൂടി നൽകുകയാണ് ഹോങ് കോങ് നിവാസികൾ. അത് കണ്ടില്ല എന്ന് നടിക്കുന്നത് ചൈനയ്കാവില്ല.
വാൽക്കഷ്ണം: ഇന്ത്യയിൽ നിന്നുള്ള പ്രതികരണം
ഔദ്യോഗികമായി, ഇന്ത്യൻ സർക്കാർ ഈ പ്രതിഷേധങ്ങളെ പറ്റി ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇന്ത്യൻ വംശജരുടെ, നല്ലൊരു സംഖ്യ ഹോങ് കോങിൽ താമസിക്കുന്നുണ്ട്. തങ്ങളുടെ രാജ്യക്കാരുടെ ജീവനും സ്വത്തിനും നഷ്ടംവന്നില്ല എന്ന കാരണത്താലാകും, ഇന്ത്യൻ വിദേശ മന്ത്രാലയം ഒരു പ്രതികരണ കുറിപ്പ് പുറത്തിറക്കാത്തതു എന്ന് നമ്മുക്ക് ഊഹിക്കാം. എന്നാൽ അതിനെക്കാളേറെഅലട്ടുന്ന, ഒരു വിഷയം, എല്ലാപ്പോഴും ഇത്തരം ജനാധിപത്യസമരങ്ങളിൽ പ്രതികരിക്കാറുള്ള, നമ്മുടെ രാഷ്ട്രീയ വർഗ്ഗത്തിൻറെ, പ്രത്യേക്കിച്ചു ഇടതു പക്ഷ ജനാധിപത്യ വിഭാഗങ്ങൾ, നിശബ്ധതയാണ്. ഇടതുപക്ഷ-ജനാധിപത്യ വിദ്യാർഥി-യുവജന വിഭാഗങ്ങളുടെ വിരക്തിയുടെ കാരണങ്ങളും ആരായേണ്ടതുണ്ട്. ഇതിൻറെ ഒരു വശം, ചൈനയെ കുറിച്ചും, കിഴക്കൻ ഏഷ്യയെ കുറിച്ചും, നിലനിൽക്കുന്ന സ്‌പഷ്‌ടമായ അജ്ഞതയാണ്. അവിടത്തെ സംഭവവികാസങ്ങളെ ഗഹനമായി പഠിക്കാനും, ഗവേഷണം നടത്താനും കഴിയാതെ വരുന്ന പോരായ്മയെ ത്രിണവത്കരിക്കാതെ, അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ തകൃതിയായി ഫാലവത്താക്കേണ്ടതുണ്ട്.
No comments:
Post a Comment