Pages

Wednesday, June 1, 2011

മെസ്സിയെന്ന മിശിഹ

സെപ്പ് ബ്ലാറ്റര്‍ ഫിഫയുടെ തലപ്പത്ത് ഒരിക്കല്‍ കൂടി തിരിച്ചെത്തി എന്നാ വാര്‍ത്തയുടെ സ്ഥിതീകരണം കേട്ടുകൊണ്ടാണീകുറിപ്പെഴുതുന്നത്. അഴിമതിയും, ഒത്തുകളിയുമെല്ലാം നിറഞ്ഞു നിന്ന ഒരധ്യായമായാണ് ബ്ലാറ്റരുടെ സ്ഥാനാരോഹണം. പണകൊഴുപ്പും, കച്ചവട താല്‍പ്പര്യങ്ങളും മുന്‍ നിര്‍ത്തി നടന്ന  ഈ പോരില്‍, കാലങ്കപ്പെട്ടത്‌, ഫുട്ബോളിന്റെ അന്തസ്സാണ്. വഴിവിട്ടു വോട്ടുകള്‍ വിലക്ക് വാങ്ങുകയും, പ്രലോഭനങ്ങള്‍ ചൊരിയുകയും, കുതികാല്‍ വെട്ടുമെല്ലാം ആവോളം തകൃതിയായി നടന്ന ഒരു തെരഞ്ഞെടുപ്പു.......എന്തിനു 2022-ല്‍ ഖത്തറിനു ലഭിച്ച ലോക കപ്പ നറുക്ക് പോലും, അഴിമതിയുടെ നിഴലില്‍ ഇന്നും നില്‍ക്കുന്നു. അത്തരത്തിലൊരു, തീര്‍ത്തും ദിശാഹീനമായതും, അക കാഴ്ചയുമില്ലാത്ത ഈ തെരഞ്ഞെടുപ്പിന്റെ പടപുറപ്പാടിനിടയിലാണ് യുഏഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ മത്സരം ഇംഗ്ലണ്ടിന്റെ ചരിത്രമുറങ്ങുന്ന വെമ്ബ്ലിയുടെ പുല്‍ത്തകിടിയില്‍ അരങ്ങേറിയത്. കളിയില്‍ യൂറോപ്പിലെ എക്കാലത്തെയും, പ്രസിദ്ധരായ രണ്ടു വമ്പന്‍ ക്ലബ്ബുകള്‍ മാറ്റുരക്കുന്നു-ബാര്‍സലോണയും, മാഞ്ചസ്റ്റര്‍ യുണൈറ്റഡും. ആദ്യ പകുതിയ്ല്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ അടിച്ചു സമാസമമായിരിക്കുന്നു. അപ്പോള്‍ വരെയും കളിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു എന്ന പ്രതീതി. പക്ഷെ കളി ആകമാനം, അടിമുടി മാറിയത് രണ്ടാം പകുതിയിലായിരുന്നു. ഡീയുടെ പുറത്തു  നിന്ന് ലഭിച്ച പന്തിനെ ശരവേഗത്തില്‍ മുന്നോട്ടു നീക്കി, ബോക്സിന്റെ പുറത്തു നിന്ന് കൊണ്ട് മനോഹരമായ ഒരു 'ലെഫ്റ്റ് ഫുട്ടര്‍'.  മാഞ്ചസ്റ്റര്‍ ഗോളി, എഡ്വിന്‍ വാന്ടെസാര്‍ വലത്തോട്ടു മറിയുകയും, പന്ത് ഇടത്തോട്ടും പായുന്നു. അതോടെ കളിയുടെ മേല്‍ ബാര്‍സയുടെ ബലമായ പിടി. ഗോളടിച്ചത്, ലയണല്‍ മെസ്സി എന്ന  മാന്ത്രികന്‍; സെമിയില്‍  ആദ്യ ലെഗ്ഗില്‍ പരമ്പരാഗഥ എതിരാളികളായ റിയാല്‍ മാദ്രിഡുനെതിരെ രണ്ടു തവണ മെസ്സി വല കുലിക്കിയിരുന്നു. 

ഒന്ന് കുലിക്കിയാല്‍ ആകുവോളം കാല്പന്തുകളിക്കാര്‍ നിറഞ്ഞു കവിയുന്ന അര്‍ജന്റീനിയന്‍ മണ്ണിന്റെ സ്വന്തം പുത്രന്‍. കളിയെ തറവാട്ട്‌ മഹിമായായി പാടിനടക്കുന്ന, സ്വത്തായി അവകാശപെടുന്ന ലാറ്റിന്‍ അമേരിക്കന്‍ വംശത്ത്നിറെ പുതിയ സാരഥി. റോസാരിയോയില്‍ സ്റ്റീല്‍ ഫാക്ടറി തൊഴിലാളിയായ ജോര്‍ജെ ഹോറെശിയോക്കും, സെസീലിയ മാറിയ കുട്ടിച്ചീനിക്കും പിറന്ന മെസ്സി, അഞ്ചാം വയസ്സ് മുതല്‍ ഫുട്ബോള്‍ തട്ടി തുടങ്ങിയിരുന്നു. അന്നേ തെളിഞ്ഞ വാസന, ഒരു അനുഗ്രഹമായാണ് മെസ്സിയില്‍ പതിഞ്ഞത്. അര്‍ജന്റീനയുടെ പ്രഗല്‍ഭ ക്ലബ്ബായ റിവര്‍ പ്ലേറ്റ്, മെസ്സിയില്‍ തല്പ്പരരുമായിരുന്നു. എന്നാല്‍ പതിനൊന്നാം വയസ്സില്‍ സങ്കീര്‍ണമായ ഒരു ഹോര്‍മോണ്‍ വൈകല്യം പിടിപെട്ട മെസ്സിക്ക്, ഭാവി ദുര്‍ഘടമെന്നു തോന്നിപ്പിച്ചു. ചികിത്സക്ക് തന്നെ വഴിമുട്ടിയ സമയത്താണ് ബാര്‍സലോണയുടെ സ്പോര്‍ട്സ് ഡയറക്ടര്‍, കാര്‍ലെസ് റെക്സാച്, മെസ്സിയുടെ വൈഭവമറിഞ്ഞു കാണാനെത്തുന്നത്. മെസ്സിയുടെ മൊത്തം ചികിത്സാ ചെലവും, മറ്റും വഹിക്കാമെന്നേറ്റ റെക്സാച് ഒരു നിബന്ധനയെ മുന്നോട്ടു വച്ചുള്ളൂ-ക്ലബിന് വേണ്ടി കളിക്കണം. അങ്ങനെ മെസ്സിയും, കുടുംബവും യുറോപ്പിലേക്ക് പറിച്ചു നടപ്പെടുകയായിരുന്നു. 

മെസ്സിയും, ബാര്‍സലോണയും:

ഒരര്‍ത്ഥത്തില്‍ മെസ്സി ക്ലബ്ബിനെയും, ക്ലബ് മെസ്സിയെയും അന്യോന്യം ദത്തെടുക്കുകയായിരുന്നു. ബാര്‍സയുടെ യുവ അക്കാദമിയില്‍ ചേര്‍ന്ന് കളിയുടെ നൂതനവും, ശഷ്ട്രീയവും, തന്ത്രപരവുമായ വശങ്ങളെ ഒരു സ്പോണ്‍ജു ഒപ്പിയെടുക്കുകയായിരുന്നു മെസ്സി. യുറോപ്പിയന്‍ ക്ലബ്ബുകളുടെ വികസ്വരവും, അരക്കിട്ടുറപ്പിക്കപ്പെട്ട ശക്തമായ ഘടനയാണ്, ബാര്‍സക്കുമുണ്ടായിരുന്നത്. യുവ പ്രതിഭകളെ വാര്‍ത്തെടുത്തു, മികച്ച പന്ത് കളിക്കാരാക്കുന്ന മികവു. ആഴ്ന്നു കിടക്കുന്ന വേരുകളിലൂടെ സഞ്ചരിച്ചു, പയറ്റി തെളിഞ്ഞു മെസ്സി, ഫ്രാങ്ക് റയ്ക്കാര്‍ഡിന്റെ പരീക്ഷണത്തില്‍, 2003-ല്‍ പോര്‍ടോക്കെതിരായ ഒരു സന്നാഹ മത്സരത്തില്‍, ജേയ്സി അണിഞ്ഞു, പ്രൊഫഷണല്‍ കളിയരങ്ങില്‍ തന്റെ ഹരിശ്രീ കുറിച്ച്. പിന്നീട് എസ്പ്നയോളിനെതിരെ സ്പാനിഷ്‌ ലാ ലീഗയില്‍ ശരിക്കുമുള്ള ഒരു അരങ്ങേറ്റവും. പിന്നീടങ്ങോട്ട് ഒരു നീണ്ട, ജൈത്രയാത്രയായിരുന്നു. ഇന്നത്തെ, ലോക മറിയുന്ന താരമായി മാറിയിരിക്കുന്ന മെസ്സിയുടെ ജീവിതത്തില്‍ ബാര്‍സയുടെ പങ്കു അദ്ഭുതകരമാണ്. യുറോപ്പിയന്‍ ഫുട്ബോളിന്റെ പണക്കൊഴുപ്പിനും, കണ്ണഞ്ചിപ്പിക്കുന്ന ഗ്ലാമറിനും, പരസ്യത്തിനുമെന്നു വേണ്ട, മറ്റൊന്നിനും, മെസ്സിയെ ബാര്സയില്‍ നിന്ന് പറിച്ചു നടാനായില്ല. റെക്കോര്‍ഡ നിലകളില്‍ കളിക്കാരെ സ്ഥലം മാറ്റുകയും, ക്ലബ്ബുകള്‍ തമ്മില്‍ വയ്പ്പ കൊടുക്കുകയും, മറ്റു കച്ചവടങ്ങള്‍ അരങ്ങു തകരക്കുകയും, മറ്റും ചെയ്യുമ്പോഴും, മെസ്സി ബാര്‍സ വിട്ടില്ല. അതിനു തക്കതായ കാരണങ്ങളൊന്നും, മുന്നില്‍ കാണുന്നിലെങ്കിലും, ഒരു പ്രത്യേകത ബാര്‍സയുടെ ഘടനതന്നെയാവാം മെന്നു ഈയുള്ളവന്‍ ഊഹിക്കുന്നു. മറ്റു ക്ലബ്ബുകളെ പോലെ പണക്കൊഴുപ്പിന്റെ, വാണിജ്യ സാമ്രട്ടുകളുടെ കുത്തകയല്ല ബാര്‍സ. മറിച്ച്, യഥാര്‍തത്തില്‍  ഒരു ലക്ഷത്തിലുമേറെ അങ്കങ്ങള്‍ (കറ്റലന്‍ ഭാഷയില്‍ 'സോഷിയോകള്‍') രജിസ്റ്റര്‍ ചെയ്യുകയും, ലാഭ കൊതിയൊട്ടുമില്ലാത്ത ഒരു സംരംഭം. സ്പൈയ്നിലെ തന്നെ കാറ്റലന്‍ പ്രവിശ്യ, അവരുടെ തന്നെ സ്വ്നത്മായ, ഒരു വേറിട്ട ദേശീയത തന്നെ സൂക്ഷിക്കുന്നവരാണ്. മാഡ്രിഡ്‌, സംസ്കാരത്തില്‍ ഇഴചെരാതെ, തങ്ങള്‍ക്കു വ്യത്യസ്തമായ ഒരു നാഗരികത പനിതവരാന് കാറ്റലൂനിയക്കാര്‍. അവരുടെ മുഖമുദ്രയാണ് ബാര്‍സലോണ ഫുട്ബോള്‍ ക്ലബ്‌. ഇത്തരത്തില്‍, കായിക-ഫുട്ബോള്‍ പ്രേമികളെ കോര്‍ത്തിണക്കികൊണ്ട്, മുന്നോട്ടുപോകുകയും, വാണിജ്യോദേശ്യങ്ങള്‍ക്കുപരിയായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മ (ബാര്‍സയുടെ ജേഴ്സിയിലും അവരുടെ സ്പോണ്സര്‍മാര്‍ യൂനിസെഫ്ഫാണ്). ഇത്തരത്തിലൊരു പ്രവര്‍ത്തന മേഖലയാവാം മെസ്സിയും ഇഷ്ടപ്പെടുന്നത് (ഇത് പറയുമ്പോള്‍ മെസ്സി ഒരു സോഷ്യലിസ്റ്റ്‌ ആയി എന്നുള്ള വാദമുഖങ്ങള്‍ ഒന്നും തന്നെയും ഈയുള്ളവന്‍ നിരത്തുനില്ല). 

 മെസ്സിയും, ബാര്‍സയും ഇഴകി ചേര്‍ന്നപ്പോള്‍, വിടര്‍ന്നത് ഒരു പുതിയ വസന്തമാണ്.  അത് ഒരു പക്ഷെ, കളി ശൈലി പരിശോധിച്ചാല്‍ തന്നെ കാണാനാകും. ഒട്ടനവധി പ്രതിഭകളുടെ നിരയായാണ് ബാര്‍സ അറിയപ്പെടുന്നത്; ഇതില്‍ പലരും, സ്പൈനിന്റെ ഒന്നാം നിര അങ്കങ്ങള്‍. ഇക്കഴിഞ്ഞ ലോക കപ്പില്‍ കിരീടം ചൂടിയ ടീമില്‍, അധികവും, ബാര്‍സക്കാരും. കര്ലെസ് പുയോളും, ആന്ദ്രെ ഇനിയെസ്ടയും, സാവിയും, ബുസ്കെറ്സും, പിക്കെയുമെല്ലാം, അടങ്ങിയ നിര ഒത്തിണങ്ങിയ ഒന്ന് തന്നെയനെന്നതില്‍ സംശയമില്ല. പാസ്സിംഗ് ഗെയ്മില്‍, ഒരു തനതു കലയാക്കി മാറ്റിയ സ്പൈനിന്റെ കൃത്യതയാര്‍ന്ന അടവുകള്‍ ലക്ഷ്യവും തെറ്റാറില്ല. 'ടിക്കി-ടാക്ക' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേളിശൈലിയില്‍ കളിക്കുന്ന സ്പെയിന്‍ ലോക ഫുട്ബോളില്‍ ഒരു മാതൃകയുമാണ്. ഈ ശൈലിയില്‍ പ്രധാന പങ്കും ബാര്‍സയുടെതും. ഇതില്‍ മെസ്സി കൊണ്ട് വരുന്നത്, ലാറ്റിന്‍ അമേരിക്കയുടെ ഒരേ സമയം മനോഹരവും, മൂര്‍ച്ചയേറിയതുമായ ആക്രമണ ശൈലി. അങ്ങനെ രണ്ടു വ്യത്യസ്ത സംഗീതങ്ങളുടെ സിംഫണിയാണ്, ബാര്‍സയുടെ കളി. ബാര്‍സയുടെ കളി നിയന്ത്രിക്കുന്നതില്‍ ഇനിയെസ്ടക്ക് പ്രധാന പങ്കുണ്ടെങ്കിലും, കളിയുടെ മറ്റു പ്രധാന ഭാഗത്തിന്റെ കടിഞ്ഞാന്‍ മെസ്സിയുടെ കാലുകളിലാണ്. മുന്‍ നിരയില്‍, അറ്റാക്കറായും, ചിലപ്പോള്‍ വിങ്ങറായും,   നിറഞ്ഞു കളിച്ചു, മികച്ച പാസുകളും, ദ്രിബ്ബുളുകളും മേനഞെടുത്തു, മെസ്സിയുടെ ഒറ്റയാള്‍ റേയ്ഡുകളും എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ സ്തംബ്ദരാക്കുന്നു. ബോക്സിംഗ് ഇതിഹാസം മുഹമ്മദ്‌ അലിയെ വിശേഷിപ്പിക്കുന്ന "ചിത്രശലഭത്തെ പോലെ പൊങ്ങി പറന്നു, വണ്ടിനെ പോലെ കുത്തുന്ന" പ്രവണത മെസ്സിയുടെ കാര്യത്തിലും തീര്‍ത്തും ശരിയാണ്. ലാറ്റിന്‍ അമേരിക്കന്‍ കാല്‍പ്പന്തുകളിയുടെ ആ ദ്രിശ്യ ചാരുതയാണ് മെസ്സിയുടെ കാലുകളുടെ വിസ്മയത്തില്‍ തെളിയുന്നത്. ആ കേളിഭാവവും, കായിക സൗന്ദര്യവും ഒത്തിണങ്ങി പരിണമിക്കുമ്പോള്‍, ലക്ഷകണക്കിന് ആരാധകര്‍ക്ക് അതൊരു അവിസ്മരണീയ അനുഭവമായി മാറുന്നു. മെസ്സി ബാര്‍സയുടെ കാതലായി മാറിയതിനു ശേഷം അവര്‍ അഞ്ചു തവണ ലാ ലീഗയും, ഒരു വട്ടം കോപ ഡെല്‍ റെയും, മൂന്നു തവണ ചാമ്പ്യന്‍സ് ലീഗും, ഒരു തവണ യുഏഫ സൂപ്പര്‍ കപ്പും, ഫിഫ ലോക ക്ലബ്ബ് കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ ഇന്നത്തെ പോലെ തന്നെ, 2008-09 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈട്ടടിനെതിരെ രണ്ടു ഗോള്‍ ജയത്തിലും, മെസ്സി സ്കോര്‍ ചെയ്തിരുന്നു. 

