Pages

Tuesday, November 22, 2011

ഈജിപ്ത്: ജന വിപ്ലവത്തിന്റെ വീണ്ടെടുക്കല്‍


"No Revolution is Worth Anything, Unless It Can Defend Itself" -- V.I.Lenin (Collected Works, Vol. 28)

ലെനിന്റെ ഈ വാക്കുകള്‍, ഇന്ന് സമകാലിക ഈജിപ്തിനെ വളരെയധികം ശരിവെക്കുന്ന ഒന്നാണ്. വിപ്ലവത്തിന്റെയും, ജന മുന്നേറ്റത്തിന്റെയും, രണ്ടാം വരവാണ്, ഈജിപ്തില്‍ ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്നത് . നീണ്ട പതിനെട്ടു ദിവസത്തെ കഠിനവും, ധീര്‍ഗവുമായ ജന സമരത്തിന്റെ അലയോളികളില്‍, ഹോസ്നി മുബാറക് നിലം പതിച്ചപ്പോള്‍, ടുണീഷ്യയില്‍, ആരംഭിച്ച കൊടുംകാറ്റു, അതിന്റെ ലക്‌ഷ്യം കാണുകയും, തുടര്‍ന്ന് അറേബ്യയുടെ മറ്റു ദിക്കുകളിലേക്കും, പടരുകയായിരുന്നു. തഹരീര്‍ ചത്വരത്തിലും, രാജ്യത്തിന്റെ മറ്റു നഗരങ്ങളിലും, ജനാധിപത്യത്തിന്റെ പൂര്‍ണ അവകാശത്തിനായി ജനം തെരുവുകളിലേക്ക്‌ ഇറങ്ങി, പോരടുന്നതിന്റെ ദ്രിശ്യങ്ങളാണ് ലോകം കണ്ടു കൊണ്ടിരിക്കുന്നത്. ശീതകാലത്തിന്റെ അവസാനം തുടങ്ങിയ, ഈ ജന സമരങ്ങളെ, 'അറബ് വസന്തം' എന്നുവരെ ലോകം നാമകരണം ചെയ്തു. പക്ഷെ, സമ്പൂര്‍ണ ജനാധിപത്യമെന്ന അവകാശത്തിനായി, പോരാട്ടങ്ങള്‍, ഈജിപ്തില്‍ ശക്തി പ്രാപിക്കുമ്പോള്‍, ഊര്ജസവലമാര്‍ന്ന ഈ പുത്തന്‍ ആവേശത്തിന്റെ പിന്നിലുള്ള, യാഥാര്‍ത്യങ്ങളുടെ വിശകലനവും, ആവശ്യമായി വരുന്നു.

ജനുവരി-25 നു തുടങ്ങിയ പ്രാരംഭ ഘട്ടത്തില്‍, പ്രധാനമായും, ജനങ്ങളുടെ ആവശ്യം മുബാറക്കിന്റെ പതനമായിരുന്നു. മുപ്പതു വര്‍ഷത്തിലുമേറെയായി, അടിച്ചമര്‍ത്തി, തേര്‍വാഴ്ച നടത്തി, രാജ്യ സമ്പത്തിനെ ധൂര്‍ത്തടിച്ചും, ഉരുക്കുമുഷ്ടിയോടെ, ജനങ്ങളുടെ ആവശ്യങ്ങളെയും, അവകാശങ്ങളെയും, കശാപ്പു ചെയ്തും, അമേരിക്കയുടെ വിധേയ ദാസനായി വാണ ഒരു ഭരണകൂടത്തെയും, അതിന്റെ തലപ്പത്തിരിക്കുന്ന, 'സുല്‍ത്താനെയും', കടപ്പുഴക്കുക -- അതാണ്‌ ഈജിപ്ത് ജനത ആ നീണ്ട പതിനെട്ടു ദിവസത്തെ പോരാതില്‍ നേടാന്‍ വെമ്പല്‍ കൊണ്ടത്‌. ഒടുവില്‍, ജനലക്ഷങ്ങളുടെ രോഷത്തിനു മുന്‍പില്‍, കീഴടങ്ങി, മുബാറക് കൈറോ വിട്ടു, ശരം-അല്‍-ശൈക്കിലേക്ക് പടിയിറങ്ങിയപ്പോള്‍, ഒരു പുതിയ പകല്‍ ഉണരുകയാനെന്നാണ് ജനം കരുതിയത്‌. പക്ഷെ, താളം തെറ്റിയ ഒരു വിശ്വാസമാണതെന്നു, കാലം ഇന്ന് കാണിച്ചു തന്നിരിക്കുന്നു.