അര്‍ജന്റീനിയന്‍ ജേഴ്സിയില്‍:

മൊത്തത്തിലൊരു മാറ്റമല്ലെങ്കിലും, കാര്യമായ ഉത്തരവാദിത്തമാണ് മെസ്സിക്ക് ഇളം നീലയും, വെള്ളയും കലര്‍ന്ന  വരകളുള്ള കുപ്പായമണിയുമ്പോള്‍. ടീഅമിന്റെ കുന്തമുനയായി മാറി, പലപ്പോഴും ഇരട്ട വേഷം കൈകാര്യം ചെയുന്ന മെസ്സിയെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌. ഒരു സ്ട്രൈക്കറും-പ്ലേമേക്കറും കൂടികലര്‍ന്ന വ്യത്യസ്ത വേഷം. സ്വന്തമായി ഗോളുകള്‍ വാരിക്കൂട്ടുന്നതിനേക്കാള്‍, ജാഗരൂകനായി മിന്നല്‍ നീക്കങ്ങള്‍ നടത്തി, പ്രതിരോധത്തെ  കബളിപ്പിച്ചു, ഡ്രിബിള്‍ ചെയ്തു ഇരു കാലുകളിലും വട്ടം കറക്കി, ഹിഗ്വൈനും, ടെവെസിനും അവസരങ്ങളുണ്ടാക്കി കൊടുത്ത്, നിറഞ്ഞു കളിക്കുന്ന ശൈലി. അപാരമായ മെയ് വഴക്കത്തോടും, സൂക്ഷമതയോടും കൂടി കളി നിയന്ത്രിക്കാനുള്ള മികവു. തന്റെ പൂര്‍വികര്‍ ഇറ്റലിയില്‍ നിന്നായത്‌ കൊണ്ട് മെസ്സിക്ക് പലപ്പോഴും, അവിടെ കളിക്കാനും, 'അസൂരിക്ക്' വേണ്ടി ജേഴ്സിയണിയാനുമുള്ള ക്ഷണം ആവോളമുണ്ടായിട്ടും, മെസ്സി അര്‍ജന്റീനക്ക് വേണ്ടി കളത്തിലറങ്ങാനാണ് യത്നിച്ചത്. അങ്ങനെ 2005-ലെ അണ്ടര്‍-20 ലോക കപ്പില്‍ അര്‍ജന്റീനക്ക് കിരീടം നേടി കൊടുത്ത്, ഒരു യുവ പ്രതിഭയായി മെസ്സിയുയര്‍ന്നു. ആ ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ബോളും, ബൂട്ടും മെസ്സിക്കായിരുന്നു. അതിന്റെ ചുവടു പിടിച്ചു, തന്റെ പതിനെട്ടാം വയസ്സില്‍ അതെ വര്‍ഷം ഹംഗറിക്കെതിരെ അര്‍ജന്റീനയുടെ സീനിയര്‍ ടീമില്‍ ഇടം നേടി, തന്റെ അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിച്ചു. 2006-ല്‍ ജര്‍മനിയില്‍ അരങ്ങേറിയ ലോക കപ്പ് ടീമില്‍ ഇടവും നേടി. ഐവറി കോസ്ടിനെതിരെയുള്ള ആദ്യ കളിയില്‍ ബെഞ്ചിലിരുന്ന മെസ്സിയെ, പക്ഷീലകാന്‍ ജോസേ പെകെര്‍മാന്‍ അടുത്ത കളിയില്‍ സെര്‍ബിയ-മോണ്ടിനീഗ്രോക്കെതിരെ പകരക്കാരനായി ഇറക്കി. മാക്സി റോഡ്രിഗസിനു പകരമായി ഇറങ്ങിയ മെസ്സി, അങ്ങനെ,  ലോക കപ്പ് ചരിത്രത്തില്‍  അര്‍ജന്റീനയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. ആ കളിയില്‍, വളരെ കുറച്ചു നേരത്തേക്ക് മാത്രമാണ് മെസ്സി കളിചെന്തെങ്കിലും, ഹെര്‍നാന്‍ ക്രെസ്പോക്ക് ഒരു ഗോള്‍ സഹായിക്കുകയും ചെയ്തു. കൂടാതെ, അതിലെ അവസാനത്തെ ഗോള്‍ മെസ്സി അടിച്ചു, അര്‍ജന്റീനയുടെ സമ്പൂര്‍ണാധിപത്യം സ്ഥാപിക്കുകയും ചെയ്തു. മറുപടിയില്ലാത്ത എട്ടു ഗോളുകള്‍ക്കാണ് സെര്‍ബിയ അര്‍ജന്റീന അന്ന തകര്‍ത്തത്. അന്ന് മുതല്‍ തന്നെ, മെസ്സി അര്‍ജന്റീനിയന്‍ ഇതിഹാസം, മറഡോണയുടെ പിന്‍ഗാമിയായി മാധ്യമങ്ങളും, കളി നിരൂപകരും വാഴ്ത്താന്‍ തുടങ്ങിയിരുന്നു. ഇതിനു ശേഷം 2007-ലെ കോപ അമേരിക്കയിലും, 2008-ലെ ബീജിംഗ് ഒളിമ്പിക്സിലും, മെസ്സിയുടെ വിസ്മയങ്ങള്‍ കളിയാടി. കോപ അമേരിക്കയില്‍ ബ്രസീലിനോട് പരാജയപ്പെട്ടെങ്കിലും, ഒളിമ്പിക് സ്വര്‍ണം നേടാന്‍ അര്‍ജന്റീനക്ക്  കഴിഞ്ഞു. പലപ്പോഴും വമ്പന്‍ ടീമുകള്‍ ഒളിമ്ബിക്സിനോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചിട്ടുള്ളത്. അത്കൊണ്ട് ബാര്‍സലോണ ആദ്യം വിലക്കിയെങ്കിലും, മെസ്സിയുടെ ശാട്യത്തിന് വഴങ്ങി, അനുവാദം നല്‍കേണ്ടി വന്നു. രാജ്യത്തിന് വേണ്ടിയുള്ള കര്‍ത്തവ്യം, ക്ലബ്ബിനു മുകളില്‍ വെക്കുന്ന ഈയൊരു വിശേഷണവും, മെസ്സിയെ സമകാലിക താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. 

2009-ല്‍, വെനിസ്വേലക്കെതിരെയുള്ള  ഒരു ലോക കപ്പ് ക്വളിഫൈയറിലാണ് മെസ്സിക്ക് ആദ്യമായി, സീനിയര്‍ വിഭാഗത്തില്‍ പത്താം നമ്പര്‍ ജേഴ്സി ലഭ്ക്കുന്നത്. മറഡോണ സ്വന്തമാക്കിയ, ഒരു കാലയളവില്‍ അര്‍ജന്റീനയുടെ ഫുട്ബോള്‍ ഫെഡറേഷന്‍ മരവിപ്പിച്ച പത്താം നമ്പര്‍ ജേഴ്സി. ഫുട്ബോള്‍ ഇതിഹാസം അര്‍ജന്റീനയുടെ പരിശീലകനായി ചുമതല ഏറ്റെടുത്തതോടെ മെസ്സിയും, മറഡോണയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴമേറിയതായി. ആ ഗുരു ശിഷ്യ ബന്ധം അര്‍ജന്റീനയുടെ ഫുട്ബോള്‍ ചരിത്രത്തില്‍ പുതുമയുമായിരുന്നു. മറഡോണ തന്നെ സ്വയം മെസ്സിയെ തന്റെ പിന്‍ഗാമിയായി അവരോധിക്കുകയും ചെയ്തു. 2010 ലോക കപ്പ് സ്വപ്നങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചെങ്കിലും, മെസ്സിക്ക് ടീമിനെ ക്വാര്‍ട്ടറിന് അപ്പുറം കടത്താനായില്ല. ജര്‍മനിയോട് അടി പതറി വിട വാങ്ങി അര്‍ജന്റീന മടങ്ങിയപ്പോള്‍, മറഡോണയുടെ പരിശീലക ജോലിയും അവസാനിച്ചു. ഒരു പക്ഷെ, ആ പരാജയത്തിനു കാരണം ഒരു തന്ത്ര പാളിച്ചയാണെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. പറന്നു കളിക്കുന്ന, മെസ്സിയെ തളച്ചാല്‍, പിന്നെ മുന്നോട്ടുള്ള അര്‍ജന്റീനയുടെ ആക്രമണങ്ങളെ ചെറുക്കാനാകുമെന്നു, ജര്‍മന്‍ കോച് ജോകിം  ലോയുടെ വിലയിരുത്തല്‍ തീര്‍ത്തും ശരിയായി. മെസ്സിയുടെ മേലുള്ള അധികാശ്രയം വിനയാകുകായായിരുന്നു. തന്ത്രങ്ങള്‍ ഒരു കളിക്കാരനെ ചുറ്റി-പറ്റി മെനയുമ്പോള്‍, അത് വിഫലമാക്കാനുള്ള  സാധ്യതകള്‍ അതിനൊപ്പം ഒളിഞ്ഞു കിടക്കുന്നതും സ്വാഭാവികം. ഇത്തരത്തില്‍ ഒരു തന്ത്രം, മെസ്സിയുടെ മേലുള്ള സമ്മര്‍ദ്ദത്തെയും അധികരിച്ചു. മെസ്സിയുടെ പാത തടഞ്ഞതോടു കൂടി, മറ്റു മുന്‍ നിരക്കാര്‍ക്കു 'സപ്പ്ളയ്' മുറിക്കാനുമായി. അത് കൊണ്ട് ബാര്‍സലോണക്ക് വേണ്ടി കളിക്കുമ്പോഴുള്ള ഫോം, നാടിനു വേണ്ടിയിരങ്ങുബോള്‍,  കളിക്കുമ്പോള്‍ അതെ രീതിയില്‍ വരുന്നില്ല എന്ന വാദത്തില്‍ ഒരു ചെറിയ വസ്തുതയുണ്ടെകിലും, അത് മൊത്തത്തില്‍ ശരിയല്ല. മേല്‍പ്പറഞ്ഞ തന്ത്രപാളിച്ചയാണ്, ഈ വാദത്തിനു ഒരു പരിധി വരെ ഉത്തരം നല്‍കുന്നത്.    

എങ്കിലും ഇത്തരത്തിലുള്ള താല്‍കാലിക തിരിച്ചടികളൊന്നും, മെസ്സി എന്നാ പ്രതിഭയുടെ വീര്യം കുറക്കുകയില്ല. 2007-ലെ കോപ പരാജയത്തിനു പകരം വീട്ടാന്‍ ഈ വരുന്ന ജൂലായില്‍, സ്വന്തം മണ്ണില്‍ ആതിതേയത്വം വഹിക്കുന്ന  അര്‍ജന്റീന ഇറങ്ങും. സെര്‍ജിയോ ബാറ്റിസ്റ്റ എന്ന പരിശീലകന്‍ ചാലിപികുന്ന ടീം കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുമില്ല. മെസ്സി ഒരിക്കല്‍ കൂടി തന്‍റെ മാന്ത്രികത്വം പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയിറങ്ങും. അത് കൂടാതെ രണ്ടു വട്ടം തുടര്‍ച്ചയായി, ഫിഫയുടെ ലോക ഫുട്ബോളറായ ഈ താരത്തിന്റെ ദൂര കാഴ്ച അയല്‍ രാജ്യവും, ചിരവൈരാളികള്‍, ബ്രസീല്‍ ആതിതേയത്വം വഹിക്കുന്ന 2014-ലെ ലോക കപ്പ് തന്നെ. തന്‍റെ ഫുട്ബോള്‍ ജീവിതം കഴിയും വരെ പ്രൊഫഷണല്‍ ലീഗില്‍ ബാര്‍സലോണക്ക് വേണ്ടി മാത്രമേ കളിക്ക് എന്ന് കൂടി മെസ്സി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി വരാനിരിക്കുന്ന നാളുകള്‍ മെസ്സി എന്ന പ്രതിഭയുടെ, ഫുട്ബോള്‍ ചരിത്രത്തിലെ 'പാന്‍തിയോണിലേക്കുള്ള' പ്രയാണത്തിന്റെതാണ്. കൊടുമുടികള്‍ ഇനിയും കീഴടക്കാന്‍, മെസ്സിയുടെ യാത്ര വിശ്രമമില്ലാതെ തുടരുന്നു. ഈ കുറിപ്പ് അവസാനിപിക്കുമ്പോള്‍, ഓര്‍മ്മ വരുന്നത് കഴിഞ്ഞ ലോക കപ്പ് കാലത്ത് പ്രചരിച്ച ഒരു ഫലിതമാണ്: 

ക്രിസ്ടിയാണോ റൊണാള്‍ഡോ: "ഫുട്ബോള്‍ കളിക്കാനാണ്, ദൈവം എന്നെ ഭൂമിയിലേക്ക്‌ അയച്ചത്"....

മെസ്സി: " ഞാന്‍ ആരെയും അയച്ചിട്ടില്ല" !!     

Sunday, April 3, 2011

ലോകം കീഴടക്കിയപ്പോള്‍

അങ്ങനെ നീണ്ട 28 വര്‍ഷത്തെ, കാത്തിരിപ്പിനു ശേഷം, ടീം ഇന്ത്യ ലോക ക്രിക്കറ്റിന്റെ കൊടുമുടിയില്‍, ഒരിക്കല്‍ കൂടി ചുംബിച്ചു. ഏപ്രില്‍ 2, എന്ന തീയതി വരാനിരിക്കുന്ന തലമുറകള്‍ക്ക് ഒരു ചരിത്ര സംഭവവും. നുവാന്‍ കുലസേകരയുടെ പന്തിനെ, ബൌണ്ടറിക്ക് മീതെ പായിച്ചു കൊണ്ട്, ഇന്ത്യന്‍ നായകന്‍, മഹേന്ദ്ര സിംഗ് ധോണി, 1983-ല്‍ കപില്‍ ദേവിന്റെ ചെകുത്താന്മാര്‍ നേടിയെടുത്ത മേധാവിത്വം, ഒരു തനിയാവര്‍ത്തനമാക്കി. 1983-ല്‍ ലോര്‍ഡ്സിലെ ആ ചരിത്ര വിജയം, ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയ വാതായനങ്ങളാണ് തുറന്നുവിട്ടത്. മുംബൈ വാണ്‍ഖെടെ സ്റ്റേഡിയത്തില്‍, കുറിക്കപ്പെട്ടത് ഒരു മഹായജ്ഞത്തിന്റെ പരിസമാപ്ത്യാണ്. 1983-നു ശേഷം, നടന്ന ആറു ലോക കപ്പിലും, ഇന്ത്യ പല സുപ്രധാന ഘട്ടങ്ങളിലും വഴുതി വീണു. ലോക കുടുമുടിയില്‍, തിരികെ എത്താനുള്ള ഈ വെംബല്ലില്‍, പല വട്ടം കാലിടറിയപ്പോള്‍, പൊലിഞ്ഞത് നൂറു കോടി ജനങ്ങളുടെ സ്വപ്നങ്ങളും, പ്രതീക്ഷകളുമാണ്. അത് കൊണ്ട്, 2011-ലോക കപ്പ്‌ നേടുക എന്ന ഉറച്ച ലക്ഷ്യത്തോടെയുള്ള അശ്വമേധം, പൂര്‍ണ്ണ വിശ്വാസത്തോടെയാണ്, ധോണിയും സംഘവും, തുടങ്ങിവെച്ചത്. 

ഗ്രൂപ്പ് ഘട്ടത്തില്‍, ബംഗ്ലാദേശിനെയും, അയര്‍ലന്‍ഡിനെയും, ഓറഞ്ച് പടയാളികളായ ഹോളണ്ടിനെയും, വെസ്റ്റ് ഇന്‍ഡീസിനെയും, കീഴടക്കികൊണ്ട് മുന്നേറിയ ഇന്ത്യ, പക്ഷെ ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ നിലം പതിച്ചു. നായകന്‍ ആണ്ട്രൂ സ്ട്രോസ്സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ചിറകിലേറി, വിജയത്തിലേക്ക് ചീറിപാഞ്ഞ ഇംഗ്ലണ്ടിനെ, അവസാന പന്തില്‍ സമനിലയില്‍ കുരുക്കി. പക്ഷെ, ഗ്രൂപ്പ് പോരാട്ടങ്ങളുടെ പല അത്യാസന്ന ഘട്ടങ്ങളിലും ഇന്ത്യക്ക് അടി പതറുന്നതായി കാണപ്പെട്ടു. തങ്ങളുടെ ടീം കോമ്പിനേഷനില്‍, ഒരു പൂര്‍ണത കൈവരിക്കാന്‍, ചില ബുദ്ധിമുട്ടുകള്‍ നേരിട്ടും,  ബാറ്റിംഗ് തകര്‍ച്ചകള്‍ ഉള്‍ക്കൊണ്ടും, തങ്ങളുടെ 'അക്കിലിസ് ഹീലായ' ഫീല്‍ഡിങ്ങില്‍ മുങ്ങിപ്പൊങ്ങിയും നീങ്ങിയപ്പോള്‍, 'അതികായെരെന്നും', ടൂര്‍ണമെന്റ് ജയിക്കാനുള്ള ഏറ്റവും കെല്‍പ്പുള്ള ടീം എന്നുമൊക്കെയുള്ള നാമധേയങ്ങള്‍, ചിറകൊടിഞ്ഞു വീഴുമൊ എന്നുള്ള സംശയങ്ങള്‍ മുളച്ചു പൊങ്ങി. മികവുറ്റതും, കറുത്തതുമായ ഒരു ബാറ്റിംഗ് നിരയും കൊണ്ടാണ്, ഇന്ത്യ തങ്ങളുടെ മേധാവിത്വമുറപ്പാക്കാന്‍, ഇറങ്ങി തിരിച്ചത്. ഏഴാം വിക്കറ്റ് വരെ ശക്തരായ ഒരു ബാറ്റിംഗ് നിര, മറ്റു രാജ്യങ്ങല്‍ക്കില്ലായിരുന്നു. ഈ ബാറ്റിംഗ് നിരയാണ്, ബൌളിങ്ങിലെയും, ഫീല്‍ഡിങ്ങിലെയും, പഴുതുകളും, പോരായ്മകളും അടച്ചു, ടീമിന്റെ വിജയസാധ്യതകള്‍ പരമാവധി ഉയര്‍ത്തിയത്‌. പക്ഷെ, ടോസ് നേടി കൂറ്റന്‍ സ്കോറുകള്‍ വാരിക്കൂട്ടിയിട്ടും, ഇംഗ്ലണ്ട് അതിനെ മറികടക്കാന്‍ വാക്ക് വരെയെത്തി. കൂടാതെ, 5 ഓവറുകളുടെ "ബാറ്റിംഗ് പവര്‍പ്ലേ" ഒരു പഴത്തൊലിയായി  മാറി. കൂറ്റന്‍ അടികള്‍ക്ക് ശ്രമിച്ചു, മൂന്നും-നാലും വിക്കറ്റുകള്‍ നഷ്ടപ്പെടുന്ന കാഴ്ചയാണ്,  ദക്ഷിണാഫ്രിക്കക്കും, വെസ്റ്റ് ഇന്‍ഡീസിനുമെതിരെ നമുക്ക് കാണാന്‍ കഴിഞ്ഞത്. കൂടാതെ, മൂന്നു പേസ്-ഒരു സ്പിന്നര്‍ എന്ന നിരയാണോ, അതൊ രണ്ടു പേസ്-രണ്ടു സ്പിന്നര്‍ എന്ന കൂട്ടുകെട്ടാണോ നല്ലത് എന്ന ചോദ്യം, പല കുറി തെളിഞ്ഞു വന്നു. ആ ഒരു പല്ലവി മുഴുമിക്കാന്‍ കഴിയാതെ കിങ്കര്‍ത്തവ്യത നില കൊണ്ടിട്ടും, അതില്‍ വേവലാതിപ്പെടാതെ ഏറ്റവും അനിവാര്യമായ, സ്ഥിഗതികള്‍ക്ക് അനുസൃതമായ കൂട്ടുകെട്ടാണ് ധോണി തിരഞ്ഞെടുത്തത്. അത് ചില നേര പാളിയെങ്കിലും, 'നോക്ക്-ഔട്ട്‌' ഘട്ടം മുതല്‍ ആ തന്ത്രങ്ങള്‍ ഫലങ്ങള്‍ കൊയ്യാന്‍ തുടങ്ങി. കൂടാതെ, ഫീല്‍ഡിങ്ങിന്റെ നിരവാരമേറെ മെച്ചപ്പെടുത്തി, ഗ്രൗണ്ടില്‍ ഉഴുതു മറിഞ്ഞു, ബൌണ്ടറികള്‍ മാത്രമല്ല വറ്റിച്ചത്, സിംഗിളുകളും പലപ്പോഴായി വരണ്ടു. 