മുബാറക്കിന്റെ, പടിയിറക്കത്തില്, സൈന്യം, അധികാരം കൈകൊണ്ടു. ഈജിപ്തിന്റെ, ഭരണഘടന, സൈന്യത്തിന് പ്രാമുഖ്യവും, ഇത്തരമൊരു അധികാരവും, നല്‍കുന്നുണ്ട്. പതിനെട്ടു ദിവസത്തോളം, തഹരീരിലും, മറ്റു പ്രദേശങ്ങളിലും, തെരുവകള്‍ പ്രക്ഷുബ്ധമായിരുന്നപ്പോള്‍, ഭീകര സ്വപ്നമായിരുന്ന, പോലീസ് പിനവാങ്ങപ്പെട്ടപ്പോള്‍, പട്ടാളത്തെ ജനം ഇരു കൈയും നീട്ടി സ്വീകരിച്ചു. സൈന്യം, ജനത്തിനു നേരെ തിരിയില്ല എന്നു ജനറല്‍മാര്‍, ആണയിടുക കൂടി ചെയ്തതോടെ, പട്ടാളം മുബാറക്കിനെതിരാണെന്നു വരെ വ്യാഖ്യാനിക്കപ്പെട്ടു. പടയൊരുക്കവും, പടക്കോപ്പുകളും, തെരുവുകള്‍ നിറച്ചെങ്കിലും, വെറുതെയുള്ള ഇരുപ്പില്‍, പട്ടാളം, ജനത്തിനൊപ്പമാണെന്നും, ജനവും, പട്ടാളവും ഒന്നാണെന്നും, കൂടി മാധ്യമങ്ങള്‍ വായ്ത്താരികള്‍ മൊഴിഞ്ഞു. ആഹ്ലാദവും, ആശ്ലെഷവുമൊക്കെ, ഒരു വശത്ത്‌, ഇങ്ങനെ അരങ്ങു തകര്‍ക്കുമ്പോള്‍, മറു വശത്ത്‌, വളരെ സൂക്ഷംതയോടും, എണ്ണയിട്ട യന്ത്രത്തെ പോലെയും, വാസ്തവത്തില്‍ സൈന്യം, അധികാരത്തില്‍ പിടിമുറുക്കുകയായിരുന്നു. ഫീല്‍ഡ് മാര്‍ഷല്‍ ഹുസൈന്‍ തന്റാവി, എന്ന പട്ടാളത്തിന്റെ തലവന്‍ രാജ്യത്തിന്റെ കടിഞ്ഞാന്‍ കൈയ്യില്‍, ഉറപ്പിക്കുന്ന സമയം. അതായത്, ജനം പ്രതീക്ഷിക്കുകയും, പോരാടുകയും, ചെയ്ത, സമ്പൂര്ണ ജനാധിപത്യത്തിനായുള്ള, വിപ്ലവത്തിന്, മേല്‍ ഒരു പ്രതി-വിപ്ലവം അഥവാ ഒരു മഹാ വഞ്ചന. ആദ്യ നാളുകളില്‍, പാര്‍ലെമെന്റ് തെരഞ്ഞെടുപ്പു നടത്തി, ഒരു പുതിയ ഭരണഘടന വാര്‍ത്തെടുത്തു, പ്രസിഡന്റ്‌ തെരഞ്ഞെടുപ്പും കൈക്കൊണ്ടു, ഈജിപ്തിനെ ഒരു ജനാധിപത്യ രാഷ്ട്രമായി, വിഭാവനം ചെയ്യാം എന്ന ഒരു മഹാ സ്വപ്നവുമാണ്  പട്ടാളം മുന്നോട്ടു വച്ചത്. അതായത്, എസ്സം ഷരീഫിന്റെ നേതൃത്വത്തില്‍, ഒരു താല്‍ക്കാലിക സര്‍ക്കാരിന് രൂപം നല്‍കിയും, മുബാറക്കിനെയും, കുടുംബാംഗങ്ങളെയും അവരുടെ കു-പ്രവര്‍ത്തികള്‍ക്ക് കുറ്റവിചാരണ ഏര്‍പ്പെടുത്തിയും, മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചും, ജനധികാരങ്ങള്‍ മാനിച്ചു കൊണ്ടും, ഒരു നിയമ വാഴ്ച. 