സച്ചിന്‍-ഒരു നിത്യ വിസ്മയം:

ഒരു തരത്തില്‍, ഇന്ത്യക്കീ ലോക കപ്പ്‌ ഒരു തിരിച്ചു പിടിക്കല്‍ കൂടിയായിരുന്നു. അവസാനമായി 1983-ല്‍ കപ്പ്‌ നേടി, ഏകദിന ക്രിക്കറ്റിനു പുതിയ മാനങ്ങള്‍ സമ്മാനിച്ചതിന് ശേഷം ഒരു നീണ്ട വിടവായിരുന്നു. ആ ലോക കപ്പിന്നും, ഇന്നത്തെ ദിവസത്തിനുമിടയില്‍ നട്ടെല്ലായി, നെടുംതൂണായി നിലയുറപ്പിച്ച പോരാളിയാണ്, സച്ചിന്‍ ടെന്‍ഡുല്കര്‍. പാകിസ്ഥാനെതിരെ 'തീ കൊണ്ട് മാമോദിസ' മുങ്ങി, 21 കൊല്ലമായി തന്റെ വിസ്മയങ്ങള്‍ക്ക് അവധി നല്‍കാതെ, എന്നും ചലിക്കുന്ന ഒരു നിതാന്ത യന്ത്രം. ആ 'കുരുന്നു പ്രതിഭ' ഇന്നൊരു പ്രതിഭാസമായി മാറിയിരിക്കുന്നു. ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി കീഴടക്കി മുന്നേറിയപ്പോഴും, ഒരു തീരാ നഷ്ടം എന്നും സച്ചിനെ അലട്ടി കൊണ്ടേയിരുന്നു-ഒരു ലോക ജേതാവായ ടീമിന്റെ ഭാഗമാവാനുള്ള ഭാഗ്യം. 1992 മുതല്‍ ലോക കപ്പ്‌ ടീമുകളില്‍ കളിച്ചു, 5 ടൂര്‍ണമെന്റുകളില്‍, നിരാശ മാത്രം കൈവന്നതിനു ശേഷമാണ്, ഒരവസാന അങ്കത്തിനു സച്ചിന്‍ തന്റെ ആറാം ലോക കപ്പിനിറങ്ങിയത്. ലോക കപ്പുകളിലും, സച്ചിന്റെ ഒറ്റയാന്‍ പോരാട്ടങ്ങള്‍ കണ്ണഞ്ചിപ്പിച്ചു. 1996-ലും, 2003-ലും ഏറ്റവും കൂടുതല്‍ റണ്‍സ്. ഒരു നിശ്ചയദാര്‍ട്യത്തോടെ, ആലോചിച്ചുറപ്പിച്ച മനസ്സോടും കൂടിയാണ്, സച്ചിന്‍ തന്റെ ആറാം പോരാട്ടത്തിനു കളത്തിലിറങ്ങിയത്. അവസാനം 2 സെഞ്ചുറിയും, രണ്ടു അര്‍ദ്ധ-സെഞ്ചുറികളോടും കൂടിയാണ്, സച്ചിന്‍ ഫൈനല്‍ മത്സരത്തില്‍ പ്രവേശിച്ചത്‌. ഫൈനലില്‍ ലസിത് മലിംഗയുടെ, ഔട്ട്‌-സ്വിന്ഗ്രിലൂടെ, വിക്കറ്റിനു പിന്നില്‍, സംഗക്കാരക്ക് ക്യാച് നല്‍കി 18 റണ്‍സിന് പുറത്താകുമ്പോള്‍, ഒരു പക്ഷെ തന്റെ അവസാന ലോക കപ്പില്‍, കൊടുമുടിയിലെത്താന്‍ കഴിയുമോ എന്ന് കൂടി സച്ചിന്‍ സംശയിചിട്ടുണ്ടാകണം. പക്ഷെ, 21 വര്‍ഷമായി, നിസ്വാര്‍ത്ഥതയോടെ പോരാടുന്ന, പടയാളിക്കായി, ടീമിലെ മറ്റു 14 പേരും സമ്മാനം നല്‍കാന്‍ തിരുമാനിക്കുകയായിരുന്നു. ഗൌതം ഗംഭീറും, ക്യാപ്റ്റന്‍ ധോണിയും, യുവരാജും, കൊഹലിയും, സഹീര്‍ ഖാനും, ഹര്‍ഭജന്‍ സിങ്ങുമെല്ലാം, ലോക കപ്പ്‌ സച്ചിന് നേടിക്കൊടുക്കാന്‍ കച്ചമുര്രുക്കുകയും  ചെയ്തു. ശ്രീലങ്കയുടെ സ്കോറിനെ മാറി കടന്നു, 275 എന്ന ലക്ഷ്യം നേടാന്‍ ഗംഭീറും, ധോണിയും, കോഹ്ലിയും നടത്തിയ    പ്രായണത്തിലൂടെ ഇന്ത്യ ലോകത്തിന്റെ നെറകിലെത്തിയപ്പോള്‍, സച്ചിന്റെ ജീവിതാഭിലാഷം സഫലീകരിക്കപ്പെടുകയായിരുന്നു. താന്‍ ജനിച്ച്, കളി പഠിച്ചു, ചെറുപ്പത്തിന്റെ സിംഹഭാഗവും ചെലവഴിച്ച, മുംബൈ മണ്ണില്‍, ഒരു ലോക കപ്പ്‌ ജയം. ലോക കപ്പ്‌' വിജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി ടീമിലെ യുവ തുര്‍ക്കികള്‍ സ്റ്റേഡിയം വലംവെച്ചു. അതിന്റെ ഒരു രസതന്ത്രം സഞ്ജയ്‌ മഞ്ജരേക്കര്‍ വിരാട്ട് കൊഹ്ലിയില്‍ നിന്നും തിരക്കിയപ്പോള്‍, "നീണ്ട 21 വര്‍ഷം നാടിന്‍റെ പ്രതീക്ഷകളുടെയും, സ്വപ്നങ്ങളുടെയും ഭാരമേന്തിയ ഒരു ധീര പോരാളിയാണ് സച്ചിന്‍. അങ്ങനെയുള്ള ആ പോരാളിയെ  കുറച്ചു നേരത്തേക്ക് തങ്ങള്‍ തോളില്‍ എത്തിയപ്പോള്‍, അതൊരു കടംതീര്‍ക്കല്‍ കൂടിയാകുന്നു". ഇതില്‍ കൂടുതല്‍, എന്ത് വാക്കുകളാണ് സച്ചിന്‍ എന്ന മഹാപ്രതിഭയെ കുറിച്ച് പറയാന്‍ വേണ്ടത്!! ഇനിയും പല അങ്കങ്ങള്‍ക്കും തയ്യാറാകുമ്പോഴും, നേടാനുള്ള കൊടുമുടികളുടെ ദൂരം പതിന്മടങ്ങാക്കുകയും ചെയ്യുമ്പോഴും, സച്ചിന്‍ ഏപ്രില്‍-2 എന്ന സുവര്‍ണ്ണ തീയതിയെ, എന്നും നെഞ്ചില്‍ സൂക്ഷിക്കും. 

കൂറ്റന്‍ സ്കോറ്കള്‍ക്ക് അതിവേഗം അസ്ഥിവാരമിട്ട സെഹവാഗ്, നേടുംതൂണായ ഗംഭീര്‍, ചെറുപ്പമാണെകിലും മനക്കരുത്തില്‍ അരക്കിട്ടുറപ്പിച്ച കൊഹലി, മുന്നൂറിലേറെ റണ്‍സും, തന്റെ ത്വരിതമായ ശൈലിയില്‍, ഇടം കൈയ്യന്‍ സ്പിന്നിലൂടെ 13 വിക്കറ്റുകള്‍, യുവരാജ് സിങ്ങു (ടൂര്‍ണമെന്റില്‍  4 'മാന്‍ ഓഫ് ദി മാച്ച്' പുരസ്കാരങ്ങള്‍ ജയിച്ച ശേഷം, യുവി മൊത്തം ടൂര്‍ണമെന്റിലെ താരമായി), ഉശിരന്‍ ഫീല്‍ഡിങ്ങും, വാലട്ടതിനു മുന്‍പ് ഊക്കം നല്‍കുന്ന റൈന, സിദ്ധിയോടെ ബൌളിങ്ങിന്റെ കുന്തമുനയായി, പുതിയ പന്തും, പഴയ പന്തും, വ്യവസ്ഥാപന രൂപമായും, മറിച്ചും, സ്വിങ്ങു ചെയ്യാന്‍ കഴിവുള്ള, പേസ് നിരയില്‍, സ്ട്രൈക്കരായ സഹീര്‍ ഖാന്‍, ഓഫ്‌-സ്പിന്‍ താരം ഹര്‍ഭജന്‍, ഇടവും-വലവും പേസ് ബൌളര്‍മാരായ മുനാഫും, നെഹ്രയും എല്ലാം തങ്ങളുടെ വേഷങ്ങളില്‍ വേണ്ടുവോളം നിറഞ്ഞു കളിച്ചു. രണ്ടു പ്രാവശ്യം മാത്രം അവസരം ലഭിച്ച വലം കൈയ്യന്‍ ഓഫ്‌-സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍, മങ്ങി പോയെങ്കിലും ടീമിന്റെ ഭാഗമായ യൂസുഫ് പത്താന്‍, പിയുഷ് ചാവ്ല, കേരളത്തിന്റെ സ്വന്തം താരമായ ശ്രീശാന്ത്‌........എല്ലാവരും കിണഞ്ഞു ശ്രമിച്ചു. ഈ പതിനാലു പേരെയും, കഴിവോടെയും, ദീര്‍ഘ വീക്ഷണത്തോടെയും, തന്ത്രങ്ങള്‍ നെയ്തെടുത്തും, അവ നടപ്പിലാക്കിയും, നയിച്ച നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഇതാണ്, ഇന്ത്യ ടീമിന്റെ വിജയ രഹസ്യം.

പക്ഷെ, വെറും പതിനഞ്ചു പേര്‍ ഒത്തുചേര്‍ന്നത് കൊണ്ട് മാത്രമായില്ല. ശരിയായ നിര്‍ദേശങ്ങളും, കാഴ്ചപാടും, തന്ത്രങ്ങളും കൂടിച്ചേര്‍ന്നാല്‍ മാത്രമേ ഒരു ടീമിന് മുന്നേറാന്‍ സാധിക്കുകയുള്ളൂ. അതാണ്‌, ഗാരി കിര്‍സ്റെന്‍ എന്നാ പരിശീലകനിലൂടെ, ഇന്ത്യക്ക് ലഭിച്ചത്. സാഹചര്യങ്ങളെ വേണ്ട വിധം മനസ്സിലാക്കി, അതിനോട് മല്ലിടിച്ചു, പറന്നുയരാനുള്ള, യുക്തിയും, മന്ത്രങ്ങളുമാണ്, കിര്‍സ്റെന്‍ ഇന്ത്യന്‍ ടീമിന് പകര്‍ന്നു നല്‍കിയത്. കിര്‍സ്റെനെ സഹായിക്കുന്ന പാടി അപ്ടന്‍ എന്ന അസിസ്റ്റന്റ്‌ കോച്ചും, പിന്നെ ബൌളിംഗ് പരിശീലകനായ എറിക് സിമ്മന്സുമെല്ലാം തന്നെ ഈ ഐതിഹാസിക ജയത്തിന്റെ തുല്യ പങ്കാളികളാണ്.


സമ്മര്‍ദ്ദത്തിനു മീതെ പറക്കുന്നവര്‍:


ലോക കപ്പു പോലെയുള്ള, തീക്ഷ്ണമായ കളിയരങ്ങുകളില്‍, സമ്മര്‍ദ്ദം എന്നും ഒരു ഒഴിച്ച് കൂടാനാകാത്ത ഘടകമാണ്. കായിക പോരാട്ടങ്ങള്‍ വെറും മൈതാനത്തില്‍ മാത്രമല്ല അരങ്ങേറുന്നത്. വലിയൊരു ഭാഗവും, മനസ്സിന്റെ ഒരു പോരാട്ടം കൂടിയാണത്. സമ്മര്‍ദത്തെ ഏറ്റവും നന്നായി പ്രതിയോഗിച്ചു, വിജയം കൈ വരിക്കുന്ന നൂതന തന്ത്രം. അവിടെയാണ് പലപ്പോഴും, കളി നിയന്ത്രിക്കപ്പെടുന്നത്. തീയില്‍ കുരുക്കുന്ന, യഥാര്‍ത്ഥ ഇരുമ്പിനെ പോലെയുള്ള മനക്കട്ടി. ഞെരുങ്ങുന്ന മത്സരങ്ങളില്‍, ഈ സമ്മര്‍ദത്തിനു കീഴടങ്ങാത്ത ടീമുകളാണ്, പലപ്പോഴും മറു കരയിലെത്തുന്നത്. ഈ ലോക കപ്പിലും, അതിനു മുന്‍പും, ഇന്ത്യക്ക്, സമ്മര്‍ദത്തിനു മേല്‍ ആധിപത്യമുറപ്പിക്കാന്‍ പല വട്ടം കഴിഞ്ഞിട്ടുണ്ട്. സ്വന്തം കഴിവുകളില്‍ ഉറച്ച ആത്മവിശ്വാസവും, ഇതു സാഹചര്യവും മറികടക്കാം എന്നുള്ള ബോധവുമുണ്ടെങ്കില്‍, ഏതു വന്മാരങ്ങളെയും കടപുഴക്കാം എന്ന സങ്കല്‍പ്പമാണ്, ധോണി-കിര്‍സ്റെന്‍ കൂട്ടുകെട്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഫലങ്ങള്‍ വിദേശ മണ്ണില്‍ ടെസ്റ്റ്‌ ജയങ്ങള്‍, ഏകദിന പ്രകടങ്ങള്‍ എന്നിവയില്‍ കഴിഞ്ഞ കുറച്ചു സമയമായി കാണപെടുകയും ചെയ്യുന്നുണ്ട്. സമ്മര്‍ദത്തെ സ്പോണ്‍ജു പോലെ ഒപ്പിയെടുക്കാനുള്ള മനക്കരുത്താണ് ലോക കപ്പിന്റെ 'നോക്ക്-ഔട്ട്‌' റൌണ്ടിലെ മൂന്നു സുപ്രധാന മത്സരങ്ങളിലും പ്രകടമായത്. ക്വാര്‍ടറില്‍    ഓസ്ട്രേലിയക്കെതിരെ 260 ഓളം റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന് നേടിയപ്പോഴും, പാകിസ്ഥാനെതിരെ കടുത്ത സെമിയില്‍, 260 റണ്‍സ് പ്രതിരോധിച്ചു, 10 വിക്കറ്റുകള്‍ വീഴ്ത്തിയതും, ഇതിന്റെ ഭാഗമാണ്. വിധി നിര്‍ണയിക്കുന്ന ഫൈനലില്‍ ഒരിക്കല്‍ കൂടി, തുടക്ക വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടും, 275 എന്ന ലക്ഷ്യം നേടിയെടുത്തു, മനക്കരുത്തും വിശ്വാസവും, ഇന്ത്യയെ പടിപ്പടിയായി മുകളിലേക്കുയര്‍ത്തി. അങ്ങനെ മാനസിക പ്രകേതത്തിലും, ടീം ഇന്ത്യ മുന്‍പന്തിയിലായി.                  

കായിക വിജയങ്ങള്‍ക്ക് ഒരു transcendental-എഫ്ഫക്റ്റ്‌ എന്നുമുണ്ടായിട്ടുണ്ട്. പലപ്പോഴും, ജീവിത സാഹചര്യങ്ങള്‍ സങ്കീര്‍ണമായ, വറുതി കൊണ്ട് പൊറുതി മുട്ടുന്ന ഒരു ജനതയ്ക്ക്, ഒരു താല്‍ക്കാലിക ആശ്വാസമാണ് കായിക വിജയങ്ങള്‍. പലപ്പോഴും ഒളിമ്പിക് മെഡലുകള്‍ നേടുമ്പോഴും, ലോക കപ്പ്‌ കിരീടങ്ങള്‍ ചൂടുമ്പോഴും, ഈ മാസ്മരിക ശക്തി ഉയര്‍ന്നു വന്നിട്ടുമുണ്ട്. പട്ടിണിയും, ദുരിതവും കളമാടുമ്പോഴും, ദൈനന്ദിന ജീവിത സമരങ്ങളില്‍ മല്ലിടിക്കുമ്പോഴും, മഹത്തായ കായിക വിജയങ്ങള്‍, ജനലക്ഷങ്ങളെ അല്പ്പനെരത്തെക്കെങ്കിലും, ഒരു മാസ്മരികാനുഭൂതി നല്‍കിക്കൊണ്ട്, ഒരു ഉയര്തെഴുനെല്പ്പിനു ആക്കം കൂട്ടുകയും ചെയ്യാറുണ്ട്. 2006-ല ലോക കപ്പ്‌ ഫുട്ബോള്‍ കിരീടം നേടുമ്പോള്‍, ഇറ്റലിയുടെ ആഭ്യന്തര ഫുട്ബോള്‍ മേഖല തകര്‍ച്ചയുടെ വക്കിലായിരുന്നു. അഴിമതിയും, വാതു വെപ്പും മറ്റും കൊണ്ട്, പല പേരെടുത്ത ക്ലബ്ബുകളും കരിനിഴലില്‍ കഴിയുകയായിരുന്ന ഇത്തരമൊരു സാഹചര്യത്തിലാണ്, കാന്നവാരോയുടെ നേതൃത്വത്തില്‍ ലോക കപ്പ്‌ സ്വന്തമാക്കുന്നത്. നൂറ്റിയിരുപതു കോടി ജനങ്ങളുടെ സ്വപ്നങ്ങളെയും,  ആകാംക്ഷകളെയും ചിറകിലേറ്റി ധോണിയും സംഘവും നേടിയെടുത്തതും ആ ഒരു മാസ്മരികാനുഭൂതിയാണ്. ജനാഭിലാഷവും, ഒരു രാജ്യത്തിന്റെ അഭിമാന ചരിത്ര വേളയും,  ലോകം കീഴടക്കിയ ഒരു സംഘത്തിന്റെ മൊത്തത്തില്ലുള്ള ഒരു പ്രാതിനിധ്യ സ്വഭാവവും എല്ലാം ഗണിച്ചു നോക്കുമ്പോള്‍, 2011 ക്രിക്കറ്റ് ലോക കപ്പ്‌ വിജയം, ഒരു തരം 'release'(മുക്തി) അനുഭവമാണ് പ്രധാനം ചെയ്യുന്നത്. അടിപൊളി ഗ്ലാമറിന്റെ കണ്ണഞ്ചിപിക്കുന്ന, ട്വന്റി-ട്വന്റി ലോകം, ഏകദിന 50-ഓവര്‍ ക്രിക്കറ്റിനു മരണമൊഴി മുഴകിയിട്ടും, ചരമകുറിപ്പുകള്‍ എഴുതിയിട്ടും, ആ 'മായാ ലോകം' വിജയം കണ്ടില്ല. 50 ഓവര്‍, ക്രിക്കറ്റിനു ഇനിയും ജീവനുണ്ടെന്നും, കളിയുടെ മൂന്ന് തരം മേഖലകളും, കുറച്ചു കൂടെ ആസൂത്രണങ്ങളോടെയും, വ്യവസ്ഥയോടെയും നിലനില്‍ക്കാം എന്നും അരക്കിട്ടുറപ്പിക്കപെടുകയായിരുന്നു, ഈ ലോക കപ്പില്‍.       

അങ്ങനെ ദേശീയത ഒരു പുതിയ മാനം കണ്ടെത്തുന്നു. എന്നാല്‍ സ്ഥാപിത താല്‍പ്പര്യങ്ങളും, വിപണിയുടെ മൂല്യ-വ്യവസ്ഥകളും, ഈ വിജയത്തിന് പുതിയ ലക്ഷ്യങ്ങളാണ് കല്‍പ്പിക്കുന്നത്. ലോക കപ്പ്‌ ജയത്തോടെ ഇന്ത്യന്‍ ടീമിന്റെ 'ബ്രാന്‍ഡ് വാല്യു' പതിന്മടങ്ങ്‌ വര്‍ധിക്കുമ്പോള്‍, അതിനെയെങ്ങനെ പരമാവധി ചൂഷണം ചെയ്തു, പ്രയോജനപ്പെട്ടുത്താം എന്നും ഇത്തരം സ്ഥാപിത താല്പ്പര്യങ്ങലുള്ള ശക്തികള്‍ ആര്‍ജവത്തോടെ ആലോചിച്ചു, കച്ചകെട്ടി ഇറങ്ങുന്നുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ്, മാധ്യമങ്ങളുടെയും, വിപണിയുടെയും നീക്ക്-പോക്കുകള്‍. അങ്ങനെ വരുമ്പോള്‍, പല വട്ടം ദേശീയത ബലാല്‍ക്കാരമായി, കുത്തിനിറച്ചു, ആരാധകരെ തരം തിരിച്ചു കാണിക്കുന്ന ഒരു വ്യവസ്ഥയും അരങ്ങത്തുണ്ട്‌. ഈ നൂലാ-മാലയിലൂടെയാണ് പുരോഗമന ചിന്താഗതിയെ തിരിച്ചുവിട്ടു, കായിക വിജയങ്ങളെയും, പോരാട്ടങ്ങളെയും, അതിരു കവിയാതെ കാക്കേണ്ട ഒരു പൊതു താല്‍പ്പര്യം, സൌഹാര്‍ദത്തിനായും, മത മൈത്രിക്കായും നില നില്‍ക്കുന്നത്. അതുപ്പോലെ തന്നെ ഓരോ കായിക-ക്രിക്കറ്റ് ആരാധകനും-ആസ്വാദകനും, ആഗ്രഹിക്കുന്നതും, ആവശ്യപ്പെടുന്നതും മറ്റൊന്നുമല്ല.           

Sunday, March 27, 2011

കളി കാര്യമാകുമ്പോള്‍

"Nobody Died, I Just Lost A Tennis Match" - Boris Becker


തുടര്‍ച്ചയായ രണ്ടു വര്ഷം വിംബിള്‍ഡന്‍ പുരുഷ വിഭാഗം സിംഗില്‍സ് കിരീടം നേടിയ ശേഷം, 1987 -ല്‍ പീറ്റര്‍ ഡൂഹനോട് ആദ്യ റൗണ്ടില്‍, പരാജയപ്പെട്ടു പുറത്തായപ്പോള്‍, ബോറിസ് ബെക്കര്‍ പറഞ്ഞ വാക്കുകളാണിത്. ഇതിന്റെ സാരാംശം,താന്‍ തോറ്റത് കൊണ്ട്, ലോകമൊന്നുമിടിഞ്ഞു വീണിട്ടില്ല എന്ന് ബോധ്യപ്പെടുത്തലാണ്. 30 മാര്‍ച്ച്‌ എന്ന തീയതി ഇങ്ങടുത്തെത്തുമ്പോള്‍, പഞ്ജാബിലെ മൊഹാലിയിലെ, പീ.സി-എ സ്റ്റേഡിയത്തില്‍ കാഹളമുയരുമ്പോള്‍, ഓര്‍മ്മവരുന്നത്‌ ബെക്കറിന്റെ ഈ വാക്കുകളാണ്. 


ഒടുവില്‍, പ്രതീക്ഷകള്‍ക്കും, ആകാംക്ഷകള്‍ക്കും, വിരാമമിട്ടുകൊണ്ട് ആ ദിവസം വരുകയായി. 2011 ലോക കപ്പ്‌ ക്രിക്കറ്റ് മാമാങ്കം അരങ്ങേറിയത് മുതല്‍, ഏവരും ഉറ്റു നോക്കുകയും,  കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയും, കണക്കുകൂട്ടുകയും ചെയ്ത, മനസ്സിന്റെ മണിച്ചെപ്പില്‍, നെയ്തെടുത്ത സ്വപ്നം. ഇന്ത്യയും, പാകിസ്താനും കളിക്കളത്തില്‍ നേര്‍ക്കുനേര്‍. ധാക്കയില്‍ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെയും, അഹമദാബാദില്‍ ഇന്ത്യ ഓസ്ട്രെലിയയെയും, വിഴീതിയപ്പോള്‍, തെളിഞ്ഞത് ഈ പോരാട്ടമാണ്. മാര്‍ച്ച്‌ 30-നു മൊഹാലിയില്‍, ലോക കപ്പിന്റെ രണ്ടാം സെമിയില്‍, ഈ രണ്ടു, വന്‍ ക്രിക്കറ്റ് ശക്തികളും, മാറ്റുരയ്ക്കും. ക്രിക്കറ്റ് ലോകത്തിന്റെ കൊടുമുടിയില്‍, വിജയശ്രീലാളിതരായി, നാല് വര്‍ഷക്കാലം വാഴാനുള്ള സുവര്‍ണ്ണാവസരത്തിന്റെ, അവകാശത്തിനായുള്ള, പോരാട്ടത്തിലേക്ക് കടന്നുകൂടാനുള്ള, അധികാരം.       


ക്രിക്കറ്റ്‌ ചരിത്രത്തില്‍ ഇന്ത്യ-പാക് മത്സരങ്ങള്‍ എന്നും, വീറോടും, വാശിയോടുമാണ് അരങ്ങേറിയിട്ടുള്ളത്. ഇരു രാജ്യങ്ങളുടെയും, സ്വാതന്ത്ര്യത്തിനു ശേഷം ടെസ്റ്റ്‌-ഏകദിന മറ്റും ഇപ്പോഴത്തെ പുതിയ പതിപ്പായ ട്വെന്റി-ട്വെന്റിയില്‍ വരെ പല കരുത്തുറ്റതും, നെഞ്ചിടിപ്പുകള്‍ പല തവണ വേലിയേറ്റം നടത്തിയ പാരമ്പര്യവുമാണ് ഇരു രാജ്യങ്ങളും കളിയരങ്ങില്‍, പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പൊതുവേയുള്ള ഇരുവരും തമ്മിലുള്ള പരമ്പരകള്‍ എന്നും മറക്കാന്നാവാത്തതായിരുന്നു. രണ്ടു രാജ്യങ്ങളും, കൊമ്പുകോര്‍ത്തപ്പോള്‍ എന്നും, ആവേശഭരിതമായ പോരാട്ടങ്ങളാണ്, ബാക്കിപത്രമായത്. ഏകദിന ലോക കപ്പില്‍, ഈ പോരാട്ടങ്ങളുടെ, നിറവും, പകിട്ടും, പല മടങ്ങാണ് വര്‍ധിക്കുന്നത്. 1992 മുതല്‍ 2003 വരെയുള്ള, തുടര്‍ച്ചയായ 4 ലോക കപ്പിലും, ഇന്ത്യ-പാക് മത്സരങ്ങള്‍ അരങ്ങേറുകയും, ഇവയെല്ലാത്തിലും, ജയം ഇന്ത്യയുടെ ഭാഗത്തുമായിരുന്നു. ഇതില്‍ രണ്ടെണ്ണം, ഗ്രൂപ്പ് ഘട്ടത്തിലായിരുന്നപ്പോള്‍, മറ്റു രണ്ടും, നോക്ക്-ഔട്ട്‌ മത്സരങ്ങളായിരുന്നു. ഈ പത്താം ലോക കപ്പില്‍, ഈ രണ്ടു രാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍, വെറും 'മറ്റൊരു കളിയെന്നതിനെക്കാളുപരി', ഒരു നയതന്ത്രാഭ്യാസം കൂടിയാണ്, മൊഹാലിയില്‍ അരങ്ങുതകര്‍ക്കുക. ഇരു രാജ്യങ്ങളുടെ ഭരണ തലവന്മാര്‍, മുതല്‍ സാധാരണ കാണികള്‍, വരെ അണിചേരുന്ന ഒരു മഹായത്നം. കോടികള്‍ ടെലിവിഷനിലൂടെയും, ഇന്റെര്‍നെറ്റിലൂടെയും, റേഡിയോവിലൂടെയും, പങ്കാളികളാകുമ്പോള്‍, തിളച്ചുമറിയുന്ന, ഒരു വറചട്ടിയാകും, കളിയരങ്ങ്. 

എന്നാല്‍ കളിയെന്നതിനെക്കാളുപരി, ഒരു യാഥാര്‍ത യുദ്ധമാണ്, ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ എന്നുവരുത്തില്‍, കളിയരങ്ങുകള്‍, പോര്‍ക്കളങ്ങളാക്കാനുള്ള ഒരു ഗ്ലാഡ്യറ്റൊരിയാല്‍ മനോഭാവം. ധ്വിപക്ഷീയമായി പല പ്രശ്നങ്ങളും, വിഷയങ്ങളും, കീറാമുട്ടിയായും , വിലങ്ങുതടിയായും,  നില നില്‍ക്കുമ്പോഴും, ക്രിക്കറ്റിനെ ഒരു ബ്രഹ്മാസ്ത്രമാക്കി, പയറ്റി സമ്പൂര്ണ സംഹാരം എന്ന 'ഉപ തലക്കെട്ടാണ്' പല ശക്തികളും, ലക്ഷ്യം വെക്കുന്നത്. കളിക്കാരെ പോരാളികളാക്കിയും, യുദ്ധത്തിനു സമാനമായ അന്തരീക്ഷം സൃഷ്ട്ടിച്ചും, വിപണിയെ കൊഴുപ്പിച്ചും, തീ പുകച്ചുകൊണ്ട് വൈര്യം കെടാതെ സൂക്ഷിക്കുന്ന, ഒരു അഹന്ത ഭാവം. ഇത്തരം ഒരു ചിത്രീകരണത്തിന്റെയും, വിരോധാഭാസത്തിന്റെയും, രാഷ്ട്രീയവും-സാമൂഹികവുമായ ലക്ഷ്യവുമെന്താണ്. ഇത്തരമൊരു 'പ്രഷര്‍ കുക്കര്‍' അവസ്ഥ എങ്ങനെയാണ് സംജാതമാകുന്നത്? എന്താണ് പിന്നാമ്പുറത്തെ കളികള്‍. ഇവിടെ അതാണ്‌ അന്വേഷിക്കപ്പെടെണ്ടത്. 

കളിയെന്നാല്‍ 'വെടിവെപ്പൊഴുവാക്കികൊണ്ടുള്ള യുദ്ധം' എന്നാണു ജോര്‍ജ് ഓര്‍വെല്‍ വിശേഷിപ്പിക്കുന്നത്. വെറും ഒരു കായിക ഇനത്തെ ഇത്തരം ഒരു ചട്ടകൂടില്‍ തലക്കുന്നതിന്റെ താല്‍പര്യവും, ഉദ്ദേശ്യവുമെന്താണ്? ഇവിടെ ചരിത്രം ഒരു സുപ്രധാന ഘടകമായിട്ടാണ് സ്ഥിതിചെയുന്നത്‌. ചരിത്രം, പല ഓര്‍മ്മകളുടെ ഒരു നിധിപ്പെട്ടികൂടിയായാണ്, ഈ ഒരവസ്ഥയില്‍, കഥാപാത്രമാവുന്നത്‌. അത്തരമൊരു സ്ഥിതിവിശേഷണം മനുഷ്യ മനസ്സുകളെ കീഴടക്കാനായും, ഉപയോഗപ്പെടുത്തിടുണ്ട്. കാലം ഏല്‍പ്പിച്ച മുറിപ്പാടുകളെ, ചരിത്രം ആഴത്തില്‍ ഉണങ്ങാതെ സൂക്ഷിച്ചു, അത് പല അവസരങ്ങളിലും, പുരാത് വരുത്തുകയും ചെയുന്നു. കളിയരങ്ങുകള്‍, ഇത്തരമൊരു പ്രയോഗശാലയായി, മാറിയിട്ട് കാലമേറെയായി. ഈ ഉണങ്ങാത്ത ഓര്‍മ്മകളെ, വൈര്യം കൂടിയും, മേമ്പൊടി ചേര്‍ത്തും, അവതരിപ്പിക്കുമ്പോള്‍, ആവേശം പതിന്മടങ്ങ്‌ വര്‍ധിക്കുന്നു. ഇതിന്റെ പല ഉദാഹരണങ്ങളും അക്ക്മ്മിട്ടു നിരത്താന്‍ കഴിയും. ഇംഗ്ലണ്ടും-അര്‍ജന്റീനയും കൊമ്പു കോര്‍ക്കുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ അരങ്ങേറുമ്പോള്‍, കഴിഞ്ഞു പോയ ഫാല്‍ക്ലാന്‍ഡ് യുദ്ധത്തിന്റെ ഓര്‍മ്മാകലാണ് തളം കെട്ടുന്നത്. അത് പോലെ ഇംഗ്ലണ്ട് ജര്‍മനിയെ നേരിടുമ്പോള്‍, മുന്‍പില്‍ കൊണ്ടുവരപ്പെടുന്നത് ലോക മഹായുദ്ധങ്ങളുടെയും, രാഷ്ട്രീയ വൈര്യത്തിന്റെയും, ഒരു മാരക മിശ്രിതമാണ്. ഇത്തരം പല പരസ്പര മത്സരവും,വൈര്യവും, കഴുകന്‍ തന്ത്രങ്ങളുമെല്ലാം കുത്തിനിറക്കപ്പെട്ട, ഒരു രാസവസ്തുവാന് പലപ്പോഴും സ്പോര്‍ട്സ്. ഈ പകയുടെയും, ശത്രുതയുടെയും, രസതന്ത്രം, കളിനിലങ്ങളെ പോര്‍ക്കളങ്ങളാക്കുന്നതും, രക്തത്തിന് ദാഹിക്കുന്ന, വേട്ടനായ്ക്കാളായി കായിക താരങ്ങളെ രൂപാന്തരപ്പെടുത്തുനതും, വ്യക്തമായ താല്‍പ്പര്യങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇന്ത്യയും-പാകിസ്ഥാനും മാറ്റുരക്കുമ്പോള്‍, കളിയേക്കാള്‍, പ്രതികാരത്തിന്റെയും, മജ്ജയിലും-മാംസത്തിലും, കുത്തിനിറക്കപ്പെട്ട ഒരു 'കൃത്രിമമായ' ദേശീയതയുടെയും, വംശീയതയുടെയും,  മുറവിളികള്‍ കൂടി നമ്മുക്ക് കേള്‍ക്കാം. ഇപ്പോള്‍ തന്നെ ഈ സെമി മത്സരം '26 നവംബര്‍ മുംബൈ ആക്രമണത്തിനു ശേഷം' ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യ-പാക് മത്സരമാനെന്നാണ് നാഴികക്ക് നാല്പതു വട്ടം മുഖ്യധാര മാധ്യമങ്ങള്‍ വിളിച്ചു കൂവുന്നത്. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന മോഹവുമായി, പല വ്യവസ്ഥാപിത താല്പര്യങ്ങളും, ഈ മുറവിളികള്‍ക്ക്, കോറസ് ആലപിക്കുന്നത്. 

കച്ചവട താല്പര്യങ്ങള്‍ ആവോളം സംരക്ഷിച്ചു, ലാഭം ആകുവോളം കൊയ്യാനുള്ള, നൂതന കുതന്ത്രങ്ങളുമായി, കോര്‍പ്പറെറ്റ് ലോകവും, ഈ ഒരു മാത്സര്യത്തിനു കൊഴുപ്പെകുന്നു. പരമ്പര വൈരികള്‍ എന്ന പട്ടം നല്‍കി, ഇന്ത്യ-പാക് പോരാട്ടങ്ങളെ മറ്റേതൊരു മത്സരത്തെക്കാളും, ആവേശഭരിതമാക്കി, വില്‍ക്കാന്‍ നടക്കുന്ന വ്യഗ്ര ശ്രമങ്ങളും ഇവിടെ പ്രതിഫലിക്കുന്നുണ്ട്. കളിയുടെ ജയവും-തോല്‍വിയും പല തരം വേലിയേറ്റങ്ങളാണ് അതിര്‍ത്തിക്കിരുവശവും, വരുത്തിതീര്‍ക്കുന്നത്. തോല്‍വികളില്‍, കിണഞ്ഞ ശ്രമത്തെക്കാളുപരി, 'മറ്റേതെങ്കിലും' തരത്തിലുള്ള, 'വേറെ കളികളുമുണ്ടോ' എന്നും, മാധ്യമങ്ങളുടെ കുറ്റവിചാരണക്ക് ശേഷം, നീണ്ട അന്വേഷണങ്ങളും, റിപ്പോര്‍ട്ടുകളും, സ്ഥാനങ്ങള്‍ തെറിക്കുന്നതുമെല്ലാം, ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്. മറ്റാരോട് തോറ്റാലും, ഇന്ത്യ പാക്കിസ്ഥാനോടും, നേരെ മറിച്ചും, കീഴ്പ്പെടരുതെന്നും, അങ്ങനെ സംഭവിച്ചാല്‍ അത് ഒരു കാലത്തും പൊറുക്കാത്ത 'തെറ്റായി', 'അപമാനമായി',  ജനങ്ങള്‍ക്ക്‌ മുന്‍പില്‍, അവതരിപ്പിക്കപെടുമ്പോള്‍, നിസ്സഹായരാകുന്നത്, യഥാര്‍ത്യത്തില്‍ കളിക്കാരാണ്. ഏതുവിധേനെയും തോല്‍വി ഒഴിവാക്കുക, അല്ലാത്ത പക്ഷം 'കഴുക്കോലിനര്‍ഹരാവുന്ന ' പ്രതിഭാസം. കീറിമുറിച്ചും, ചികഞ്ഞുനോക്കിയും, മൈക്രോസ്കോപ്പിലൂടെ കളിയുടെ നെല്ലും-പതിരും വേര്‍പ്പെടുത്തുന്ന, സാധന-സാമഗ്രികള്‍ കാണാതെ പോകുന്ന ഒന്നാണ് കളിക്കാരുടെ മനസ്സ്. അവരെങ്ങനെയാണ്, ഇതെല്ലാം ഉറ്റുനോക്കുന്നത്, അതിജീവിക്കുന്നത്. 

ഇന്ത്യ-പാക് മത്സരങ്ങളില്‍, എല്ലാ കളി വൈദഗ്ദ്യരും വാചാലരവുന്ന, സുപ്രധാന ഘടകമാണ്, മനസ്സ്. കളിയിന്നു, മൈതാനത്തിനേക്കാള്‍, അരങ്ങേറുന്നത് മനസ്സിലാണ്. ഉരുക്ക് പോലത്തെ മനക്കരുത്തും, എതിരാളിയെ തകര്‍ക്കാനുള്ള പോര്‍വീര്യവു മായ ഈ ഇരട്ട നയങ്ങളും, കൂര്പിച്ചാല്‍ ശത്രുപാളയത്തില്‍, നാശം വിത്ക്കാമെന്നാണ് ഇരു ടീമുകളുടെയും കണക്കുകൂട്ടല്‍. കണക്കുകള്‍ പിഴച്ചാല്‍, കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്നോലിക്കുമെന്ന,  ഒരു തീരാഭയം ഉള്‍വിളിയായി തങ്ങിനില്‍ക്കും. മനസ്സിന്റെ ഈ കണ്കെട്ട്, ആരാധകരും, ആസ്വാദകരും ഏറ്റുവാങ്ങിയിട്ടുണ്ട്. എതിര്‍ ടീമിന്റെ കളിക്ക്, അര്‍ഹിക്കുന്ന പ്രോത്സാഹനം നല്‍കാനുള്ള മടിയും, ഈ വിരോധത്തിന്റെ, മാനസിക വശമായി, കുറിക്കാവുന്നതാണ്. ജാവേദ്‌ മിയന്ധാധ്, തന്റെ അവസാന കളിയില്‍ (ഇന്ത്യക്കെതിരെ 1996-ല്‍ ബാംഗ്ലൂരില്‍ നടന്ന ക്വാര്‍ടര്‍ മത്സരം) ഔട്ടായാപ്പോള്‍, "ഈയുള്ളവനെ ഇനി കാണേന്‍ടതില്ലല്ലോ, എന്ന് തെറിവിളി കൊണ്ട് അഭിഷേകം ചെയ്ത ഇന്ത്യന്‍ ആരാധകരെ, പ്രസിദ്ധ ക്രിക്കറ്റ് ചരിത്രകാരന്‍, രാമചന്ദ്ര ഗുഹ ഇന്നും ഓര്‍ക്കുന്നു. എന്നാല്‍, നല്ല കളിക്ക്, വേണ്ട അംഗീകാരം കൊടുത്ത ചരിത്രവും, ഇന്ത്യ-പാക് ക്രിക്കറ്റിനുണ്ട്‌. 1999-ലെ ചെന്നൈ ടെസ്റ്റ്‌ ജയത്തിനു ശേഷം, സ്റ്റേഡിയം വലംവച്ച  പാക്കിസ്ഥാന്‍ ടീമിനെ, എഴുന്നേറ്റു നിന്ന്, ഹര്‍ഷാരവം കൊണ്ട് പൊതിഞ്ഞ സംഭവവും, അത് പോലെ, 2004-ലെ പാക്‌ 'സൗഹൃദ' ഏക ദിന പരമ്പര ഇന്ത്യ നേടിയപ്പോള്‍, രണ്ടു രാജ്യത്തെ കൊടികളുമേന്തി, ലാഹോര്‍ തെരുവുകളില്‍ നൃത്തം ചവിട്ടിയ കഥകളും, നിലനില്‍ക്കുന്നുണ്ട്. 

മന്‍മോഹന്‍ സിംഗിന്റെ, പാക് പ്രധാനമാന്ത്രിക്കയുള്ള സ്വീകരണം ഒരു പക്ഷെ ഇന്ന് ചീഞ്ഞുനാറി, അഴിമതിയില്‍ മുങ്ങി, അമേരിക്കന്‍ ധ്രിധരാഷ്ട്രാലിങ്കനത്തില്‍ ചാഞ്ഞു കിടക്കുന്ന 'വീരഘാഥകള്‍' പുറത്തു വിട്ട വിക്കിലീക്സ് വെളിപ്പെടുത്തലുകളുടെയും, പിരിമുറുക്കത്തിന്റെയും, ഇടയില്‍ നിന്നു രക്ഷ നേടാനുള്ള, 'ലൈഫ് ജാക്കട്ടാകുകയും' ചെയ്യാം. പക്ഷെ, അടിവരയിട്ടു പറയേണ്ട ഒരു വസ്തുതയുണ്ട്. ഇരു ടീമുകളുടെയും, 11 വീതം കളിക്കാരുക്ക്, കൂടുതല്‍, ആകംക്ഷകളും, ധര്മാസങ്കടങ്ങളും, കൊടുക്കാതിരുന്നാല്‍ നന്ന്. അതിനെക്കാള്‍ ഉപരി, കളിയെ വെറും, കായിക ഇനമായി, മാത്രം നോക്കി കണ്ടുകൊണ്ടു, അത് കാര്യത്തിലേക്ക്, കടക്കാതിരിക്കാനായി നോക്കേണ്ട കടമയും, ഓരോ യഥാര്‍ത്ഥ ക്രിക്കറ്റ്‌ പ്രേമിക്കുണ്ട്. ഏറ്റവും നന്നായി കളിക്കുന്ന ടീം ജയിച്ചു മുന്നേറട്ടെ; നല്ല ക്രിക്കറ്റ്‌, ഇന്ത്യ-പാക്‌ ഭേദമന്യേ, നമുക്ക് ആസ്വദിക്കാം, അഭിനന്ദിക്കാം. ബെക്കര്‍ പറഞ്ഞത് പോലെ, ആര് ജയിച്ചാലും, തോറ്റാലും, ലോകമൊന്നുമിടിഞ്ഞു വീഴില്ല !!                             

Monday, February 7, 2011

ഈജിപ്ത് നല്‍കുന്ന ഉത്തരങ്ങള്‍

കഴിഞ്ഞ രണ്ടാഴ്ചയായി ഈജിപ്തില്‍ ഒരു വിപ്ലവം അരങ്ങേറുകയായിരുന്നു. ജനുവരി 25 -നു, തുടങ്ങി, ടുണീഷ്യയിലെ കാറ്റില്‍ നിന്നും മാറ്റൊലി കൊണ്ടു, അതിന്നും ഒഴുകിക്കൊണ്ടേയിരിക്കുന്നു. നിതാന്തമായ ഈ ജനപ്രവാഹത്തിന്റെ ഉറവിടങ്ങളെ പറ്റി മുന്‍പും, ഈ പേജുകളില്‍ വിവരണങ്ങള്‍ നല്കുകയുണ്ടായിരുന്നു. വെറുതെ ഒരു സ്വേച്ചാധിപതിയെ മാറ്റാന്‍ മാത്രമുള്ള ഒരു ജന സമരമല്ല, കൈറോവിലെ 'മിദാന്‍ ടഹരീര്‍' സ്ക്വയറിലും, അലെക്സാന്ദ്രിയയിലും, സുവേസിലും, മഹല്ലയിലും, മറ്റും ഉദിച്ചു പൊങ്ങിയത്. ലക്ഷകണക്കിന് ജനങ്ങള്‍ ആവരുടെ ഭരണ വര്‍ഗങ്ങളെ അറിയിച്ചത്, തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുടെയും, ഭാരത്തിന്റെയും വീര്‍പു മുട്ടലുകളും, നിശ്വാസനങ്ങളും. അനങ്ങാപ്പാറകളായ, കാത്തു പൊട്ടന്മാരായ  നേതൃവര്‍ഗത്തെ, ഒന്ന് കുലുക്കി കുടയാനും, ഭിംബങ്ങളെ തകര്‍ത്ത്, നവീനമായി വാര്‍ക്കാനുമുള്ള, ഒരു പടുകൂറ്റന്‍ ഭാഗീരത യജ്ഞ്യം.

14 ദിവസങ്ങള്‍, കഴിയുമ്പോള്‍, അവരുടെ ജൈത്യയാത്ര പൂര്‍ണമായി ലക്‌ഷ്യം കണ്ടിട്ടിലെങ്കിലും, ആവനാഴിയില്‍ നിന്നും തൊടുത്ത പല അസ്ത്രങ്ങളും, ആസൂത്രിതമായി നടത്തിയ പല നീക്കങ്ങളും, കുറിക്കു കൊണ്ടു. മുബാറക്കിന്റെ ഭരണം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍, കച്ച കെട്ടിയ ഇറങ്ങി വരാന് കഴിഞ്ഞ 14 ദിവസമായി, ഈജിപ്ഷിയന്‍ ജനത. സ്ഥാപിത താല്‍പ്പര്യം തീര്‍ത്തും ഇല്ലാതെ, നെഞ്ചില്‍ നാടിനോടുള്ള കറയില്ലാത്ത സ്നേഹം മാത്രം. ഒറ്റവാക്കില്‍ പറഞ്ഞാല്‍, രാജ്യസ്നേഹം മാത്രം. പ്രക്ഷോഭത്തിന്റെ, ചിത്രങ്ങളില്‍ ഏറ്റവും നിറഞ്ഞു നിന്നത്, ഈജിപ്ഷിയന്‍ ദേശീയ പതാക. തങ്ങളുടെ രാജ്യത്തെ ഇനി, ധൂര്‍ത്തിന്റെയും, കെടുകാര്യതയുടെയും അധികാര കോമരങ്ങള്‍ക്ക്, കൈമാറാനും, കൊള്ളമുതല്‍ പങ്കിടാനും, കൊടുക്കില്ല, എന്ന ഉറ്റ വീറോടെയും, വാശിയോടെയും, പോരാടുന്ന രാജ്യസ്നേഹികള്‍. തന്റെ പൂര്‍വജര്‍ നേരിട്ട ഭൂതകാലത്തിന്റെ തമോഗര്‍ത്തതിലേക്ക് തള്ളിവിടാന്‍, ഭാവി തലമുറയെ അനുവദിക്കില്ല എന്ന ദ്രിഡ-പ്രതിന്ജ്യ. എല്ലാ ദിവസവും ജനം, കൈറോവിലെ ടഹരീര്‍, അതിരാവിലെ തന്നെ ഒഴുകിയെത്തി. ഇതില്‍ ഏറ്റവും വലിയ ജനാവലി ഫിബ്രവരി 1-നായിരുന്നു. 20 ലക്ഷത്തിനും മേറെ ജനങ്ങള്‍ അന്ന് ഒത്തുകൂടി, മുബാറക്കിനെ താഴെയിറക്കാന്‍ വെമ്പല്‍ കൊണ്ടു. 'മില്ല്യന്‍ മാര്‍ച്' എന്നാണ് ഈ ജന സാഗരത്തെ വിശേഷിപ്പിക്കാപെട്ടത്‌. ഒരു ശക്തി പ്രകടനം തന്നെ ആയിരുന്നു അത്; അളവുകോലുകള്‍ നഷ്ടപ്പെട്ട ദിവസം. ഒടുവില്‍, അന്ന് രാത്രി വൈകി, മുബാറക്കിന് ദേശീയ ടെലിവിഷന്, മുന്‍പില്‍ പ്രത്യക്ഷപ്പെടേണ്ടി വന്നു. ഒബാമയുടെ കല്‍പ്പന പ്രത്യേക ദൂതന്‍, ഫ്രാങ്ക് വൈസ്നരുടെ, കൈവശം കൊടുക്കപെട്ടപ്പോള്‍, മുബാരക്കിനു അയയേണ്ടി വന്നു. താന്‍ ഇനി ആറാം തവണയും പ്രസിഡന്റ് സ്ഥാനത്തെക്കില്ലെന്നും, വരുന്ന സപ്തംബറില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കിലെന്നും, 'നെഞ്ചോട്‌ ചേര്‍ത്ത് ആണയിട്ട' മുബാറക്, പക്ഷെ ഉടന്‍ രാജിവെക്കിലെന്നും, തന്റെ കാലാവധി പൂര്‍ത്തിയാക്കുമെന്നും ആവര്‍ത്തിച്ചു വ്യക്തമാക്കുകയുണ്ടായി. കൂടാതെ, ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തി, തെരഞ്ഞെടുപ്പു പ്രക്രിയയില്‍ തിരുത്തലുകള്‍ നടത്തുമെന്നും പ്രഖ്യാപിച്ചു. ഇപ്പോള്‍ ഈജിപ്തില്‍, എത്ര കാലത്തേക്ക് വേണ്ടിയും, ഒരു പരിധിയില്ലാതെയും, ആര്‍ക്കും മത്സരിക്കാം. 'ആര്‍ക്കും' എന്നത് കടലാസ്സില്‍ മാത്രം ഒതുങ്ങുന്ന ഒന്നാണ്, എന്നതാണ് സത്യം. വാസ്തവത്തില്‍, ഈജിപ്തില്‍, ജനതിപത്യത്തെ നടുവൊടിച്ചു, കശാപ്പു ചെയ്യുകയാണ് ഉണ്ടായത്. ഒരു കൂട്ടം സൈന്യ തലവന്മാര്‍, രാജ്യ ഭരണത്തെ, 1952-ല്‍  തകിടം മരിച്ചപ്പോള്‍, ഗമാല്‍ അബ്ദുല്‍ നാസര്‍ രാജ്യതലവനായി. രാജാവിന്റെ ഭരണം മാറിയെങ്കിലും, ഈജിപ്ത് ഒരു ഏകാധിപത്യ മുറയിലേക്ക്  കൂപ്പുകുത്തുകയായിരുന്നു. പിന്നിടങ്ങോട്ട് കൊലയാളിയുടെ വെടിയേല്‍ക്കും വരെ അന്‍വര്‍ സദ്ദാത്തും, അതിനു ശേഷം മുബാറക്കിന്റെയും കാല്ച്ചുവാടിലായിരുന്നു ഈജിപ്ത്.

അധികാരം തലയ്ക്കു പിടിച്ചു കൊണ്ടു, ഈ ഭരണാധികാരികള്‍ വാണപ്പോള്‍  ക്രൂഷിക്കപ്പെട്ടത്‌ ജനാധിപത്യമായിരുന്നു. സദ്ദാതും, മുബാറക്കും, ഈജിപ്തിനെ അമേരിക്കയുടെയും, ഇസ്രായേലിന്റെയും, നുകത്തില്‍ വച്ച് കെട്ടി. ദുര്‍ ഭരണത്തിന്റെ നിഴലില്‍, തഴച്ചു വളര്‍ന്നത്‌ ഈ ഭരണ വരഗങ്ങളുടെയും, അവരുടെ ബന്ധു-മിത്രാധികളുടെ സ്വത്തും, പ്രതാപവുമാണ്‌. കൊടിയ ചൂഷണത്തിലൂടെയും, വരിഞ്ഞു മുറുക്കുന്നത്തിലൂടെയും, ജനങളുടെ വിയര്‍പ്പിലും, ചോരയില്‍ നിന്നുമാണ്, ഈ കൊടിയ വളര്‍ച്ച. സ്വദേശത്തും-വിദേശത്തും സ്വത്തുകള്‍ പെരുകിയപ്പോള്‍, ജനാധിപത്യം നാമവസേഷമായി. ഫിബ്രവരി 1-നു നടത്തിയ പ്രഖ്യാപനത്തിലൂടെ മുബാറക് വേറിട്ടൊരു വെല്ലുവിളിയാണ് ഉയര്‍ത്തിയത്‌. ചരിത്രം തന്നെ വിലയിരുത്തും എന്നും, താന്‍ ഈജിപ്തിന്റെ മണ്ണില്‍ തന്നെ അന്ത്യ വിശ്രമം കൊള്ളുമെന്നും ഹുങ്കോടെ ക്കൊവി വിളിച്ചത്. അധികാരം കൈവിട്ടു പോകുന്നതനിറെ വക്കില്‍, നിലക്കുമ്പോള്‍, ഏതൊരു സ്വേച്ഛധിപതിയും നടത്തുന്ന ലവലേശം ഉളുപ്പില്ലാത്ത, ഒരു തരം വീമ്പു. താന്‍ അധികാരം വിട്ടൊഴിഞ്ഞാല്‍, രാജ്യത്ത് അരാജകത്വം കളിയടുമെന്നും, തനിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ 'പുറം ശക്തികളുടെ ഗൂഡാലോചനകളുടെ' ശ്രമഫലമാണെന്ന ഒരു ധുര്‍വാശിയും.  ഈ പ്രഖ്യാപനത്തിന്റെ കുറച്ചു സമയത്തിനു ശേഷം പിന്നീടങ്ങോട്ട് ടഹരീര്‍ സ്ക്വയറിലും, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും, മുബാറക്കിന്റെ അനുയായികളുടെ തേരോട്ടമായിരുന്നു. അടുത്ത രണ്ടു ദിവസം, പ്രക്ഷോഭകാരികളെ  വന്‍ രീതിയില്‍ വളഞ്ഞു അക്രമങ്ങള്‍ അഴിച്ചുവിടുകയും, അത് വരെയും ഒരു അത്യാഹിതങ്ങളുമില്ലാതെ മുന്നോട്ടു പോയ സമരത്തെ സംഘര്‍ഷഭരിതമാക്കുനുമുള്ള  നീക്കങ്ങളുമായിരുന്നു. മാധ്യമങ്ങളെയും, പ്രത്യേകിച്ച് 'അല്‍-ജസ്സീരയെ' ലക്ഷ്യമിട്ടാണ് മുബരക്കിന്റെ കിങ്കരന്മാര്‍, വേട്ടകള്‍ അഴിച്ചു വിട്ടത്. ഒട്ടേറെ പേര്‍ ജീവന്‍ വെടിഞ്ഞപ്പോഴും, സയ്യമാനം കൈവെടിയാതെ, ശക്തി പിന്നെയും കൂട്ടി കൊണ്ടു, സമരം മുന്നോട്ടു നീങ്ങുകയായിരുന്നു.   