എന്നാല്‍, ജനുവരി 25-ന്റെ വിപ്ലവമാവസാനിച്ചു, കുറച്ചു നാള്‍ക്കകം തന്നെ പട്ടാളത്തിന്റെ തനി നിറം പുറത്തു വന്നു തുടങ്ങി. യഥാര്‍ത്തത്തില്‍ ഈജിപ്തിലെ ജനാധിപത്യ-ഭരണ വ്യവിസ്ഥിതി, മുബാറക്കിന്റെ    പാര്‍ട്ടിയായ, എന്‍.ഡി. പിയുടെ,  ഒറ്റ കക്ഷി തേര്‍വാഴ്ചയാല്‍ താറുമാറായപ്പോള്‍, മറ്റൊരു രാഷ്ട്രീയ-ജന ധൃവീകര്നത്തിനുമുള്ള സാധ്യതകള്‍ വെട്ടി നുറുക്കപ്പെടുകയായിരുന്നു. മാത്രമല്ലാതെ, തന്റെ ഗുണത്തിനും, ആവശ്യത്തിനും, ഭരണഘടനെയെയും, നിയമ വ്യവസ്തെയെയും,  യഥേഷ്ടം മാറ്റി-മറിക്കുകയും കൂടി മുബാറക്കും, സംഘവും, ചെയ്തു. അങ്ങനെ, പ്രതിപക്ഷത്തെ-മുസ്ലിം ബ്രദര്‍ഹുഡും, ഇടതു പക്ഷവും-നിഷ്കരുണം , ഇല്ലായ്മ ചെയ്യാനും, പുതു വഴികള്‍ മുബാറക് കണ്ടെത്തി. അതോടെ, സംഘടിത രാഷ്ട്രീയ ശക്തികള്‍, അരങ്ങില്‍ നിന്നും തുടച്ചു മായ്ക്കപ്പെട്ടു. കരിനിയമങ്ങളും, പക്ഷപാതപരമായ നിയമക്കുരുക്കളുംകൂടി, ഇഴകി ചേര്‍ന്ന  ഒരു വ്യവസ്ഥിതി ബാക്കിപത്രമാക്കിയാണ് മുബാറക് താഴെയിറങ്ങിയത്‌. അത് കൊണ്ട്, പ്രക്ഷോബകരില്‍, പലരും, ഒരു പുതിയ ഭരണഘടന ഫലത്തില്‍ കൊണ്ട് വരാതെയും, മുബാറക്കിന്റെ ഭരണത്തിലെ അവശേഷിക്കുന്ന എല്ലാ വേരുകളെയും, പിഴുതെറിയാതെ, ഒരു  പുറം മോഡി മാത്രം പിടിപ്പിക്കുക, ഒരു ശാശ്വത പരിഹാരമല്ലെന്ന് കൂടി, അടവരയിട്ടു പറഞ്ഞു. പക്ഷെ, ഇതിനു ചെവികൊള്ളാതെ, തികച്ചും ഒരു അവഹേളന  മനോഭാവത്തോടെ,  സൗന്ദര്യവര്‍ദ്ധകമായ ചില മാറ്റങ്ങള്‍ മാത്രമാണ്, സൈന്യം രാജ്യത്തില്‍ ഏര്‍പ്പാടാക്കിയത്.   