അതിനിടെ പുതുതായി നിയമിതനായ ഉപരാഷ്ട്രപതി, ഒമര്‍ സുലൈമാന്‍ ഒരു വട്ട കൂടിയാലോചനകള്‍, പ്രക്ഷോഭ കക്ഷികളുടെ നേതാക്കാന്‍മാരുമായും നടത്തുകയുമുണ്ടായി. ഇന്റര്‍നെറ്റ്‌-മൊബൈല്‍ സംവിധാനങ്ങള്‍ വീണ്ടെടുക്കാമെന്നും, അറസ്റ്റിലായ പ്രക്ഷോഭകാരികളെ കേസില്ലാതെ വിട്ടയക്കാമെന്നും, ഭരണഘടനയിലും, നിയമങ്ങളിലും, പരിഷ്കാരങ്ങള്‍ വരുത്താന്‍, വിദഗ്ദ്ധരുടെ ഒരു കമ്മറ്റിയും മറ്റുമാണ് ഈ ചര്‍ച്ചകളില്‍ സര്‍ക്കാരിന്റെ അടവ് നയങ്ങള്‍. എന്നാല്‍ ഏറ്റവും കേന്ദ്രിതമായ ആവശ്യമായ, മുബാരകിന്റെ ഉടന്‍ രാജി അന്ഗീകരിക്കെപെടുന്നതെയില്ല. ഇതിനിടെ, മുബാറക്കിന്റെ പാര്‍ട്ടിയായ എന്‍. ഡീ. പിയില്‍ അഴിച്ചു പണിയും നടന്നു. ഒട്ടു മിക്ക പ്രമുഖ നേതാക്കളെയും  മാറ്റി 'പുതു രീതിയില്‍' രൂപപെടുത്താനുള്ള വെംബലുകള്‍.  ഒബാമയ്ക്കും, ഇസ്രായേലിനും വേണ്ടത് 'പക്വമായ അധികാര കൈമാറ്റമാണ്‌'. മുബാറക്കില്ലെങ്കിലും, അവരുടെ 'താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന' ഒരു ഭരണത്തലവന്‍. ഇനി അത്, സൈന്യത്തില്‍ നിന്നാണെങ്കിലും, കുഴപ്പമില്ല.       

'മുസ്ലിം ബ്രദര്‍ഹുഡ്' എന്ന സംഘടനയാണ് ഈ പ്രക്ഷോഭത്തില്‍ ഉയര്‍ന്നു കേട്ട മറ്റൊരു പേര്. 'മത മൌലികവാതികലായി' മുദ്രകുത്തി ഭരണകൂടം, ഭ്രഷ്ട് കല്‍പ്പിച്ചു, അകറ്റി നിര്‍ത്തിയ, പ്രതിപക്ഷത്തിലെ ഒരു പ്രധാന പെട്ട ഘടകം. അവരുടെ കൈയില്‍ അകപ്പെട്ടാല്‍, ഈജിപ്തിന് രക്ഷയില്ല എന്ന സമവാക്യത്തിലൂടെയാണ് മുബാറക് തന്റെ പട്ടാള ഭരണം നടപ്പാക്കിയിരുന്നത്. പക്ഷെ തങ്ങള്‍ക്കു മാറി വരുന്ന വൈകല്പ്പിക ഭരണത്തിന്റെ അധികാരത്തില്‍, അംഗത്വം വേണ്ടെന്നു ആവര്‍ത്തിക്കുകയും 'മുസ്ലിം ബ്രദര്‍ഹുഡ്' ചെയ്തിട്ടുണ്ട്. അയിത്തം കല്പിച്ചു മാറി നിര്‍ത്തിയ അവരെ ചര്‍ച്ചക്ക് ഒമര്‍ സുലൈമാന്‍ വിളിച്ചപ്പോഴും, മുബാറക് അധികാരം വെടിയാതെ ഒരു ചര്‍ച്ചയും കാര്യക്ഷമമാകില്ല എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളെ സൂക്ഷ്മം നോക്കികാണുന്ന ടെലിസ് കൊപ്പിനെ എടുത്തു കളയാനും, 'പുലി വരുന്നേ, പുലി വരുന്നേ' എന്ന മുറവിളി കൂട്ടുന്ന പശ്ചിമ ലോക നിരൂപകരെയും, അധികാര കേന്ദ്രങ്ങളെയും, അവയുടെ വൃന്ദങ്ങളുടെ 'ഭയങ്ങളെഅവസാനിപ്പിക്കാനും, 'ബ്രദര്ഹുഡ്' എണ്ണയിട്ട യന്ത്രം പോലെ
ശ്രമിക്കുകയാണ്.



മറ്റൊരു പ്രധാന ഘടകം, ഈജിപ്തിലെ പട്ടാളമാണ്. ഈജിപ്തിന്റെ രാഷ്ട്രിയ-സാമൂഹിക വ്യവസ്ഥിതിയില്‍, പട്ടാളം ഒഴിച്ചുകൂടാനാകാത്ത ഒരു പ്രതിഭാസമായി എന്ന്നും നിലനിന്നിട്ടുണ്ട്. പ്രക്ഷോഭം തുടങ്ങിയ കുറച്ചു നാള്ക്കകം തന്നെ, മുബാറക് പട്ടാളത്തെ തെരുവിലിറക്കി, നിശാ നിയമങ്ങള്കൊണ്ടുവരികയുണ്ടായി. അതിനു ശേഷം പടുകൂറ്റന്പാട്ടന്ടാങ്കുകളും, മറ്റു വണ്ടികളും, നിരത്തുകളില്സ്ഥാനമുറപ്പിച്ചു.കൂടാതെ ഒരു നാള്‍, വ്യോമസേന പോര്വിമാനങ്ങളും, ടഹ്രീര്സ്ക്വയറില്താഴ്ന്നു പറക്കുകയുമുണ്ടായി. പക്ഷെ, ജനങ്ങള്പട്ടാളത്തെ, തങ്ങളുടെ പക്ഷത്തു നില്ക്കുന്നവരായാണ്കണ്ടത്. മൊത്തത്തില്‍, ഒരു 'നിഷ്പക്ഷന്റെ' സ്ഥാനമാണ് പട്ടാളം, സ്വയം നാമധേയം ചെയ്തിടുള്ളത്. ജനങ്ങള്ക്ക്സമാധാനമായി, സമരങ്ങള്നടത്താനുള്ള അധികാരമുണ്ടെന്നും, അവരുടെ ശരിയായ ആവശ്യങ്ങളെ മാനിക്കുന്നു, എന്ന് ഒരു വശം പറയുമ്പോഴും, സമരത്തിന്റെ  മറവില്‍ നടക്കുന്ന കൊള്ളയും, കൊള്ളിവെപ്പും, മറ്റും ശക്തമായി നേരിടുമെന്നാണ് പട്ടാള തലവന്മാരുടെ മുന്നറിയിപ്പുകള്‍. പക്ഷെ, മുബരക്കിന്റെ സീല്‍ബന്ധികളും, ഗുണ്ടകളും, ടഹരീര്‍ സ്ക്വയറില്‍ അഴിഞ്ഞാടിയപ്പോള്‍, പട്ടാളം, വെറും നോക്കുകുത്തികളായി മാത്രമാണ് ഇരിപ്പുറപ്പിച്ചത്. വരും ദിവസങ്ങളില്‍ പട്ടാളം ഈജിപ്ത്തില്‍, ഒരു പ്രധാന ഘടകമായി തുടരും. അമേരിക്കക്ക്, 'സുസ്ഥിരമായ' ഒരു ഭരണം ഉറപ്പാക്കാന്‍, പട്ടാള തലവന്മാരെ, തലപ്പത്ത് ഇരുത്താനും, ലവലേശം മടിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആ നീക്കങ്ങള്‍ വളരെ സൂക്ഷമാതയോട് കൂടി വേണം ജനങ്ങള്‍ നോക്കി കാണാന്‍.  


എന്ത് തന്നെയിരുന്നാലും ഈ ജനപ്രക്ഷോഭം ഒരു വിപ്ലവം തന്നെയാണ്. പല പാഠങ്ങളും, ഈ മഹാ സമരം നല്‍കുകയാണ്. അവ വെറും പാഠങ്ങള്‍ മാത്രമല്ല. മറിച്ചു, ചില 'ടോക്കിംഗ് പോയിന്റ്സ്' ആയിട്ട് വേണം ഇവയെ കാണാനും, ഉള്‍ക്കൊള്ളാനും. എത്ര അടിച്ചമര്‍ത്തലുകള്‍ നേരിട്ടാലും. ഉറച്ച വിശ്വാസവും, മനക്കരുത്തും ഉണ്ടെങ്കില്‍ ഏതു ആജാനഭാഹുവിനെയും, തറപറ്റിക്കാം എന്ന മഹത്തായ പാഠമാണ് ഈജിപ്ഷിയന്‍ ജനത ഇവിടെ കാട്ടിത്തരുന്നത്. സമര മുറകളെ സസൂക്ഷമായി, നിരീക്ഷിച്ചു, പരീക്ഷങ്ങള്‍ നടത്തിയും, അടവുകള്‍ അളന്നു തിട്ടപ്പെടുതിയിട്ടുമുള്ള ചുവടുവെപ്പുകള്‍. തങ്ങളുടെ ആക്രമണമുറകളെക്കാള്‍, തങ്ങളുടെ സംഖ്യാബലമാണ്‌ 'ശക്തി' എന്ന വ്യക്തമായ തിരിച്ചറിവുകള്‍ നേടിയ ഒരു ജനത. അറേബ്യയില്‍ അരങ്ങേറുന്ന ഈ പ്രക്ഷോഭങ്ങള്‍, ഒരു സുപ്രഭാതത്തില്‍ അണപൊട്ടിയൊഴുകിയവയല്ല. കുറെ ദിവസമായി ചെറു-ചെറു പ്രക്ഷോഭങ്ങളുടെ സംഘടിതാവസാനമാണ് ഈ മഹാ പ്രക്ഷോഭങ്ങള്‍. പ്രത്യേകിച്ച് ഈജിപ്തില്‍ കുറച്ചു വര്‍ഷമായി, നടക്കുന്ന ചെറു സമരങ്ങള്‍ക്ക്, ഇടതു പക്ഷ ചായ്‌വ്മുണ്ട്. ആന്തരിക സുരക്ഷക്കായി മാത്രം, 2006-ലെ ബജറ്റില്‍ 1.5 ബില്ല്യന്‍ ഡോളറാണ്. പലപ്പോഴും ഇത്തരം പാഴ് ചെലവുകളും നാടാണ്‌ പോന്നത്, അമേരിക്കയുടെ വായ്പാ ഇനത്തില്‍ നിന്നാണ്. കഴിഞ്ഞ ഒരു വര്‍ഷമായി, പ്രത്യേകിച്ച് പാര്‍ലിമെന്റ് തെരഞ്ഞെടുപ്പു വലിയ രീതിയില്‍ ക്രമക്കേടുകള്‍ നടത്തി എന്‍.ഡീ. പി മാത്രം ജയിച്ച ശേഷം, വമ്പിച്ച പോരാട്ടങ്ങളാണ് അരങ്ങേറിയത്. കൈറോവിലെ പാര്‍ലിമെന്റ് തെരുവില്‍ മാത്രം 478 കുത്തിരിപ്പ് സമരങ്ങള്‍ നടന്നു, ജനങ്ങളുടെ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ടു. മഹല്ലയെന്ന പ്രദേശത്തു, ഇടതു പക്ഷ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍  ഒരു വമ്പിച്ച സമരവും നടന്നു. അങ്ങനെ വളരെ കരുതലോടെയാണ്, ഈ മഹാ സമരത്തിനായുള്ള ആയം ഉണ്ടാക്കിയെടുത്തത്.

ഇന്ടിപെന്ടെന്റ്റ് പത്രത്തിന്റെ ലേഖകനും, പശ്ചിമേഷ്യയെ ആധികാരികമായി അറിഞ്ഞു, 40 വര്‍ഷത്തിലും ഏറെയായി റിപ്പോര്‍ട്ട്‌ ചെയ്യ്തു പരിജ്ഞാനമുള്ള, റോബര്‍ട്ട്‌ ഫിസ്ക് തന്റെ 'ഓണ്‍-ഫീല്‍ഡ്' കുറിപ്പുകളില്‍ വിശേഷിപ്പിക്കുന്ന ഒന്നുണ്ട്.  ഫിബ്രവരി 1-ലെ "മില്ല്യന്‍ മാര്‍ച്ചില്‍' അണി നിരന്ന ജന മഹാ സാഗരത്തെ വിശേഷിപ്പിച്ചത്‌ ഒരു 'വിക്ടറി പരേഡായിട്ടാണ്'.  പല വിശ്വാസങ്ങളും, പല വര്‍ഗങ്ങളും, നാനാ തുറകളില്‍ നിന്നും ജനങ്ങള്‍ വന്നു, സംഗമിച്ചു. അതില്‍ കര്‍ഷകരുമുണ്ടായിരുന്നു, സൂട്ടിട്ട മാനേജര്‍മാരും, മത പണ്ഡിതന്മാരും, അഭ്യസ്ത വിദ്യരും, വിദ്യാര്തികളും, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും, അഭിഭാഷകരും, എഴുത്തുകാരും, സിനിമാക്കാരും; യുവാക്കളും, കുടുംബസ്തരും; ചിലര്‍ കുടുംബത്തോടെയാണ് കഴിഞ്ഞ 14 ദിവസമായി ടഹരീര്‍ സ്ക്വയറില്‍ തമ്പടിച്ചിരിക്കുന്നത്. ഇടതു-പക്ഷ പ്രസ്ഥാനങ്ങളും, മത വിശ്വാസ സംഘങ്ങളും തോളോട് തോള്‍ ചേര്‍ന്ന്, ഒരേ സ്വരത്തില്‍ ഊന്നിയൂന്നി വിളിച്ചു പറയുന്ന ഒരേ മുദ്രാവാക്യമാണ്: 'ഇര്‍ഹാല്‍, ഇര്‍ഹാല്‍' (അറബിയില്‍ 'പോ, പോ'). മുബാറക്കിനെ താഴെയിറക്കാതെ  ഇനി വീട്ടിലെക്കില്ലെന്നാണ്, പലരുടെയും നിര്‍ബന്ധം. പുരുഷ-വനിതാ, മുസ്ലിം-ക്രൈസ്തവ എന്ന മനുഷ്യനാല്‍ വേര്‍തിരിക്കപ്പെട്ട, മതില്‍ക്കെട്ടുകള്‍ക്ക് മീതെ ജനങ്ങള്‍ ഉയര്‍ന്നു പൊങ്ങിയ സാഹസിക കഥകളും ഇവിടെ നിരയെ ഉണ്ട്. പുരുഷന്മാരും-സ്ത്രീകളും, ടഹരീര്‍ സ്ക്വയറില്‍ ഒന്നിച്ചു നിസ്ക്കരിക്കുകയും, ഒന്നിച്ചു കണ്ഠം മുറുകെ ആര്‍ത്തു വിളിച്ചും മുബാറക്കിന്റെ രാജിക്ക് ദാഹിക്കുന്നു. നിസ്ക്കാര വേളകളില്‍, കോപ്ടിക്  ക്രിസ്ത്യന്‍ വിശ്വാസികള്‍, വലയം തീര്‍ത്ത്‌, തങ്ങളുടെ മുസ്ലിം സഹോദര-സഹോദരിമാര്‍ക്ക് സമരക്ഷണം നല്‍കുന്നു. മറിച്ചും, ഞായര്‍ രാവിലെ മുസ്ലീം വിശ്വാസികള്‍, കുര്‍ബാനകള്‍ക്കായി, തങ്ങളുടെ ക്രിസ്ത്യന്‍ സഹോദരരെ സഹായിക്കുന്നു. ഈ മത മൈത്രിയും, പുരുഷ-വനിതാ സമത്വതയും, വ്യവസ്ഥാപിത ചട്ടക്കൊടുകലെയാണ്, തച്ചുടച്ചു വാര്‍ക്കുന്നത്.          

ഇതൊക്കെയാണെങ്കിലും, ഈ സമരങ്ങള്‍ കൊണ്ടു മാത്രമല്ല പ്രക്ഷോഭങ്ങള്‍ വളര്‍ന്നത്‌.
ഒരു പക്ഷെ മാധ്യമങ്ങള്‍, ഒരു വലിയ പങ്കു വഹിച്ച ഒരു പ്രക്ഷോഭം കൂടിയാണിത്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്കും, ട്വിറ്ററും കൂടി കൈ ചേര്‍ത്തതോടെ, ആക്കം കൂടുകയായിരുന്നു. പുതു തലമുറയുടെ സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണങ്ങിയപ്പോള്‍, യുവത്വത്തിന്റെ ചോരത്തിളപ്പും, കൂടി. തങ്ങളുടെ രാജ്യത്തിന്റെ ഭാവിക്കായും, സുദ്രിഡതക്കുമായി, നടക്കുന്ന സമരങ്ങളെ എങ്ങനെ ഇനിയും, പ്രചരിപ്പിക്കാം എന്ന പുതിയ ആലോചനകളുമായി നടക്കുന്ന ഈ പുതിയ തലമുറയെ കൂട്ടിയോചിപിക്കാന്‍ ഈ സൈറ്റുകള്‍ക്കായി. 'യൂ ട്യൂബു' വഴി പ്രക്ഷോഭങ്ങളുടെ വീഡിയോകളും, മറ്റും പടര്ന്നപോള്‍ പതിന്മടങ്ങ്‌ ആര്‍ജവത്തോടെയാണ് പിനീട് സമരമുഖം ചുവന്നത്. ഇതിന്റെ പരിണാമസ്വരൂപമാണ്  ഇന്റെര്‍നെറ്റിന്റെ മേലുള്ള പ്രതിരോധങ്ങള്‍ മുബാറക് ഭരണകൂടം ഏര്‍പ്പെടുത്തിയത്.

പക്ഷെ, 'അല്‍-ജസീറ' എന്ന വാക്കായിരിക്കും, ഈ സമരത്തിന്റെ മന്ത്ര ശബ്ദമായി ഉയര്‍ന്നു പൊങ്ങുന്നത്. 'ദ്വീപ്' എന്ന് അറബി ഭാഷയില്‍ അര്‍ത്ഥമുള്ള ഈ മാധ്യമ ശൃംഖല ഒരു പ്രധാന ആയുധമായാണ് ഈ പ്രക്ഷോഭത്തില്‍ നിന്നും ഉയര്‍ന്നത്. തുടക്കം മുതല്‍ തന്നെ അറേബ്യന്‍ മേഖലയിലെ മൊത്തം ജനാഭിപ്രായങ്ങള്‍ക്കും, ആരവങ്ങള്‍ക്കും, ശബ്ദവും, വെളിച്ചവും, നല്‍കി പുറംലോകത്തോട്‌ വിളിച്ചു പറഞ്ഞു കൊണ്ടാണ്, ഒരു കൊടുംകാറ്റായി, 'അല്‍-ജസീറ' രൂപപ്പെടുന്നത്. സെപ്റ്റംബര്‍ 11-നു ശേഷം അമേരിക്കന്‍ വാണിജ്യ മാധ്യമങ്ങള്‍ക്ക്, ശക്തമായ വെല്ലുവിളികള്‍ നല്‍കി കൊണ്ടാണ് 'അല്‍-ജസീറയുടെ' കുതിപ്പ്. പശ്ചിമേഷ്യന്‍-വടക്കന്‍ ആഫ്രിക്ക ഉള്‍പ്പെട്ട അറബ് മേഖലയെ, ഉള്ളം കൈയ്യില്‍ എന്നപോലെയാണ് ഈ ചാനല്‍ കൊണ്ടു നടക്കുന്നത്. അതായത്, ഈ പ്രദേശം തങ്ങളുടെ പിന്നാബുറമാണെന്നും, അവിടെ മറ്റാര്‍ക്കെന്നില്ലാത്ത സ്വാധീനം 'അല്‍-ജസീറ' ചെലുത്തുന്നുണ്ട്. തങ്ങളുടെ അറബി നെറ്റ്‌വര്‍ക്ക് കൊണ്ടു പ്രദേശത്തെ ഒന്നാം നമ്പര്‍ ചാനലായി വളര്ന്നപ്പോലാണ്, അവരുടെ പുതിയ ചുവടു വെപ്പ്-ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍. ഈ പ്രക്ഷോഭങ്ങളെ അറേബ്യയുടെ പുറത്തേക്കു കടത്തിവിടുന്നതിനും, വമ്പിച്ച ആദരവ് ലഭിക്കുന്നതിലും, പ്രധാന പങ്കാണ് 'അല്‍-ജസീറയുടേത്'. അധികാര വര്‍ഗങ്ങളെ ഭീഷണിപ്പെടുത്തുകയും, ഉറക്കം കെടുത്തുകയും, ചെയ്തുകൊണ്ടു, 24-മണിക്കൂറും തുടര്‍ച്ചയായ കവറേജാണ് അവര്‍ നല്‍കുന്നത്. ഒരു കൂട്ടം ചങ്കുറപ്പുള്ള ലേഖകരും, പ്രവര്‍ത്തകരുമായി, രണഭൂമിയിലുള്ള 'അല്‍-ജസീറയുടെ' നേര്‍ക്ക്‌ കുറച്ചൊന്നുമല്ല ഭീഷണിയും, ആക്രമണങ്ങളും, അഴിച്ചുവിടപ്പെട്ടത്‌. രണ്ടു ദിവസം മുന്‍പാണ്, അവരുടെ ചുറു-ചുറുപ്പന്‍ ലേഖകനായ അയ്മന്‍ മൊഹിയുദീനെ പട്ടാളം കസ്റ്റഡിയില്‍ എടുത്തത്. പക്ഷെ വന്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍, പോറല്‍പ്പോലുമേല്പ്പിക്കാതെ വിട്ടയക്കേണ്ടി വന്നു. ഇന്ന് ഈ പ്രദേശത്തെ കുറിച്ച്, ആധികാരികമായി കേള്‍ക്കണമെങ്കില്‍, നാഡിമിഡിപ്പുകള്‍ തൊട്ടറിയണമെങ്കില്‍, 'അല്‍-ജസീറയാണ്' തുണ.

മാറിയും മറിഞ്ഞും കളിച്ച കഥയാണ് അമേരിക്കയുടേത്. അവരുടെ ഈടവും, വലിയ അറബ് സഖ്യ കക്ഷിയാണ് ഈജിപ്ത്. തങ്ങളുടെ പല താല്‍പ്പര്യങ്ങളും, ഈജിപ്തിനോട് ചേര്‍ന്ന് പിണഞ്ഞു കിടക്കുന്നുണ്ട്. കച്ചവടവും, സൈനികവുമെല്ലാ മടങ്ങുന്ന ഒരു ഊരാക്കുടുക്ക്‌. തുടക്കത്തില്‍ മുബാറക്കിനെ പിന്തുണച്ചപ്പോള്‍, കാറ്റിന്റെ ദിശയെ മനസ്സിലാക്കാന്‍ വാഷിംഗ്‌ടണിലെ അതികായര്‍ക്കു കഴിഞ്ഞില്ല. ഒടുവില്‍, ജനങ്ങളുടെ മഹാ സമരത്തിനു മുന്‍പില്‍, കുനിഞ്ഞ ഒബാമ 'സമാധാനപരമായ സ്ഥാനകൈമാറ്റത്തിനാണ്' ഊന്നല്‍ നല്‍കിയത്. വളരെ കൌഷലത്തോടെയുള്ള നയതന്ത്ര ഭാഷയാണ് അമേരിക്കന്‍ എമാനന്മാര്‍ ഉപയോഗിക്കുന്നത്. മുബാറക്കിനെ കൈ വിടുമ്പോഴും, അധികാരം തങ്ങള്‍ക്കു വേണ്ടപെട്ടവര്‍ക്ക് തന്നെ പോകണമെന്ന വാശിയും അവര്‍ കാത്തു സൂക്ഷിക്കുന്നു.  യാഥാര്‍ത്ഥ ജനാതിപത്യം ഒരിക്കലും, അതിനു സമ്മതിക്കില്ല എന്നും അവര്‍ക്കറിയാം. കാരണം, ജനങ്ങളുടെ പൂര്‍ണ പിന്തുണയോടെ വരുന്ന സര്‍ക്കാര്‍ പാലസ്തീനിന്റെ പ്രശ്നത്തില്‍, അമേരിക്ക-ഇസ്രേല്‍ വിരുദ്ധ അച്ചുതണ്ടിലായിരുക്കും സ്ഥിതി ചെയ്യുക എന്ന ഒരു ശുഭാപ്തി വിശ്വാസം പലര്‍ക്കുമുണ്ട്. അങ്ങനെ വന്നാല്‍, കാര്യങ്ങള്‍ കുഴയുമെന്നും, ഒബാമയ്ക്കും സംഘത്തിനുമുറപ്പുണ്ട്. പണ്ട് മുബാറക്കിന്റെ-ഇപ്പോഴും നിലനില്‍ക്കുന്ന-പ്രധാന സൂഖ്തവാക്യമിതയിരുന്നു: താന്‍ പോയാല്‍, രാജ്യം 'മുസ്ലിം ബ്രദര്‍ഹുഡ്' കൈയ്യടക്കുമെന്നും, അരാജകത്വം കളിയാടുമെന്നും പറഞ്ഞു-പ്രഖ്യാപിച്ചു ജനങ്ങളുടെ ഭയത്തിനു മേല്‍ കളിച്ചു കൊണ്ടു, ഒരു വയ്യാത്ത അവസ്ഥ സൃഷടിച്ചെടുക്കുക. അങ്ങനെ വുമ്പോള്‍, മറ്റു ഘധ്യന്തരമില്ലാതെ ജനങ്ങള്‍ തന്നെ എന്നെന്നേക്കുമായി തന്നോട് തന്നെ ഒട്ടി ചേര്‍ന്ന് നില്‍ക്കുമെന്ന് മുബാറക് കണക്കു കൂട്ടി. പക്ഷെ, എല്ലാകാലതേക്കും അങ്ങനെ ഒരു കണ്കെട്ട് നിലനില്‍ക്കില്ല എന്ന് ജനങ്ങള്‍ ഇത്തവണ കാണിച്ചു തന്നെ കൊടുത്തു. ഇസ്രേയിലിനും, ഒരു വന്‍ താക്കീതാണ് ജനങ്ങള്‍ ഇവിടെ നല്‍കുന്നത്. ചുളു വിലക്കാണ്, മുബാറക് ഭരണകൂടം സയനിസ്റ്റു സര്കാരിനു, സൈനായി വഴി, പ്രകൃതി വാതകം എത്തിച്ചു കൊടുക്കുന്നത്. അറബ് രാജ്യങ്ങളില്‍ ഇസ്രേലിന്, രണ്ടു 'മിത്രങ്ങളില്‍' ഒന്നാണ് ഈജിപ്ത്. ഒരേ തട്ടില്‍ പലസ്തീനെയും, മറ്റൊനില്‍ ഇസ്രേലിനും വച്ച് പന്ത് കളിക്കുന്ന നയമായിരുന്നു മുബാറക്കിന്റെത്. ആ അടവ്നയത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് ഈ പ്രക്ഷോഭം. ബെഞ്ചമിന്‍ നേതാന്‍യാഹു, ഇന്ന് ഭീഷണി നേരിദുനുന്ടെങ്കില്‍, അതില്‍ ഒരു തരത്തിലും അതിശയോക്തിയില്ല. 

ഈജിപ്ത്, അറബ് പ്രദേശത്തെയും,പുറം ലോകത്തെയും, കാണിച്ചു കൊടുക്കുന്നത് ഒരു പുതിയ പാതയാണ്. ജനങ്ങള്‍, അതിര്‍ത്തികളുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു നേടിയ പുത്തനറിവും, ഉണര്‍വ്വും. തങ്ങളുടെ മേല്‍ പ്രഹരം വര്‍ധിക്കുമ്പോള്‍, മുര്‍ക്കുമുഷ്ടിയാല്‍ കീഴ്പ്പെട്ത്തപ്പെടുമ്പോള്‍, ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടേണ്ടതു അത്യാവശ്യമാണ് എന്നുള്ള തിരിച്ചറിവ്. എണ്ണം വര്‍ധിപിച്ചു, അംഗബലം കൂട്ടി, പുതിയ സാങ്കേതിക വിദ്യകളെ ഉള്‍ക്കൊണ്ടു, മുന്നോട്ടു നീങ്ങിയാല്‍, എതുയ അനങ്ങാപ്പാറയും, മറിച്ചിടാം എന്ന ദ്രിഡ വിശ്വാസം. ശാശ്വതമായ, പൂര്‍ണ വിജയം, ഒരു പക്ഷെ അവര്‍ക്ക് നേടാനാകുമെന്ന് ഉറപ്പില്ല. എന്നിരുന്നാലും, തങ്ങളുടെ സമരങ്ങളാല്‍ അധികാര കസേരയെ പിടിച്ചുകുലുക്കാനും, ചില ഉറപ്പുകള്‍ നേടാനും അവര്‍ക്ക് കഴിഞ്ഞു. ഇനി മുബാറക് രാജിവെച്ചാലും, ഇല്ലെങ്കിലും ഈജിപ്തിന്റെ ജനകീയ സമരം ചരിത്രത്തില്‍ കുറിക്കപ്പെട്ടു കഴിഞ്ഞു. അറബ് മേഖല പ്രക്ഷുബ്ദമാക്കാനും, അവരുടെ മുറകളാല്‍ സാധിക്കുകയും, അതിന്റെ ജ്വാല ലോകത്തെമ്പാടും കൊളുത്തനുമുള്ള, പ്രചോദനം നല്‍കുകയും ചെയ്താണ്, ഈജിപ്ത് ഒരു മാതൃകയാകുന്നത്‌. അത് തന്നെയാണ്, ഈജിപ്തില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട ഏറ്റവും വലിയ പാഠവും.

Saturday, January 29, 2011

അറേബ്യയില്‍ ജനങ്ങളുയര്‍ത്തുന്ന ചോദ്യങ്ങള്‍

ഒരു തീ ഇന്ന് പശ്ചിമേശ്യയിലെങ്ങും, ആളി പ്പടരുകയാണ്. കാട്ടു തീ പോലെ, അത് അറബ് മേഖലയില്‍, ഒരു പ്രദേശത്തു നിന്ന് മറ്റൊന്നിലേക്കു നിവര്‍ന്നു നീങ്ങുകയാണ്. ടുനീസിയയില്‍ നിന്നാരംഭിച്ചു അത് ഇപ്പോള്‍ ഈജിപ്തിലൂടെ കടന്നു, മറ്റു പല ദിക്കുകളിലേക്കും നീളുന്നു. സായുധ വിപ്ലവമല്ല, മരിച്ചു, ജനങ്ങളുടെ ഉയര്‍ത്തെഴുനെല്പ്പു. തങ്ങളുടെ മേല്‍ അധികാരം കൊള്ളുന്ന, പല ദശകങ്ങളായി, അടിച്ചമര്‍ത്തല്‍ നടത്തി, അടിസ്ഥാന പ്രശ്നങ്ങളില്‍ പരിഹാരങ്ങള്‍ കാണാതെ, കൈയൊഴിയുന്ന ഒരു ദുരവസ്ഥ. ഇന്ന് പടര്‍ന്നു, പന്തലിക്കുന്ന ഈ ജനരോഷം, പലതും, അമേരിക്കയുടെ, ഉറ്റ സഹായികളായ രാജ്യങ്ങളിലാണ്, എന്നതും, ശ്രദ്ധേയമായ വിഷയമാണ്. മൂന്നു ദാശാബ്ധങ്ങള്‍ക്കും മേല്‍ വാഴുന്ന പടു കിഴവന്‍, നേതാക്കള്‍ക്ക് ഒരു തീപ്പൊരി പ്രതിഷേധമായാണ്, ജനങ്ങള്‍ വയസ്സ്-വര്‍ഗ വ്യത്യാസമായി, ഒറ്റക്കെട്ടായി, ശബ്ദമുയര്‍ത്തുന്നത്.

'ബവ്സീഥ ഇന്തിഫാധ' എന്ന് നാമധേയത്തില്‍, ടുനീസിയയില്‍ പൊട്ടി പുറപ്പെട്ട, ജനങ്ങളുടെ , പ്രതിഷേധ സമരത്തിന്റെ ഉറവിടം, ആ രാജ്യത്തെ, ബവ്സീഥ എന്ന പട്ടണത്തിലാണ്. മൊഹമ്മദ്‌ ബൌഅസീസി, എന്ന പച്ചക്കറി വിലപ്പനക്കാരന്‍, തന്റെ ജീവന്‍ സ്വയം ബലിയര്‍പ്പിച്ചപ്പോള്‍, മുളച്ചത് ഒരു വന്‍ ജന പ്രതിഷേധമാണ്. മൊഹമ്മദ്‌ ബൌഅസീസിയുടെ ഉപജീവന മാര്‍ഗ്ഗമായ, പച്ചക്കറി ഉന്തു വണ്ടിയെ, പോലീസുകാര്‍ കൈയ്യടിക്കിയപ്പോള്‍, മറ്റു വഴികളില്ലാതെ, ഈ ദ്രോഹത്തിനും, പോലീസിന്റെ അതിക്രമണത്തിനുമെതിരായി, മുനിസിപാലിറ്റി കെട്ടിടത്തിനു മുന്‍പില്‍, ഡിസംബര്‍ 17-നു അയാള്‍ സ്വയം തീ കൊളുത്തി. ഈ സംഭവം ഒരു തീപ്പൊരിയാണ് വിതച്ചത്. ജനങ്ങള്‍ തെരുവിലേക്കിറങ്ങിയപ്പോള്‍, പോലീസും, സുരക്ഷാസേനയും, അവരെ എതിരേറ്റതു, കൂടുതല്‍ ആക്രമനഗല്‍ അഴിച്ചു വിട്ടു കൊണ്ടാണ്.  ഇതിനു ശേഷവും, ഇത്തരം പല ആത്മഹത്യകളും, രാജ്യത്തെങ്ങും അരങ്ങേറി. ഒരു സ്വയം ആഹുതി, പക്ഷെ വിരല്‍ ചൂണ്ടിയത്, ആഴത്തില്‍ പൂണ്ടിരിക്കുന്ന പല വിഷയങ്ങളിലെക്കുമാണ്. 1987-മുതല്‍ അധികാരത്തിലുള്ള, രാഷ്ട്രപതി സീനേ എല്‍-അഭിധിന്‍ ബെന്‍ അലിക്കെതിരെയുള്ള, ഒരു ജനരോഷമായിട്ടാണ്, പിന്നീടങ്ങോട്ട് പടര്‍ന്നത്. തന്റെ പാര്‍ടിയായ 'ആര്‍.സീ.ഡി' മാത്രം രാജ്യം അടക്കി വാഴുന്ന അവസ്ഥയില്‍, ജനങ്ങള്‍, തൊഴിലില്ലായ്മയാലും, ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റത്താലും, കൊടിയ അഴിമതിയിലും, പൊരുതി മുട്ടിയപ്പോള്‍, ഒരു വന്‍ സാഗരമായി ഉയരുകയായിരുന്നു. ഇതെല്ലത്തിന്റെയും, മുകളില്‍, പ്രതിഷേധത്തിന്റെ സ്വരങ്ങളെ , തങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്രയത്തിന്റെമേല്‍ കടന്നു കയറ്റം, കൂടെ കശാപ്പു ചെയ്യാന്‍, അധികാര വൃന്ദങ്ങള്‍ ഒരുമ്പെട്ടപ്പോള്‍, ജനങള്‍ക്ക് മുന്‍പില്‍ ഒരു വഴിയെ ഉണ്ടായിരുന്നുള്ളൂ-വമ്പിച്ച പ്രതിഷേധത്തിന്റെ വഴി. ഡിസംബര്‍ മുതല്‍, പുതു വര്‍ഷം പിറന്ന ശേഷവും, ഒരു ഒഴുക്കായിരുന്നു. സമരങ്ങളും, പ്രതിഷേധ പ്രകടനങ്ങളും, ലഹളയും എല്ലാം അരങ്ങേറുകയായിരുന്നു. അടിച്ചമര്‍ത്താന്‍ പല ശ്രമങ്ങള്‍ നടന്നിട്ടും, തോല്‍ക്കാതെ, ഉന്മേഷം കൈവെടിയാതെ, നിതാന്ത ജാഗ്രതയോടെ പ്രയത്നിച്ചു-പ്രവര്‍ത്തിച്ചു കൂടിയതോടെ, അധികാര സിംഹാസനങ്ങള്‍ക്ക് ഉറച്ച ഭീഷണിയാണ് മുഴക്കിയത്. ഇതിന്റെ ശ്രമ ഫലമായി, 23 വര്‍ഷത്തെ കെടുകാര്യവും, ജീര്നിതവുമായ ഭരണത്തിനും, അതികാര വടംവലിക്കും ശേഷം 14-ജനുവരിക്ക്, ബെന്‍ അലി സ്ഥാനമൊഴിഞ്ഞു, നാട് വിട്ടു ഓടേണ്ടി വന്നു. പക്ഷെ, ജനങളുടെ പൂര്‍ണ വിജയത്തിന് മുന്‍പ്, അവസാന അടവായി,  പിന്നീട് വന്ന, പ്രധാന മന്ത്രി ഘനോച്ചി യുടെ കീഴിലുള്ള, താല്‍ക്കാലിക മന്ത്രിസഭയില്‍, ബെന്‍ അലിയുടെ പാര്‍ട്ടി അങ്ങള്‍ക്ക്, പ്രധാനപ്പെട്ട വകുപ്പുകള്‍ നല്കപെട്ടിരുന്നു. പക്ഷെ പഴയ ഭരണകൂടത്തിന്റെ, ഒരു അംശവും, ഇനി ഉള്‍ക്കൊള്ളാനും, സഹിക്കാനും, തങ്ങള്‍ തയ്യാറല്ല എന്ന പ്രഖ്യാപനത്തോടെയാണ്, രണ്ടാം മുറയും, ജനം തെരുവിലിറങ്ങിയത്. ജനരോഷം, ഭയന്ന്, ആര്‍.സീ.ഡിയുടെ എല്ലാ മന്ത്രിമാരെയും, മാറി, മന്ത്രിസഭാ പുന:സംഘടിപ്പിക്കേണ്ടി വന്നു.