മുബാറക്കിന്റെയും, സംഘത്തിന്റെയും വിചാരണ കോടതിയില്‍, തുടങ്ങിയെങ്കിലും, സത്യത്തില്‍ അത് ഒരു ഇഴചിലായിരുന്നു; തീര്‍ത്തും ഒരു മെല്ലെപോക്ക് നയം. അത് കൂടാതെ മുബാറക്കിന്റെ ഭരണ തന്ത്രത്തിന്റെ ബാക്കിയായുള്ള പല അംശങ്ങളെയും, വ്യക്തികളെയും, പിഴിതെറിയാതെയും, ജനം ആവശ്യപ്പെടുന്ന ഒരു ശുദ്ധികലശം നടത്താനും, സൈന്യ ഭരണകൂടം തീര്‍ത്തും ശുഷ്കാന്തിയില്ലാതെയാണ് പെരുമാറിയത്. മാത്രമല്ല, മറിച്ചു പതിനെട്ടു ദിവസത്തെ ജനകീയ സമരക്കാരെ, പട്ടാള കോടതികളില്‍ വിചാരണ ചെയ്തും, വനിതാ സമരക്കാര്‍ക്ക് കന്യകത്വ പരിശോധനകള്‍ ഏര്‍പ്പെടുത്തിയും, ചീര്‍ത്ത മറ്റൊരു മുഖമാണ് തന്റാവിയും, ഭരണവും വിധാനം ചെയ്തത്. ഇതിനെല്ലാം, മൂക പിന്താങ്ങായി അമേരിക്കയും, നിലയുരപ്പിക്കുഅക്യായിരുന്നു. സദ്ദത്തിന്റെയും, മുബാറക്കിന്റെയും കാലത്ത് തന്നെ അമേരിക്കയുടെ കര വലയം, ഈജിപ്തിന്റെ എല്ലാ തന്ത്ര-നയതന്ത്ര-സൈനിക കോണുകളിലും, സ്ഥിരം കാഴ്ചയായിരുന്നു. കൂടാതെ, $1.6  കോടിയുടെ വാര്‍ഷിക ധന സഹായവും,  സൈന്യത്തിന് വാഷിങ്ങ്ടണില്‍ നിന്നും ലഭിക്കുകയും, ഇപ്പോഴും ലഭിച്ചു കൊണ്ടുമിരിക്കുന്നു. അത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍, അമേരിക്കയുടെ 'സ്ഥാപിത ലക്ഷ്യങ്ങള്‍ക്കും', താല്‍പ്പര്യങ്ങള്‍ക്കും, കോട്ടം തട്ടാതെ കാത്തു കൊള്ളാന്‍, പട്ടാള  ഭരണകൂടം  തയ്യാറായിരുന്നു. അതായത്, മുബാരക്കിനു ശേഷം, അമേരിക്കയുടെ കാവലാളായി, തന്റാവിയും, സൈന്യ ഭരണവും. ജനസമാരങ്ങളുടെ രോഷം, തങ്ങള്‍ക്കു നേരെ തിരിയാതിര്‍ക്കാനുള്ള , ഒബാമ സര്‍ക്കാരിന്റെ, വളരെ നാളുകള്‍ പഴക്കമുള്ള ഒരു തന്ത്രം.  കൂടാതെ, വിപ്ലവാത്തിന്റെ കാതലായ ഒരു വസ്തുതയായിരുന്നു, ജനങ്ങളുടെ കെട്ടുറപ്പും, ഒത്തൊരുമയും. അതായത്, സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളും, ഒരുമിച്ചു, ഒരു മഹാലക്ഷ്യത്തിനായി പോരാടുകയായിരുന്നു. മുബാരക്കിനെയും, ശിങ്കിടികളേയും, പുറംതള്ളുക, എന്നാ മഹായത്നത്തിനായി, അണി നിരന്നത്, മുസ്ലീമുകളും-കോപ്ടിക് ക്രിസ്ത്യാനികളും, തൊഴിലാളി വര്‍ഗ്ഗവും, മധ്യ വര്‍ഗ്ഗവും, ലിബറലുകളും, ഇടതു പക്ഷവും,  ബുദ്ധിജീവികളും, യുവാക്കളും, സ്ത്രീകളും, എന്നിങ്ങനെ ഏവരും. പക്ഷെ, ഭരണ തന്ത്രം കൈയ്യിലേന്തിയ ശേഷം ഈ കെട്ടുറപ്പിനെ തകര്‍ക്കാനാണ്, പട്ടാളം ലക്ഷ്യം വച്ചത്തു.  