ടുനീസിയക്ക്‌ ശേഷം ജന വിപ്ലവത്തിന്റെ പ്രകമ്പനങ്ങള്‍ മറ്റു അറബ് മേഖലകളിലേക്കും പടരുകയായിരുന്നു. ഒരു രാജ്യത്തെ അലട്ടുന്ന പ്രശ്നങ്ങള്‍, പ്രദേശത്തെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണ് എന്ന സന്ദേശമാണ്, ഈ ജനപ്രിയ പോരാട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. ലിബിയയിലും, അല്ജീരിയയിലും, മോരോക്കൊയിലും, ജോര്‍ദാനിലും, ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. പക്ഷെ, ഇതില്‍ ഏറ്റവും ആക്കം കൂട്ടുന്നതും, പ്രധാനമായും നടക്കുന്നത്, ഈജിപ്തിലാണ്. ഹോസ്നി മുബാറക്-എന്ന രാഷ്ട്ര തലവന്‍ എകാതിപതിയായി മുപ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകി, തന്റെ സ്വേചാധികാരം, അരക്കിട്ടുരപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. താന്‍ അധികാരമൊഴിഞ്ഞാലും, തന്റെ സന്തതി പരമ്പരകള്‍, ആകുവോളം കസേര കൈയ്യാളണം എന്ന ആഗ്രഹം. പെരുകുന്ന സാമ്പത്തിക പ്രശ്നങ്ങളില്‍, ജനങ്ങളെ ചൂഷണം ചെയ്തു, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക്, ചെവികൊടുക്കാതെ, പ്രശ്നങ്ങള്‍ക്ക്  ശാശ്വതമായ  പരിഹാരങ്ങള്‍ തേടാതെ, ധൂര്‍ത്തിലും, അധികാര സുഖ ലോലുപങ്ങളില്‍ അഭയം തേടുന്ന, ഒരു ഭരണ വ്യവസ്ഥ. മാറി-മാറി തെരഞ്ഞെടുപ്പുകള്‍ വന്നിട്ടും, ഒറ്റ പാര്‍ട്ടി ഭരണം വ്യവസ്ഥാപിതപ്പെടുത്താനും, പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ കെടുത്താനും, വ്യഗ്രതകൊള്ളുന്ന ഭരണാധികാരി. പ്രതിഷേധ സമരങ്ങള്‍ തലസ്ഥാനമായ കൈറോവിലും, മറ്റു പ്രദേശങ്ങളിലും, പടര്‍ന്നപ്പോള്‍, മുബാറക് അവയെ നേരിട്ടത് പോലീസിന്റെ ബാറ്റണ്‌കളും, കണ്ണീര്‍ വാതകങ്ങളും, വെടിയുണ്ടകളുമായാണ്. പോലീസിന്റെ മുന്‍പില്‍, പതറാതെ ജനമുന്നേറ്റം, പടര്‍ന്നപ്പോള്‍, മുബാറക് പട്ടാളത്തെ തെരുവിലിറക്കി. പക്ഷെ, പലയിടങ്ങളിലും, പട്ടാളവും, ജനങ്ങളോട് ചേര്ന്നതായാണ് വാര്‍ത്തകള്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍, മുബാറക്കിനെതിരെയുള്ള ജനരോഷം, ഈജിപ്ഷിയന്‍ സമൂഹത്തിന്റെ എല്ലാ തുറകളിലെക്കും വ്യാപിച്ചിരിക്കുകയാണ്. ബീ.ബീ.സിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സമരങ്ങളുടെ തീവ്രതയ്ക്ക് മുന്‍പില്‍, ഭയന്ന് മുബാറക്കിന്റെ മക്കള്‍ രാജ്യം വിട്ടു, ഓടിപ്പോകുകയുണ്ടായി. നിരോധനാജ്ഹ, പ്രഖ്യാപിച്ചിട്ടും, നിശനിയമങ്ങള്‍ കാറ്റില്, പറത്തിയും, ജനങ്ങള്‍ ഓരോ ദിവസവും, പുത്തനുണര്‍വോടെയാണ്, തെരുവുകളിലേക്ക്‌ ഇറങ്ങുനത്. കഴിഞ്ഞ വെള്ളിയാഴ്ച, ഉച്ചക്ക് നമസ്കരാത്തിനു ശേഷം ആയിരങ്ങളാണ്, പല ഇടങ്ങളിലും, പ്രകടനങ്ങളില്‍, പങ്കെടുത്തത്. ഈ മഹാ സമരങ്ങള്‍ക്ക് മധ്യേ പക്ഷെ, കൊള്ളയും,തീവെപ്പും മറ്റും ഉയര്‍ന്നിട്ടുണ്ടെകിലും, അതെല്ലാം മഹാ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കാതെ നോക്കാനും ജനങ്ങള്‍ ശ്രമിക്കുന്നുണ്ട്.

അറേബ്യയിലെ പല ഭരണാധികാരികളും, ജനങ്ങളുടെ ഈ മുന്നേറ്റത്തിനു മുന്‍പില്‍, തങ്ങളുടെ സിംഹാസനങ്ങള്‍ക്ക് ഭീഷണി നേരിടുമ്പോള്‍, പയറ്റി തെളിഞ്ഞ്ഹ മുറകളാണ് മുന്നോട്ടു വെക്കുന്നത്. ലിബിയയുടെ ഏകാധിപതിയായ മുഹമ്മദ്‌ ഗദ്ദാഫി ടുനീസിയയുടെ സംഭവ വികാസങ്ങളെ കുറിച്ച് വിശേഷിപ്പിക്കുന്നത്, അവിടത്തെ ജനങ്ങളുടെ 'ബുദ്ധിമോശവും, പുറം ശക്തികളുടെ വിലയാട്ടവുമായാണ്'. ഗദ്ദാഫിയുടെ ഈ പ്രസ്താവനകള്‍ കൂട്ടി വായിക്കേണ്ടത്, തന്റെ ഭരണം 'തകിടം മറിയുകയോ', അല്ലെങ്കില്‍ ലിബിയയുടെ ജനത, ടുനീസിയയുടെ പാത സ്വീകരിക്കും എന്ന പേടിസ്വപ്നത്തിന്റെയും, ബാക്കിപത്രമായിട്ടാണ്. ഈജിപ്തില്‍ ഉയരുന്ന പോരവിളികളെയും, ജനരോഷത്തെയും, 'ഇസ്ലാമിക' ശക്തികളുടെ ഗൂഡാലോചന എന്ന് മുദ്രകുത്തനുള്ള ശ്രമങ്ങളും, മുബാറക്കിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്. വളരെ വൈകി ഉദിച്ച 'ബുദ്ധിയായ'(പക്ഷെ ഫലം കാണാതെ പോകാവുന്ന) രാജ്യത്തൊട്ടാകെയും, സംപ്രേഷണം ചെയ്ത തന്റെ 'ടെലിവൈസ്ട്' പ്രസംഗത്തില്‍ മുബാറക് 'ജനക്ഷേമ' പദ്ധതികള്‍ കൊണ്ടുവരാമെന്ന് പറയുകയും, പക്ഷെ മറ്റേ അറ്റത്തു സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനങ്ങളെ പഴിചാരുകയും ചെയ്യുന്നു. ഇത് കൃത്യമായും, അധികാരത്തില്‍ പിടിച്ചു തൂങ്ങാനുള്ള അവസാന കച്ചിതുരുംബായാണ്, മുബാറക് പ്രയോഗിക്കുന്നത്. പിന്നെ ശ്രമങ്ങള്‍ നടക്കുന്നത്, ജനരോഷം ആളികത്തിയ ശേഷം, കെട്ടടങ്ങാനുള്ള ഒരു പ്രതീക്ഷയാണ്. തീര്‍ത്തും, ജനങ്ങളെ വിഡ്ഢികളാക്കാനുള്ള പതിവ് തന്ത്രങ്ങള്‍.

ഒരു പക്ഷെ ജനങ്ങള്‍ വയസ്സും-വര്‍ഗ്ഗങ്ങളും, വേര്‍തിരിവിന്റെ മറ്റു പല വ്യത്യാസങ്ങളും മറന്നു പോരാടുകയാണ് അറബ് മേഖലയില്‍. വിദ്യാര്‍ഥികളും, അഭ്യസ്ത തൊഴില്‍രഹിതരായ ചെറുപ്പക്കാരും, സ്ത്രീകളും, ട്രേഡ് യുണിയന്‍-പുരോഗമന ഇടതു പക്ഷ പ്രസ്ഥാനങ്ങളും, മത പണ്ഡിതരും, അഭിഭാഷകരും, നിര്‍ധനരും, എന്ന് വേണ്ട സമൂഹത്തിന്റെ പല തുറകളില്‍ പ്രാവീണ്യം നേടിയവരും, ഈ സമരങ്ങളുടെ മുന്‍ നിരയിലുണ്ട്. 'ലക്‌ഷ്യം കാണും വരെ പോരാട്ടം' എന്ന സിദ്ധാന്തത്തോടെയാണ് ഈ ബഹു-മുഖ സമരങ്ങളും, അരങ്ങേറുന്നത്. പ്രശസ്ത രാഷ്ട്രീയ നിരൂപകനും ചിന്തകനുമായ, ഐജാസ് അഹമദിന്റെ, വാക്കുകളില്‍, ടുണീഷ്യയിലെ കോളേജുകളിലും-സര്‍വ്വകലാശാലകളില്‍ നിന്നും ഇറങ്ങുന്ന  20 ശതമാനത്തിലുമേറെയുള്ള യുവാക്കള്‍ തൊഴില്‍രഹിതരാണ്‌. അവരുടെ ക്ഷേമത്തിനായോ, തൊഴിലിനായോ, ഈ ഭരണകൂടങ്ങള്‍, ഒന്നും ചെയുന്നില്ല എന്ന സ്ഥിതി. ഈ വ്യവസ്ഥിതി മാറണം എന്നാണു ഈ വിഭാഗത്തിന്റെ ആവശ്യം. പശ്ചിമേഷ്യ-വടക്കന്‍ ആഫ്രിക്ക പ്രദേശത്തെ, ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം നേടിയിടുള്ള രാജ്യങ്ങളില്‍ ഒന്നാണ് ടുനീസിയ. അത് പോലെ ഐജാസ് പറയുന്ന മറ്റൊരു വിഷയം ടുനീസിയന്‍ സമരങ്ങള്‍ തലസ്ഥാന നഗരത്തില്‍ ഉണ്ടാക്കിയ പ്രതിധ്വനിയാണ്. മുന്‍പും, ടുനീസിയയില്‍ പ്രകടനങ്ങളും, ജനാവലികളും, ഉണ്ടായിട്ടുണ്ടെങ്കിലും, അവയെല്ലാം, രാജ്യത്തിന്റെ ദാരിദ്ര്യം നിറഞ്ഞ തെക്കന്‍ പ്രദേശങ്ങളിലായിരുന്നു. തലസ്ഥാനമായ ടുനീസിലേക്ക്, സമരങ്ങള്‍ ശക്തിയോടെ പ്രവേശിച്ചപ്പോള്‍, വര്‍ഗ്ഗ വിവേചനമില്ലാതെ ജനങ്ങള്‍ ഒത്തുകൂടി, പ്രകടനങ്ങള്‍ക്ക് വീര്യം പ്രാപിച്ചു. ജനങ്ങളുടെ ഈ മുന്നേറ്റത്തിനു ശക്തി പകര്‍ന്നത്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്   സൈറ്റുകളായ ഫേസ്ബുക്കും, ട്വിറ്റ്റും മാണ്.ജനങ്ങളെ കോര്‍ത്തിണക്കാനും, സംഘടിപ്പിക്കാനും, വന്‍ വിജയത്തോടെ ഉപയോഗപ്പെടുത്തിയ പ്രേരക ശക്തികള്‍. ഇത്തരം സാങ്കേതിക വിദ്യകളുടെ, 'ദുഷ്ഫലം' മനസ്സിലാകിയതോടെ മുബാറക് ഭരണകൂടം, രാജ്യത്ത് കരിനിയമാത്തിലൂടെ, ഫേസ്ബുക്കും, ട്വിറ്റ്റും, മൊബൈല്‍ ഫോണുകളും മറ്റും റദ്ദു ചെയ്യുകയായിരുന്നു. കൂടാതെ ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ നാനാ ദിക്കുകളിലേക്കും എത്തിക്കാന്‍ അല്‍-ജസീറ ചാനലും രംഗത്തുണ്ട്. ഇത്രയൊക്കെ നടന്നിട്ടും, ജനങ്ങളെ തോല്‍പ്പിക്കാന്‍ കഴിയാതെ വരുകയായിരുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ, ശാശ്വതമായ, പരിഹാരങ്ങള്‍ കാണാതെ, സബ്സിഡികള്‍ വെട്ടികുരച്ചും, സര്‍ക്കാര്‍ ചിലവുകള്‍ ചുരുക്കിയും, സാമ്പത്തിക ഞെരുക്കം ജനങ്ങളുടെ  മേല്‍ കെട്ടിവെച്ചും, ഭക്ഷണ സാധനങ്ങള്‍ക്ക് തീവില കല്പിച്ചും, അഴിമതി അധികരിച്ചും, ദുര്‍ഭരണം നടത്തി താണ്ടാവമാടുകയായിരുന്നു, ഈ പ്രദേശത്തെ അതികായന്മാര്‍. അതിനു അറുതി വരുത്താനാണ്, ജനങ്ങളുടെ ഈ മഹാ മുന്നേറ്റം.

ഏറ്റവും, പ്രധാനപെട്ട കാര്യം, ഈ സമരമുഖത്ത്‌ നിന്നും മാഞ്ഞു കൂടാത്ത, വിഷയമാണ്, അമേരിക്കയുടെ സ്ഥിതി. തന്റെ സാമ്രാജ്യത്വ രണനീതിയില്‍, മുന്‍പന്തിയില്‍ നിലക്കുന്ന, തങ്ങളുടെ സഖ്യകക്ഷികളാണ്, ഈ പ്രദേശത്തെ പല രാജ്യങ്ങളും. ടുനീസിയയാകട്ടെ, ഈജിപ്ത്താവട്ടെ, ജോര്‍ദാനും, മൊറോക്കോയുമെല്ലാം, അമേരിക്കയുടെ സഖ്യകക്ഷികളാണ്. പല പ്പോഴും, തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും, കാര്യങ്ങള്‍ നേടാനും, അമേരിക്കയിലെ മാറി-മാറി വരുന്ന റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റ് ഭരണകൂടങ്ങളും, ഈ രാജ്യങ്ങളെ കൂട്ട് പിടിച്ചിട്ടുണ്ട്. പലപ്പോഴും ആയുധങ്ങള്‍ നല്‍കിയും, അവയുടെ സേനകളെ പരിഷിപ്പിച്ചും, അവരുടെ തന്ത്ര-പ്രധാന ഇടങ്ങള്‍ ഉപയോഗിച്ചും, സാമ്പത്തിക സഹായങ്ങള്‍ നല്‍കിയും-പലപ്പോഴും ഉടംബടികളോടെ സാമ്പത്തിക മേഖലയില്‍ പ്രവേശിച്ചു, തങ്ങളുടെ കാര്യങ്ങള്‍ മുന്‍പന്തിയില്‍ വെച്ച് വിലപേശിയും-തങ്ങളുടെ ചട്ടകൂടിനകത്ത് വരിഞ്ഞു കെട്ടി നിര്‍ത്താനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇന്ന് ഇവിടങ്ങളില്‍ ജനരോഷം പൊട്ടി പുറപ്പെടുമ്പോള്‍, അത് സാമ്രാജ്യത്വ അജണ്ടക്കൊരു, താക്കീതുകൂടിയാണ്. ആ നയങ്ങള്‍, തങ്ങള്‍ക്കു വേണ്ടെന്നും, മാറി വരുന്ന  അധികാര വര്‍ഗ്ഗങ്ങള്‍ മുന്‍പ് പോയ പാത പിന്തുടരാന്‍ പറ്റില്ല എന്ന് കൂടിയാണ്, വ്യക്തമായ മുന്നറിയിപ്പോടുകൂടി ജനങ്ങള്‍ അറേബ്യന്‍ തെരുവുകളില്‍ ഉറച്ചു വിളംബരം ചെയുന്നത്. മാറുന്ന ഈ രാഷ്ട്രീയ ചിത്രത്തിന്‍റെ ഫലമെന്നോണം, ഒബാമയും, അവരുടെ ഭരണ-സിരാകേന്ദ്രങ്ങളും വിശ്വാസം നഷ്ട്ടപ്പെട്ട തലവന്മാരെ കൈയൊഴിയാനുള്ള, സങ്കേതങ്ങളും നല്‍കി കഴിഞ്ഞു. കിഴക്കന്‍ യൂറോപ്പില്‍, അരങ്ങേറിയ  പല 'വിപ്ലവങ്ങളെയും' പശ്ചിമേഷ്യ-വടക്കന്‍ ആഫ്രിക്കന്‍ നാടുകളില്‍ ഇന്ന് നടക്കുന്ന സമരങ്ങളുടെ നുകത്തില്‍ കെട്ടാനുള്ള ശ്രമങ്ങളും തകൃതിയായി ഇന്ന് നടക്കുന്നുണ്ട്. പല വര്‍ണങ്ങളുടെ പേരോടെ നടന്ന ഇത്തരം ഓറഞ്ച്, വെല്‍വെറ്റ് 'വിപ്ലവങ്ങളെ' ഇവിടെയും താരതമ്യം ചെയ്യപെടുന്നുണ്ട്. 'ജാസ്മിന്‍ വിപ്ലവം' എന്നാണ് ടുനീസിയയിലെ സമരത്തിനു മാധ്യമങ്ങള്‍ പേരിട്ടിരിക്കുന്നത്. പക്ഷെ, കിഴക്കന്‍ യൂറോപ്പില്‍ നടന്ന പല 'വിപ്ലവങ്ങളും' അട്ടിമറികളുടെ ഭാഗമായും, പല വിദേശ ഏജന്‍സികളുടെയും വ്യക്തമായ പങ്കെടുപ്പോടുകൂടിയാണ് നടന്നിട്ടുള്ളത്. അത്തരം പല സംഭവ-വികാസങ്ങളും നമ്മുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിടുണ്ട്. ഒരു ബ്രഷുകൊണ്ട് എല്ലാത്തിനെയും, ചായം പൂശാനുള്ള ഈ വ്യഗ്രതയും, തീര്‍ത്തും, വിമര്‍ശിക്കപ്പെടെണ്ടതുമാണ്‌.

പശ്ചിമേഷ്യ-അറബ് മേഖലയില്‍ വീശുന്ന ഈ തീയെ അത്രവേഗം കെടുത്താന്‍ പറ്റുകയില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് കാതോര്ര്‍ക്കാതെ, അധികാര കസേരകള്‍ മുറുക്കാന്‍ ഇനി ആവില്ല; ഏകാധിപത്യ-സ്വേചാധിപത്യ ഭരണ തന്ത്രങ്ങളും ഇനി വിലപ്പോവില്ല. എത്ര നിതാന്തമായി ശ്രമിച്ചാലും, അടിച്ചമര്‍ത്തലിന്റെ പുതിയ തന്ത്രങ്ങള്‍ വാര്ത് വെച്ചാലും, ഈ നാഥനില്ല ജനരോഷം അണപൊട്ടിയൊഴുകിക്കൊണ്ടെയിരിക്കും. ജനങ്ങള്‍ ഈ മഹാസമരത്തില്‍ സംഗമിച്ചു കൊണ്ടേയിരിക്കും, അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കും വരെ.