കോപ്ടിക് ക്രിസ്ത്യന്‍ വിശ്വാസികളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയും, അവയ്ക്കെതിരെ ആക്രമം അഴിച്ചുവിടപെടുകയും ചെയ്യപ്പെട്ടു.  പലപ്പോഴും, 'ശരിയായ രീതിയിലല്ല' ഇവ പണിതതെന്നും, പ്രാദേശിക 'നിയമങ്ങളെ' ലംഘിച്ചാണ് ഇവയുടെ നിര്‍മ്മാണമെന്നും വിധിയെഴുതപ്പെടുകയായിരുന്നു. തങ്ങളുടെ പള്ളികള്‍ക്ക് നേരെ ഇത്തരത്തില്‍ നടക്കുന്ന ആക്രമണങ്ങളെ, ചോദ്യം ചെയ്തു കോപ്ടിക് ക്രിസ്ത്യന്‍ വിശ്വാസികള്‍, പ്രതിഷേധ സമരങ്ങള്‍ നടത്തിയപ്പോള്‍, അവയ്ക്ക് നേരെ ആക്രമണം അഴിച്ചുവിടാനാണ് സൈന്യം, കണ്ട ഏക പോംവഴി. ഇത്തരത്തില്‍ പല ലഹളകളും, ഈജിപ്തില്‍ ഈ കാലയളവില്‍, നടക്കുകയുണ്ടായി. ഏറ്റവും, അവസാനം,  കൈറോവില്‍ നടന്ന അവരുടെ പ്രതിഷേധത്തിന് നേരെ അടിച്ചമര്‍ത്തലുടെ പാതയില്‍ നീങ്ങിയ ഭരണകൂടം    തീര്‍ത്തും, ഒരു വംശീയ ലഹളയുടെ രൂപമായി അതിനെ നേരിട്ട്. സൈനിക-പോലീസ് ആക്രമണത്തില്‍, ഒരു തെരുവുയുദ്ധമായി മാറിയ, സ്ഥിഗതികളില്‍, മരിച്ചത് ഇരുപതോളം പേരായിരുന്നു. ഇതിനെല്ലാമേരെ, സൈന്യത്തിനും, ഭരണത്തിനും, 'ഓശാന' പാടുന്ന സര്‍ക്കാര്‍-സര്‍ക്കാരിത മാധ്യമങ്ങള്‍ ഇവക്കു വേണ്ടത് പോലെ, 'വംശീയ-വര്‍ഗ്ഗീയ നിറവും കൊടുത്ത്, ജനങ്ങളെ തങ്ങളുടെ സഹോദരങ്ങള്‍ക്ക്‌ നേരെ തിരിച്ചു.


ഈ രീതിയിലുള്ള, അടിച്ചമര്‍ത്തലും, യാതൊരു വിധ ഉത്തരവാധിത്തമില്ലാതെയും, പേരിനു മാത്രം 'ജനാധിപത്യമെന്നു' ഉരിയാടി, ക്രിയകളില്‍, ഏകാധിപത്യ നിലപാടുകള്‍ കൈകൊണ്ടും, സൈനിക ഭരണ-തന്ത്രം തീര്‍ത്തും ജനത്തിനു നേരെ തിരിയുന്ന കാഴ്ചയാണ് ഈജിപ്ത് കണ്ടത്.  ജനാധിപത്യത്തിന് ഒരു രീതിയിലും, പട്ടാളം വിധേയരാകിലെന്നും, സുതാര്യത ഒട്ടുമില്ലാത്ത ഒരു വ്യവസ്ഥിതിയാണ് കാഴ്ച്ചവെക്കപ്പെടുന്നത് എന്നും, നിശേഷം ജനം  മനസിലാക്കിയ ഒരു ഭരണം. എന്നാല്‍, ജനത്തിന്റെ സഹിഷ്ണുതക്ക് മേലുള്ള വജ്രായുധ പ്രഹരമായിരുന്നു, സൈന്യത്തിന്റെ പുതിയ ഭരണഘടനയില്‍,  ഉള്‍കൊള്ളിക്കാനുള്ള ചില നിര്‍ദേശങ്ങള്‍. പുതിയ ഭരണഘടനയിലും (അത് എപ്പോള്‍ പ്രാബല്യത്തില്‍ വന്നാലും), നിയമവ്യവസ്ഥിതിയിലും, പട്ടാളം നിര്‍ദേശിച്ചത് തീര്‍ത്തും, ആര്‍ക്കും ഉത്തരം പറയാത്ത, ആര്‍ക്കും ചോദ്യം ചെയ്യപ്പെടാത്ത ഒരുയരം. അതായത്, പുതിയ നിയമത്തില്‍, ജനാധിപത്യത്തിന്റെ മൂന്നു അംശങ്ങള്‍ക്കും-ലെജിസ്ലേച്ചര്‍, എക്സിക്കുട്ടിവ്‌, ജുഡീഷ്യറി-മുകളില്‍, ഒരു 'സൂപ്പര്‍-സ്ട്രക്ക്ച്ചര്‍'; പോരാതെ, വേണ്ടപോലെ വാക്കുകളെ വളച്ചൊടിച്ചും, പുതിയ സമവാക്യങ്ങള്‍ തീര്‍ക്കാന്‍, രാജ്യത്തിന്റെ 'താല്‍പ്പര്യങ്ങള്‍' എപ്പോഴെല്ലാം 'ധ്വംസനം' ചെയ്യപ്പെടുമ്പോഴും, തങ്ങള്‍ക്കു ഇടപെടാന്‍ അധികാരം വിഭാവനം ചെയ്തുകൊണ്ടുള്ള ഒരു ഉടമ്പടി. ഒന്ന് ഉറപ്പിച്ചു പറഞ്ഞാല്‍, ജനാധിപത്യത്തെ കാറ്റില്‍ പറത്തി കൊണ്ടുള്ള ഒരു തരം, 'പ്രത്യേക/സവിശേഷ' ഉപരി ഘടകം. 


ഒരു 'സിവിലിയന്‍' ഭരണക്ക്രമത്തിനു അധികാര കൈമാറ്റം നടത്താനുള്ള, തീയതികളില്‍ ഒരു കണക്കില്ലാതെ മുന്‍പോട്ടു നീട്ടിയും, പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിനെ കീറാമുട്ടിയും, സംകീര്‍ണ്ണവുമാക്കി മാറ്റിയുള്ള, ഈ രക്ഷ കര്‍ത്താവ് ചമയുന്ന രീതി, ഒട്ടും തന്നെ ജനത്തിനു ദഹിക്കുന്നതല്ലായിരുന്നു. അത് കൊണ്ട് തന്നെ, നവംബര്‍ 25-നു ആരംഭിക്കുന്ന നീണ്ട പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, ജനം വീണ്ടും, തെഹറീരില്‍ ഇറങ്ങി. ജനുവരിയിലെ രക്തസാക്ഷികള്‍ക്കായുള്ള ഓര്‍മ്മ പുതുക്കളിനായി, ഈ ക്കഴിഞ്ഞ (നവംബര്‍  18) വാരാന്ത്യത്തില്‍ ഒരു ഒത്തു ചേരല്‍. എന്നാല്‍, ജനങ്ങളുടെ നേരെ അഴിഞ്ഞാടിയ കലാപ പോലീസും-സൈന്യവും, അടിച്ചംരത്തലും, രക്ത ചൊരിചലുമാനു, മാര്‍ഗമായി സ്വീകരിച്ചത്. തെഹറീരിലെ, സമരക്കാരുടെ ടെന്‍റുകളെ പിഴുതെറിഞ്ഞും, അവര്‍ക്ക് നേരെ വിഷവാതകങ്ങള്‍ വര്‍ഷിച്ചും, അക്ഷരാര്‍ഥത്തില്‍ ജനങ്ങള്‍ തെരുവുകളില്‍ വേട്ടയാടകപ്പെടുകയായിരുന്നു. നീണ്ട നാല് ദിവസം അരങ്ങേറിയ ഈ ഒരു വശ യുദ്ധത്തില്‍, മരിച്ചത് ഇരുപത്തിലുമേറെപേരാണ്. ഇങ്ങനെ മുറുക്ക് മുഷ്ടിയോടുകൂടിയുള്ള സൈന്യത്തിന്റെ ഉത്തരങ്ങള്ടെ ചെറുത്തു തോല്‍പ്പിക്കാന്‍ തന്നെ ജനങ്ങള്‍ തീരുമാനിക്കുകയായിരുന്നു.


അതോടെ ജനുവരിയെ അനുസ്മരിപ്പിക്കുന്ന കാഴ്ചകളായിരുന്നു പിന്നീട് അരങ്ങേറിയത്. തഹരീര്‍ തിരിച്ചു പിടിച്ചുകൊണ്ടുള്ള ജനതയുടെ, മറുപടി നല്‍കുന്ന സന്ദേശം വലിയൊരു സത്യം കൂടിയാണ്. അതായത്, തങ്ങള്‍ക്കു സ്വന്തമായുള്ള ഒരു വസ്തുവും, കൈയ്യേറാനും, കൈയ്യടക്കാനും,  ആര്‍ക്കും അവകാശമില്ലെന്നും, അതിലൂടെ, തന്ഗ്ഗല്‍ നെഞ്ചോട്‌ ചേര്‍ത്തു കണ്ണിലെ കൃഷ്ണമണിയെപ്പോള്‍ കാത്തു സൂക്ഷിക്കുന്ന, ജനകീയ വിപ്ലവത്തെ ഒരു രീതിയിലും, അടിയറവുവെക്കിലെന്നും കൂടിയുള്ള, ഒരു അറിയിപ്പാണത്. ചോര നീരാക്കി, കെട്ടിപൊക്കിയ ഈ ജനകീയ സമരത്തെ, ഒരു പ്രതിവിപ്ലവത്തിനും, പിന്തിരിപ്പന്‍ ശക്തികള്‍ക്കും വിടകൊടുക്കില്ല എന്നാ ഉറച്ച വാശി. വാസ്തവത്തില്‍, പട്ടാള ഭരണത്തില്‍ നഷ്ടപ്പെട്ട വിശ്വാസം മാത്രമല്ല, ആ ഭരണവ്യവസ്ഥിതിയില്‍, വിപ്ലവത്തിന്റെ ഒരു ചെറിയ അംശം പോലും, സൂക്ഷമമായിരിക്കില്ല എന്ന ജനങ്ങളുടെ ദ്രിഡമായ വിശ്വാസം. അങ്ങനെ അവര്‍ നേടിയ ഒരു മഹത്തായ നിധിയെ, ഒരു കാരണവശാലും, പാഴാക്കാനും ഈജിപ്ത് ജനത ഇന്ന് തയ്യാറല്ല. കൂടാതെ, പട്ടാളത്തിന്റെ സ്വരത്തിഒപ്പം, സ്വരംചേര്‍ത്തു 'കോറസ്' പാടുന്ന  ഒരു സംഘത്തെയും, അവര്‍ രാഷ്ട്രീമായും-ജനാധിപത്യപരമായും ഒറ്റപ്പെടുത്തുകയും അവര്‍ ചെയ്യും. തന്റാവിയുടെ ചൊവ്വാഴ്ചത്തെ ടെലിവിഷന്‍ പ്രസംഗത്തില്‍, അത് കൊണ്ട് തന്നെ ത്രിപതരാകാതെ ജനം 'ഇര്‍ഹാല്‍' (അറബിയില്‍, "ഇറങ്ങിപ്പോ") എന്ന് മാത്രമാണ് ആര്‍ത്തു വിളിച്ചത്. ജൂലയോടെ പുതിയ പ്രസിഡന്റും, ഭരണഘടനയും നല്‍കാമെന്നും, അതും കൂടാതെ ജനം ആവശ്യപ്പെടുകയാണെങ്കില്‍, 'സിവിലിയന്‍ ഭരണത്തിനായി' ജനഹിത പരിശോധന നടത്താമെന്നുമുള്ള 'മധുരിക്കുന്ന' വാക്കുകളില്‍ ഇനി മയങ്ങാന്‍ തങ്ങളെ കിട്ടിലെന്നു കൂടി, ആ ആര്‍പ്പു വിളികളില്‍ വ്യക്താമാണ്. ഒരു പക്ഷെ, പട്ടാളത്തിന്റെ, 'നല്ല' വാക്കുകളിലും/നല്ല പിള്ള ചമയലുകളിലും മതിമറന്നു, തഹരീര്‍, ഉപേക്ഷിച്ചതാണ്, തങ്ങള്‍ ചെയ്ത വലിയ തെറ്റ് എന്ന തിരിച്ചറിവ് കൂടി, ജനങ്ങള്‍ നേടുകയും ചെയ്തു. അങ്ങനെ, ഒരിക്കല്‍ കൂടി തങ്ങളുടെ ജനാധിപത്യത്തെ കാത്തുരക്ഷിക്കാനായി, തെരുവകിലേക്ക് ഇറങ്ങി, ലക്ഷങ്ങളെ സംഘടിപ്പിച്ചു, നിലവിലുള്ള സ്ഥിതി-വിശേഷത്തെ മാറ്റിയെഴുതാന്‍ ഉള്ള ഉറച്ച പോരാട്ടം. അടിയന്തരമായി പട്ടാളം, ഒരു പൗരസ്ഥ സര്‍ക്കാരിന് അധികാരം കൈമാറി, ബാരക്കുകളിലേക്ക് തിരികെ പോയി, ജനാധിപത്യത്തിനുമുകളിളല്ല, മറിച്ചു അതിനുള്ളില്‍, ഇരുന്നു, ജനങ്ങള്‍ക്കും, നിയമത്തിനും മറുപടി പറഞ്ഞു, പുതിയ ഭരണഘടനയുടെയുള്ളില്‍, ഉത്തരവാദമുള്ള ഒരു ശക്തിയായി ചുരുങ്ങുകയാണ് വേണ്ടതെന്നും, ജനങ്ങള്‍ ആണയിട്ടു, ഉറക്കെ വിളിച്ചു പറയുകയാണ്‌. പക്ഷെ ഇതെല്ലാം നടക്കുമ്പോഴും, അമേരിക്ക തന്റാവിയുടെ പ്രസംഗത്തില്‍, സന്തുഷ്ടി പ്രകടിപിച്ചു എന്നുള്ള വസ്തുത, ഒരു കാര്യം വ്യക്തമാക്കുന്നു. ജനങ്ങള്‍ക്ക്‌  അവരുടെ ശരിയായതും, ജനാധിപത്യവുമായ അധികാരങ്ങള്‍ ലഭിച്ചാല്‍, ആര്‍ക്കാണ് അത് വന്‍ ഭീഷണിയുയര്‍ത്തുന്നതെന്ന്, പകല്‍ പോലെ വ്യക്തമാണ്.


പരിപൂര്‍ണവും, പങ്കാളിത്തമുള്ളതും, സുതാര്യവുമായ  ജനാധിപത്യത്തിനായുള്ള ഈ സമരത്തില്‍, ഇനി ഒരു തിരിഞ്ഞു നോട്ടമോ, ഒരു തെറ്റായ ചുവടുവെപ്പോ വന്നു കൂടാ എന്ന കരുതല്‍ കൂടി ഈജിപ്ത് ജനതക്കുണ്ട്. അത് കൊണ്ട്, തന്നെ ഈ പ്രാവശ്യം അവരുടെ തീര്‍ത്തും കലര്‍പ്പില്ലാത്ത അവകാശത്തിനായി, അവര്‍ എല്ലാ വിധ അടിച്ചമര്‍ത്തലുകളെയും, അതിക്രമങ്ങളെയും, തമോഘര്‍ത്തങ്ങളെയും, ധൈര്യത്തോടെയും, വീരത്തോടെയും, നേരിടാനും, തയ്യാരായാണ് പോരാട്ടത്തിനിറങ്ങുന്നത്. ഇതില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങളും വാര്‍ക്കപ്പെടുന്നുണ്ട്. ഈ അടുത്തു, ഈജിപ്തിലെ, കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുള്‍പ്പടെ, നാല് പ്രധാന ഇടതുപക്ഷ കക്ഷികള്‍ ഒരു പുതിയ സഖ്യം തീര്‍ക്കുകയും ചെയ്യുകയുണ്ടായി. അത് കൊണ്ട് തന്നെ, ഇതെല്ലാം അരങ്ങേറുമ്പോള്‍, ലെനിന്റെ മഹത്തായ വാക്കുകള്‍, ഈജിപ്തിലെ വിപ്ലവത്തിന്റെ രണ്ടാമധ്യായത്തില്‍ മുഴങ്ങി പ്രകമ്പനം കൊള്ളുകയും, പട്ടാളത്തോടും, അവരുടെ സഹായികളായ സംഘങ്ങളോടും, അവയുടെ തലതൊട്ടപ്പനായ അമേരിക്കയോടും, ഉറക്കെ വിളിച്ചുപറയാന്‍, ജനസാഗരത്തിനു  ഇന്ന് ഒരു മുദ്രവാക്യമേയുള്ളൂ -- "ഇര്‍ഹാല്‍"

No comments:

Post a Comment